Begin typing your search above and press return to search.
ബുള്ളുകൾക്കു ഭീഷണി ഉയരുമോ? പാശ്ചാത്യ കുതിപ്പ് ആരെ സഹായിക്കും? വമ്പന്മാരുടെ റിസൽട്ട് കാത്ത് വിപണി; റിലയൻസിൻ്റെ റിസൽട്ടിൽ കാണേണ്ട കാര്യങ്ങൾ; വോഡഫോണിന് എന്തു സംഭവിക്കും?
ബുള്ളുകൾ വിപണിയിൽ കരുത്തരായി തിരിച്ചു വന്നെങ്കിലും അത് നിലനിർത്താനുള്ള സാധ്യതയെപ്പറ്റി സംശയം ശേഷിപ്പിച്ചാണു കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിച്ചത്. 15,900 കടക്കാൻ നിഫ്റ്റിക്കുള്ള പ്രയാസം തുടരുകയാണ്. ആ തടസ മേഖല മറികടന്നാലേ ഓഹരി വിപണിക്ക് പുതിയ ഉയരങ്ങളെപ്പറ്റി ചിന്തിക്കാനാകൂ. ഇന്നു വ്യാപാര തുടക്കം താഴ്ന്ന നിലവാരത്തിലാകുമെന്നാണു ഡെറിവേറ്റീവ് വിപണിയിലെ സൂചന.
വെള്ളിയാഴ്ച നിഫ്റ്റി 0.2 ശതമാനം നേട്ടത്തിൽ 15,856.05 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 0.29 ശതമാനം നേട്ടത്തോടെ 52,975.8 ൽ അവസാനിച്ചു. കഴിഞ്ഞയാഴ്ച മൊത്തമെടുത്താൽ നിഫ്റ്റി 0.42 ശതമാനവും സെൻസെക്സ് 0.31 ശതമാനവും താഴ്ചയിലാണ്.
പാശ്ചാത്യസൂചികകൾ റിക്കാർഡിൽ
യൂറോപ്യൻ, അമേരിക്കൻ വിപണികൾ റിക്കാർഡ് കുറിച്ചാണു കഴിഞ്ഞയാഴ്ച അവസാനിപ്പിച്ചത്. ഡൗ ജോൺസ് സൂചിക ആദ്യമായി 35,000 കടന്നു. എസ് ആൻഡ് പി 4400 നു മുകളിലും എത്തി.നാസ്ഡാകും റിക്കാർഡ് കുറിച്ചു. യൂറോപ്പിൽ സ്റ്റോക്സ് 600 സൂചികയും പുതിയ ഉയരത്തിലെത്തി.
ഇതിൻ്റെ കാറ്റ് ഇന്ന് ഏഷ്യൻ വിപണിയിൽ വീശുന്നുണ്ട്. എന്നാൽ ചൈനീസ് വളർച്ചയുടെ വേഗം കുറയുന്നുവെന്ന സൂചന ഓഹരി വിപണികളെ ബാധിക്കാം. രാവിലെ ജപ്പാനിലെ നിക്കെെ സൂചിക ഒന്നര ശതമാനത്തിലേറെ ഉയരത്തിലാണ്. കുറച്ചു ദിവസത്തെ അവധിക്കു ശേഷമുള്ള വ്യാപാരമായതും ഉയർച്ചയ്ക്കു കാരണമാണ്.
വിദേശ നിക്ഷേപകർ വെള്ളിയാഴ്ചയും വിൽപനക്കാരായി. 163.1 കോടിയുടെ ഓഹരികൾ അവർ വിറ്റു. സ്വദേശി ഫണ്ടുകൾ 2188 കോടിയുടെ ഓഹരികൾ വാങ്ങിയതാണ് സൂചികകളെ സഹായിച്ചത്. വിദേശികൾ ഈ മാസം ഇതു വരെ 12,368 കോടി രൂപ ഓഹരികളിൽ നിന്നു പിൻവലിച്ചു.
