പടിഞ്ഞാറൻ കാറ്റ് വിപരീതം; താഴ്ചയിൽ വാങ്ങലിന് അവസരം; ചെറുകിട ഓഹരികളിലേക്കു ചില്ലറ നിക്ഷേപകർ; ലോഹങ്ങൾക്കു കയറ്റം

വിദേശികളുടെ വിൽപന കുത്തൊഴുക്കായപ്പോൾ ഇന്ത്യൻ ഓഹരി വിപണിയുടെ മുഖ്യസൂചികകൾ നിലയില്ലാതെ താണു. എങ്കിലും വ്യാപാരത്തിനിടയിലെ താഴ്ചയിൽ നിന്നു സെൻസെക്സ് 400 പോയിൻ്റും നിഫ്റ്റി 100 പോയിൻ്റും ഉയർന്നാണു ക്ലോസ് ചെയ്തത്. യൂറോപ്യൻ ഓഹരികൾ ഉയർന്നതും യുഎസ് ഓഹരികൾ നേട്ടത്തോടെ തുടങ്ങുമെന്നു ഫ്യൂച്ചേഴ്സ് സൂചിപ്പിച്ചതുമാണു ക്ലോസിംഗ് നിലയിൽ വലിയ പതനം ഒഴിവാക്കിയത്. പക്ഷേ പിന്നീടു യുഎസ് വിപണി നേട്ടത്തോടെ തുടങ്ങിയിട്ടു വലിയ താഴ്ചയോടെയാണ് അവസാനിച്ചത്.

ഇന്നത്തെ വ്യാപാരത്തിനു ശുഭസൂചനകളല്ല പടിഞ്ഞാറൻ കാറ്റിൽ ഉള്ളത്. ഇന്നു യുഎസ് ഫ്യൂച്ചേഴ്സും നേട്ടത്തിലല്ല. ഏഷ്യൻ വിപണികൾ വലിയ താഴ്ചയോടെയാണു തുടങ്ങിയത്. ജപ്പാനിലെ നിക്കൈ തുടക്കത്തിൽ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. സിംഗപ്പുരിൽ എസ്ജിഎക്സ് നിഫ്റ്റിയും താഴ്ചയിലാണ്. 17,640 വരെ താഴ്ന്ന ശേഷം അൽപം കയറി. ഇന്ത്യയിൽ താഴ്ന്ന തുടക്കമാണ് ഡെറിവേറ്റീവ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. റിലയൻസ് ഇൻഡസ്ടീസിൻ്റെ മൂന്നാം പാദ ഫലം ഇന്നുണ്ട്. ഗണ്യമായ ലാഭവർധന പ്രതീക്ഷിക്കുന്നു.
അടുത്ത നാൾ വരെ വിപണിയിൽ താരപ്രഭയോടെ തിളങ്ങിയ ഐടി, ധനകാര്യ, ഓട്ടോ, ഫാർമ ഓഹരികൾ ചവിട്ടിമെതിക്കപ്പെടുകയായിരുന്നു ഈ ദിവസങ്ങളിൽ. വിദേശ നിക്ഷേപകർ ഈ ഓഹരികൾ വിറ്റൊഴിയാൻ തിരക്കുകൂട്ടി. ഇന്നലെ സെൻസെക്സ് 634.2 പോയിൻ്റ് (1.06%) നഷ്ടത്തിൽ 59,464.62ലും നിഫ്റ്റി 181.4 പോയിൻ്റ് (1.01%) നഷ്ടത്തിൽ 17,757-ലും ക്ലോസ് ചെയ്തു.

ചില്ലറ നിക്ഷേപകർ ചെറുകിട ഓഹരികളിലേക്ക്

മുഖ്യ സൂചികകളുടെ വഴിയിൽ നിന്നു മാറിയാണ് മിഡ്, സ്മോൾ ക്യാപ് ഓഹരികൾ ഈ ദിവസങ്ങളിൽ നീങ്ങുന്നത്. ഇന്നലെ മിഡ് ക്യാപ് സൂചിക 0.16 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.05 ശതമാനവും മാത്രമേ താഴ്ന്നുള്ളു. റീട്ടെയിൽ നിക്ഷേപകരെ ഈ ഓഹരികളിലേക്കു നയിക്കാൻ ആരൊക്കെയോ ഉത്സാഹിക്കുന്നുണ്ടെന്നു വ്യക്തം. ഫണ്ടുകളും മറ്റും നോട്ടമിടാത്ത ഓഹരികളിലേക്കാണു റീട്ടെയിൽ നിക്ഷേപകരെ കൊണ്ടു പോകുന്നത്.

