കോവിഡ് ഭീതിയിൽ ഓഹരി വിപണികൾ; ക്രൂഡ് ഓയിൽ കുത്തനേ താണു; ഇനിയും താഴ്ന്നേക്കും; റിലയൻസ് ലാഭവർധന മെച്ചമാകില്ല, കാരണം ഇതാണ്

കോവിഡിൻ്റെ വകഭേദങ്ങൾ ശക്തമായി പടരുന്നതിനെപ്പറ്റിയുള്ള ആശങ്കകളിൽ ആഗോള വിപണികൾ ആടിയുലഞ്ഞു. തിങ്കളാഴ്ച വലിയ വീഴ്ചകണ്ട ഇന്ത്യൻ വിപണി ഇന്നു തുടക്കത്തിലും താഴാനാണു സാധ്യത. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില രണ്ടു ദിവസം കൊണ്ട് എട്ടു ശതമാനത്തോളം ഇടിഞ്ഞത് ഇന്ത്യക്ക് ആശ്വാസകരമായ വാർത്തയാണ്. സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരം ഇന്ത്യൻ വിപണി ഉയരുമെന്ന പ്രതീക്ഷ കാണിക്കുന്നുണ്ട്.

നിക്ഷേപക സമ്പത്ത് 1.2 ലക്ഷം കോടി രൂപ കണ്ടു നഷ്ടപ്പെടുത്തിയാണു തിങ്കളാഴ്ച വിപണികൾ ക്ലോസ് ചെയ്തത്.സെൻസെക്സ് 586.66 പോയിൻ്റ് (1.1%) താണ് 52,553.4 ലും നിഫ്റ്റ് 171 പോയിൻ്റ് (1.07%) താണ് 15,752.4 ലും ക്ലോസ് ചെയ്തു. ബാങ്ക് ഓഹരികളാണ് തകർച്ചയ്ക്കു മുന്നിൽ നിന്നത്. ബാങ്ക്‌ സൂചിക 1.8 ശതമാനം താണു. മിഡ് ക്യാപ് സൂചിക 0.8 ശതമാനമേ താണുള്ളു. സ്മോൾ ക്യാപ് സൂചിക നാമമാത്രമായി ഉയർന്നു.
വിപണി ഇനി തിരിച്ചു കയറണമെങ്കിൽ 15,700നു മുകളിൽ സ്ഥിരത കൈവരിക്കണമെന്ന് സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. 15,707 ലെ സപ്പോർട്ട് നഷ്ടപ്പെടുത്തിയാൽ 15,600 തലത്തിലേക്കു താഴും.

വിദേശികളുടെ വിൽപന സമ്മർദം തുടരുന്നു

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ വിറ്റഴിച്ചത് തിങ്കളാഴ്ചത്തെ പതനത്തിന് ആക്കം കൂട്ടി. 2198. 71 കോടി രൂപയാണ് അവർ കാഷ് വിപണിയിൽ നിന്നു പിൻവലിച്ചത്. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ അവർ 2068.97 കോടിയുടെ വിൽപനക്കാരുമായി. സ്വദേശി ഫണ്ടുകൾ 1047.66 കോടിയുടെ ഓഹരികൾ വാങ്ങിക്കൂട്ടി. വിദേശികൾ ഈ മാസം ഇതു വരെ 9122.32 കോടി രൂപ ഓഹരികളിൽ നിന്നു പിൻവലിച്ചു. വിദേശികൾ തൽക്കാലം വിപണിയിൽ വാങ്ങൽ പുനരാരംഭിക്കാൻ സാധ്യത കുറവാണെന്നു ബ്രോക്കറേജുകൾ കരുതുന്നു.

പാശ്ചാത്യ തകർച്ച

ഇന്നലെ യൂറോപ്യൻ വിപണികൾ ശരാശരി രണ്ടര ശതമാനം വീഴ്ചയാണു രേഖപ്പെടുത്തിയത്. അമേരിക്കൻ സൂചികകൾ തുടക്കത്തിലേ താഴ്ന്നു. ഡൗ ജോൺസ് സൂചിക 2.1 ശതമാനം ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്. മറ്റു സൂചികകളും കുത്തനേ താണു. ഇന്ന് ഡൗ സൂചികയുടെ ഫ്യൂച്ചേഴ്സ് ചെറിയ ഉയരത്തിലാണ്.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കെെ ഒരു ശതമാനത്തോളം താണു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 15,669.8 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വ്യാപാരം 15,720 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു തിരിച്ചുകയറുമെന്ന പ്രതീക്ഷ ഡെറിവേറ്റീവ് വിപണിയിൽ കാണുന്നുണ്ട്.

