ഓഹരി വിപണിക്ക് കീഴടക്കാൻ ഉയരങ്ങൾ ഏറെ, ഒപ്പം തടസ്സങ്ങളും; ക്രൂഡ് ഉൽപാദനം കൂട്ടും, വില കുറയും; സൗദിക്കു തിരിച്ചടി നൽകിയതു ചെറിയ അയൽക്കാരൻ; ബാങ്ക് റിസൽട്ടുകൾ നിരാശപ്പെടുത്തും

ഇന്ത്യൻ വിപണിക്കു പുതിയ ഉയരങ്ങൾ കീഴടക്കാൻ പറ്റിയ അന്തരീക്ഷം ഒരുങ്ങുന്നുണ്ട്. എന്നാൽ ആഗോള വിപണികളിൽ നിന്നു വരുന്നത് ഇടിവിൻ്റെ സൂചനകളാണ്. രാവിലെ ഏഷ്യൻ വിപണികൾ വലിയ താഴ്ചയിലാണ്. ഇവിടെയും വിപണി താഴാം എന്നാണു ഡെറിവേറ്റീവ് വിപണിയുടെ മുന്നറിയിപ്പ്. എണ്ണ ഉൽപാദനം വർധിപ്പിക്കാൻ ഒപെക് പ്ലസ് തീരുമാനിച്ചത് വിലക്കയറ്റ ഭീഷണിക്കു വലിയ ശമനം ഉണ്ടാക്കും എന്നതു വിപണിക്ക് ആശ്വാസകരമാണ്.

വെള്ളിയാഴ്ച വിപണിയിലെ മുഖ്യസൂചികകൾ നാമമാത്രമായി താഴോട്ടു പോയെങ്കിലും വിപണി ബുള്ളിഷ് ആവേശം കൈവിട്ടിട്ടില്ല. കഴിഞ്ഞയാഴ്ച ശരാശരി ഒന്നര ശതമാനം ഉയർന്നാണു മുഖ്യസൂചികകൾ ക്ലോസ് ചെയ്തത്. വലിയ വിപരീത ചലനങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ നിഫ്റ്റി സൂചിക 16,000 കടന്നു നീങ്ങാൻ വിപണിക്ക് ഈയാഴ്ച കഴിയേണ്ടതാണ്.
വിദേശ നിക്ഷേപകർ ഓഹരികളിലെ വിൽപന തുടരുകയാണ്. ഈ മാസം ഇതു വരെ 6923 കോടി രൂപ അവർ ഓഹരികളിൽ നിന്നു പിൻവലിച്ചു. ഈ പ്രവണത തുടരുമെന്നാണു സൂചന.

തടസങ്ങൾ ഏറെ

നിഫ്റ്റി വെള്ളിയാഴ്ച 0.8 പോയിൻ്റ് താണ് 15,923.4 ൽ ക്ലോസ് ചെയ്തപ്പോൾ ആഴ്ചയിലെ നേട്ടം 1.44 ശതമാനം ആയിരുന്നു. സെൻസെക്സ് വെള്ളിയാഴ്ച 18.79 പോയിൻ്റ് താണ് 53,140.06 ലാണ് അവസാനിച്ചത്. പ്രതിവാര നേട്ടം 1.49 ശതമാനം.
നിഫ്റ്റി 15,965 ലെ പ്രതിരോധം മറികടന്നു വേണം 16,000-ലെത്താൻ. അവിടെ നിന്നു മുന്നേറണമെങ്കിൽ 16,002-16,010-ലെ കനത്ത പ്രതിരോധം തകർക്കണം. അതു സാധിച്ചാൽ 16,400 മേഖല ലക്ഷ്യമിട്ടുള്ള പ്രയാണം തുടങ്ങാനാകുമെന്നു സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. താഴോട്ടു നീങ്ങിയാൽ നിഫ്‌റ്റിക്കു 15,885 ലും 15,845 ലും സപ്പോർട്ട് ഉണ്ട്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി താഴ്ന്ന നിലയിലാണു കഴിഞ്ഞയാഴ്ച അവസാനിച്ചത്. 15,820-ൽ. ഇന്നു രാവിലെ വിപണി തുടങ്ങിയപ്പോൾ വീണ്ടും താണ് 15,747ലെത്തി. ഇന്ത്യൻ വിപണി കുത്തനെ താഴ്ന്നു തുടങ്ങുമെന്ന സൂചനയാണ് ഇതു നൽകുന്നത്.

