കുതിപ്പിനൊരുങ്ങി; വിദേശ സൂചനകൾ പോസിറ്റീവ്; 2022-ൽ തിരുത്തൽ പ്രതീക്ഷിക്കാമോ? വിലക്കയറ്റവും കോവിഡും നിർണായക ഘടകങ്ങൾ

വലിയ കുതിപ്പോടെ ബംപർ നേട്ടങ്ങളുടെ വർഷത്തിനു കഴിഞ്ഞ വെള്ളിയാഴ്ച വിട നൽകി. ഇന്നു പുതുവർഷത്തിലെ ആദ്യ വ്യാപാര ദിനത്തിൽ മറ്റു പ്രധാന ഏഷ്യൻ വിപണികൾ അവധിയിലാണ്. അമേരിക്കൻ വിപണിയുടെ ഫ്യൂച്ചേഴ്സ് നല്ല നേട്ടം കാണിക്കുന്നു. എസ്ജിഎക്സ് നിഫ്റ്റിയും കുതിപ്പിലാണ്.

വെള്ളിയാഴ്ച സെൻസെക്സ് 459.5 പോയിൻ്റ് (0.8%) നേട്ടത്തിൽ 58,253.82 ലും നിഫ്റ്റി 150.1 പോയിൻ്റ് (0.87%) നേട്ടത്തിൽ 17,354.05ലും ക്ലോസ് ചെയ്തു. മിഡ്-സ്‌മോൾ ക്യാപ് സൂചികകൾ 1.4 ശതമാനം വീതം ഉയർന്നു. എല്ലാ വ്യവസായ മേഖലകളും നല്ല ഉയർച്ച കാണിച്ചു.

വിദേശ നിക്ഷേപകർ 575.39 കോടി രൂപയും സ്വദേശി ഫണ്ടുകൾ 1165.62 കോടി രൂപയും ഓഹരികളിൽ നിക്ഷേപിച്ചു.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നു രാവിലെ 14,470 ലാണ്. ഇന്ത്യൻ വിപണി നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷയാണ് ഇതു കാണിക്കുന്നത്.

ക്രൂഡ് ഓയിൽ വെള്ളിയാഴ്ച താഴ്ന്നു ക്ലോസ് ചെയ്തെങ്കിലും ഇന്നു രാവിലെ വീണ്ടും കയറ്റത്തിലായി. ബ്രെൻ്റ് ഇനം ക്രൂഡ് ഒരു ശതമാനം ഉയർന്ന് 78.45 ഡോളറിൽ എത്തി.

വ്യാവസായിക ലോഹങ്ങൾ ചെറിയ മാറ്റത്തോടെയാണു കഴിഞ്ഞ ആഴ്ച ക്ലോസ് ചെയ്തത്.ഈ ആഴ്ച വിപണി കൂടുതൽ ചലനാത്മകമാകും.

സ്വർണം അപ്രതീക്ഷിത നേട്ടത്തോടെയാണ് കഴിഞ്ഞയാഴ്ച ക്ലാേസ് ചെയ്തത്. ഇന്നു രാവിലെ വില 1831-1833 ഡോളറിലേക്കു കയറി. 2022-ൽ സ്വർണവില 10 മുതൽ 15 വരെ ശതമാനം കുറയുമെന്നാണു പ്രമുഖ നിക്ഷേപ ബാങ്കുകളുടെ പ്രവചനം.

കാതൽ മേഖലയുടെ വളർച്ചയിൽ ഇടിവ്

നവംബറിൽ കാതൽ മേഖലാ വ്യവസായങ്ങളുടെ വളർച്ച 3.1 ശതമാനത്തിലേക്കു താണു. ഒക്ടോബറിൽ 8.4 ശതമാനം വളർച്ച ഉണ്ടായിരുന്നതാണ്. ഒൻപതു മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന വളർച്ച നിരക്കാണിത്.

