വിദേശികൾ വിൽക്കുമ്പോഴും കുതിപ്പിനു വിപണി; ലോഹങ്ങൾക്കു വിലക്കയറ്റം; ചൈനയുടെ ലക്ഷ്യം എന്ത്? റിസൽട്ടുകളിൽ തിളക്കമില്ല

വിദേശ നിക്ഷേപകർ വിൽപന തുടരുന്നു; ഓഹരി സൂചികകൾ കുതിക്കാൻ ശ്രമിക്കുമ്പോഴെല്ലാം വിൽപന സമ്മർദത്തിൽ വിലകൾ താഴുന്നു. കമ്പനികളുടെ റിസൽട്ടുകൾ പ്രതീക്ഷയ്ക്കൊപ്പം എത്തുന്നില്ല. അമേരിക്കൻ ഫെഡ് ഉത്തേജക പരിപാടി നേരത്തേ പിൻവലിക്കുമോ എന്ന ആശങ്ക ഉയരുന്നു.

ഇങ്ങനെ ബുള്ളുകൾക്കെതിരേ കരടികൾക്കു നീക്കം നടത്താൻ അനുകൂല സാഹചര്യം. കരുതലോടെ നീങ്ങിയില്ലെങ്കിൽ പണം നഷ്ടമാകുന്ന അന്തരീക്ഷം. എങ്കിലും പുതിയ കുതിപ്പിനു തയാറെടുത്താണ് ഇന്ന് ഇന്ത്യൻ വിപണി തുടങ്ങുക.
തിങ്കളാഴ്ച താഴ്ന്നും ഉയർന്നും ചാഞ്ചാടിയ ഇന്ത്യൻ സൂചികകൾ ചെറിയ താഴ്ചയാേടെയാണു ക്ലോസ് ചെയ്തത്. സെൻസെക്സ് 0.23 ശതമാനം താണ് 52,852.27 ലും നിഫ്റ്റി 0.2 ശതമാനം താണ് 15,824.45 ലും ക്ലോസ് ചെയ്തു. നിഫ്റ്റി 15,900-നു മുകളിലേക്ക് കടക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെടുകയാണ്. ഇന്നു 15,750-നു താഴേക്കു സൂചിക നീങ്ങിയാൽ 15,650 നിലവാരത്തിലേക്കു വീഴാമെന്നു സാങ്കേതിക വിശകലന വിദഗ്ധർ ആശങ്കിക്കുന്നു. എന്നാൽ വിപണി 15,900 കടന്നു നീങ്ങുമെന്ന ശുഭാപ്തിയിലാണ് ബ്രോക്കറേജുകൾ.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 15,880 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 15,942 ൽ വ്യാപാരം തുടങ്ങിയിട്ട് 15,910 ലേക്കു താണു. ഇന്ത്യൻ വിപണി ഉയർച്ചയോടെ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

വിദേശികളുടെ വിൽപനപ്രളയം

വിദേശ നിക്ഷേപകർ ഇന്നലെ 2376.79 കോടി രൂപയുടെ ഓഹരികളാണു വിറ്റഴിച്ചത്.ഈ മാസത്തെ ഏറ്റവും ഉയർന്ന പ്രതിദിന വിൽപ്പനയാണിത്. ഇതോടെ ഈ മാസം അവരുടെ വിൽപന 14,744.97 കോടി രൂപയിലെത്തി. പല ഫണ്ടുകളും വികസ്വര രാജ്യങ്ങളിലെ നിക്ഷേപം കുറച്ചു വരികയാണ്. അടുത്ത വർഷമാദ്യം യുഎസ് ഫെഡ് കടപ്പത്രം വാങ്ങൽ പരിപാടി കുറയ്ക്കും എന്ന് ഫണ്ടുകൾ കണക്കാക്കുന്നു. ഇപ്പോൾ മാസം 12,000 കോടി ഡോളറിൻ്റെ കടപ്പത്രം വാങ്ങുന്നത് പകുതി ആയേക്കാം. അതു പലിശ വർധന അടക്കമുള്ള കാര്യങ്ങളിലേക്കു നയിക്കും. അതു പ്രതീക്ഷിച്ചാണു ഫണ്ടുകളുടെ വിൽപനയും പിന്മാറ്റവും. നാളെ രാത്രി ഫെഡിൻ്റെ തീരുമാനങ്ങൾ പ്രഖ്യാപിക്കും.

സ്വദേശികൾ വാങ്ങി, പക്ഷേ....

