വീണ്ടും ബുൾ നേട്ടം; ഐടി കരുത്തായി; ക്രൂഡ് വിലയിൽ ആശ്വാസം; സ്വർണം ഉയരുന്നു; മൊത്തവിലക്കയറ്റത്തിൽ കാണേണ്ട കാര്യങ്ങൾ; ഇൻഫിക്ക് കുതിക്കാനാകുമോ? ചെറിയ ഐടി കമ്പനികളെ പഠിച്ചു നിക്ഷേപിക്കണം

താഴ്ചയിൽ തുടങ്ങി, വീണ്ടും താണു, പിന്നീടു നന്നായി കയറി, ഒടുവിൽ ചെറിയ നേട്ടത്തോടെ ക്ലോസിംഗ്. ഇന്നലെ ഓഹരി വിപണി നല്ല ചാഞ്ചാട്ടത്തിലായിരുന്നു. എങ്കിലും തുടർച്ചയായ രണ്ടാം ദിവസവും ഉയർന്നത് ബുള്ളുകൾക്ക് കരുത്തു പകരുന്നു. ഐടി കമ്പനികളുടെ ഓഹരി കണ്ട പതിവിൽ കവിഞ്ഞ താൽപര്യമാണ് സൂചികകളെ ഇന്നലെ ഉയർന്നു ക്ലോസിംഗിനു സഹായിച്ചത്. വിദേശ നിക്ഷേപകർ വലിയ തോതിൽ വിൽപനക്കാരായപ്പോൾ സ്വദേശി ഫണ്ടുകൾ തുല്യ അളവിൽ വാങ്ങിക്കൂട്ടി.

സെൻസെക്സ് 134.32 പോയിൻ്റ് (0.25%) ഉയർന്ന് 52,904.05ലും നിഫ്റ്റി 41.6 പോയിൻ്റ് ( 0.26%) ഉയർന്ന് 15,853.95ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.23 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.45% കയറി.

ആഗോള സൂചനകൾ തണുപ്പൻ

ഇന്ന് ആഗാേള സൂചനകൾ തണുപ്പനാണെങ്കിലും വിപണിക്ക് ഉയർച്ചയ്ക്കു വഴികൾ ഉണ്ട്. ക്രൂഡ് ഓയിൽ വില ഇടിഞ്ഞതും പലിശവർധന ഉടനില്ലെന്നു യുഎസ് ഫെഡ് ആവർത്തിച്ചതും വിപണിയെ സഹായിക്കും. മൊത്തവില സൂചികയിലെ നാമമാത്ര ഇടിവ് ഇന്നലെത്തന്നെ വിപണി ഇൾക്കൊണ്ടിരുന്നു.
യൂറോപ്യൻ വിപണികൾ ഇന്നലെ ചെറിയ തോതിൽ താഴ്ന്നു. പ്രധാന യുഎസ് സൂചികകൾ ചെറിയ നേട്ടത്തിൽ അവസാനിച്ചപ്പോൾ നാസ്ഡാക് അൽപം താണു. ചൈനയുമായുള്ള സാമ്പത്തിക വിഷയങ്ങളിലെ ചർച്ച നിർത്തുന്നതായ യു എസ് പ്രഖ്യാപനം വിപണിക്കു ചെറിയ ക്ഷീണമായി.
ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ തളർച്ചയോടെയാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കെെ 0.64 ശതമാനം താണു. ചൈനീസ് വിപണിയും ദുർബലമാണ്.

എസ്ജിഎക്സ് നിഫ്റ്റി താഴ്ചയിൽ

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 15,867 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും താഴ്ചയിൽ (15,848) വ്യാപാരം തുടങ്ങി. ഇന്ത്യയിൽ നിഫ്റ്റി ചെറിയ തളർച്ചയോടെ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഡെറിവേറ്റീവ് വിപണി നൽകുന്നത്.
നിഫ്റ്റി ഇന്ന് 15,880 മേഖലയിൽ ശക്തമായ തടസം നേരിടുമെന്നു സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അവിടം കരുത്തോടെ കടക്കാനായാൽ 15,950-16,000 മേഖലയിലേക്കാകും നീക്കം. ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം മൂലം 15,800-നു താഴേക്കു നീങ്ങിയാൽ 15,700-15,600 മേഖലയിലേക്ക് ഇറങ്ങും.