വ്യാഴാഴ്ച ജൂലൈ സീരീസ് സെറ്റിൽമെൻ്റ് ഉണ്ട്. അതു വരെ വിപണി ചാഞ്ചാട്ടം തുടരും.
ഡെറിവേറ്റീവിൽ കുത്തനെ ഇടിവ്
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി കഴിഞ്ഞയാഴ്ച 15,838 ലാണു ക്ലോസ് ചെയ്തത്. എന്നാൽ ഇന്നു രാവിലെ 15,892 ലേക്കു കുതിച്ചു കയറി. എന്നാൽ പിന്നീട് 15,769 ലേക്കു കുത്തനേ ഇടിഞ്ഞു. ഇന്ന് ഇന്ത്യൻ വിപണി തുടക്കം താഴ്ചയിലാകുമെന്നാണ് ഇതു നൽകുന്ന സൂചന.
സ്വർണം ലോകവിപണിയിൽ ദുർബലമായി. ഡോളറിനു കരുത്തു കൂടുന്നതും ബിറ്റ് കോയിൻ പോലുള്ള ഡിജിറ്റൽ ഗൂഢ കറൻസികളിലേക്കു നിക്ഷേപം ഒഴുകുന്നതും കാരണമാണ്. ഔൺസിന് 1800- 1802 ഡോളറിലാണു സ്വർണം ഇന്നു രാവിലെ.
വാരാന്ത്യത്തിൽ ഉയർന്നു നിന്ന ക്രൂഡ് ഓയിൽ വില ഇന്നു രാവിലെ അൽപം കുറഞ്ഞു. ബ്രെൻറ് ഇനം 73.9 ഡോളറിലേക്കു താണു. ചൈനീസ് ഡിമാൻഡ് കുറയുമെന്ന സൂചനയാണു വില താഴ്ത്തിയത്.
ഫെഡ് തീരുമാനം കാത്ത്
ഈ ബുധനാഴ്ച യുഎസ് ഫെഡറൽ റിസർവ് ബോർഡിൻ്റെ പണനയ പ്രഖ്യാപനം ഉണ്ട്. പലിശ നിരക്കിൽ ഫെഡ് മാറ്റമൊന്നും പ്രഖ്യാപിക്കില്ല. എന്നാൽ ഇപ്പോഴത്തെ തീരെ കുറഞ്ഞ പലിശയും വലിയ തോതിലുള്ള കടപ്പത്രം വാങ്ങലും എത്ര കാലം തുടരുമെന്ന സൂചന ഫെഡ് ചെയർമാൻ ജെറോം പവലിൽ നിന്നു കിട്ടുമെന്നാണു വിപണിയുടെ പ്രതീക്ഷ. യു എസ് കടപ്പത്ര വിപണിയിലും ഓഹരി വിപണിയിലും മാത്രമല്ല ഫെഡ് തീരുമാനത്തിൻ്റെ പ്രത്യാഘാതം. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലേക്കുള്ള വിദേശ നിക്ഷേപത്തെ നിർണായകമായി ബാധിക്കുന്നതാണു ഫെഡ് തീരുമാനം. ഉൽപന്ന വിപണികളിലും ഫെഡ് തീരുമാനം വലിയ ചലനമുണ്ടാക്കും.
കഴിഞ്ഞയാഴ്ച പുറത്തു വന്ന ഒന്നാം പാദ റിസൽട്ടുകൾ ലാഭവർധനയും വരുമാനവർധനയും കാണിച്ചെങ്കിലും വിപണിക്ക് അത്ര ആവേശകരമായിട്ടില്ല
തലേവർഷം ഒന്നാം പാദം ലോക്ക് ഡൗൺ മൂലം വളരെ മോശമായിരുന്നു. അവിടെ നിന്നുള്ള തിരിച്ചു കയറ്റം മാത്രമാണു കണ്ടത്.