അമേരിക്കൻ തകർച്ചയ്ക്കു പിന്നിൽ ഉപഭാേക്താക്കളുടെ നിരാശ

അമേരിക്കയിൽ ഉപഭോക്തൃ മനോഭാവ (consumer sentiment) സൂചിക ഒറ്റയടിക്ക് 85.5 ൽ നിന്ന് 80.8 ലേക്കു താണെന്ന റിപ്പോർട്ടാണു വെള്ളിയാഴ്ച പാശ്ചാത്യ വിപണികളെ ഇടിവിലേക്കു നയിച്ചത്. 5.4 ശതമാനത്തിലേക്കു കയറിയ വിലക്കയറ്റമാണ് ഉപഭോക്താക്കളെ നിരാശരാക്കുന്നതെന്നു വിപണി വിലയിരുത്തി. വിലക്കയറ്റം താൽക്കാലികമാണെന്ന ഫെഡറൽ റിസർവിൻ്റെ വിശദീകരണം വിപണി മുഖവിലയ്ക്കെടുക്കുന്നില്ല. (ഇന്ത്യയിലെ റിസർവ് ബാങ്കും അമേരിക്കൻ ഫെഡിൻ്റെ വ്യാഖ്യാനം ആവർത്തിക്കുകയാണു ചെയ്യുന്നത്.)
അമേരിക്കയിലെ ഡൗജോൺസ് അടക്കം പ്രമുഖ സൂചികകൾ വെള്ളിയാഴ്ച 0.8 ശതമാനത്തിലധികം താഴ്ന്നു. ഇന്ന് രാവിലെ ജപ്പാനിലെ നിക്കെെ സൂചിക ഒരു ശതമാനത്തിലധികം താഴ്ന്നാണു തുടങ്ങിയത്.

ക്രൂഡ് ഉൽപാദനം വർധിപ്പിക്കാൻ തീരുമാനം

എണ്ണ ഉൽപാദനം അടുത്ത മാസം മുതൽ ക്രമമായി വർധിപ്പിക്കാൻ ഒപെക് പ്ലസ് (ഒപെകും റഷ്യ അടക്കമുള്ള മറ്റു ക്രൂഡ് കയറ്റുമതി രാജ്യങ്ങളും ചേർന്നുള്ള കൂട്ടായ്മ) ഇന്നലെ തീരുമാനിച്ചു. യുഎഇ എടുത്തകർശന നിലപാടിനെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം. കഴിഞ്ഞ വർഷം ഒപെക് പ്ലസ് പ്രതിദിന ഉൽപാദനം ഒരു കോടി വീപ്പ കുറച്ചതു മുതൽ യുഎഇ അസ്വസ്ഥമായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഉൽപാദനം കുറയ്ക്കൽ തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ചത്. പിന്നീട് ഉൽപാദനത്തിൽ കുറേ വർധന വരുത്തിയെങ്കിലും അംഗരാജ്യങ്ങൾ തൃപ്തരായിരുന്നില്ല. നിലവിലെ ഉൽപാദനം 2022 അവസാനം വരെ തുടരാൻ ഈ മാസമാദ്യത്തെ ഒപെക് യോഗത്തിൽ സൗദി അറേബ്യ നിർദേശിച്ചപ്പോൾ യുഎഇ നിശിതമായി എതിർത്തു. തുടർന്നു തീരുമാനം നീട്ടി. രണ്ടാഴ്ച നീണ്ട അണിയറ ചർച്ചകൾക്കുശേഷം ആണ് ഇപ്പോഴത്തെ ധാരണ.
പ്രതിമാസം നാലു ലക്ഷം വീപ്പ വീതം പ്രതിദിന ഉൽപാദനത്തിൽ വർധന ഉണ്ടാകും. ഇത് ഒരു വർഷം തുടരും. അടുത്ത മേയിൽ ഒരോ രാജ്യത്തിൻ്റെയും ഉൽപാദന ക്വോട്ട പുതുക്കുകയും ചെയ്യും.