കാതൽ മേഖലയിലെ എട്ടു വ്യവസായങ്ങളിൽ രാസവളം മാത്രമേ തലേമാസത്തേക്കാൾ വളർച്ച കാണിച്ചുള്ളൂ. സിമൻ്റ് ഉൽപാദനം 3.2 ശതമാനം കുറഞ്ഞു. 10 മാസത്തിനു ശേഷമാണ് സിമൻ്റ് ഉൽപാദനം കുറയുന്നത്. ഒക്ടോബറിനെ അപേക്ഷിച്ചു സിമൻ്റ് ഉൽപാദനത്തിൽ വന്ന കുറവ് 21.1 ശതമാനമാണ്. ക്രൂഡ് ഓയിൽ ഉൽപാദനവും തലേ നവംബറിലേതിലും കുറവായി. കോവിഡിനു മുമ്പുള്ള കാലവുമായി തട്ടിച്ചു നോക്കിയാൽ കൽക്കരി, സിമൻറ്, വൈദ്യുതി ഉൽപാദനങ്ങൾ കുറവാണ്.

കാതൽ മേഖലയിലെ ഇടിവ് വ്യവസായ ഉൽപാദന സൂചിക നവംബറിൽ 2.5 ശതമാനം വളർച്ചയേ കാണിക്കൂ എന്നു സൂചിപ്പിക്കുന്നു. ഇതു ഒക്ടോബർ - ഡിസംബർ പാദത്തിലെ വളർച്ചയെപ്പറ്റിയും ആശങ്ക വളർത്തുന്നു.

ധനകമ്മിയിൽ കുറവ് തുടരാൻ സാധ്യതയില്ല

നവംബർ ഒടുവിലെ നിലവച്ചു കേന്ദ്രത്തിൻ്റെ ധനകമ്മി വാർഷിക ധനകമ്മി പ്രതീക്ഷയുടെ 46.2 ശതമാനമാണ്. ബജറ്റ് പ്രതീക്ഷകൾക്കനുസരിച്ച് സർക്കാരിൻ്റെ വരവുചെലവുകൾ പോകുന്നു എന്നാണ് അതു സൂചിപ്പിക്കുന്നത്. റവന്യു വരുമാനം വാർഷിക പ്രതീക്ഷയുടെ 75.9 ശതമാനം ഇതുവരെ ലഭിച്ചു. ഇതു വരെ ചെലവ് വാർഷിക പ്രതീക്ഷയുടെ 59.6 ശതമാനമാണ്. മൂലധനച്ചെലവ് ഇതുവരെ വാർഷിക പ്രതീക്ഷയുടെ 49.4 ശതമാനമേ നടന്നിട്ടുള്ളു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 58.5 ശതമാനം നടത്തിയതാണ്.

ഈ ധനകാര്യ വർഷം 15.06 ലക്ഷം കോടി രൂപ (ജിഡിപിയുടെ 6.8 ശതമാനം) ധനകമ്മിയാണു ബജറ്റ് പ്രതീക്ഷ. ഇതു വരെ 6.96 ലക്ഷം കോടി കമ്മിയായി.

നികുതി വരുമാനം പ്രതീക്ഷയിലും കൂടുതൽ ഉണ്ടെങ്കിലും കമ്മി പ്രതീക്ഷയിൽ ഒതുങ്ങുമോ എന്നു ചിലരെങ്കിലും സംശയിക്കുന്നുണ്ട്. പൊതുമേഖലാ ഓഹരി വിൽപന ഉദ്ദേശിച്ചതു പോലെ നടക്കാത്ത സാഹചര്യത്തിലാണത്. ബിപിസിഎൽ വിൽപന ഇത്തവണയും നടക്കാനിടയില്ല.

എൽഐസി ഓഹരി വിൽപനയാണു ശേഷിക്കുന്ന പ്രതീക്ഷ. അതു നടന്നാൽ പോലും ബിപിസിഎൽ വിൽപന നടക്കാത്തതിൻ്റെ കുറവ് നികത്താനാവില്ല. രാസവള സബ്സിഡിയിൽ ഉണ്ടായ വർധനയും കമ്മി കുറയാനുള്ള സാധ്യത കുറയ്ക്കുന്നു.

2021 ഓഹരിക്കു റിക്കാർഡ് നേട്ടങ്ങളുടെ വർഷം

ഏറെ പ്രതീക്ഷകളോടെയാണു 2022 നെ ഓഹരി വിപണി വരവേറ്റത്. ഡിസംബർ 31-ലെ കുതിപ്പ് അതിൻ്റെ ഫലമായിരുന്നു. 2021 മറ്റൊരു ബംപർ വർഷം കൂടി നിക്ഷേപകർക്കു നൽകി.