ക്രൂഡിനു വലിയ ഇടിവ്

ഒപെക് പ്ലസ് ഉൽപാദനം കൂട്ടാൻ തീരുമാനിച്ചതിനെ തുടർന്നു ക്രൂഡ് ഓയിൽ വില കുത്തനേ താണു. ഒരു ദിവസം കൊണ്ട് ബ്രെൻ്റ് ഇനം ക്രൂഡ് എട്ടു ശതമാനത്തിലേറെ താഴോട്ടു പോയി. ഇന്നു രാവിലെ 68.96 ഡോളറിലാണു ക്രൂഡ്. വില കുറച്ചു കൂടി താഴുമെന്ന് വിപണി കരുതുന്നു.
സ്വർണം ഇന്നലെ വലിയ ചാഞ്ചാട്ടം കാണിച്ചു. ഒരവസരത്തിൽ ഔൺസിന് 1795 ഡോളറിലേക്കു വില താണു.പിന്നീടു കയറി 1812 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1814-1815 ഡോളർ മേഖലയിലാണു വ്യാപാരം. ഡോളർ കരുത്താർജിക്കുന്നതാണ് സ്വർണത്തിൻ്റെ കയറ്റത്തിനു തടസം.
ഡോളറുമായുള്ള വിനിമയത്തിൽ രൂപ വീണ്ടും താഴോട്ടു പോയി. ഇന്നലെ 31 പൈസ ഉയർന്ന് 74.88 രൂപയിലെത്തി ഡോളർ.

അദാനി ഗ്രൂപ്പിനെപ്പറ്റി അന്വേഷണം ഉണ്ട്

അദാനി ഗ്രൂപ്പിലെ പല കമ്പനികളെയും പറ്റി സെബിയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻറലിജൻസും അന്വേഷിക്കുന്നുണ്ടെന്നു ഗവണ്മെൻ്റ് ഇന്നലെ പാർലമെൻ്റിൽ പറഞ്ഞു. അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള മൂന്നു വിദേശസ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു എന്നും വ്യക്തമാക്കി. ഇതു സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ് ഗവണ്മെൻ്റ് നൽകിയ വിവരം. അത്യുന്നത രാഷ്ട്രീയ അടുപ്പങ്ങൾ ഉള്ള ഗൗതം അദാനിയുടെ ഗ്രൂപ്പിന് എന്താണു പ്രശ്നമെന്ന അന്വേഷണത്തിലാണു വിപണി.

കാലവർഷച്ചതിയിൽ എണ്ണക്കുരുക്കൾ

തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ഇപ്പാേഴും നിരവധി മേഖലകളിൽ വേണ്ടത്ര മഴ പെയ്യിച്ചിട്ടില്ല. എണ്ണക്കുരുക്കളുടെയും പരുക്കൻ ധാന്യങ്ങളുടെയും കൃഷി ഗണ്യമായി കുറയും എന്നാണു വിലയിരുത്തൽ. ജൂലെെ മൂന്നാം വാരം കഴിയുമ്പോൾ വിളവിറക്കിയ ഭൂമിയുടെ അളവ് കഴിഞ്ഞ വർഷത്തിലേതിലും 12 ശതമാനം കുറവാണ്. സോയാബീനും പരുക്കൻധാന്യങ്ങളും കൃഷി ചെയ്തിരുന്നവർ വെള്ളം കുറച്ചു മാത്രം ആവശ്യമുള്ള പരുത്തിയിലേക്കു ചുവടുമാറ്റും. എണ്ണക്കുരുക്കളുടെ കൃഷി കുറയുന്നത് സസ്യ എണ്ണ വിപണിയെ മാത്രമല്ല ബാധിക്കുക. പിണ്ണാക്ക്, കാലി - കോഴി തീറ്റ ഉൽപാദനത്തെയും ഇതു ബാധിക്കും.