വിദേശികൾ വിൽപനയിൽ

ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1303.95 കോടി രൂപ ഓഹരികളിൽ നിന്നു പിൻവലിച്ചു. ഈ മാസം ഇതു വരെ 6192.54 കോടി രൂപ വിദേശികൾ വലിച്ചിട്ടുണ്ട്. ഇതേ സമയം സ്വദേശി ഫണ്ടുകൾ ഇന്നലെ 1335.91 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. ഈ മാസം സ്വദേശി ഫണ്ടുകളുടെ നിക്ഷേപം ഇതു വരെ 4030.97 കോടി രൂപയായി.

സൗദി - യുഎഇ ധാരണയിൽ ക്രൂഡിന് ഇടിവ്

സൗദി അറേബ്യയും യുഎഇയും തമ്മിൽ ക്രൂഡ് ഓയിൽ ഉൽപാദനം സംബന്ധിച്ചു ധാരണയിൽ എത്തിയെന്നു റോയിട്ടേഴ്സ് ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതനുസരിച്ച് ഉൽപാദനം കൂട്ടാൻ യുഎഇ ക്ക് അനുവാദം കിട്ടും. കരാർ ആയില്ലെന്നും ചർച്ച തുടരുന്നതേ ഉള്ളുവെന്നും യുഎഇ നിഷേധക്കുറിപ്പ് ഇറക്കിയെങ്കിലും റിപ്പോർട്ടിനെ ഫലത്തിൽ ശരി വയ്ക്കുന്നതായി അത്. വിപണിയിൽ ക്രൂഡ് ലഭ്യത വർധിപ്പിക്കാൻ ഈ ധാരണ വഴിതെളിക്കും. ഇതിനിടെ അമേരിക്കയിൽ ഇന്ധന സ്റ്റോക്ക് അപ്രതീക്ഷിതമായി വർധിച്ചത് അവിടെ ഉപയോഗം കുറഞ്ഞെന്നു വ്യക്തമാക്കി. ചൈനയുടെ ക്രൂഡ് ഇറക്കുമതി കുറവു വന്നതും വിപണി ശ്രദ്ധിച്ചു. മൊത്തത്തിൽ ക്രൂഡ് വിലയിൽ രണ്ടര ശതമാനം ഇടിവിനാണ് ഇക്കാര്യങ്ങൾ വഴിതെളിച്ചത്. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 73.88 ഡോളർ വരെ താണിട്ട് ഇന്നു രാവിലെ 74.29ലെത്തി.

സ്വർണത്തെ ഉയർത്തി പവൽ

ഉടനെ പലിശ കൂട്ടില്ലെന്നും കടപ്പത്രം വാങ്ങൽ പരിപാടി ചുരുക്കാൻ സമയമായില്ലെന്നും യുഎസ് ഫെഡ് ചെയർമാൻ പറഞ്ഞത് ഡോളർ നിരക്ക് കുറച്ചു. സ്വർണവില കയറാൻ ഇതു കാരണമായി.ഇന്നലെ 1831 ഡോളർ വരെ ഉയർന്ന സ്വർണം ഇന്നു രാവിലെ 1828 ഡോളറിലാണ്. ഡോളർ നിരക്കു ഗണ്യമായി താഴുന്നില്ലെങ്കിൽ ഇന്നു കേരളത്തിൽ സ്വർണവില ഉയരും.

ഇൻഫിയുടെ മികവ്

ഇൻഫോസിസ് ടെക്നോളജീസിൻ്റെ ഒന്നാം പാദ റിസൽട്ട് വിപണി പ്രതീക്ഷകളോടു പൊതുവേ നിരക്കുന്നതായി. ലാഭം പ്രതീക്ഷയിലും അൽപം കുറവായി. തലേവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 17.9 ശതമാനവും അറ്റാദായത്തിൽ 22.7 ശതമാനവും ഉയർച്ചയുണ്ട്. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് വരുമാനം ആറു ശതമാനവും ലാഭം 2.3 ശതമാനവുമാണു കൂടിയത്. ലാഭ മാർജിൻ 23.7 ശതമാനമുണ്ട്. ഈ വർഷത്തെ വരുമാന വളർച്ച 12-14 ശതമാനം എന്ന മുൻ പ്രതീക്ഷ 14-16 ശതമാനം എന്നായി ഉയർത്തി.
ഇൻഫോസിസ് ഓഹരികൾ കുറേക്കൂടി ഉയർന്ന നിലവാരത്തിലാകാവുന്നതാണെന്നു റിസൽട്ടിനു ശേഷം അനാലിസ്റ്റുകൾ വിലയിരുത്തി. രണ്ടു വർഷത്തിനപ്പുറം പ്രതീക്ഷിക്കുന്ന പ്രതി ഓഹരി വരുമാനത്തിൻ്റെ 22 മടങ്ങാണ് ഇപ്പോൾ ഓഹരി വില. ടിസിഎസുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു കുറവാണ്. ഓഹരിവില കുറേ നാളായി ഉയരുകയാണെന്നതു കൊണ്ട് ഇന്നു ലാഭമെടുക്കൽ വിൽപനയുടെ സമ്മർദം ഉണ്ടാകാം. എങ്കിലും നിക്ഷേപ താൽപര്യം ഈ ദിവസങ്ങളിൽ ഇൻഫോസിസ് ഓഹരിയെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കും. മറ്റ് ഐടി ഓഹരികളിലും നിക്ഷേപ താൽപര്യം വർധിക്കും.