ഏഷ്യയിലെ മറ്റു വിപണികളെ ബഹുദൂരം പിന്നിലാക്കുന്ന നേട്ടം 2021-ൽ ഇന്ത്യൻ വിപണിക്കുണ്ടായി. ജപ്പാനിലെ നിക്കൈ സൂചിക 4.91 ശതമാനവും ചൈനയിലെ ഷാങ്ഹായ് കോംപസിറ്റ് 4.8 ശതമാനവും കൊറിയയിലെ കോസ്പി 3.63 ശതമാനവും മാത്രമാണു 2021-ൽ കയറിയത്.

ഹോങ്കോംഗിലെ ഹാങ് സെങ് സൂചിക 14.08 ശതമാനം ഇടിഞ്ഞു. അതേ സമയം നിഫ്റ്റി 24.12 ശതമാനവും സെൻസെക്സ് 21.99 ശതമാനവും ഉയർന്നു.

അമേരിക്കൻ, യൂറോപ്യൻ വിപണികളുടെ നിലവാരത്തിൽ ഇന്ത്യൻ വിപണികൾ കയറി. യൂറോപ്പിലെ യൂറോ സ്റ്റോക്സ് 22 ശതമാനവും ജർമനിയിലെ ഡാക്സ് 15.79 ശതമാനവും ഉയർന്നു. അമേരിക്കയിലെ എസ് ആൻഡ് പി 500 സൂചിക 26.89 ശതമാനം നേട്ടമാണു കഴിഞ്ഞ വർഷം ഉണ്ടാക്കിയത്. ഡൗ ജോൺസ് 18.73 ശതമാനവും നാസ് ഡാക് 21.39 ശതമാനവും ഉയർന്നു.

മറ്റ് ആസ്തികൾ നിഷ്പ്രഭം

ഇങ്ങനെ ലോകമെങ്ങും ഓഹരി വിപണികൾ നിക്ഷേപകർക്കു വലിയ നേട്ടം നൽകിയപ്പോൾ മറ്റ് നിക്ഷേപ ആസ്തികൾ പിന്നിലായി എന്നതാണു വസ്തുത.

പലിശ നിരക്ക് താഴ്ന്നു നിന്നതിനാൽ കടപ്പത്ര-ബാങ്ക് നിക്ഷേപങ്ങൾ തീരെക്കുറഞ്ഞ ആദായമേ നൽകിയുള്ളു. ഇന്ത്യയിലെ ഡെറ്റ് ഫണ്ടുകളുടെ വാർഷികാദായം നാലു ശതമാനത്തിൽ താഴെയായി. ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലെ ആദായം ആറു ശതമാനത്തിൽ താഴെ മാത്രം.

സ്വർണവും വെള്ളിയും 202l -ൽ നഷ്ടം വരുത്തി. ലോക വിപണിയിൽ സ്വർണവില 4.2 ശതമാനവും വെള്ളിവില 12.3 ശതമാനവും കൂടി.

അതേ സമയം ക്രൂഡ് ഓയിലും വ്യാവസായിക ലോഹങ്ങളും വലിയ കുതിപ്പ് നടത്തി. ബ്രെൻ്റ് ഇനം ക്രൂഡ് 53 ശതമാനവും ഡബ്ള്യു ടി ഐ ഇനം 58 ശതമാനവും കയറി. ടിൻ 93.4%, അലൂമിനിയം 43.3%, സിങ്ക് 31.2%, ചെമ്പ് 25.5%, നിക്കൽ 25% എന്നിങ്ങനെയാണു ലോഹവിലകൾ ഉയർന്നത്.

2022 കരുതി വയ്ക്കുന്നത്

2022 ഇതേ തോതിൽ നേട്ടങ്ങൾ ആവർത്തിക്കുകയില്ലെന്ന് എല്ലാവർക്കും അറിയാം. രണ്ടു കാര്യങ്ങൾ ഇക്കൊല്ലത്തെപ്പറ്റി ഉറപ്പായിട്ടുണ്ട്. ഒന്ന്: കേന്ദ്ര ബാങ്കുകൾ പണലഭ്യത വർധിപ്പിക്കുന്ന നയം മാറ്റും. രണ്ട്: പലിശ നിരക്ക് ക്രമമായി വർധിപ്പിക്കും. ഈ രണ്ടു പണനയ നീക്കങ്ങൾ വിപണിയിലെ പണലഭ്യതയെയും വ്യവസായങ്ങളുടെ ലാഭക്ഷമതയെയും നേരിട്ടു ബാധിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഓഹരി വിപണിയുടെ കുതിപ്പിന് വേഗം കുറയും.

