Begin typing your search above and press return to search.
മികച്ച ആശ്വാസറാലി കാത്തു സൂചികകൾ; ആഗോള വിപണികളിൽ കുതിപ്പ്; വിദേശികളുടെ കണ്ണ് എവിടെ? അദാനിയുടെ സമ്പത്തിൽ വൻ ഇടിവ്; ഡോളർ വീഴാൻ കാരണം ഇത്
ഇന്നത്തെ അവധിക്കു ശേഷം നാളെ വിപണി തുറക്കുമ്പോൾ മികച്ച ആശ്വാസ റാലിക്കുള്ള കളമൊരുങ്ങി. രണ്ടു ദിവസത്തെ കനത്ത ഇടിവിനു ശേഷം യുഎസ്, യൂറോപ്യൻ വിപണികൾ ഇന്നലെ തിരിച്ചു കയറി. രണ്ടു ദിവസത്തെ താഴ്ചയുടെ 40 ശതമാനം ചൊവ്വാഴ്ച വീണ്ടെടുത്തു കൊണ്ടാണ് പ്രമുഖ യു എസ് സൂചികകൾ മടക്കയാത്ര തുടങ്ങിയത്.
ഇന്നു രാവിലെ ഏഷ്യൻ ഓഹരികളും നല്ല മുന്നേറ്റം നടത്തി. ജപ്പാനിലെ നിക്കൈ സൂചിക വ്യാപാരം തുടങ്ങിയതു തന്നെ ഒരു ശതമാനത്തിലേറെ ഉയരത്തിലാണ്. യുഎസ് സൂചികകളുടെ അവധിവിലകളും ഉയർന്നു.
ഇന്ത്യൻ വിപണി ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം നഷ്ടം കുറച്ചിരുന്നു. സെൻസെക്സ് 52,000-നു സമീപം ചെന്നിട്ട് തിരിച്ചു കയറി. സെൻസെക്സ് 0.69 ശതമാനം നഷ്ടത്തിൽ 52,198.51 ലും നിഫ്റ്റി 0.76 ശതമാനം നഷ്ടത്തിൽ 15,632.1 ലും ക്ലോസ് ചെയ്തു.
ബാങ്ക് - ധനകാര്യ ഓഹരികളാണു തകർച്ചയ്ക്കു മുന്നിൽ നിന്നത്. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (എൻപിഎ) 11.2 ശതമാനമായി വർധിക്കാൻ ഇടയുണ്ടെന്ന റിസർവ് ബാങ്ക് റിപ്പോർട്ടും ബാങ്കുകൾക്കു ദോഷമായി.
വിദേശികൾ വിൽപന തുടരുന്നു
ഇന്നലെയും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കനത്ത വിൽപന നടത്തി. 2834.96 കോടി രൂപയാണ് അവർ ഇന്നലെ കാഷ് വിപണിയിൽ നിന്നു പിൻവലിച്ചത്. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ 4498.46 കോടിയുടെ വിൽപ്പനയും നടത്തി. ജൂലെെ മാസത്തിൽ വിദേശികൾ ഇതുവരെ 11,957.28 കോടി രൂപ ഓഹരികളിൽ നിന്നു പിൻവലിച്ചിട്ടുണ്ട്. അമേരിക്ക കടപ്പത്രം വാങ്ങൽ കുറയ്ക്കുമെന്നും പലിശ വർധിപ്പിക്കുമെന്നുമുള്ള കണക്കു കൂട്ടലിൽ വികസ്വര വിപണികളിൽ നിന്നു വിദേശ ഓഹരിനിക്ഷേപകർ പണം പിൻവലിക്കുന്നുണ്ട്. അതിൻ്റെ ഭാഗമാണ് ഇന്ത്യയിലെ ഓഹരി വിൽപന.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 15,697ലാണു ക്ലോസ് ചെയ്തത്. വ്യാഴാഴ്ച ഇന്ത്യൻ വിപണി ഉയരുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
രൂപ കയറി, ഡാേളർ താണു
കുറേ ദിവസത്തെ വീഴ്ചയ്ക്കു ശേഷം രൂപ ഇന്നലെ തിരിച്ചു കയറി. ഡോളറിന് 27 പൈസ കുറഞ്ഞ് 74.61 രൂപയായി. ചൊവ്വാഴ്ച രാവിലെ 74.95 രൂപ വരെ ഡാേളർ കയറിയതാണ്. ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് ഇന്ത്യയുടെ വാണിജ്യ കമ്മി കുറയ്ക്കുമെന്ന പ്രതീക്ഷ വിപണിയിലുണ്ട്. ഡോളർ തൽക്കാലം 75 രൂപയിലേക്ക് ഉയരേണ്ടെന്ന നിലപാട് റിസർവ് ബാങ്ക് എടുത്തിട്ടുണ്ടെന്നു നാണയ വിനിമയ ബ്രോക്കർമാർ പറയുന്നു.
