സൂചികകൾ റിക്കാർഡ് തിരുത്തി; ഇന്ന് ഓഹരി വിപണിയുടെ പ്രകടനം എന്താകും? കയറ്റുമതിയിൽ വലിയ നേട്ടം; ഐടി കുതിപ്പ് തുടരുന്നു

ഐടി, ബാങ്കിംഗ് മേഖലകളിലെ ഉണർവ് ഓഹരി സൂചികകളെ പുതിയ റിക്കാർഡ് ഉയരങ്ങളിൽ എത്തിച്ചു. ഈ ബുൾ തരംഗം തുടരുന്നതിനേക്കാൾ ലാഭമെടുക്കലിനാകും ഇന്നു വിപണി ശ്രമിക്കുക. കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നതിനെ പറ്റിയുള്ള ആശങ്കയും ഇന്നു വിപണിയെ ബാധിക്കും. ആഗാേള സൂചനകൾ താഴ്ചയിലേക്കാണു വിരൽ ചൂണ്ടുന്നത്.

ഇന്നലെ സെൻസെക്സ് 254.8 പോയിൻ്റ് (0.48%) ഉയർന്ന് 53,158.85 എന്ന പുതിയ ഉയരത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 70.25 പോയിൻ്റ് (0.44%) കയറി 15,924.2 ൽ ക്ലോസ് ചെയ്തു റിക്കാർഡിട്ടു.

ആഗോള സൂചനകൾ ആവേശകരമല്ല

യൂറോപ്യൻ ഓഹരികൾ ഇന്നലെ താഴോട്ടു പോയി. കോവിഡ് ഭീതിയാണു വിപണികളെ ഉലച്ചത്. അമേരിക്കൻ വിപണി തുടക്കത്തിൽ താഴോട്ടു പോയെങ്കിലും ക്ലോസിംഗിൽ ഡൗ ജോൺസ് ഉയരത്തിലായിരുന്നു. നാസ്ഡാകും മറ്റു സൂചികകളും താഴ്ന്നാണു ക്ലോസ് ചെയ്തത്.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ താഴ്ചയിലാണ്. ടൂറിസം അടക്കം വിവിധ മേഖലകൾ പ്രതീക്ഷിച്ച ഉണർവ് ഉടനെങ്ങും ഉണ്ടാകില്ലെന്ന ആശങ്ക പടർന്നു. ജപ്പാനിലെ നിക്കെെ സൂചിക ഒരു ശതമാനത്തിലേറെ താണു.
ഇന്നലെ സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ് ജി എക്സ് നിഫ്റ്റി 15,947 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ താഴ്ന്നാണു വ്യാപാരം തുടങ്ങിയിരിക്കുന്നത്. ആഗാേള ആശങ്കകൾ ഇന്ത്യയെയും ബാധിക്കുമെന്നു ഡെറിവേറ്റീവ് വിപണി കരുതുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെയും വിൽപനക്കാരായി. 264.77 കോടിയുടെ ഓഹരികളാണ് അവർ ഇന്നലെ വിറ്റൊഴിഞ്ഞത്. സ്വദേശി ഫണ്ടുകൾ 439.41 കോടിയുടെ ഓഹരികൾ വാങ്ങി.

ക്രൂഡ് 80 ഡോളറിലാകുമെന്നു ഗോൾഡ്മാൻ സാക്സ്

ക്രൂഡ് ഓയിൽ വില താഴ്ന്നു നിൽക്കുന്നു. സൗദി അറേബ്യയും യുഎഇ യും തമ്മിലുള്ള തർക്കം തീർന്നെന്നു റിപ്പോർട്ട് വന്നെങ്കിലും ഔദ്യാേഗിക പ്രഖ്യാപനം ആയിട്ടില്ല. ധാരണ ക്രൂഡ് വിലയെ 80 ഡോളർ മേഖലയിലേക്ക് ഉയർത്തുമെന്ന് ഗോൾഡ്മാൻ സാക്സ് വിലയിരുത്തി. ബ്രെൻ്റ് ഇനം ഇന്നു രാവിലെ 73.29 ഡോളറിലാണ്.
വിലക്കയറ്റം തടയാൻ നടപടികൾ ഉണ്ടാകില്ലെന്ന ഫെഡ് നിലപാട് സ്വർണ വിപണിയെ സന്തോഷിപ്പിക്കുന്നു. ഇന്നലെ സ്വർണം 1820-1833 മേഖലയിൽ കയറിയിറങ്ങി. ഇന്നു രാവിലെ സ്വർണം ഔൺസിന് 1830 ഡോളറിലാണ്.

കോവിഡ് മൂന്നാം തരംഗം യുകെയിലും ഏഷ്യയിലും

വിവിധ രാജ്യങ്ങളിൽ കോവിഡ് മൂന്നാം തരംഗം ശക്തമായി ആഞ്ഞുവീശുന്നതാണ് ഇപ്പോൾ വിപണിയെ ആശങ്കയിലാഴ്ത്തുന്നത്. വാക്സിനേഷൻ വലിയ തോതിൽ നടന്ന യുകെയിലും അമേരിക്കയിലും പുതിയ രോഗബാധ അതിവേഗം കൂടുകയാണ്. യുകെയിൽ പ്രതിദിന രോഗബാധ അര ലക്ഷത്തോളമായി. ഇൻഡോനീഷ്യ, തായ്ലൻഡ് തുടങ്ങിയ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലും കോവിഡ് വലിയ തോതിലാണു വ്യാപിക്കുന്നത്. പ്രതിദിന രോഗബാധ അഞ്ചു ലക്ഷത്തിനു മുകളിലേക്കുയർന്നു. വാക്സിനേഷൻ കാര്യമായി നടക്കാത്ത രാജ്യങ്ങളിലെ രോഗബാധ മരണസംഖ്യ വർധിക്കാൻ ഇടയാക്കുന്നുണ്ട്.

