ദിശാബോധം അകലെ; ചാഞ്ചാട്ടം തുടരാം; ആപ്പിൾ ഐടി മേഖലയെ രക്ഷിക്കുമോ? രൂപയുടെ ഗതിയിൽ ആശങ്ക; പലിശ നേരത്തേ കൂട്ടിയേക്കും

വിപണികൾ ചാഞ്ചാട്ടത്തിലാണ്. ചാഞ്ചാട്ടം തുടരുകയും ചെയ്യും. പലിശപ്പേടിയും യുക്രെയ്ൻ സംഘർഷവും ഇതിനു തക്ക അന്തരീക്ഷമൊരുക്കുന്നു. വികസ്വര രാജ്യങ്ങൾക്കാകട്ടെ ഉയർന്ന ഇന്ധന വിലയുടെയും കറൻസി ഭദ്രതയുടെയും പ്രശ്നങ്ങളും. വിപണി ദിശാബോധം കണ്ടെത്താൻ സമയമെടുക്കും. ചെറിയ ഉയർച്ചകളിലും വലിയ താഴ്ചകളിലും ഗതിമാറ്റം ദർശിക്കാവുന്ന സമയമല്ല ഇത്. ഇന്ത്യയിൽ ഇന്നു വിപണി നല്ല നേട്ടം കാണിക്കുമ്പോഴും നിക്ഷേപകർ കരുതൽ കൈവിടരുത്.

അമേരിക്കയിൽ ഇന്നലെ ഓഹരികൾ വല്ലാതെ ചാഞ്ചാടി. ഒടുവിൽ നഷ്ടത്തോടെ ക്ലോസ് ചെയ്തു. നാസ്ഡാക് സൂചിക ഒന്നര ശതമാനത്തോളവും എസ് ആൻഡ് പി അര ശതമാനവും താണു. നാസ്ഡാക് റിക്കാർഡിൽ നിന്നു 17.6 ശതമാനവും എസ് ആൻഡ് പി 10.2 ശതമാനവും താഴെ തിരുത്തൽ മേഖലയിലാണ്. ടെസ്ല ഓഹരിയുടെ 12 ശതമാനം ഇടിവ് നാസ്ഡാക് വിപണി മൂല്യത്തിൽ ഒരു ലക്ഷം കോടി ഡോളറിൻ്റെ നഷ്ടം ഈ മാസം വരുത്തി. മറ്റു ടെക് ഓഹരികളും തകർച്ചയിലാണ്.
ഡൗ ഇന്നലെ നാമമാത്രമായേ താണുള്ളു. വിപണി ക്ലോസ് ചെയ്ത ശേഷം വന്ന ആപ്പിൾ റിസൽട്ട് പ്രതീക്ഷകൾക്കപ്പുറം വലിയ വരുമാന വളർച്ച കാണിച്ചു. അനൗപചാരിക വിൽപനയിൽ ആപ്പിൾ ഓഹരി അഞ്ചു ശതമാനത്തിലേറെ കയറി. യുഎസ് ഫ്യൂച്ചേഴ്സും നല്ല ഉയർച്ച കാണിച്ചു.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നല്ല ഉയരത്തിലാണ്. പ്രമുഖ സൂചികകൾ തുടക്കത്തിൽ ഒന്നര ശതമാനത്തിലധികം ഉയർന്നു. പിന്നീട് അൽപം താണു. സിംഗപ്പുർ എക്സ്ചേഞ്ചിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ താഴ്ന്ന് ക്ലോസ് ചെയ്തെങ്കിലും ഇന്നു രാവിലെ അൽപം ഉയർന്നിട്ടു ചാഞ്ചാട്ടത്തിലാണ്. 17,092 വരെ താഴുകയും 17,140 വരെ കയറുകയും ചെയ്തു.
വ്യാഴാഴ്ച ഇന്ത്യൻ വിപണി വലിയ താഴ്ചയിൽ നിന്നു ഗണ്യമായി ഉയർന്നാണു ക്ലോസ് ചെയ്തത്. സെൻസെക്സും നിഫ്റ്റിയും 2.45 ശതമാനം ഇടിഞ്ഞ ശേഷം ഒരു ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 581.21 പോയിൻ്റ് (1%) നഷ്ടത്തിൽ 57,276.94 ലും നിഫ്റ്റി 167.8 പോയിൻ്റ് ( 0.97%) നഷ്ടത്തിൽ 17,110.15 ലും വ്യാപാരം അവസാനിപ്പിച്ചു.
ഐടി മേഖലയാണ് ഇന്നലെ വലിയ തകർച്ചയിലായത്. ഐടി സൂചിക 3.55 ശതമാനം ഇടിഞ്ഞു. ആപ്പിളിൻ്റെ വിൽപനയും ലാഭവും റിക്കാർഡായത് ഇന്ന് ഐടി കമ്പനികളെ സഹായിച്ചേക്കാം. റിയൽറ്റി, ഹെൽത്ത് കെയർ, ഫാർമ തുടങ്ങിയവയും വലിയ താഴ്ചയിലായി. പി എസ് യു ബാങ്കുകൾ 5.07 ശതമാനം ഉയർന്നു.
വിപണിക്കു നിഫ്റ്റി 16,836 നു താഴോട്ടു പോകാതെ നിന്നാലേ തിരിച്ചു കയറ്റം എളുപ്പമാകൂ എന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ആ താങ്ങ് നഷ്ടപ്പെട്ടാൽ 16,400-ലും അതിനു താഴെയും എത്താം. ഇപ്പോൾ വിപണിക്കു 16,925 ഉം 16,836-ഉം താങ്ങുകളാണ്. ഉയർച്ചയിൽ 17, 230-ലും 17,370-ലും തടസങ്ങൾ ഉണ്ട്.

