ഓഹരി നിക്ഷേപകർ സൂക്ഷിക്കുക; കാര്യങ്ങൾ കൂടുതൽ വഷളാകുന്നു; ഈ തകർച്ച വാങ്ങാനുള്ള അവസരമാണോ?

കാര്യങ്ങൾ കൂടുതൽ വഷളാകുന്നു. അതിനാൽ പലിശവർധന വേഗം തുടങ്ങും. വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിനും മുൻഗണന. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ബോർഡിൻ്റെ ചെയർമാൻ ജെറോം പവൽ ഇത്രയും പറഞ്ഞതോടെ അമേരിക്കൻ ഓഹരി സൂചികകൾ കുത്തനെ ഇടിഞ്ഞു. തലേന്നത്തേക്കാൾ 500 ലധികം പോയിൻ്റ് ഉയർന്നു നിന്ന ഡൗ ജോൺസ് സൂചിക 130 പോയിൻ്റ് താഴ്ചയിലേക്കു വീണു. മറ്റു സൂചികകളും ഇതേ വഴി നീങ്ങി.

ഇന്ത്യൻ വിപണിയിൽ ചൊവ്വാഴ്ച ഉണ്ടായ തിരിച്ചു കയറ്റം നഷ്ടപ്പെടുത്തുന്ന കാര്യങ്ങളാണു ബുധനാഴ്ച സംഭവിച്ചത്. ക്രൂഡ് ഓയിൽ വില 90 ഡോളറിലേക്കു കുതിച്ചു; സ്വർണവില രണ്ടു ശതമാനം താണു; ഡോളർ സൂചിക ഉയർന്നു; പലിശ പ്രതീക്ഷ കൂടി.
സിംഗപ്പുർ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇടിഞ്ഞു. ഇന്നു രാവിലെ 16,986 വരെ താണിട്ട് അൽപം കയറി. ഇന്ത്യൻ വിപണി കനത്ത താഴ്ചയിൽ വ്യാപനം തുടങ്ങുമെന്ന സൂചനയാണ് ഇതിലുള്ളത്.
ഓസ്ട്രേലിയയിലും ജപ്പാൻ അടക്കം ഏഷ്യൻ രാജ്യങ്ങളിലും ഓഹരികൾ ഒന്നു മുതൽ രണ്ടു വരെ ശതമാനം താഴെയാണ്.

ചൊവ്വാഴ്ച ശക്തമായ തിരിച്ചു വരവാണ് ഇന്ത്യൻ വിപണി നടത്തിയത്. രാവിലെ രണ്ടു ശതമാനത്തോളം ഇടിഞ്ഞ ശേഷമായിരുന്നു തിരിച്ചു കയറ്റം. സെൻസെക്സ് 366.64 പോയിൻ്റ് (0.64%) കയറി 57,858.15 ലും നിഫ്റ്റി 128.85 പോയിൻ്റ് ( 0.75%) കയറി 17,277.95ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക ഒരു ശതമാനവും സ്മോൾ ക്യാപ് സൂചിക O.9 ശതമാനവും ഉയർന്നു.
സാങ്കേതിക വിശകലന വിദഗ്ധർ ഇന്നലെ ബുളളിഷ് ആയിരുന്നു. ഇന്നു നിഫ്റ്റിക്ക് 16,975-ലും 16,670-ലും അവർ സപ്പോർട്ട് കാണുന്നു. 17,445 ലും 17,615ലുമാകും തടസങ്ങൾ. വിപണി സമീപകാലത്തെ ഏറ്റവും താണ നിലയായ 16,832-ൽ നിന്നു താഴ്ന്നാൽ 16,410 വരെ പോകുമെന്നു വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വാങ്ങാൻ തക്ക വില ആയില്ലെന്ന്

