സൊമാറ്റോയും റിലയൻസും ഇന്ന് ശ്രദ്ധാ കേന്ദ്രം, വിപണി ഇന്ന് ബുൾ കുതിപ്പ് തുടരുമോ? സുപ്രീം കോടതിയെ ഉറ്റുനോക്കി ടെലികോം കമ്പനികൾ

മുൻ ദിവസത്തെ നഷ്ടങ്ങൾ വീണ്ടെടുത്തു കൊണ്ട് വ്യാഴാഴ്ച ഇന്ത്യൻ വിപണി ശക്തമായ തിരിച്ചുവരവ് നടത്തി. ബുള്ളുകൾ വിപണിയിൽ പിടിമുറുക്കി എങ്കിലും ഇനി ഉയരുമ്പോൾ വിൽപന സമ്മർദം തടസമാകും. ഭക്ഷ്യവിതരണ സ്റ്റാർട്ടപ് സൊമാറ്റോയുടെ ലിസ്റ്റിംഗും റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഒന്നാം പാദ റിസൽട്ട് പ്രഖ്യാപനവും ഇന്നു നടക്കും. വിപണിഗതിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാകും അവ. ക്രൂഡ് ഓയിൽ വില കയറുന്നതും വിപണിക്കു ശ്രദ്ധിക്കാതെ തരമില്ല.

വ്യാഴാഴ്ച ഇന്ത്യൻ വിപണിയിൽ ഉണ്ടായ ഉണർവ് വിദേശ വിപണികളുടെ ചുവടുപിടിച്ചുള്ളതായിരുന്നു. സെൻസെക്സ് 1.22 ശതമാനം ഉയർന്ന് 52,837.21 ലും നിഫ്റ്റി 123 ശതമാനം ഉയർന്ന് 15,824.05ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.14 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് നേട്ടം 1.47 ശതമാനമായിരുന്നു. ബാങ്ക് സൂചിക 0.76 ശതമാനം മാത്രമേ ഉയർന്നുള്ളു.
ഉയരാനുള്ള ശ്രമത്തിൽ നിഫ്റ്റി 15,865ലും 15,900-ലും വലിയ തടസം നേരിടുമെന്നാണ് സാങ്കേതിക വിശകലനക്കാർ കരുതുന്നത്. താഴെ 15,755 ലും 15,670 ലും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. വിപണിയിലെ ശക്തമായ പോസിറ്റീവ് മനോഭാവം സൂചികകളെ കുറേക്കൂടി ഉയരാൻ പ്രേരിപ്പിക്കുമെന്നാണ് ബ്രോക്കറേജുകളുടെ വിലയിരുത്തൽ. വിപണിയിലേക്കു വരുന്ന പണത്തിനു തടസമൊന്നും കാണുന്നില്ല. പണം വരുമ്പോൾ വില ഉയരും.

വിദേശികൾ വിൽപന കുറച്ചു

വിദേശ നിക്ഷേപകർ മുൻ ദിവസങ്ങളെ അപേക്ഷിച്ചു ചെറിയ തോതിലേ വിൽപന നടത്തിയുള്ളു. 247.54 കോടി രൂപയുടെ ഓഹരികൾ മാത്രമാണ് അവർ ഇന്നലെ വിറ്റഴിച്ചത്. ഈ മാസം ഇതു വരെ 12,204.87 കോടി രൂപ അവർ ഓഹരി വിപണിയിൽ നിന്നു പിൻവലിച്ചിട്ടുണ്ട്. സ്വദേശി ഫണ്ടുകൾ ഇന്നലെ 942.55 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്നലെ യൂറോപ്യൻ സൂചികകൾ സമ്മിശ്ര ചിത്രമാണു കാണിച്ചത്. അമേരിക്കൻ വിപണി നേരിയ കയറ്റത്തോടെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഏഷ്യൻ വിപണികളും ചെറിയ ഉയർച്ച മാത്രമാണു കാണിക്കുന്നത്.

ഡെറിവേറ്റീവിൽ ഉണർവ്

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 15,805 ലാണു ക്ലോസ് ചെയ്തത്. എന്നാൽ ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയത് 15,824-ലാണ്. ലാഭമെടുക്കലിനുള്ള വിൽപനയുടെ സമ്മർദം ഇന്നു വ്യാപാരത്തുടക്കത്തിൽ ഉണ്ടകുമെങ്കിലും വിപണി ഉയർന്നു തന്നെ നീങ്ങുമെന്ന പ്രതീക്ഷയാണ് ഡെറിവേറ്റീവ് വ്യാപാരത്തിൽ കാണുന്നത്.