വിദേശികൾ വിറ്റു മാറുന്നു

വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 6266.75 കോടിയുടെ ഓഹരികൾ വിറ്റു. ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് വിപണികളിലും അവർ വിൽപനക്കാരായിരുന്നു. ഈ മാസം ഇതു വരെ ക്യാഷ് വിപണിയിൽ അവർ 32,676.53 കോടിയുടെ വിൽപന നടത്തി. നവംബറിൽ 39,902 കോടിയും ഡിസംബറിൽ 35,494 കോടിയും വിറ്റതാണ്. അവരുടെ വിൽപന തുടരും എന്നാണു വിലയിരുത്തൽ. ഇന്നലെ സ്വദേശി ഫണ്ടുകൾ 2881.32 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

രൂപ വീണ്ടും താഴ്ചയിൽ

വിദേശത്തു ഡോളർ സൂചിക ഉയരുന്നതും വിദേശികൾ വിറ്റു മാറുന്നതും രൂപയ്ക്ക് പ്രഹരമാകുന്നുണ്ട്. ഇന്നലെ 31 പൈസ ഉയർന്ന് ഡോളർ 75.09 രൂപയിലെത്തി. വ്യാപാരത്തിനിടെ ഡോളർ 75.39 രൂപ വരെ കയറിയതാണ്. ജനുവരിയിൽ ഇതുവരെ ഡോളറിനു രൂപയുമായുള്ള വിനിമയത്തിൽ ഒരു ശതമാനം കയറ്റമുണ്ട്. രൂപയെ വലിയ ചാഞ്ചാട്ടത്തിലും താഴ്ചയിലും നിന്നു രക്ഷിക്കാൻ റിസർവ് ബാങ്ക് ഇടയ്ക്കിടെ ഇടപെടുന്നുണ്ട്. വിദേശനാണ്യശേഖരം 63,400 കോടി ഡോളർ ഉണ്ടെങ്കിലും കൂടുതൽ വലിയ ഇടപെടലുകൾക്ക് അതു മതിയാകാതെ വരും. ക്രൂഡ് ഓയിൽ വില 90 ഡോളർ കടന്നതും നൂറു ഡോളറിലേക്കു കയറുമെന്ന ഭീഷണിയും രൂപയെ വലയ്ക്കുന്നുണ്ട്. ഡോളർ മാർച്ചിനു മുമ്പ് 78 രൂപയിൽ എത്തുമെന്നു നിഗമനം ഉണ്ട്.

ക്രൂഡ് 100 ഡോളറിലേക്ക്, വാതകം കുതിച്ചുയർന്നു

ക്രൂഡ് ഓയിൽ വില ബ്രെൻ്റ് ഇനത്തിന് 89.88 ഡോളർ ആയി. യുക്രെയ്ൻ സംഘർഷവും വിപണിയിലെ വർധിച്ചു വരുന്ന ഡിമാൻഡും വില ഇനിയും ഉയരുമെന്ന സൂചന നൽകുന്നു. ഫെബ്രുവരി അവസാനം 100 ഡോളറാണ് പ്രമുഖ ബ്രോക്കറേജുകൾ പ്രവചിക്കുന്ന വില.
ഇതിനിടെ പ്രകൃതിവാതക വില ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന കുതിപ്പു കണ്ടു. നാലു ഡോളറിൽ നിന്ന് ഏഴു ഡോളറിനു മുകളിലേക്ക്. യുഎസ് ശൈത്യം മൂലം ആവശ്യം വർധിച്ചതും യൂറോപ്പിലേക്കുള്ള റഷ്യൻ വാതക വിതരണത്തിനു തടസമുണ്ടാകുമെന്ന ആശങ്കയുമാണ് 72 ശതമാനം കുതിപ്പിനു കാരണമായത്. പിന്നീടു വില 46 ശതമാനം ഉയർച്ചയിൽ 6.2 ഡോളറിൽ നിന്നു.