ടാറ്റാ മോട്ടാേഴ്സ് നഷ്ടം കാണിക്കും
ഈയാഴ്ച സുപ്രധാന ഒന്നാം പാദ റിസൽട്ടുകൾ വരാനുണ്ട്. ടാറ്റാ മോട്ടോഴ്സ് ഇന്നും മാരുതി സുസുകി ബുധനാഴ്ചയും റിസൽട്ട് പുറത്തുവിടും.
ടാറ്റാ മോട്ടോഴ്സ് 1500 കോടി മുതൽ 2100 കോടി വരെ രൂപ നഷ്ടം കാണിക്കാം എന്നാണു ബ്രോക്കറേജുകളുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം ഒന്നാം പാദത്തിൽ 8438 കോടിയും ഇക്കഴിഞ്ഞ ജനുവരി-മാർച്ചിൽ 7605 കോടിയും നഷ്ടമുണ്ടാക്കിയതാണ്. കമ്പനിയുടെ വിറ്റുവരവ് ഇരട്ടിക്കുമെങ്കിലും തൊട്ടു മുമ്പത്തെ പാദത്തെ അപേക്ഷിച്ചു ഗണ്യമായി കുറവാകും. ജെഎൽആർ ആണു നഷ്ടത്തിൽ ഭൂരിഭാഗവും വരുത്തുക. ജെഎൽആർ വിൽപന 35 ശതമാനം കുറവാണ്. ഇന്ത്യയിൽ ടാറ്റായുടെ വാണിജ്യ വാഹന വിൽപന ജനുവരി-മാർച്ചിലേതിൽ നിന്ന് 53 ശതമാനവും യാത്രാ വാഹന വിൽപന 24.4 ശതമാനവും കുറവാണ്.
മാരുതി എന്തു ചിത്രം നൽകും?
മാരുതി ഏപ്രിൽ - ജൂണിൽ 3.54 ലക്ഷം വാഹനങ്ങൾ വിറ്റു. ഇതു കഴിഞ്ഞ വർഷം ഒന്നാം പാദത്തിലെ 76,599 നെ അപേക്ഷിച്ചു വളരെ വലിയ മുന്നേറ്റം കാണിക്കുന്നു. പക്ഷേ 2019 ഏപ്രിൽ-ജൂണിൽ 3.63 ലക്ഷവും അതിനു തലേ വർഷം 4.64 ലക്ഷവും വാഹനങ്ങൾ വിറ്റിരുന്നു. കഴിഞ്ഞ വർഷം ഒന്നാം പാദത്തിൽ മാരുതി 249.4 കോടി രൂപ നഷ്ടം വരുത്തിയിരുന്നു. ഈ വർഷം ലാഭം ജനുവരി-മാർച്ചിലേതിലും കുറവാകും.
വോഡഫോണിന് ഇനിയെന്ത്?
കഴിഞ്ഞ വെള്ളിയാഴ്ച ടെകോം കമ്പനികളുടെ വരുമാന (എജിആർ) നിർണയ കേസിൽ കമ്പനികൾക്കെതിരേ വിധി വന്നു. വോഡഫോൺ ഐഡിയയും എയർടെലും ടാറ്റാ ടെലിയുമായിരുന്നു ഹർജിക്കാർ. വിധി നിലനിൽപിനായുള്ള വോഡഫോൺ ഐഡിയ (വീ) യുടെ ശ്രമങ്ങൾക്കു വലിയ തിരിച്ചടിയാണ്. 1.8 ലക്ഷം കോടി രൂപ കടബാധ്യതയുള്ള വീ (VI) സർക്കാരിനു നൽകാനുള്ള കുടിശിക 58,400 കോടി രൂപയാണ്. ഇതിൽ 7400 കോടിയേ അടച്ചിട്ടുള്ളു. കമ്പനി ഓഹരി വിറ്റും മറ്റു രീതികളിലുമായി 23,000 കോടി രൂപ ഉടനേ സമാഹരിക്കാൻ ശ്രമം നടത്തി വരികയായിരുന്നു.അത് സാധിക്കുന്ന കാര്യം ഇപ്പോൾ സംശയത്തിലായി. കടം നൽകിയ ബാങ്കുകൾക്കും ഇതു ഭീഷണിയാണ്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ രാജ്യത്തെ ടെലികോം ബിസിനസ് റിലയൻസ് ജിയോയുടെയും ഭാരതി എയർടെലിൻ്റെയും കുത്തകയായി മാറും. ആദിത്യ ബിർല ഗ്രൂപ്പും ബ്രിട്ടനിലെ വോഡഫോൺ കമ്പനിയും ചേർന്നാണ് വീ നടത്തിവന്നത്.
