പ്രതീക്ഷയോടെ ബജറ്റ് വാരത്തിലേക്ക്; ആഗാേള സൂചനകൾ വിപണിയെ സഹായിക്കും; വിദേശികൾ വിൽപന തുടരും; ക്രൂഡ് വീണ്ടും കയറി

ഓഹരി വിപണിക്കും നിക്ഷേപകർക്കും ഈ ആഴ്ച നിർണ്ണായകം; പൊതുബജറ്റിലെ പ്രതീക്ഷകൾ എന്തൊക്കെ? ഇന്നു പുറത്തു വരുന്ന റിസൾട്ടുകൾ ഏതൊക്കെ?

രാജ്യത്തിൻ്റെ സമ്പദ്ഘടനയ്ക്കും വിപണിക്കും നിർണായക പ്രധാനമായ ബജറ്റ് വാരത്തിലേക്ക് ഇന്നു പ്രവേശിക്കുകയാണ്. തലേ ആഴ്ച വിപണിക്ക് കുത്തനേ താഴേണ്ടി വന്നു. അമേരിക്കൻ ഫെഡ് പലിശ നിരക്ക് കൂട്ടാൻ പോകുന്നതിൻ്റെയും യുക്രെയ്നിലെ സംഘർഷത്തിൻ്റെയും ഒക്കെ ആശങ്കകളാണ് ഇതിലേക്കു നയിച്ചത്. കഴിഞ്ഞ ആഴ്ച സെൻസെക്സ് 3.11 ശതമാനവും നിഫ്റ്റി 2.92 ശതമാനവും താഴ്ചയിലായി.

വാരാന്ത്യത്തിൽ അമേരിക്കൻ വിപണി കുതിച്ചുയർന്നത് ഇന്നത്തെ വ്യാപാര ഗതിയെ സ്വാധീനിക്കും. ആപ്പിളിൻ്റെ നേതൃത്വത്തിൽ ടെക് ഓഹരികൾ കുതിച്ചത് നാസ്ഡാക് സൂചികയെ മൂന്നു ശതമാനത്തിലധികം ഉയർത്തി. ഡൗ ഒന്നരയും എസ് ആൻഡ് പി രണ്ടരയും ശതമാനവും കയറി. എന്നാൽ യുഎസ് ഫ്യൂച്ചേഴ്സ് ഞായറാഴ്ച വൈകുന്നേരം ചെറിയ താഴ്ചയിലായിരുന്നു. സിംഗപ്പുർ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി നല്ല കയറ്റത്തിലാണ്. ഏഷ്യൻ വിപണികളും ഉയരുന്നുണ്ട്.

ജിഡിപി നിഗമനം ശ്രദ്ധേയം

ഇന്ന് ഉച്ചയ്ക്ക് സാമ്പത്തിക സർവേ അവതരിപ്പിക്കുന്നുണ്ട്. അടുത്ത ധനകാര്യ വർഷത്തെ ജിഡിപി വളർച്ച സംബന്ധിച്ച നിഗമനമാണ് അതിൽ വിപണി ഉറ്റുനോക്കുന്നത്. വൈകുന്നേരം നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) നടപ്പുവർഷ ജിഡിപി സംബന്ധിച്ച പുതുക്കിയ ഒന്നാം അഡ്വാൻസ് എസ്റ്റിമേറ്റ് പുറത്തു വിടും. ഈ മാസാദ്യം 9.2 ശതമാനം വളർച്ച പറയുന്ന ഒന്നാം അഡ്വാൻസ് എസ്റ്റിമേറ്റ് നൽകിയിരുന്നു. കാതൽ മേഖലയിലെ എട്ടു വ്യവസായങ്ങളുടെ ഡിസംബറിലെ വളർച്ചക്കണക്കും ഡിസംബർ 31 വരെയുള്ള കമ്മിയുടെ കണക്കും ഇന്നു പുറത്തു വരാനുണ്ട്.
ടാറ്റാ മോട്ടോഴ്സ്, ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ, സൺ ഫാർമ, ഡിഎൽഎഫ് തുടങ്ങിയവയുടെ റിസൽട്ടും ഇന്നു പ്രസിദ്ധീകരിക്കും.