സൗദിക്കു തിരിച്ചടി

ഒപെകിൽ സൗദിയുടെ അപ്രമാദിത്വം ഇല്ലാതാക്കി എന്നതാണ് ഈ തീരുമാനങ്ങളിലെ യഥാർഥ ഉള്ളടക്കം. സൗദിയും റഷ്യയും ധാരണ ഉണ്ടാക്കിയാൽ എണ്ണ വിപണിയിലെ അവസാന വാക്കായി എന്നതും മാറി. ഒപെക് പ്ലസിൻ്റെ തർക്കം തീർക്കാൻ അമേരിക്കയുടെ ഇടപെടലും ഉണ്ടായി എന്നതു ചെറിയ മാറ്റമല്ല. ഇപ്പോൾ ലോകത്തിൽ ഏറ്റവുമധികം എണ്ണ ഉൽപാദനം ഉള്ള രാജ്യമാണ് അമേരിക്ക. ഒപെകിലോ ഒപെക് പ്ലസിലോ അവർ അംഗവുമല്ല.
ഈ സംഭവ വികാസങ്ങളെ തുടർന്ന് ഇന്നു രാവിലെ ക്രൂഡ് വില ഇടിയുകയാണ്. ഏഷ്യൻ വ്യാപാരം തുടങ്ങി ഒരു മണിക്കൂറിനകം വില ഒന്നര ശതമാനം താണു. ബ്രെൻ്റ് ഇനം ഇന്നു രാവിലെ 72.6 ഡോളറിലേക്കു താഴ്ന്നു. കഴിഞ്ഞയാഴ്ച 77 ഡോളറിനു മുകളിൽ എത്തിയതാണു വില. വില ഇനിയും താഴുമെന്നാണു സൂചന.

സ്വർണം വീണ്ടും കയറുന്നു

സ്വർണം കഴിഞ്ഞയാഴ്ച വലിയ ചാഞ്ചാട്ടങ്ങൾ കണ്ടു. 1790 ഡോളറിനും 1831 ഡോളറിനുമിടയിൽ കയറിയിറങ്ങി. ആഴ്ച അവസാനിക്കുമ്പോൾ ഗണ്യമായി താണ് 1812 ഡോളറിലായിരുന്നു. സ്വർണവിപണി വീണ്ടും കരടികളുടെ പിടിയിലാകുമോ എന്ന സന്ദേഹവും ഉയർന്നു. പക്ഷേ ക്രൂഡ് ഓയിൽ വിപണിയിലെ മാറ്റം ഇന്നു സ്വർണത്തെ ഉയർത്തി. രാവിലെ ഔൺസിന് 1817 ഡോളറിലേക്കു സ്വർണം കയറി.

ബാങ്കുകളെപ്പറ്റി ആശങ്ക

എച്ച്ഡിഎഫ്സി ബാങ്കിൻ്റെ ഒന്നാം പാദ റിസൽട്ട് പ്രതീക്ഷയിലും മോശമായി. വായ്പാ വർധനയിലും വായ്പകളുടെ തിരിച്ചടവിലും പിന്നാേട്ടു പോയി. കോവിഡ് രണ്ടാം തരംഗം പ്രകടനത്തെ ബാധിച്ചു. കമ്പനിയുടെ മൊത്തം നിഷ്ക്രിയ ആസ്തി 1.36 ശതമാനത്തിൽ നിന്ന് 1.47 ശതമാനമായി വർധിച്ചതും നല്ല സൂചനയല്ല.
മറ്റു ബാങ്കുകളുടെയും ഒന്നാം പാദ റിസൽട്ട് നിരാശപ്പെടുത്തുമെന്നാണു പല ബ്രോക്കറേജുകളും വിലയിരുത്തുന്നത്. വായ്പകൾ എടുക്കാൻ ആൾക്കാർ മടിക്കുന്നു; നല്ല അപേക്ഷകർ ഇല്ലാത്തതിനാൽ വായ്പ അനുവദിക്കാൻ ബാങ്കുകളും മടിക്കുന്നു. അതാണ് അവസ്ഥ. റീട്ടെയിൽ വായ്പകളിലും തിരിച്ചടവ് മുടങ്ങുന്നതു വർധിച്ചുവരുന്നു. ജനങ്ങൾക്കു പണിയും വരുമാനവും കുറഞ്ഞതിൻ്റെ പ്രത്യാഘാതം.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it