ആശങ്കകൾ തുടരുന്നു; തിരുത്തലിലേക്കു നീങ്ങുമോ? ഫെഡും യുക്രെയ്നും ശ്രദ്ധാകേന്ദ്രങ്ങൾ; ബജറ്റ് റാലി അനിശ്ചിതത്വത്തിൽ; ക്രൂഡ് വില ഉയരുന്നു

ഓഹരി വിപണിയിൽ ഇനി തിരുത്തൽ നാളുകളോ? റിലയൻസിന്റെ റിസൾട്ട് പറയുന്ന കാര്യങ്ങൾ; ക്രിപ്റ്റോ കറൻസികൾ താഴേക്ക്

യുഎസ് ഫെഡ് പലിശ കൂട്ടാൻ ഒരുങ്ങുന്നു. യുകെയ്നിൽ റഷ്യൻ ആക്രമണഭീതി കൂടുന്നു. ഉയർന്നു നിൽക്കുന്ന വിലക്കയറ്റം. വർധിച്ചു വരുന്ന കോവിഡ് രോഗബാധ. ഇവയെച്ചൊല്ലി കഴിഞ്ഞയാഴ്ച ലോകമെങ്ങും വിപണികളിൽ ചോരപ്പുഴയായിരുന്നു. ഇന്നു തുടങ്ങുന്ന ആഴ്ച ഇതേ ആശങ്കകൾ കൂടുതൽ ശക്തമായി നിലവിലുണ്ട്. വിപണികൾ താഴോട്ടുള്ള യാത്ര തുടരുന്നതിനാണു സാധ്യത. സിംഗപ്പുരിൽ എസ്ജിഎക്സ് നിഫ്റ്റി വലിയ താഴ്ചയിലാണ്.

അടുത്ത ചൊവ്വാഴ്ച അവതരിപ്പിക്കുന്ന പൊതുബജറ്റിനെ കണക്കാക്കിയുള്ള ഒരു റാലി പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ പലിശപ്പേടിയും മറ്റ് ആഗാേള ആശങ്കകളും അതിനു തടസമായി. ഈയാഴ്ചയും ബജറ്റ് റാലി ഉണ്ടാകുന്ന സൂചന ഇല്ല.
കഴിഞ്ഞയാഴ്ച ഇന്ത്യൻ വിപണി മൂന്നര ശതമാനം ഇടിഞ്ഞു. ഐടി സൂചികയാണു 6.5 ശതമാണം തകർച്ചയോടെ വീഴ്ചയ്ക്കു മുന്നിൽ നിന്നത്. ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകളും തൊട്ടു പിന്നിൽ ഉണ്ടായിരുന്നു.
വെള്ളിയാഴ്ച സെൻസെക്സ് 427.44 പോയിൻ്റ് (0.72%) നഷ്ടത്തിൽ 59,037.18 ലും നിഫ്റ്റി 139.85 പോയിൻ്റ് (0.79%) നഷ്ടത്തിൽ 17,617.15 ലും ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 2.3 ശതമാനവും മിഡ് ക്യാപ് സൂചിക 2.4 ശതമാനവും ഇടിഞ്ഞു. മുൻ ദിവസങ്ങളിൽ ഈയിനം ഓഹരികൾ പിടിച്ചു നിൽക്കാൻ ശ്രമിച്ചിരുന്നു.
ഏഷ്യൻ വിപണികൾ രാവിലെ ഒരു ശതമാനം താഴ്ന്നു. പിന്നീടു നഷ്ടം അൽപം കുറച്ചു. യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നതാണു മാറ്റത്തിനു കാരണം. എന്നാൽ യുക്രെയ്നിലെ നയതന്ത്ര ഉദ്യാേഗസ്ഥരോട് കുടുംബാംഗങ്ങളെ നാട്ടിലേക്കു മാറ്റാൻ യുഎസ് സർക്കാർ നിർദേശിച്ചതായ റിപ്പോർട്ട് ആശങ്ക വർധിപ്പിക്കുന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,642-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,495 വരെ താണിട്ട് അൽപം കയറി. ഇന്ത്യൻ വിപണി നല്ല താഴ്ചയിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 3148.58 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഡിസംബറിൽ ഇതുവരെ അവരുടെ വിൽപന 15,563.72 കോടിയാണ്. സ്വദേശി ഫണ്ടുകൾ 269.36 കോടിയുടെ നിക്ഷേപം നടത്തി. വിദേശികൾ വിൽപന തുടരുമെന്നാണു സൂചന. അതു വിപണിയെ തിരുത്തലിലേക്കു നയിക്കാം.
വിപണി അനിശ്ചിതത്വമാണു കാണിക്കുന്നതെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 17,500 ലും 17,385-ലുമാണു നിഫ്റ്റിക്കു താങ്ങ് പ്രതീക്ഷിക്കുന്നത്. 17,720 ലും 17,825 ലും പ്രതിരോധം പ്രതീക്ഷിക്കാം. 17,500-നു താഴോട്ടു നീങ്ങിയാൽ 16,500- 16,800 മേഖല വരെയാകും ഹ്രസ്വകാല വീഴ്ച.