ഓഹരികൾ ആവശത്തോടെ വാങ്ങാൻ തക്കവിധം വിപണികൾ താഴ്ന്നിട്ടില്ലെന്ന് വിദഗ്ധരായ നിക്ഷേപ ഉപദേഷ്ടാക്കൾ കഴിഞ്ഞ ദിവസങ്ങളിലും ആവർത്തിച്ചു പറഞ്ഞു. മുഖ്യസൂചികകൾ കഴിഞ്ഞ ഒക്ടോബർ 19ലെ ഉയരങ്ങളിൽ നിന്ന് ഏഴു ശതമാനം മാത്രമേ താഴ്ന്നിട്ടുള്ളൂ. പത്തു ശതമാനമെങ്കിലും താഴ്ന്നാലേ തിരുത്തൽ മേഖല തുടങ്ങി എന്നു പറയാനാവൂ. അതിനു വിപണിയും ഓഹരി വിലകളും ഇനിയും താഴേണ്ടിയിരിക്കുന്നു.

പലിശ കൂട്ടാൻ തക്ക അവസരമെന്നു പവൽ

ഫെഡിൻ്റെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യോഗത്തിനു ശേഷം മാധ്യമങ്ങളുമായി സംവദിച്ച ചെയർമാൻ പവൽ വിലക്കയറ്റം കൂടുതൽ രൂക്ഷമായി എന്നു പറഞ്ഞു. അതേ സമയം തൊഴിൽ വിപണി നല്ല ഉണർവിലാണ്. അവസരങ്ങൾ കൂടുന്നു; തൊഴിലില്ലായ്മ തീരെ കുറഞ്ഞു നിൽക്കുന്നു. പലിശ നിരക്ക് കൂട്ടാൻ തക്ക അന്തരീക്ഷമുണ്ട്. മാർച്ചിൽ ആദ്യ വർധന ഉണ്ടാകുമെന്നും പവൽ പറഞ്ഞു.

പലിശകൂട്ടൽ നാലിലധികം തവണ

ഈ വർഷം മാർച്ചിനു ശേഷം ആറു തവണ എഫ്ഒഎംസി യോഗമുണ്ട്. അപ്പോഴെല്ലാം നിരക്കു കൂട്ടുമോ എന്നു ചോദിച്ചതിന് അങ്ങനെ കൂട്ടില്ല എന്നു പവൽ മറുപടി നൽകിയില്ല. ഇക്കൊല്ലം നാലു തവണ നിരക്കു കൂട്ടുമെന്നാണു വിപണി കണക്കാക്കിയിരുന്നത്. അത് ആറോ ഏഴോ തവണ ആകാം എന്ന സൂചന വിപണിയുടെ എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറമായി. അതാണു വലിയ തിരിച്ചടിക്കു കാരണം.
ഇന്ത്യയിലെ റീപോ നിരക്കിനു സമാനമായ ഫെഡറൽ ഫണ്ട്സ് റേറ്റ് ഇപ്പോൾ 0.0- 0.25 ശതമാനമാണ്. ഇതു ഡിസംബറോടെ 1.0- 1.25 ശതമാനമാകും എന്ന കണക്കുകൂട്ടൽ മാറ്റുന്നതായി പവലിൻ്റെ പ്രതികരണം. ഒരു പക്ഷേ വർഷാന്ത്യ പലിശ നിരക്ക് 1.5 ശതമാനം വരെ എത്താം.