ശിവ നാടാർ രംഗം വിട്ടു

എച്ച്സിഎൽ ടെക്നോളജീസിൻ്റെ സ്ഥാപക മേധാവിയും എംഡിയുമായ ശിവ നാടാർ എക്സിക്യൂട്ടീവ് പദവികൾ ഒഴിഞ്ഞു.ഇനി ചെയർമാൻ എമരിത്തൂസ് ആയിരിക്കും. സിഇഒ സി. വിജയകുമാർ സിഇഒയും എംഡിയുമായി. നാടാരുടെ മകൾ രോഷ്നി നാടാർ മൽഹോത്രയാണു കമ്പനിയുടെ ചെയർപേഴ്സൺ. 1976 ലാണു ശിവ നാടാർ ഈ കമ്പനി തുടങ്ങിയത്.
കമ്പനിയുടെ ഒന്നാം പാദ റിസൽട്ട് മികച്ചതായി. വിപ്രോയെക്കാൾ മെച്ചപ്പെട്ട ലാഭ മാർജിൻ കമ്പനി നേടി. വരുമാനം 12.5 ശതമാനവും ലാഭം 9.9 ശതമാനവും വർധിപ്പിച്ച കമ്പനി ഈ വർഷം ഇരട്ടയക്ക വളർച്ച പ്രതീക്ഷിക്കുന്നു.

റീട്ടെയിലിൽ ക്ഷീണം തുടരുന്നു

ജൂണിൽ രാജ്യത്തെ റീട്ടെയിൽ ബിസിനസ് കോവിഡിനു മുമ്പുള്ളതിൻ്റെ പകുതി മാത്രമേ വന്നുള്ളു. 79 ശതമാനം കുറവായിരുന്ന മേയ് മാസത്തേക്കാൾ മെച്ചമായി എന്നു റീടെയ്ലേഴ്സ് അസാസിയേഷൻ ഓഫ് ഇന്ത്യ നടത്തിയ സർവേ കാണിക്കുന്നു. ഭക്ഷ്യ- പലവ്യഞ്ജന വ്യാപാരം 2019 ജൂണിനെ അപേക്ഷിച്ച് എഴു ശതമാനമേകുറവായിട്ടുള്ളു. വസ്ത്രങ്ങൾ, പാദരക്ഷകൾ, സൗന്ദര്യ സംവർധകങ്ങൾ, സ്പോർട്സ് സാമഗ്രികൾ തുടങ്ങിയവയുടെ വിൽപന 60 ശതമാനത്തിലേറെ കുറവാണ്.

റിലയൻസിനു ലാഭവർധന കുറയുമെന്നു വിലയിരുത്തൽ

വെള്ളിയാഴ്ച ഒന്നാം പാദ റിസൽട്ട് പുറത്തു വിടുന്ന റിലയൻസ് ഇൻഡസ്ട്രീസിന് റീട്ടെയിൽ വ്യാപാരത്തിലെ ഇടിവ് ക്ഷീണം ചെയ്യും. എന്നാൽ പെട്രോളിയം ബിസിനസിൽ ലാഭ മാർജിൻ വർധിച്ചിട്ടുണ്ട്. ടെലികാേമിലും വരുമാനം പ്രതീക്ഷ പോലെ കൂടുന്നില്ല. ബ്രോക്കറേജുകളുടെ വിലയിരുത്തലിൽ റിലയൻസിൻ്റെ ലാഭം കഴിഞ്ഞ പാദത്തേക്കാൾ ഒന്നര ശതമാനമേ കൂടൂ എന്നാണ്. എന്നാൽ കഴിഞ്ഞ വർഷം ഒന്നാം പാദത്തെ അപേക്ഷിച്ചു വരുമാനവും ലാഭവും കുതിക്കും. കഴിഞ്ഞ വർഷം സമ്പൂർണ ലോക്ക് ഡൗൺ മൂലം വലിയ ഇടിവ് വരുമാനത്തിൽ സംഭവിച്ചിരുന്നു.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it