ലോഹങ്ങളും ക്രൂഡും ഉയർന്നു തന്നെ

വ്യാവസായിക ലോഹങ്ങൾ ഉയർന്നു നീങ്ങുന്നു. വെള്ളിയാഴ്ച ചെമ്പും അലൂമിനിയവും അൽപം താണെങ്കിലും വിപണി ബുളളിഷ് ആണ്. ചെമ്പ് വീണ്ടും 11,000 ഡോളർ കടക്കുമെന്നും അലൂമിനിയം 3100-3300 മേഖലയിലേക്കു കടക്കുമെന്നുമാണു പ്രവചനങ്ങൾ. ചൈന ഇനിയും പലിശ നിരക്കു കുറയ്ക്കുമെന്നും അതു ചൈനീസ് ഡിമാൻഡ് കൂട്ടുമെന്നുമാണ് അഭ്യൂഹം.
ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച രാവിലെ നല്ല കയറ്റത്തിലാണ്‌. ബ്രെൻ്റ് ഇനം ഒരു ശതമാനത്തോളം ഉയർന്ന് 88.75 ഡോളറിൽ എത്തി. യുക്രെയ്നിലും പശ്ചിമേഷ്യയിലും സംഘർഷാന്തരീക്ഷം തുടർന്നാൽ വില 90 ഡോളർ കടക്കും.
സ്വർണം ഇന്നു രാവിലെ താഴ്ചയിലാണ്. 1837 ഡോളർ വരെ എത്തിയ ശേഷം 1833-1835 ഡോളറിലേക്കു താണു.

