ബുള്ളുകൾ വീണ്ടും കരുത്തുകാട്ടി; ആഗോള കാറ്റിൽ വിപണി കുലുങ്ങുമോ? മുന്നറിയിപ്പുകൾ അവഗണിക്കരുത്; ഇൻഫോസിസ് ശ്രദ്ധാകേന്ദ്രം

ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണി ഇന്നലെ കുതിച്ചു കയറി. സെൻസെക്സും നിഫ്റ്റിയും 0.76 ശതമാനം വീതം ഉയർന്നു. നിഫ്റ്റി പ്രതിദിന വ്യാപാരത്തിൽ വലിയ തടസമായിരുന്ന 15,800 മറികടന്നു. ഒന്നര മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്നലെ ഓഹരികൾ കാഴ്ചവച്ചത്.

എന്നാൽ ഈ ആവേശം അതേപടി തുടരാനാവില്ലെന്ന സൂചനയാണ് ആഗോള വിപണികൾ നൽകുന്നത്. ഇന്നലെ യൂറോപ്യൻ വിപണികളും പിന്നീട് അമേരിക്കൻ വിപണിയും താഴോട്ടു പോയി. അമേരിക്കയിൽ ജൂൺ മാസത്തെ ചില്ലറ വിലക്കയറ്റം 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലായി എന്നതാണ് വിഷയം. 5.4 ശതമാനത്തിലേക്ക് വിലക്കയറ്റം എത്തിയപ്പോൾ പലിശ നിരക്ക് സംബന്ധിച്ച ആശങ്കകൾ വിപണിയെ ഉലച്ചു. ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) അധികൃതർ വിലക്കയറ്റം താൽക്കാലികമാണെന്ന നിലപാടാണ് കഴിഞ്ഞ ദിവസം വരെ എടുത്തിരുന്നത്. ഇനിയും അതു തുടരാൻ പറ്റുമെന്നു വിപണി കരുതുന്നില്ല.
അമേരിക്കയിലടക്കം കോവിഡ് ബാധ വർധിച്ചു വരുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
പടിഞ്ഞാറൻ കാറ്റ് ഇന്നു രാവിലെ ഏഷ്യൻ വിപണികളെ ഉലച്ചു. ജപ്പാനിൽ നിക്കെെ സൂചിക അര ശതമാനം താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. പിന്നീടു നഷ്ടം കുറച്ചു.

ഡെറിവേറ്റീവിൽ താഴ്ച

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ ക്ലോസ് ചെയ്തത് 15,807.5 ലാണ്. ഇന്ത്യയിലെ നിഫ്റ്റി ക്ലോസിംഗ് നിരക്കിനും താഴെ. ഇന്നു രാവിലെ വീണ്ടും താഴ്ന്ന്ന്ന്ന്ന് 15,794 ലാണു ഡെറിവേറ്റീവ് വിപണി തുടങ്ങിയത്. ഇന്ത്യൻ വിപണിയുടെ തുടക്കം ഇടിവോടെ ആകുമെന്ന സൂചനയാണ് ഇതിലുള്ളത്.

തുടർകയറ്റം സുഗമമല്ല

ഇന്നലെ ബുളളിഷ് സൂചനകളോടെയാണ് ഇന്ത്യൻ വിപണി ക്ലോസ് ചെയ്തതെന്നു സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ തുടർന്നു കയറ്റം സാധിക്കുക അനായാസമല്ല. നിഫ്റ്റി ഈയിടെ മൂന്നു തവണ 15,900-ൽ തട്ടിയിട്ടു തിരിച്ചു പോന്നതാണ്. നാലാമത്തെ തവണ ആ തടസം മറികടക്കാൻ കഴിയുമെന്നു പലരും കരുതുന്നു. ഇന്നലെ 15,812.35 ൽ ക്ലോസ് ചെയ്ത നിഫ്റ്റി 15,840-ലും 15,870 ലും തടസങ്ങൾ മറികടന്നാലേ 15,900-ലേക്ക് എത്തൂ. അത് ഒരു വ്യാപാര ദിവസം കൊണ്ടു സാധിക്കാവുന്നതല്ല എന്നാണു നിഗമനം. നിഫ്റ്റിക്ക് 15,765 ലും 15,710-ലും സപ്പോർട്ട് ഉണ്ട്.
വിദേശ നിക്ഷേപകർ മൂന്നുദിവസത്തിനു ശേഷം ഇന്നലെ വാങ്ങലുകാരായി. 113.83 കോടിയുടെ ഓഹരികൾ അവർ വാങ്ങി.സ്വദേശി ഫണ്ടുകൾ 344.19 കോടി ഓഹരികളിൽ മുടക്കി. വിദേശികൾ ഈ മാസം ഇതു വരെ 4889 കോടി രൂപ ഓഹരികളിൽ നിന്നു പിൻവലിച്ചിട്ടുണ്ട്. നിക്ഷേപം തിരിച്ചു കൊണ്ടു പോകുന്നതിലുപരി ഐപിഒകളിലും മറ്റും നിക്ഷേപിക്കാനായി കരുതുകയാണ് അവർ.