സ്വദേശി ഫണ്ടുകൾ കാര്യമായി ഓഹരികൾ വാങ്ങിയെങ്കിലും വിദേശികളുടെ വിൽപനയ്ക്ക് ഒപ്പമെത്തിയില്ല. 1551.27 കോടിയുടെ ഓഹരികൾ അവർ വാങ്ങി. ഈ മാസം ഇതു വരെ സ്വദേശി ഫണ്ടുകളുടെ നിക്ഷേപം 11,738.57 കോടിയുടേതാണ്.
ഇന്നലെ യൂറോപ്യൻ ഓഹരികൾ താഴോട്ടു പോയി. യു എസ് ഓഹരികൾ ചാഞ്ചാട്ടത്തിനു ശേഷം ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ ഉയരത്തിലാണു വ്യാപാരം നടത്തുന്നത്.

ലോഹങ്ങൾക്കു വീണ്ടും കയറ്റം

ലോക വിപണിയിൽ വ്യാവസായിക ലോഹങ്ങളുടെ വില വർധന തുടരുന്നു. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ഇന്നലെ ചെമ്പിന് ഒന്നര ശതമാനവും അലൂമിനിയത്തിന് ഒരു ശതമാനവും വില കൂടി. ശക്തമായ ആഗോള വളർച്ചയെപ്പറ്റി വിപണിക്കു പ്രതീക്ഷയുണ്ട്.
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം 74.67 ഡോളറിലാണ്. വില ഇനിയും ഉയരുമെന്നാണു സൂചന.
ഫെഡ് തീരുമാനത്തെപ്പറ്റിയുള്ള ആശങ്കയിൽ സ്വർണം കുത്തനെ ഇടിഞ്ഞു. ഔൺസിന് 1796 ഡോളറിലേക്കു താണ സ്വർണം ഇന്നു രാവിലെ 1798 ഡോളറിലാണ്.

ചൈനയുടെ നീക്കങ്ങൾ എന്തിന്?

ചൈനയിൽ നടക്കുന്ന കാര്യങ്ങൾ അമേരിക്കൻ വിപണിയിലും ആശങ്ക പടർത്തുന്നുണ്ട്. ആലിബാബ, ഡീഡി ഗ്രൂപ്പുകൾക്കു പിന്നാലെ എഡ്യു ടെക് കമ്പനികളെയും റിയൽ എസ്റ്റേറ്റ് കമ്പനികളെയും ഭരണകൂടം ഞെരുക്കുകയാണ്. വിദേശത്തു നിന്നു മൂലധനം സമാഹരിച്ച കമ്പനികൾക്കാണു പ്രസിഡൻ്റ് ഷി ചിൻപിംഗിൻ്റെ പുതിയ നയം പ്രശ്നമായത്. വിദേശ മൂലധനശക്തികളുടെ "വിളയാട്ട "ത്തെ ഭരണകൂടം വിമർശിക്കുകയും ചെയ്തു. ഏതാനും കമ്പനികളെയോ ഗ്രൂപ്പുകളെയോ ഒതുക്കുന്നതു മാത്രമല്ല, വിദേശ മൂലധനത്തിൻ്റെ വലിയ സ്വാധീനം കുറയ്ക്കുക കൂടി ഷിയുടെ ലക്ഷ്യമാണോ എന്ന സംശയം ഉയരുന്നുണ്ട്. അമേരിക്കയിൽ ലിസ്റ്റ് ചെയ്ത ചൈനീസ് കമ്പനികളുടെ ഓഹരിവില കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ താണു. ഇന്നലെ ചൈനീസ് ഓഹരി സൂചികകൾ രണ്ടര ശതമാനം ഇടിഞ്ഞു. ഹോങ്കോംഗിലും വലിയ തകർച്ച നേരിട്ടു. ചൈനീസ് കമ്പനികളിലെ യുഎസ് നിക്ഷേപകർക്കു വൻ നഷ്ടമാണു നേരിടുന്നത്.

റിസൽട്ടുകൾ മെച്ചമല്ല

പ്രമുഖ കമ്പനികളുടെ ഒന്നാം പാദ റിസൽട്ടുകൾ മികച്ചതാണെങ്കിലും പ്രതീക്ഷ പോലെ ആയില്ല. കഴിഞ്ഞ വർഷത്തെ ഒന്നാം പാദം ലോക്ക് ഡൗൺ കാലമായിരുന്നതിനാൽ താരതമ്യത്തിൽ വലിയ വളർച്ച കാണും.എന്നാൽ ഇക്കഴിഞ്ഞ ജനുവരി-മാർച്ചുമായി താരതമ്യപ്പെടുത്തുമ്പോൾ ചിത്രം മോശമാകും.