ക്രൂഡ് ഓയിൽ തിരിച്ചു കയറി

ക്രൂഡ് ഓയിൽ വിപണി വീണ്ടും ബുളളിഷ് ആയി. തിങ്കളാഴ്ചത്തെ എട്ടു ശതമാനം വിലയിടിവിലെ നഷ്ടം മൂന്നു ദിവസത്തെ കയറ്റം കൊണ്ടു നികത്തി. വിപണിയിൽ ക്രൂഡ് ദൗർലഭ്യം ഉണ്ടാകുമെന്നാണു വ്യാപാരികൾ വിലയിരുത്തുന്നത്. ഒപെക് പ്ലസ് ഓരോ മാസവും പ്രതിദിന ഉൽപാദനം 40,000 വീപ്പ വർധിപ്പിക്കാനാണ് തീരുമാനിച്ചത്. ഇത് ആവശ്യത്തിനു തികയില്ല എന്നാണ് കണക്കുകൂട്ടൽ.
ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 73.79 ഡോളറിലാണ് ഇന്നു രാവിലെ വ്യാപാരം നടക്കുന്നത്. ഇനിയും വില കൂടുമെന്നു വിപണി കരുതുന്നു.
ഡോളറിൻ്റെ കരുത്തും നിക്ഷേപകർ വിട്ടു നിൽക്കുന്നതും സ്വർണ വിപണിയെ ഉയർച്ചയിൽ നിന്നു തടയുന്നു. ഇന്നലെ 1800 ഡോളറിനു താഴെ വ്യാപാരം തുടങ്ങിയ സ്വർണം 1792 വരെ താണിട്ടു തിരിച്ചു കയറി. ഇന്നു രാവിലെ 1808 ഡോളറിലാണു വ്യാപാരം.

വോഡഫോണിന് അൽപം ആശ്വാസം

വോഡഫോൺ ഐഡിയയിൽ 15,000 കോടി രൂപയുടെ വിദേശ നിക്ഷേപത്തിനു കേന്ദ്രം അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഗവണ്മെൻ്റിനു നൽകാനുള്ള കുറേ തുക നൽകാനും കടങ്ങളുടെ പലിശയടയ്ക്കാനും ഇതു സഹായിക്കും. 1.8 ലക്ഷം കോടി രൂപയുടെ കടബാധ്യത ഉള്ള വോഡ ഐഡിയയുടെ ക്യാഷ് ബാലൻസ് വെറും 350 കോടി രൂപയാണ്.
തങ്ങൾ അടയ്ക്കാനുള്ള വരുമാനവിഹിത നിർണയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു വോഡഫോണും എയർടെലും ടാറ്റാ ടെലിയും നൽകിയ കേസിൽ ഇന്നു സുപ്രീം കോടതി വിധി പ്രഖ്യാപിക്കുമെന്നു സൂചനയുണ്ട്. വിധി അനുകൂലമായാൽ വോഡ ഐഡിയയ്ക്കു വലിയ നേട്ടമാകും. ടെലികോം വകുപ്പ് 58,400 കോടി രൂപ ആവശ്യപ്പെട്ട സ്ഥാനത്ത് വോഡ ഐഡിയ പറയുന്നതു ബാധ്യത 21,533 കോടിയേ വരൂ എന്നാണ്. എയർടെലിനോട് ആവശ്യപ്പെടുന്നത് 43,980 കോടി; കമ്പനി പറയുന്നത് 13,003 കോടി.
എയർടെൽ പോസ്റ്റ്‌ പെയിഡ് നിരക്കുകൾ 50 ശതമാനം വർധിപ്പിച്ചു.കമ്പനിയുടെ വരുമാനത്തിൽ 30 ശതമാനം പോസ്റ്റ് പെയിഡ് വിഭാഗത്തിൽ നിന്നാണ്. നിരക്ക് വർധനയെ തുടർന്ന് ഓഹരി വില ഇന്നലെ നാലു ശതമാനം കയറി.

കമ്പനി റിസൽട്ടുകൾ

ഇന്നലെ ഹിന്ദുസ്ഥാൻ യൂണിലിവർ പ്രതീക്ഷയിലും മെച്ചപ്പെട്ട ഒന്നാം പാദ റിസൽട്ട് പുറത്തുവിട്ടു. മുൻ വർഷത്തെ ഒന്നാം പാദത്തെ അപേക്ഷിച്ച് വിൽപനയിൽ 13.5 ശതമാനവും അറ്റാദായത്തിൽ 10.7 ശതമാനവും വളർച്ചയുണ്ട്.
ബജാജ് ഓട്ടാേ മുൻ വർഷത്തെ ഒന്നാം പാദത്തെ അപേക്ഷിച്ചു മികച്ച ഫലം പുറത്തു വിട്ടെങ്കിലും വിപണിക്ക് തൃപ്തികരമായില്ല. ജനുവരി-മാർച്ച് പാതത്തെ അപേക്ഷിച്ചു വിൽപനയും ലാഭവും ഗണ്യമായി കുറഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഒന്നാം പാദ റിസൽട്ട് ഇന്നു വരും. കഴിഞ്ഞ ജനുവരി-മാർച്ച് പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ അറ്റാദായത്തിൽ ഗണ്യമായ വർധന പ്രതീക്ഷിക്കാനില്ലെന്നാണു വിദേശബ്രോക്കറേജുകളുടെ വിലയിരുത്തൽ. എന്നാൽ 2020-21ലെ ഒന്നാം പാദത്തെ അപേക്ഷിച്ച് ലാഭം 50 ശതമാനമെങ്കിലും വർധിക്കും.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it