മൂലധന സമാഹരണത്തിൽ റിക്കാർഡ് കുറിക്കും

ഈ വർഷം റിക്കാർഡ് തുകയാണ് ഐപിഒ വഴിയും തുടർ വിൽപനകൾ വഴിയും കമ്പനികൾ വിപണിയിൽ നിന്നു സമാഹരിക്കുന്നത്. ഇന്നാരംഭിക്കുന്ന സൊമാറ്റോ ഓഹരി വിൽപന അടക്കം 2021-ൽ ഐപിഒ സമാഹരണം 19,277 കാേടി രൂപയുടേതാണ്. തുടർ വിൽപനകൾ വഴി 20,024 കോടി രൂപയും കമ്പനികൾ നേടി. ഇനി പേ ടിഎം പോലുള്ള മെഗാ ഐപിഒകൾ വരാനുണ്ട്. എൽഐസി ഓഹരിവിൽപന ഉണ്ടാകുന്ന പക്ഷം എല്ലാക്കാലത്തേക്കു മുള്ള റിക്കാർഡ് കുറിക്കും.
കഴിഞ്ഞ വർഷം മൊത്തം 3531 കോടിയുടെ ഐപിഒയും 23,081 കോടിയുടെ തുടർ വിൽപനയുമാണു നടന്നത്. മൂലധന വിപണിയിൽ സമീപകാലത്തെ ഏറ്റവും വലിയ ധനസമാഹരണം നടന്നത് 2017 ലാണ്. അക്കൊല്ലം ഐപിഒകൾ 11,679 കോടിയും തുടർ വിൽപനകൾ 55,467 കോടിയും സമാഹരിച്ചു.

ക്രൂഡ് വീണ്ടും കയറുന്നു

ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലായി. അമേരിക്കയിലെ ക്രൂഡ് ഓയിൽ റിസർവിൽ കുറവു വന്നെന്ന സൂചനകളാണ് ഇന്നലെ ബ്രെൻ്റ് ഇനം ക്രൂഡിൻ്റെ വില രണ്ടു ശതമാനം ഉയർത്തിയത്. 76.5 ഡോളറിനു മുകളിലായി ബ്രെൻ്റ് ഇനം. പിന്നീട് അൽപം താണു.
ആഗോള വിപണിയിൽ ചെമ്പ് വില അൽപം താണു. ഒരു മാസത്തിനിടെ 6.8 ശതമാനമാണ് ഇടിവ്. അതേ സമയം അലൂമിനിയം വില കയറ്റം തുടരുകയാണ്. ലോഹ നിർമാണ കമ്പനികളുടെ ഓഹരികൾ ഇപ്പോഴും ഉയർന്നു തന്നെ തുടരുന്നു.
സ്വർണവില 1806-1810 ഡോളർ മേഖലയിൽ തുടരുകയാണ്. ചില്ലറ വിലക്കയറ്റത്തിലെ കുതിപ്പ് സ്വർണത്തിലേക്കു കൂടുതൽ പേരെ ആകർഷിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതുപോലെ നടന്നില്ല. ഇന്നു രാവിലെ 1809.9 ഡോളറിലാണു സ്വർണം.