വിദേശികളുടെ വിൽപന വർധിക്കുന്നു

ഇന്നലെ ക്യാഷ് വിപണിയിൽ വിദേശ നിക്ഷേപകർ 4679.84 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതോടെ ഈ മാസം അവരുടെ വിൽപന 12,415 കോടിയായി. കഴിഞ്ഞ ഏഴു വ്യാപാര ദിനങ്ങളിലും അവർ വിൽപനക്കാരായിരുന്നു. ഇന്നലെ സ്വദേശി ഫണ്ടുകൾ 769.26 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ബെയറിഷ് ആണെന്നും നിഫ്റ്റി 17,600-നു താഴോട്ടു പോയാൽ 17,000 വരെ പോകാമെന്നും സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇന്നലെ 17,648 വരെ നിഫ്റ്റി താണപ്പോൾ വാങ്ങൽ താൽപര്യം വർധിച്ചതായി അവർ ചൂണ്ടിക്കാട്ടി. 17,600- 17,500 മേഖലയിൽ വാങ്ങൽ ശക്തിപ്പെട്ടാൽ 17,800-നു മുകളിലേക്കു നിഫ്റ്റിയെ കയറ്റാവുന്ന ഒരു ചെറിയ റാലി പ്രതീക്ഷിക്കാം. ഇന്നു നിഫ്റ്റിക്ക് 17,625-ഉം 14,490-ഉം താങ്ങു നൽകും. 17,920-ലും 18,075-ലും തടസങ്ങൾ ഉണ്ടാകും.

ലോഹങ്ങൾ കുതിക്കുന്നു

വ്യാവസായിക ലോഹങ്ങൾ വലിയ നേട്ടത്തിലാണ്. ചൈനയിൽ പലിശ കുറച്ചതും പുതിയ ഉത്തേജനം ഉണ്ടാകുമെന്ന ശ്രുതിയുമാണു കാരണം. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ചെമ്പ് 1.6 ശതമാനം കയറി ടണ്ണിനു 10,018 ഡോളർ ആയി. മൂന്നു ശതമാനം നേട്ടത്തോടെ അലൂമിനിയം 3116 ഡോളറിലേക്കു നീങ്ങി. ഇരുമ്പയിര്, നിക്കൽ, സിങ്ക് തുടങ്ങിയവയും ഉയരുകയാണ്.
ക്രൂഡ് ഓയിൽ വില ഇന്നലെ അൽപം താണിട്ട് ഇന്നു രാവിലെ വീണ്ടും ഉയർന്നു. 87.5 ഡോളറിൽ നിന്നു ബ്രെൻ്റ് ഇനം 88.38 ഡോളറിലേക്കു കയറി.
സ്വർണം ഉയർന്ന നിലയിൽ തുടരുന്നു. ഇന്നലെ 1836-1848 ഡോളറിൽ കയറിയിറങ്ങിയ മഞ്ഞലോഹം ഇന്നു രാവിലെ 1839-1841 ഡോളറിലാണ്.

ചൈന പലിശ കുറച്ചു

ഏഷ്യയും യൂറോപ്പും അമേരിക്കയും ഇന്നലെ മൂന്നു വ്യത്യസ്ത വിഷയങ്ങളോടാണു പ്രതികരിച്ചത്. ചൈന പലിശ നിരക്കു താഴ്ത്തിയത് ഏഷ്യൻ വിപണികളെ സന്തോഷിപ്പിച്ചു. ചൈനയിൽ വീണ്ടുമൊരു സാമ്പത്തിക ഉത്തേജക പാക്കേജ് ഉണ്ടാകുമെന്നും ശ്രുതിയുണ്ട്. ചൈനീസ് പുതുവർഷ അവധി കഴിഞ്ഞ ശേഷം ഫെബ്രുവരിയിലാകും ആ പ്രഖ്യാപനം. അതിനകം ഒരു തവണ കൂടി പലിശ നിരക്ക് കുറച്ചേക്കാം .

യൂറോപ്പിൽ പലിശ അധികം കൂട്ടില്ല

യൂറോപ്പിൽ യൂറോപ്യൻ കേന്ദ്ര ബാങ്ക് പ്രസിഡൻ്റ് ക്രിസ്റ്റീൻ ലഗാർഡ് ഒരു പ്രസ്താവന നടത്തിയതു കമ്പനികളെ സന്തോഷിപ്പിച്ചു. ഫെഡ് ചെയ്യുന്നതു പോലെ പലിശ നിരക്കു തുടർച്ചയായി കൂട്ടേണ്ട കാര്യം യൂറോപ്പിൽ ഇല്ലെന്നാണു ലഗാർഡ് പറഞ്ഞത്. കാരണം യൂറോപ്പിലെ വിലക്കയറ്റം ഈ വർഷാവസാനത്തോടെ സാധാരണ നിലയിലേക്കു താഴും. കാരണം അമേരിക്കയിലേതിൽ നിന്നു വ്യത്യസ്തമായ പ്രവണതകളാണു യൂറോപ്യൻ വിലക്കയറ്റത്തെ നയിക്കുന്നത്.