ജിഡിപി വളർച്ച 22.1 ശതമാനം ആകുമെന്നു റിസർവ് ബാങ്ക്

ഏപ്രിൽ-ജൂൺ ഒന്നാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 22.1 ശതമാനമാകുമെന്നു റിസർവ് ബാങ്ക് വിലയിരുത്തി. കഴിഞ്ഞ വർഷം ഈ പാദത്തിൽ 24.4 ശതമാനം ഇടിവുണ്ടായതാണ്. ഇത്തവണ 29 ശതമാനം വളർച്ചയാണ് നേരത്തേ പ്രതീക്ഷിച്ചിരുന്നത്. കോവിഡ് രണ്ടാം തരംഗം മൂലം വന്ന ലോക്ക് ഡൗണുകൾ വളർച്ച പ്രതീക്ഷ ഇടിച്ചു. 22.1 ശതമാനം വളർച്ചയേ ഉണ്ടാകുന്നുള്ളു എങ്കിൽ 2019-20 ലെ ഒന്നാം പാദ ജിഡിപി യിൽ നിന്ന് പത്തു ശതമാനത്തോളം കുറവാകും ഇത്തവണത്തെ ജിഡിപി.
ചൈനയുടെ ഏപ്രിൽ - ജൂൺ വളർച്ച 7.9 ശതമാനമാണ്. ജനുവരി-മാർച്ചിൽ 18.3 ശതമാനം വളർന്നിരുന്നതാണ്. ഇത്തവണ പ്രതീക്ഷയിലും അൽപം കുറവാണു വളർച്ച. വ്യാവസായിക അസംസ്കൃത പദാർഥങ്ങളുടെ വിലക്കയറ്റമാണു വളർച്ചയെ ബാധിച്ചതെന്നു വിലയിരുത്തപ്പെടുന്നു. ഉയർന്ന കയറ്റുമതി വളർച്ചയ്ക്കു സഹായകമായി.

കയറ്റുമതിയിൽ മികച്ച മുന്നേറ്റം

ഇന്ത്യയുടെ ജൂൺ മാസത്തെ ഉൽപന്ന കയറ്റുമതി 48.3 ശതമാനം ഉയർന്ന് 3250 കോടി ഡോളർ ആയി. 2019 ജൂണിനെ അപേക്ഷിച്ച് 30 ശതമാനം വർധനയുണ്ട് കയറ്റുമതിയിൽ എന്നു ഗവണ്മെൻ്റ് പത്രക്കുറിപ്പിൽ അറിയിച്ചു. ആഗോള വിപണികളിലെ ഉണർവാണു കയറ്റുമതിയിലെ കുതിപ്പിനു കാരണം. ഇറക്കുമതി 98.31 ശതമാനം കൂടി 4187 കോടി ഡോളറിലെത്തി. കഴിഞ്ഞ വർഷം ജൂണിൽ ലോക്ക് ഡൗൺ മൂലം കയറ്റിറക്കുമതി കുറവായിരുന്നു. ക്രൂഡ് ഓയിൽ അടക്കം ഉൽപന്നങ്ങളുടെ വില വർധനയും ഇറക്കുമതിത്തുക കൂടാൻ കാരണമാണ്. ഇത്തവണ വാണിജ്യ കമ്മി 937 കോടി ഡോളറായി.
സേവന മേഖലയുടെ കയറ്റുമതി ഉൾപ്പെടുത്തിയാൽ മൊത്തം കയറ്റുമതി 4985 കോടി ഡോളർ വരും. ഇറക്കുമതി 5218 കോടി ഡോളറും.
ഇപ്പോഴത്തെ തോതു തുടർന്നാൽ ഇക്കൊല്ലം ഇന്ത്യയുടെ കയറ്റുമതി സർവകാല റിക്കാർഡിലെത്തുമെന്ന് ഫിയോ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ്) പ്രസിഡൻ്റ് എ.ശക്തിവേൽ പറഞ്ഞു.

വിപ്രോയും തിളങ്ങി

ഐടി മേഖലയുടെ ഉണർവ് വിപ്രോയുടെ ഒന്നാം പാദ റിസൽട്ടിലും പ്രതിഫലിച്ചു. കമ്പനിയുടെ വിവിധ ഏറ്റെടുക്കലുകൾ വിജയമായെന്നും കണക്കുകൾ കാണിക്കുന്നു. വരുമാനം 22.4 ശതമാനവും അറ്റാദായം 35.2 ശതമാനവും വർധിച്ചു. രണ്ടാം പാദത്തിൽ വരുമാനം ഏഴു ശതമാനം വരെ വർധിക്കാമെന്നാണു കമ്പനി കരുതുന്നത്. കമ്പനിയിലെ കൊഴിഞ്ഞുപോക്ക് 15.5 ശതമാനത്തിലെത്തി. ഇത് ഇൻഫോസിസിലേക്കാൾ കൂടുതലാണ്.
ഐടി കമ്പനികളുടെ ഓഹരികൾ ഈ ദിവസങ്ങളിൽ വലയ കുതിപ്പിലാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ബാങ്കുകളെ വിട്ട് ഇവ വാങ്ങിക്കൂട്ടുന്നു എന്നാണു സംസാരം.വലിയ കമ്പനികൾ വാങ്ങിക്കും എന്ന പ്രതീക്ഷയിൽ നിക്ഷേപകർ ചെറു കമ്പനികളിൽ വലിയ തോതിൽ പണമിറക്കുന്നുണ്ട്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it