ഇൻഫാേസിസിൽ നോട്ടം

ഇന്ന് ഇൻഫോസിസ് ടെക്നോളജീസിൻ്റെ ഒന്നാം പാദ റിസൽട്ട് പുറത്തുവരും. അറ്റാദായത്തിൽ 24 മുതൽ 30 വരെ ശതമാനം ഉയർച്ച ബ്രോക്കറേജുകൾ പ്രതീക്ഷിക്കുന്നുണ്ട്. ലാഭ മാർജിൻ എത്രയാകും എന്നതും പുതിയ കോൺട്രാക്ടുകളുടെ തോതുമാണു വിപണി ശ്രദ്ധിക്കുക.

ജെപി മോർഗൻ്റെ മുന്നറിയിപ്പ് ശ്രദ്ധിക്കേണ്ടത്

കോവിഡ് രണ്ടാം തരംഗം കമ്പനികളുടെ വിൽപ്പനവളർച്ച കുറയ്ക്കുകയും ലാഭ മാർജിനുകളെ ബാധിക്കുകയും ചെയ്തതായി ജെ പി മോർഗൻ വിലയിരുത്തി. ഒന്നും രണ്ടും പാദങ്ങളിൽ കമ്പനികളുടെ ലാഭത്താേത് കുറയുമെന്നും നിഫ്റ്റി വർഷാവസാനം 15,500 ലാകുമെന്നും ആഗോള നിക്ഷേപ ബാങ്ക് വിലയിരുത്തി. ഉയർന്ന ലാഭ വർധന ഈ പാദങ്ങളിൽ പ്രതീക്ഷിക്കരുതെന്ന് മറ്റു പല നിക്ഷേപ ബാങ്കുകളും ബ്രോക്കറേജുകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല കമ്പനികളുടെയും ഓഹരിവില യുക്തിസഹമല്ലാത്ത നിലവാരത്തിലാണെന്നും മുന്നറിയിപ്പുണ്ട്. ബാങ്കുകളുടെയടക്കം ലാഭവർധനയുടെ തോത് കുറയുമെന്നും സൂചനയുണ്ട്. നിക്ഷേപകർ അതീവ ജാഗ്രത കാണിക്കണം എന്ന് ചുരുക്കം. യഥാർഥ സമ്പദ്ഘടനയിലെ വളർച്ച വളരെ താഴ്ന്ന തോതിലാണെന്നു മനസിലാക്കി പ്രവർത്തിക്കണം.

റേറ്റിംഗ് നില നിർത്തി

ആഗാേള റേറ്റിംഗ് ഏജൻസി സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് (എസ് ആൻഡ് പി) ഇന്ത്യയുടെ റേറ്റിംഗ് ട്രിപ്പിൾ ബി മൈനസിൽ (BBB - ) നിലനിർത്തി. തുടർച്ചയായ 14-ാം വർഷമാണ് നിക്ഷേപ യോഗ്യമായ റേറ്റിംഗിൻ്റെ ഏറ്റവും താഴ്ന്ന നിലയിൽ ഇന്ത്യ തുടരുന്നത്. ഇന്ത്യയുടെ ഭാവി പ്രതീക്ഷ ഉറച്ചത് (stable) എന്നും ഏജൻസി കണക്കാക്കുന്നു.
ഈ വർഷം ഇന്ത്യ 9.5 ശതമാനം വളരുമെന്നാണ് എന്നാണ് എസ് ആൻഡ് പി യുടെ വിലയിരുത്തൽ. അടുത്ത വർഷം 7.8 ശതമാനവും 2023-24 ൽ 5.7 ശതമാനവും വളരുമെന്ന് അവർ കണക്കാക്കുന്നു.
ഇന്ത്യയുടെ സർക്കാർകടം / ജിഡിപി അനുപാതം അപകടകരമായ നിലയിലാണെന്ന് ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ജിഡിപിയുടെ 90 ശതമാനത്തിലധികമാണു സർക്കാർ കടം. ഇത് ഉടനെ കുറയാനും വഴി കാണുന്നില്ല. ഈ വർഷം 90.5 ശതമാനം, അടുത്ത വർഷം 90.9 ശതമാനം, 2023-24 ൽ 91.3 ശതമാനം എന്നിങ്ങനെ കടം / ജിഡിപി അനുപാതം കൂടും.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it