പണലഭ്യത കുറയ്ക്കും

ഇതോടൊപ്പം ഫെഡ് വാങ്ങി വച്ച കടപ്പത്രങ്ങൾ തിരിച്ചു വിൽക്കുന്നതു നേരത്തേ ആക്കും എന്ന സൂചനയും പവൽ നൽകി. അതു വിപണിയിലെ പണലഭ്യത കുറയ്ക്കും. 8.9 ലക്ഷം കോടി ഡോളറിൻ്റെ കടപ്പത്രങ്ങൾ ഫെഡ് വാങ്ങി വച്ചിട്ടുണ്ട്. കോവിഡ് തുടങ്ങുന്നതിനു മുൻപുള്ളതിൻ്റെ ഇരട്ടിയിലധികം. ഫെഡ് കടപ്പത്രം വിറ്റാൽ ബാങ്കുകളും ഫണ്ടുകളും അതു വാങ്ങും. ഏറ്റവും ഉറപ്പുള്ള നിക്ഷേപമാണല്ലാേ യുഎസ് സർക്കാരിൻ്റെ കടപ്പത്രം. അത് ഓഹരി വിപണിയിലെ പണലഭ്യത കുറയ്ക്കും. ഓഹരികൾ ഇടിയും.
നേരത്തേ അറിയാവുന്ന കാര്യങ്ങളാണ് ഇവ. എങ്കിലും ഒടുവിൽ ഫെഡ് കഴുകനെപ്പോലെ ആകില്ലെന്നും സാവധാനമേ പലിശ കൂട്ടൂ എന്നും കരുതിയവർ വിപണികളിലുണ്ട്. അവരാണ് ഓഹരികൾ ഉയർത്താൻ കഴിഞ്ഞ ദിവസങ്ങളിൽ ശ്രമിച്ചത്. ആ നീക്കങ്ങൾക്കു വലിയ തിരിച്ചടിയായി ഫെഡ് നടപടി.

വിദേശികളുടെ പിന്മാറ്റം വേഗത്തിലാകും

ഇന്ത്യയിൽ നിന്നു യുഎസ് നിക്ഷേപ ഫണ്ടുകളുടെ പിന്മാറ്റം വേഗത്തിലാക്കുന്നതാണു ഫെഡ് നടപടി. ചൊവ്വാഴ്ചത്തെ വലിയ ചാഞ്ചാട്ടത്തിനിടെ ക്യാഷ് വിപണിയിൽ 7094.48 കോടി രൂപയുടെ ഓഹരികളാണു വിദേശികൾ വിറ്റത്. ഇതോടെ ജനുവരിയിലെ അവരുടെ വിൽപന 26,409.78 കോടിയായി. ഇന്നു ജനുവരി സീരീസിലെ സെറ്റിൽമെൻ്റ് കൂടി നടക്കുമ്പോൾ വിൽപന വർധിച്ചേക്കാം.
ഫണ്ടുകളെ യുഎസ് കടപ്പത്രങ്ങളിലേക്ക് ആകർഷിക്കുന്ന വിധം അമേരിക്കയിൽ കടപ്പത്ര വില താഴുകയാണ്. 10 വർഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം (yield) 1.87 ശതമാനത്തിലേക്കു കയറി

സ്വർണം ഇടിഞ്ഞു

സ്വർണം ഇന്നലെ ഫെഡ് തീരുമാനം വന്ന ശേഷം 35 ഡോളർ താഴ്ന്ന് 1815 ഡോളറിൽ എത്തി. ഇന്നു രാവിലെ 1816-1818 ഡോളറിലാണു വ്യാപാരം. പലിശ കൂടുതൽ വേഗം വർധിക്കുന്നതാണു സ്വർണ ബുള്ളുകളെ വെട്ടിലാക്കിയത്. ഇന്നലെ 120 രൂപ വർധിച്ച് 36,720 രൂപയിലെത്തിയ പവൻ വില ഇന്നു കുറയും.

ക്രൂഡ് 2014-നു ശേഷമുള്ള ഉയർന്ന വിലയിൽ

ക്രൂഡ് ഓയിൽ വില 2014 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തി. ബ്രെൻ്റ് ഇനം 90 ഡോളറിനു മുകളിൽ കയറിയ ശേഷം അൽപം താണു. രണ്ടര ശതമാനം ഉയർച്ചയാണ് രണ്ടു ദിവസം കൊണ്ട് ഉണ്ടായത്. പ്രകൃതി വാതക വില 4.25 ഡോളറിലേക്കുയർന്നു. യുക്രെയ്ൻ വിഷയത്തിൽ റഷ്യക്കെതിരേ അമേരിക്കയും മറ്റും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന സൂചനയാണു വിപണിയെ നയിക്കുന്നത്. അടുത്തയാഴ്ച ചേരുന്ന. ഒപെക് പ്ലസ് യോഗം ഉൽപാദനം കൂട്ടുന്നതിലെ നയം മാറ്റുകയില്ലെന്നു പൊതുവേ കരുതപ്പെടുന്നു. സൗദി അറേബ്യ മാർച്ചിലേക്കുള്ള ക്രൂഡ് ഓയിലിനു കൂടുതൽ വില ഈടാക്കുന്നതു വിപണി ഗതി മേലാേട്ടാണെന്നു കാണിക്കുന്നു.
വ്യാവസായിക ലോഹങ്ങൾ ഉയർന്നു നീങ്ങുന്നു. ചെമ്പ് 9962 ഡോളറിലേക്കും അലൂമിനിയം 3094 ഡോളറിലേക്കും കയറി. നിക്കൽ വില 23,400 ഡോളറിനു മുകളിലായി.