ടാറ്റാ മോട്ടോഴ്സ് ഒന്നാം പാദ നഷ്ടം

4450 കോടി രൂപയായി കുറച്ചു. കഴിഞ്ഞ വർഷം ഒന്നാം പാദത്തിൽ 8444 കോടി നഷ്ടമുണ്ടായിരുന്നു. ജനുവരി-മാർച്ചിൽ 7585 കോടിയും. എന്നാൽ നഷ്ടം 2000 കോടിക്കു സമീപമാകും എന്നായിരുന്നു വിലയിരുത്തൽ. ഒന്നാം പാദ വിറ്റുവരവ് ഇരട്ടിച്ച് 66,406 കോടിയായി.
ലാർസൻ ആൻഡ് ടൂബ്രോയുടെ ലാഭം മൂന്നു മടങ്ങു വർധിച്ച് 1174 കോടിയായി. എന്നാൽ ജനുവരി - മാർച്ചിലേതിൽ നിന്ന് 64 ശതമാനം കുറവാണ്. വരുമാനത്തിലും 39 ശതമാനം കുറവുണ്ട്. പ്രാദേശിക ലോക്ക് ഡൗണുകളാണു ക്ഷീണമായത്. കമ്പനിക്ക് 26,557 കോടിയുടെ പുതിയ കരാറുകൾ ലഭിച്ചിട്ടുണ്ട്.
വ്യാവസായികലോഹങ്ങളുടെ വില അസാധാരണമായി വർധിച്ചതു വേദാന്തയുടെ ലാഭം നാലിരട്ടിയാക്കി. വരുമാനം 80 ശതമാനം വർധിച്ചു. എന്നാൽ ജനുവരി -മാർച്ചിലേതിൽ നിന്നു ലാഭം 34 ശതമാനം കുറഞ്ഞു.

ഇൻഷ്വറൻസ്, ഫിനാൻസ് മേഖലകൾക്കു തിരിച്ചടി

ലൈഫ് ഇൻഷ്വറൻസ് ബിസിനസിലുള്ള ഉപകമ്പനി നഷ്ടം വരുത്തിയതു മൂലം കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ ലാഭം 2.5 ശതമാനം താണു. ഉപ കമ്പനികളെ പെടുത്താതെ നോക്കിയാൽ ലാഭം 32 ശതമാനം കൂടുതലുണ്ട്. കോവിഡാണ് ലൈഫ് ഇൻഷ്വറൻസിൽ നഷ്ടം വരാൻ കാരണം.
ആക്സിസ് ബാങ്കിൻ്റെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 94 ശതമാനം കൂടി. എന്നാൽ തലേ പാദത്തിൽ നിന്നു 19 ശതമാനം കുറവായി. വകയിരുത്തലുകൾ കുറഞ്ഞതും പലിശയിതര വരുമാനം വർധിച്ചതുമാണു സഹായകമായത്.
കൂടുതൽ ക്ലെയിമുകൾ നൽകേണ്ടി വന്നത് എസ്ബിഐ ലൈഫ് ഇൻഷ്വറൻസിൻ്റെ അറ്റാദായം 43 ശതമാനം കുറച്ചു. മറ്റു ലൈഫ് ഇൻഷ്വറൻസ് കമ്പനികളും ലാഭക്കുറവോ നഷ്ടമോ കാണിക്കുന്ന നിലയിലാണ്.
കോവിഡ് രണ്ടാം തരംഗം ധനകാര്യ കമ്പനികളെ സാരമായി ബാധിച്ചതു കാണിക്കുന്നതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻസിൻ്റെ കനത്ത നഷ്ടം. 1529 കോടിയാണു കമ്പനിയുടെ നഷ്ടം. വാണിജ്യ വാഹന വിൽപന ഇടിഞ്ഞതും വായ്പാ തിരിച്ചടവിൽ കാര്യമായ കുറവുണ്ടായതും കമ്പനിയെ ബാധിച്ചു. കിട്ടാക്കടങ്ങൾ എഴുതിത്തള്ളാനും വകയിരുത്തലിനുമായി 2819 കോടി രൂപ വേണ്ടി വന്നു. മുൻ വർഷം ഇത് 843 കോടിയായിരുന്നു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it