നേട്ടങ്ങൾ നഷ്ടപ്പെടുത്തി

വെള്ളിയാഴ്ച വിപണി നല്ല കയറ്റത്തിനു ശേഷം അവസാന മണിക്കൂറിൽ താഴോട്ടു നീങ്ങുകയായിരുന്നു. മുഖ്യസൂചികകൾ 1.4 ശതമാനം കയറിയ ശേഷം അതത്രയും നഷ്ടപ്പെടുത്തി. സെൻസെക്സ് 76.71 പോയിൻ്റ് (0.13%) നഷ്ടത്തിൽ 57,200.23 ലും നിഫ്റ്റി 8.2 പോയിൻ്റ് (0.05%) നഷ്ടത്തിൽ 17,101.95ലും ക്ലോസ് ചെയ്തു. നേരത്തേ വലിയ കുതിപ്പ് നടത്തിയ മിഡ് ക്യാപ് സൂചിക ഒന്നര ശതമാനവും സ്മോൾ ക്യാപ് സൂചിക ഒരു ശതമാനവും നേട്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, ഹെൽത്ത് കെയർ, ഫാർമ, റിയൽറ്റി, മെറ്റൽ തുടങ്ങിയവ ഉയർന്നപ്പോൾ ബാങ്കുകളും ധനകാര്യ കമ്പനികളും വാഹന കമ്പനികളും താഴോട്ടായിരുന്നു.

നിർണായക സന്ധിയിൽ

വിപണി നിർണായക സന്ധിയിലാണെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 17,373 ൻ്റെ തടസം കരുത്തോടെ മറികടക്കാനായാൽ 17,600 ഉം 17,900 - വും ലക്ഷ്യമിട്ടു നിഫ്റ്റിക്കു കുതിക്കാൻ പറ്റും. 17,700-ഉം നിഫ്റ്റിയെ തടസപ്പെടുത്തുന്ന മേഖലയാണ്. 17,077-നു താഴോട്ട് ഇന്നു നിഫ്റ്റി നീങ്ങിയാൽ 16,836 കടന്ന് 16,604 വരെ എത്താം. അവിടെ നിന്നു പെട്ടെന്നു കയറാൻ പറ്റുന്നില്ലെങ്കിൽ 15,000-നു സമീപത്തേക്കു വീഴാം. ഇന്നു നിഫ്റ്റിക്ക് 16,995-ഉം 16890-ഉം സപ്പോർട്ട് നൽകും. 17,290-ലും 17,480-ലും ഉയർച്ചയ്ക്കു തടസങ്ങൾ ഉണ്ട്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,117-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,245 ലേക്ക് ഉയർന്നു. ഇന്ത്യൻ വിപണി നല്ല നേട്ടത്തോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.

വിൽപന തുടർന്നു വിദേശ ഫണ്ടുകൾ

വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 5045.34 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു. ഇതോടെ ക്യാഷ് വിപണിയിലെ അവരുടെ ഈ മാസത്തെ വിൽപന 37,721.87 കോടി രൂപയായി. വിദേശികൾ ബജറ്റിനു ശേഷവും വിൽപന തുടരുമെന്നാണു സൂചന. മാർച്ചോടെ അമേരിക്ക പലിശ കൂട്ടും. അതിനു മുമ്പ് ഫെഡ് കടപ്പത്രം വാങ്ങൽ നിർത്തും. അതിനകം വിദേശത്തു നിന്നു പണം തിരികെ യുഎസിൽ എത്തിക്കാൻ യുഎസ് ആസ്ഥാനമായുള്ള ഫണ്ടുകൾ ഉത്സാഹിക്കുകയാണ്.

91 കടന്നു ക്രൂഡ്

ക്രൂഡ് ഓയിൽ വില കയറ്റം തുടരുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 91.17 ഡോളർ വരെ കയറിയിട്ട് അൽപം താണു. പ്രകൃതി വാതക വില അഞ്ചു ഡോളറിനു മുകളിലായി. യുക്രെയ്ൻ സംഘർഷ ഭീതിയാണു വില ഉയർത്തി നിർത്തുന്നത്.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച അൽപം താണു. നാളെ ആരംഭിക്കുന്ന ചൈനീസ് പുതുവത്സര അവധിക്കു മുമ്പേ ലാഭമെടുക്കാനുള്ള ശ്രമമാണു കാരണം.
സ്വർണം താഴ്ച തുടരുന്നു. വെള്ളിയാഴ്ച 1790 ഡോളർ വരെ താണ സ്വർണം ഇന്നു രാവിലെ 1786-1788 ഡോളറിലാണ്. ഇനിയും താഴുമെന്നാണു സൂചന.