റിലയൻസിൻ്റെ കണക്കിലെ കാണാപ്പുറങ്ങൾ
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഒന്നാം പാദ റിസൽട്ട് ഒറ്റനോട്ടത്തിൽ പ്രതീക്ഷയിലും മികച്ചതായി. എന്നാൽ ചില ഒറ്റത്തവണ വരുമാനങ്ങൾ മാറ്റുകയും സബ്സിഡിയറികളുടെ വിഹിതം കിഴിക്കുകയും ചെയ്താൽ അറ്റാദായം 7.2 ശതമാനം കുറവാകും.
പെട്രോളിയം - പെട്രോ കെമിക്കൽ വിപണിയിലെ വിലക്കയറ്റമാണു കമ്പനിയുടെ വരുമാനം ഗണ്യമായി വർധിപ്പിച്ചത്. ലാഭത്തിൽ ജിയോയുടെ സംഭാവനയാണു വലിയ കുതിപ്പ് കാണിച്ചത്. 45 ശതമാനം വർധനയോടെ 3651 കോടിയായി ജിയോയുടെ അറ്റാദായം. റീട്ടെയിലിലെ ലാഭം 80 ശതമാനം വർധിച്ച് 1941 കോടിയായി. കമ്പനിയുടെ മൊത്ത വരുമാനം 1.59 ലക്ഷം കോടി രൂപയായി. അറ്റാദായം 13,806 കോടി രൂപയാണ്. നീക്കുപോക്കുകൾ കിഴിച്ചാൽ അറ്റാദായം 12,273 കോടിയേ വരൂ. ഇതു കഴിഞ്ഞ വർഷം ഒന്നാം പാദത്തികം 13,233 കോടിയിൽ നിന്ന് 7.2 ശതമാനം കുറവാണ്.
റിസൽട്ടുകൾ
ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൽ ആൻഡ് ടി, വേദാന്ത തുടങ്ങിയവയുടെ റിസൽട്ട് ഇന്നു വരും. നാളെ കനറാ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഡോ. റെഡ്ഡീസ്, ഇൻ്റർ ഗ്ലോബ് ഏവിയേഷൻ എന്നിവയും ബുധനാഴ്ച ഐഡിബിഐ ബാങ്ക്, നെസ്ലെ, ഫൈസർ തുടങ്ങിയവയും റിസൽട്ട് പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച ടെക് മഹീന്ദ്രയും ടി വി എസ് മോട്ടോറും എൽഐസി ഹൗസിംഗും റിസൽട്ട് പുറത്തുവിടും വെള്ളിയാഴ്ച ഐഒസി, സൺ ഫാർമ, മാരികാേ തുടങ്ങിയവയുടെ ഒന്നാം പാദ ഫലങ്ങൾ ഉണ്ട്.
വെള്ളിയാഴ്ച ജൂണിലെ കാതൽ മേഖല വ്യവസായങ്ങളുടെ ഉത്പാദന സൂചിക പുറത്തുവിടും.
Next Story
Videos