സ്വർണം വീണ്ടും താഴോട്ട്

സ്വർണം ഇടിയുകയാണ്. അമേരിക്കയിലെ നാലാം പാദ ജിഡിപി 6.9 ശതമാനം വളർച്ച കാണിച്ചതാണു സ്വർണത്തിനു തിരിച്ചടിയായത്. വർധിച്ച ജിഡിപി പലിശവർധന നടപടികൾക്ക് ആക്കം കൂട്ടും. പലിശ കൂട്ടുമ്പോഴും മികച്ച വളർച്ച നില നിർത്താൻ പറ്റുമെന്ന ഉറപ്പാണു നാലാം പാദ ജിഡിപി കണക്കു നൽകുന്നത്. സ്വർണം 1791 ഡോളർ വരെ താഴ്ന്നിട്ട് ഇന്നു രാവിലെ 1797-1799-ൽ വ്യാപാരം നടക്കുന്നു. ഇന്നലെ പവനു 320 രൂപ കുറഞ്ഞ കേരളത്തിൽ വില വീണ്ടും കുറയും.
വ്യാവസായിക ലോഹങ്ങൾ ചെറിയ ചലനങ്ങളോടെ ഉയർന്ന നിലവാരത്തിൽ തുടരുന്നു.

ഇന്ത്യ നേരത്തേ 'പലിശ കൂട്ടുമോ?

അമേരിക്കൻ ഫെഡറൽ റിസർവ് പലിശ കൂട്ടും മുൻപേ റിസർവ് ബാങ്ക് പലിശ കൂട്ടാൻ തുടങ്ങുമെന്നു റിപ്പോർട്ടുകൾ. ഫെബ്രുവരി 7-9 തീയതികളിൽ പണനയ കമ്മിറ്റി (എംപിസി) ചേരും. ഒന്നാം തീയതിയിലെ ബജറ്റ് എത്ര ധനകമ്മി ഈ വർഷവും അടുത്ത വർഷവും നില നിർത്തും എന്ന് അതിനു മുമ്പ് അറിയാം. ഈ ധനകാര്യ വർഷം ജിഡിപിയുടെ 6.8 ശതമാനമാണു ബജറ്റ് ലക്ഷ്യം. അത് പാലിക്കാൻ പറ്റുമെന്നു സൂചനയുണ്ട്. 2025-26 ൽ 4.5 ശതമാനത്തിലേക്കു ധനകമ്മി കുറയ്ക്കണമെങ്കിൽ അടുത്ത വർഷം 6.5 ശതമാനത്തിലും കുറവാകണം കമ്മി. അതുണ്ടായില്ലെങ്കിൽ പണപ്പെരുപ്പം രൂക്ഷമാകും. ഇപ്പോൾത്തന്നെ ബാങ്കുകൾ തമ്മിലുള്ള അടിയന്തര ഇടപാടുകളിലെ പലിശ നിരക്ക് നാലു ശതമാനത്തിനു മുകളിലായി. ഈ സാഹചര്യത്തിൽ റിവേഴ്സ് റീപോ നിരക്കു മാത്രമായോ റീപോ നിരക്കും റിവേഴ്സ് റീപോ നിരക്കും ഒന്നിച്ചോ കൂട്ടുന്ന കാര്യം എംപിസി തീരുമാനിക്കും. ബാങ്കുകൾക്കു മിച്ചമുള്ള പണം റിസർവ് ബാങ്കിൽ സൂക്ഷിക്കുന്നതിനു നൽകുന്ന പലിശയാണു റിവേഴ്സ് റിപോ. ഇത് ഇപ്പോൾ 3.35 ശതമാനമാണ്. ബാങ്കുകൾക്കു റിസർവ് ബാങ്കിൽ നിന്നു നൽകുന്ന അടിയന്തര ഏകദിന വായ്പക്ക് ഈടാക്കുന്ന പലിശയാണു റീപോ നിരക്ക്. ഇത് നാലു ശതമാനമാണ്.

റിലയൻസ് മീഡിയയിൽ പുതിയ സഖ്യവുമായി

റിലയൻസിൻ്റെ നെറ്റ് വർക്ക് 18-ൻ്റെ ഉപകമ്പനികളിൽ ജയിംസ് മർഡക്കും ഉദയ് ശങ്കറിൻ്റെ ലൂപ ഇന്ത്യയും കൂടി 40 ശതമാനം ഓഹരി എടുക്കുമെന്ന റിപ്പോർട്ട് ടിവി 18 ബ്രോഡ്കാസ്റ്റിൻ്റെ ഓഹരി വില 20 ശതമാനം കുതിക്കാൻ ഇടയാക്കി. നെറ്റ് വർക്ക് 18 അഞ്ചു ശതമാനം കയറി. ഡെൻ നെറ്റ് വർക്ക് 8.8 ശതമാനം ഉയർന്നു. രാജ്യത്തെ ടിവി, കേബിൾ, എൻ്റർടെയ്ൻമെൻ്റ് വ്യവസായത്തിൽ അംബാനിമാർ പിടിമുറുക്കുകയാണ്.


This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it