ഗതി നിർണയിക്കുന്നതു പൊതു ബജറ്റ്

ചൊവ്വാഴ്ച അവതരിപ്പിക്കുന്ന പൊതുബജറ്റാണ് ഈയാഴ്ചത്തെ വിപണിയുടെ ഗതി നിർണയിക്കുക. ബജറ്റിലെ കമ്മി, പ്രത്യക്ഷ നികുതിയിലെ മാറ്റങ്ങൾ, ക്ഷേമ പരിപാടികൾ, വിവിധ വിഭാഗങ്ങൾക്കുള്ള വകയിരുത്തലുകൾ എന്നിവ വിപണി വിലയിരുത്തും. നാടകീയ മാറ്റങ്ങളോ പ്രഖ്യാപനങ്ങളോ ബജറ്റിൽ പ്രതീക്ഷിക്കുന്നില്ല.
ഈ ധനകാര്യ വർഷം ജിഡിപിയുടെ 6.8 ശതമാനം ധനകമ്മിയാണു ബജറ്റിലെ പ്രതീക്ഷ. 15.07 ലക്ഷം കോടി രൂപ വരും ഇത്. 2020-21 ലെ 9.5 ശതമാന (18.49 ലക്ഷം കോടി) ത്തിൽ നിന്നു ഗണ്യമായി കുറഞ്ഞ നില. അന്നു പ്രതീക്ഷിച്ചതിലും കൂടുതലുണ്ട് ഈ വർഷം തന്നാണ്ടു വിലയിലെ ജിഡിപി. അതു കൊണ്ട് കമ്മിയുടെ തുക കുറേക്കൂടി വർധിച്ചാലും ശതമാനക്കണക്കിൽ പിടിച്ചു നിർത്താനാകും.

വരുമാനം കൂടും, സബ്സിഡിയും

ഗവണ്മെൻ്റ് പ്രതീക്ഷിച്ചതിലും കൂടുതൽ നികുതി വരുമാനം കിട്ടും. രണ്ടര ലക്ഷം കോടിയോളം രൂപയുടെ അധികവരുമാനമാണ് ഉണ്ടാവുക. അതേ സമയം ഓഹരി വിൽപന വഴി 1.75 ലക്ഷം കോടി സമാഹരിക്കാനുള്ള ലക്ഷ്യം നടക്കുമോ എന്ന് ഉറപ്പില്ല. എൽഐസി ഓഹരി വിൽപന മാർച്ചിൽ നടന്നാൽ ഒരു ലക്ഷം കോടിയാേളം കിട്ടും. രണ്ടു പൊതുമേഖലാ ബാങ്കുകളും ബിപിസിഎലും വിൽക്കാനുള്ള തീരുമാനം ഇക്കൊല്ലം നടപ്പാക്കില്ല. 70,000 കോടിയുടെ വരുമാനം കുറയും.
അതേ സമയം സബ്സിഡി ചെലവ് കുത്തനെ കൂടി.ഭക്ഷ്യ സബ്സിഡി 2.3 ലക്ഷം കോടി പ്രതീക്ഷിച്ചത് 3.77 ലക്ഷം കോടിയാകും. രാസവള സബ്സിഡി 79,500 കോടി കണക്കാക്കിയത് 1.38ലക്ഷം കോടിയാകും. രണ്ടു ലക്ഷം കോടിയുടെ അധികച്ചെലവ്.
നികുതി പിരിവിലെ വർധന മിച്ചമാകില്ല. കമ്മി കുറയില്ല. പക്ഷേ, പ്രശ്നം ഈ വർഷത്തെ കണക്കിലല്ല. അടുത്ത വർഷത്തെ കണക്കിലാണ്.

കമ്മി കുറയ്ക്കാൻ തുടങ്ങുമോ?