രണ്ടു വലിയ അജ്ഞാതങ്ങൾ 2022 - നെ തുറിച്ചു നോക്കുന്നുണ്ട്. ഒന്ന് കോവിഡ്, അടുത്തതു വിലക്കയറ്റം. കോവിഡ് വ്യാപനവും തീവ്രതയും സാമ്പത്തിക പ്രവർത്തനങ്ങളെ നേരിട്ടു ബാധിക്കും. പുതിയ വകഭേദങ്ങൾ വരുന്നത് എത്ര കരുത്തോടെയാകുമെന്ന് മുൻകൂട്ടി പറയാനാകില്ല. വിലക്കയറ്റത്തിൻ്റെ ഗതിയും അനിശ്ചിതം തന്നെ.

2022 പകുതിയോടെ കുറഞ്ഞു തുടങ്ങും എന്ന് ഐ എം എഫ് അടക്കം പറയുന്നുണ്ടെങ്കിലും കോവിഡ് വർധനയും ഉൽപാദന-ചരക്കുകടത്തു തടസങ്ങൾ വിലവർധന നിയന്ത്രണാതീതമാക്കാം. എൽ നീനോ പ്രതിഭാസം 2022 രണ്ടാം പകുതിയിൽ തുടങ്ങും എന്നാണു കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം.

2021 മഴ സമൃദ്ധമായി ലഭിക്കുന്ന ലാ നീന വർഷമായിരുന്നു. എൽ നീനാേ ഉഷ്ണമേഖലാ രാജ്യങ്ങളിൽ വരൾച്ചയ്ക്കു കാരണമാകും. അതു ഭക്ഷ്യവിളകളടക്കം കാർഷികോൽപാദനം കുറയ്ക്കും.

2022 തിരുത്തൽ വർഷമോ?

ഓഹരികൾ തുടർച്ചയായ മൂന്നു വർഷങ്ങളിലെ വലിയ കുതിപ്പിനു ശേഷം വലിയൊരു തിരുത്തലിലേക്കു നീങ്ങും എന്നു കരുതുന്നവർ കുറവല്ല. നിഫ്റ്റി 13,000 വരെയും സെൻസെക്സ് 46,000 വരെയും താഴുമെന്നാണ് സാങ്കേതിക വിശകലന വിദഗ്ധരുടെ നിഗമനം.

നിഫ്റ്റി 13,000-ഉം സെൻസെക്സ് 46,000-ഉം നല്ല വാങ്ങൽ അവസരമായി അവർ ശിപാർശ ചെയ്യുന്നു. ഏപ്രിൽ-സെപ്റ്റംബർ കാലയളവിലാണ് വിപണി താഴെ എത്തുക എന്നാണു പ്രവചനം. കഴിഞ്ഞ ഒക്ടോബർ 18-ന് എത്തിയ സർവകാല റിക്കാർഡിൽ നിന്നു 30 ശതമാനം താഴെ സൂചികകൾ എത്തുമെന്ന് അവർ വിശദീകരിക്കുന്നു.

നിഫ്റ്റി 18,000നു താഴെ നിൽക്കുന്നിടത്തോളം ബെയറിഷ് ആണു കാഴ്ചപ്പാട്. ഇപ്പാേഴത്തെ നിലയിൽ നിന്നു 17,000-നു താഴെ വീണാൽ തുടർ വീഴ്ചകൾ ഉണ്ടാകും.

സെൻസെക്സ് 60,000 നു താഴെ നിൽക്കുന്നതു ബെയറിഷ് ബാധ്യത നിലനിർത്തുന്നു. 56,000 എന്ന താങ്ങു നഷ്ടമായാൽ വലിയ വീഴ്ചകളിലൂടെ 48,000-46,000 മേഖലയിലേക്കു പതിക്കും എന്നു സാങ്കേതിക വിശകലനങ്ങൾ കാണിക്കുന്നു.

This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it