ചെറിയ ഐടി കമ്പനികളിൽ ഊഹക്കച്ചവടം

വലിയ കമ്പനികൾ വാങ്ങിക്കും എന്ന കണക്കുകൂട്ടലിൽ ചെറുകിട-ഇടത്തരം ഐടി കമ്പനികളിൽ ഇപ്പോൾ വലിയ വാങ്ങൽ നടക്കുന്നുണ്ട്. കരാറുകൾ കിട്ടുന്നതിൽ കമ്പനിയുടെ വലിപ്പം പ്രധാന ഘടകമായി മാറിയപ്പോൾ കൂടുതൽ കമ്പനികളെ വാങ്ങിയും ഏറ്റെടുത്തും വലിപ്പം കൂട്ടാൻ മുൻനിര കമ്പനികളും ശ്രമിക്കുന്നുണ്ട്. ഇങ്ങനെ ഊഹക്കച്ചവടം നടക്കുമ്പോൾ നല്ലതുപോലെ കമ്പനിയെപ്പറ്റി പഠിക്കുന്നില്ലെങ്കിൽ നിക്ഷേപ തീരുമാനങ്ങളിൽ വലിയ പാളിച്ച പറ്റും. വലിയ കമ്പനികളുടെ ഓഹരി വില 31 പിഇ അനുപാതത്തിലായിരിക്കുമ്പോൾ ചെറുകിട -ഇടത്തരം കമ്പനികളുടേത് 38 പിഇ അനുപാതത്തിലാണ്. ഒരു വർഷം കൊണ്ട് വലിയ കമ്പനികളുടെ വിപണി മൂല്യം ഇരട്ടിച്ചപ്പോൾ ചെറു കമ്പനികളുടേത് നാലു മടങ്ങായി.

വിലക്കയറ്റക്കണക്കിൽ മനസിലാക്കേണ്ടത്

മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം ജൂണിൽ 12.07 ശതമാനമായി. മേയിൽ 12.94 ശതമാനമായിരുന്നു. തുടർച്ചയായ മൂന്നാമത്തെ മാസമാണ് മൊത്തവിലക്കയറ്റം പത്തു ശതമാനത്തിലധികമായത്. മൂന്നു ദശകത്തിനിടയിൽ ഇങ്ങനെ ഉയർന്ന വിലക്കയറ്റം കണ്ടിട്ടില്ല.
കഴിഞ്ഞ വർഷം ജൂണിൽ വിലകൾ കുറഞ്ഞു നിന്നതു മൂലമാണ് നിരക്ക് കൂടിയതെന്നു സർക്കാർ അവകാശപ്പെടുന്നു. പക്ഷേ അതു മാത്രമല്ല കാരണമെന്നു വ്യക്തം. ഫാക്ടറി ഉൽപന്നങ്ങളുടെ വിലക്കയറ്റം 10.88 ശതമാനമായി. മേയിൽ അതു 10.83 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം അവ താഴ്ന്നിരുന്നില്ല. അസംസ്കൃത പദാർഥങ്ങൾ, ഘടക വസ്തുക്കൾ, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണു ഫാക്ടറി ഉൽപന്ന വില ഉയർത്തിയത്.
ഇന്ധനം, വൈദ്യുതി എന്നിവയുടെ വിലക്കയറ്റം 32.81 ശതമാനമാണ്. മേയിൽ അത് 37.61 ശതമാനമായിരുന്നു.
ഭക്ഷ്യവിലക്കയറ്റം മേയിലെ 8.11 ശതമാനത്തിൽ നിന്ന് 6.66 ശതമാനമായി കുറഞ്ഞു.
ഭക്ഷണവും ഇന്ധനവും ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 10 ശതമാനത്തിൽ നിന്നു 10.4 ശതമാനത്തിലേക്കു കയറി.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it