എസിസി യുടെ മികച്ച ലാഭ വർധന അൾട്രാടെക് അടക്കമുള്ള സിമൻ്റ് ഓഹരികൾക്കു വില കൂട്ടി. ഏഷ്യൻ പെയിൻ്റ്സ് മികച്ച റിസൽട്ട് പുറത്തിറക്കിയതോടെ ഓഹരിവില റിക്കാർഡ് ഉയരത്തിലായ കമ്പനിയുടെ വിപണി മൂല്യം മൂന്നു ലക്ഷം കോടി കടന്നു.
അദാനി നാലാം സ്ഥാനത്തേക്കു താണു
അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ സെബിയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻ്റലിജൻസും അന്വേഷണം നടത്തുന്നുണ്ടെന്ന ഗവണ്മെൻ്റ് വെളിപ്പെടുത്തൽ ഗ്രൂപ് കമ്പനികളുടെ ഓഹരി വില ഇടിച്ചു. മേയ് മാസത്തിൽ 6650 കോടി ഡോളറിൻ്റെ സമ്പത്തുമായി ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായിരുന്നു ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ഗൗതം അദാനി. ഒന്നാമത്തെ സമ്പന്നനായ മുകേഷ് അംബാനിയുടെ സമ്പത്ത് അന്ന് 7650 കോടി ഡോളർ. ഇപ്പോൾ അദാനിയുടെ സമ്പത്ത് 5140 കോടി ഡോളറായി ഇടിഞ്ഞെന്ന് ബ്ലൂംബർഗ് സമ്പന്ന പട്ടിക കാണിക്കുന്നു. ഏഷ്യൻ സമ്പന്നരിൽ നാലാം സ്ഥാനത്തേക്കും അദാനി താണു. അംബാനിയുടെ സമ്പത്ത് 8040 കോടി ഡോളറായി ഉയർന്നു.
സ്വർണം ചാഞ്ചാടുന്നു
ചൊവ്വാഴ്ചയും സ്വർണ വിപണി ചാഞ്ചാട്ടത്തിലായി. ഔൺസിന് 1824.7 ഡോളർ വരെ കയറിയിട്ട് 1804.7 വരെ താണു. ഇന്നു രാവിലെ 1813 ഡോളറിൽ വ്യാപാരം തുടങ്ങി ഒരു മണിക്കൂറിനകം 1807 ഡോളറിലേക്കു താണു. ഡോളറിൻ്റെ ഉയർച്ചയും ഈ ചാഞ്ചാട്ടത്തിൽ പങ്കുവഹിക്കുന്നുണ്ട്.
ക്രൂഡ് ഓയിൽ വില ഇന്നലെ 69.16 ഡോളർ വരെ കയറിയിട്ട് താഴ്ന്നു. ചൈനയിൽ നിന്നുള്ള ഡിമാൻഡ് വർധിച്ചുതാണു കയറ്റത്തിനു കാരണം.
ആഴ്ചയുടെ തുടക്കത്തിൽ താണ ലോഹങ്ങളുടെ വിലയിലും ഉണർവുണ്ട്. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ അലൂമിനിയം 0.9 ശതമാനവും ചെമ്പ് 0.4 ശതമാനവും ഉയർന്നു. ചൊവ്വാഴ്ച മെറ്റൽ കമ്പനികളുടെ ഓഹരികളും ഗണ്യമായി താണിരുന്നു.
Next Story
Videos