മാരുതിയിൽ പ്രതീക്ഷ കൂടി

മാരുതി സുസുകിയുടെ മൂന്നാം ക്വാർട്ടർ ലാഭം 48 ശതമാനം കുറവായി. എങ്കിലും വിപണിയുടെ ആശങ്കയേക്കാൾ മെച്ചമായി റിസൽട്ട്. ഇക്കൊല്ലത്തേക്കുള്ള കമ്പനിയുടെ പ്രതീക്ഷ വിപണിക്ക് ആവേശം പകരുന്നതാണ്. പ്രമുഖ ബ്രോക്കറേജുകൾ മാരുതിയുടെ ഓഹരിവിലയിലെ ലക്ഷ്യം ഉയർത്തി. ജെഫേറീസ് 9250 ൽ നിന്നു 10,500 രൂപയിലേക്കും എംകേ ഗ്ലോബൽ 8750-ൽ നിന്ന് 9850 ലേക്കും റിലയൻസ് സെക്യൂരിറ്റീസ് 8751-ൽ നിന്ന് 9700ലേക്കും ലക്ഷ്യം ഉയർത്തി നിശ്ചയിച്ചു. 2024 മാർച്ചോടെ മാരുതിയുടെ ഇപിഎസ് 409 രൂപയാകുമെന്നു ജെഫേറീസ് കരുതുന്നു.

ആഗോള വളർച്ച കുറയും

കോവിഡ് മൂന്നാം തരംഗം ആഗോള വളർച്ച പ്രതീക്ഷ കുറച്ചതായ ഐഎംഎഫ് പ്രസ്താവന വിപണിയിൽ വലിയ ചലനമുണ്ടാക്കാനിടയില്ല. 2022-ലെ ആഗാേള വളർച്ച പ്രതീക്ഷ 4.9 ൽ നിന്നു 4.4 ശതമാനമായി കുറച്ചു. യുഎസ് വളർച്ച 2021-ൽ 5.9 ശതമാനവും 2022 ൽ 4.4 ശതമാനവും ആകുമെന്നാണു ഫണ്ട് വിലയിരുത്തുന്നത്. 2021-ൽ 8.1 ശതമാനം വളർന്ന ചൈന ഇക്കൊല്ലം 4.8 ശതമാനമേ വളരൂ.

ഇന്ത്യൻ വളർച്ച കൂടും

ഇന്ത്യയുടെ 2021-22 ധനകാര്യ വർഷത്തെ വളർച്ച 9 ശതമാനം മാത്രമാണെന്നാണ് ഐഎംഎഫ് നിഗമനം. നേരത്തേ പ്രതീക്ഷിച്ചത് 9.5 ശതമാനം. ഗവണ്മെൻ്റ് (എൻഎസ് ഒ) പ്രതീക്ഷിക്കുന്നത് 9.2 ശതമാനമാണ്. അടുത്ത ധനകാര്യ വർഷവും ഇന്ത്യ ഒൻപതു ശതമാനം വളരുമെന്ന് ഐഎംഎഫ് പറയുന്നു. നേരത്തേ കണക്കാക്കിയിരുന്നത് 8.5 ശതമാനം. റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത് 8.7 ശതമാനം മാത്രമാണ്. കൂടുതൽ മൂലധന നിക്ഷേപം ഉയർന്ന വളർച്ചയ്ക്കു വഴിതെളിക്കുമെന്നു ഫണ്ട് കരുതുന്നു.


This section is powered by Muthoot Finance
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it