റിലയൻസിനു മികച്ച റിസൽട്ട്

റിലയൻസ് ഇൻഡസ്ട്രീസ് പ്രതീക്ഷയേക്കാൾ മികച്ച മൂന്നാം പാദ റിസൽട്ട് വെള്ളിയാഴ്ച പുറത്തുവിട്ടു. വരുമാനം 56.8 ശതമാനം വർധിച്ച 1.31 ലക്ഷം കോടി രൂപയായി. ത്രൈമാസ അറ്റാദായം 41.6 ശതമാനം ഉയർന്ന് 18,549 കോടി രൂപയിലെത്തി.
റീട്ടെയിൽ ബിസിനസിൽ വലിയ കുതിപ്പായിരുന്നു. വിറ്റുവരവ് 52.5 ശതമാനം കൂടി 57,714 കോടി രൂപയായി. ലാഭം 2259 കോടി മാത്രം. ലാഭ മാർജിൻ മെച്ചപ്പെട്ടില്ല.
റിലയൻസ് ജിയോ അടക്കമുള്ള ഡിജിറ്റൽ ബിസിനസിൽ വരുമാനം 13.8 ശതമാനം, കൂടി 24,176 കോടിയായപ്പോൾ അറ്റാദായം 8.9 ശതമാനം മാത്രം വർധിച്ച് 3795 കോടിയിലെത്തി. ജിയാേ വരിക്കാരുടെ എണ്ണം 1.02 കോടി കൂടി 42.1 കോടിയായി. ഡിസംബറിൽ നിരക്കുകൾ 20 ശതമാനം കൂട്ടിയില്ലായിരുന്നെങ്കിൽ ജിയാേ നഷ്ടം കാണിക്കുമായിരുന്നു. 151.6 രൂപയാണ് ഉപയോക്താവിൽ നിന്നുളള ശരാശരി മാസ വരുമാനം.
മുഖ്യ ബിസിനസ് ആയ പെട്രോ കെമിക്കൽസ് (ഓയിൽ ടു കെമിക്കൽസ്) 56.76 ശതമാനം വർധനയോടെ 1,31,427 കോടി രൂപ വരുമാനമുണ്ടാക്കി. പെട്രോളിയത്തിൻ്റെയും പ്രകൃതി വാതകത്തിൻ്റെയും ഉൽപന്നങ്ങളുടെയും വില കുത്തനെ ഉയർന്നത് ഈ വിഭാഗത്തിലെ ലാഭം 38.7 ശതമാനം വർധിക്കാൻ ഇടയാക്കി.

ഫെഡ് എന്തു പറയും?

യുഎസ് ഫെഡിൻ്റെ എഫ്ഒഎംസി (ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി) 25-നും 26-നും ചേരും. അതിലെ തീരുമാനങ്ങൾ പലിശ വർധനയും പണലഭ്യത ചുരുക്കലും സംബന്ധിച്ച വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്തും. നിലവിലെ ആശങ്കകൾ വർധിപ്പിക്കുന്നതല്ലാതെ പരിഹരിക്കുന്ന തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നില്ല. നിരക്കു വർധനയുടെ സമയവിവരം പരാേക്ഷമായി ബുധനാഴ്ച ഫെഡ് പുറത്തുവിടുമെന്നാണു സൂചന. വർധന മാർച്ചിൽ തുടങ്ങുമെന്ന നിഗമനത്തിലാണ് വിപണികൾ. അതു വൈകുമെന്നായാൽ വിപണികൾ സന്തോഷിക്കും. നേരത്തേ ആകുമെന്നായാൽ വീണ്ടും ഇടിയും.
പ്രമുഖ കമ്പനികളുടെ മൂന്നാം പാദ ഫലങ്ങൾ ഈയാഴ്ച വരാനുണ്ട്. അമേരിക്കയുടെ ജിഡിപി വളർച്ചയുടെ കണക്കുകളും ഈയാഴ്ച വരും.

ക്രിപ്റ്റോകൾ തകർച്ചയിൽ

ഗൂഢ (ക്രിപ്റ്റോ) കറൻസികളുടെ തകർച്ചയും ഈയാഴ്ച വിപണികളെ അസ്വസ്ഥമാക്കാം. ഒരു ലക്ഷം കോടി ഡോളറാണു കഴിഞ്ഞയാഴ്ച ക്രിപ്റ്റോ നിക്ഷേപകർക്കു നഷ്ടമായത്.ബിറ്റ് കോയിൻ വില സർവകാല റിക്കാർഡായ 67,000 ഡോളറിൽ നിന്നു 34,000 ഡോളറിൽ എത്തി. പിന്നീട് അൽപം കയറി. മറ്റു ഗൂഢ കറൻസികളും അങ്ങനെ തന്നെ. എഥേറിയം 2500 ഡോളറിനു താഴെയായി. റഷ്യയിൽ ഇവ നിരോധിക്കുന്നതടക്കമുള്ള വിഷയങ്ങളാണു ഗൂഢ കറൻസി വിപണിയെ അസ്വസ്ഥമാക്കുന്നത്.

This section is powered by Muthoot Finance



T C Mathew
T C Mathew  
Related Articles
Next Story
Videos
Share it