2025-26 ആകുമ്പോൾ ധന കമ്മി 4.5 ശതമാനമാക്കാനുള്ള ഒരു ലക്ഷ്യം കഴിഞ്ഞ തവണ ബജറ്റ് അവതരിപ്പിച്ചപ്പോൾ നിർമല സീതാരാമൻ പറഞ്ഞിരുന്നു. അതുണ്ടാകണമെങ്കിൽ ഈ വർഷം മുതൽ കമ്മി കുറയ്ക്കണം. പക്ഷേ അതിനു സാധ്യത കുറവാണ്. കാരണം സബ്സിഡി അടക്കമുള്ള പ്രധാന ചെലവുകൾ കൂടുകയേ ഉള്ളൂ. കുറയില്ല. വരുമാനം ഈ വർഷത്തേതുപോലെ കൂടുകയില്ല.
ഈ വർഷം 34.83 ലക്ഷം കോടി എന്നു കണക്കാക്കിയ ചെലവ് 38 ലക്ഷം കോടിയെങ്കിലുമായി ഉയരും. അടുത്ത വർഷത്തെ ചെലവ് 44-45 ലക്ഷം കോടിയിലേക്കു കയറും. അതിനനുസരിച്ചു നികുതി - നികുതിയിതര വരുമാനം വർധിപ്പിക്കാൻ നിർമല എന്തു മാർഗമാണു കണ്ടെത്തുക എന്നതാണു വിപണി നോക്കുന്ന പ്രധാന കാര്യം.
കമ്മി കുറച്ചു കൊണ്ടുവരാൻ ശ്രമിച്ചില്ലെങ്കിൽ ഉദാരവൽക്കരണവാദികളിൽ നിന്ന് വലിയ വിമർശനമുണ്ടാകും. പാശ്ചാത്യ നിക്ഷേപ സ്ഥാപനങ്ങളും പ്രശ്നമുണ്ടാക്കും. സർക്കാരിനു ധനകാര്യ വിവേകവും ഉത്തരവാദബോധവും ഇല്ലെന്നു കുറ്റപ്പെടുത്തും. അതുമൂലധന നിക്ഷേപത്തെ ബാധിക്കും.

നികുതിയിലെ മോഹങ്ങൾ

ഇടത്തരക്കാർ ആദായ നികുതിയിൽ കുറേ പ്രതീക്ഷകൾ വച്ചിട്ടുണ്ട്. വ്യക്തികളുടെ നികുതി ഒഴിവ് പരിധി, ഭവന വായ്പയുടെ പലിശയ്ക്കും ഗഡുവിനുമുള്ള നികുതി ഒഴിവിൻ്റെ പരിധി തുടങ്ങിയവ കൂട്ടുക, ഉദ്യോഗസ്ഥരുടെ സ്റ്റാൻഡാർഡ് ഡിഡക്ഷൻ ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ സാധിച്ചു കിട്ടുമെന്നാണു പ്രതീക്ഷ. നികുതി സ്ലാബുകൾ പുനർ ക്രമീകരിക്കണമെന്നും ആവശ്യമുണ്ട്. കിഴിവുകൾ ഉള്ളതും ഇല്ലാത്തതുമായ രണ്ടു തരം നികുതി നിർണയം കഴിഞ്ഞ വർഷം അനുവദിച്ചത് പുനരാലോചിക്കണമെന്നു കുറേപ്പേർ ആവശ്യപ്പെടുന്നുണ്ട്. ഇളവുകളും കിഴിവുകളും ഇല്ലാത്ത ഒരു നികുതി സംവിധാനം കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് അതിലൂടെ നിർമല പരീക്ഷിച്ചു നോക്കുന്നത്.
കമ്പനികൾക്കും നികുതി കാര്യത്തിൽ പല ആവലാതികൾ ഉണ്ട്. ട്രാവൽ - ടൂറിസം - ഹോട്ടൽ മേഖല ആശ്വാസ നടപടികൾ പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യ മേഖല കൂടുതൽ വകയിരുത്തലാണ് ആഗ്രഹിക്കുന്നത്. അതുണ്ടായാൽ സിമൻ്റ്, സ്റ്റീൽ, കാപ്പിറ്റൽ ഗുഡ്സ് മേഖലകൾക്കും സഹായമാകും. ഭവനവായ്പകൾക്കു നികുതി ഒഴിവു വർധിപ്പിച്ചാൽ ബാങ്കുകൾക്കും ഭവനവായ്പാപാ കമ്പനികൾക്കും മാത്രമല്ല നേട്ടം.

This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it