യുഎസിൽ നാലു തവണ പലിശ കൂട്ടും

അമേരിക്കയിലാകട്ടെ ഫെഡ് ഈ വർഷം നാലു തവണയെങ്കിലും പലിശ നിരക്കു കിട്ടുമെന്നതിൽ സംശയമില്ലെന്ന് കൂടുതൽ വ്യക്തമായി. പണലഭ്യത ചുരുക്കാനുള്ള നടപടികളും വേഗത്തിലാക്കും. യുഎസ് വിപണികൾ രണ്ടാം പകുതിയിൽ കുത്തനെ താണത് ഈ സാഹചര്യത്തിലാണ്. രാവിലെ ഒരു ശതമാനത്തോളം ഉയർന്ന സൂചികകൾ തലേന്നത്തേക്കാൾ ഒരു ശതമാനം താഴ്ന്നാണു ക്ലോസ് ചെയ്തത്.

കമ്പനികൾ

പിടിസി ഇന്ത്യ ഫിനാൻഷ്യൽ സർവീസസി(പിഎഫ്എസ്) ലെ മൂന്നു സ്വതന്ത്ര ഡയറക്ടർമാർ രാജിവച്ചതു കമ്പനിയുടെ ഓഹരി വില 18 ശതമാനം ഇടിയാൻ കാരണമായി. ചെയർമാനും എംഡിയും നിയമവിരുദ്ധമായാണു പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചാണു രാജി. ദീപക് അമിതാഭ് ആണ് ഈ ധനകാര്യ കമ്പനിയുടെ ചെയർമാൻ.
മോശം ഫലങ്ങളെ തുടർന്ന് സിയറ്റ് ഓഹരി ഇന്നലെ തുടക്കത്തിൽ അഞ്ചു ശതമാനം താണെങ്കിലും ഒടുവിൽ 1.13 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. അതേ സമയം എംആർഎഫ്, അപ്പോളോ ടയേഴ്സ്, ജെകെ ടയർ തുടങ്ങിയവ മൂന്നു ശതമാനം വരെ താണു.

ക്രയശേഷി കൂട്ടണം

ഹിന്ദുസ്ഥാൻ യൂണി ലീവറിൻ്റെ മൂന്നാം പാദ ഫലങ്ങൾ ഒട്ടും ആവേശകരമായില്ല. വിറ്റുവരവിൽ 10.25 ശതമാനം വളർച്ച ഉണ്ടെങ്കിലും വിറ്റ സാധനങ്ങളുടെ അളവിൽ നാമമാത്ര വളർച്ചയേ ഉള്ളൂ. തലേ പാദത്തിൽ നാലു ശതമാനം വളർച്ച ഉണ്ടായ സ്ഥാനത്തു രണ്ടു ശതമാനം മാത്രം. ഗ്രാമീണ മേഖലയിലാണ് വില്പനയ്ക്കു വലിയ തിരിച്ചടി. ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കാൻ ഉതകുന്ന നടപടികൾ സർക്കാരിൽ നിന്ന് ഉണ്ടാകണമെന്നാണു കമ്പനി ആവശ്യപ്പെടുന്നത്. ധനകമ്മി യെപ്പറ്റി അധികം വിഷമിക്കരുതെന്നും സിഎംഡി സഞ്ജീവ് മേത്ത പറയുന്നു.

റേറ്റിംഗ് ഏജൻസി പറയുന്നത്

ജനങ്ങളുടെ ക്രയശേഷി ഉയർന്നിട്ടില്ലെന്നാണ് റേറ്റിംഗ് ഏജൻസി ഇൻഡ്-റാ (ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച്) യുടെ റിപ്പോർട്ടിലും പറയുന്നത്. രാജ്യത്തെ സ്വകാര്യ ഉപഭോഗം വർധിച്ചിട്ടില്ല. ജിഡിപിയുടെ ഏറ്റവും വലിയ ഘടകമാണ് സ്വകാര്യ ഉപഭോഗം (പിഎഫ്സിഇ). 2021- 22 ൽ ജിഡിപി 9.2 ശതമാനം വളർന്നപ്പോൾ ഇത് 6.9 ശതമാനമേ കൂടിയുള്ളു. 2022-23 വർഷത്തെ ജിഡിപി വർധന 7.6 ശതമാനം മാത്രമേ ഉണ്ടാകൂ എന്ന് അവർ കണക്കാക്കുന്നു.

This section is powered by Muthoot FinanceT C Mathew
T C Mathew  

Related Articles

Next Story
Share it