ഷി ചിൻപിംഗും ഓഹരിവിപണിയും തമ്മിൽ എന്ത്? അദാനി ഗ്രൂപ്പിനെതിരേ വീണ്ടും; ഐഎംഎഫ് നിഗമനം ആശ്വാസകരം; തിരുത്തലിനു സമയമായോ? ഫാർമയിൽ തിരിച്ചടി

ചൈനയിൽ ടെക്നോളജി ഭീമന്മാർക്കും വിദേശ മൂലധനത്തിനും എതിരായ നീക്കം കൂടുതൽ മേഖലകളിലേക്കു കടക്കുന്നു; കോവിഡിൻ്റെ പുതിയ വകഭേദം യൂറാേപ്പിലും അമേരിക്കയിലും ഏഷ്യയിലും അതിവേഗം പടരുന്നു - ആഗോള വിപണികളിൽ ആശങ്ക വ്യാപിപ്പിക്കുന്ന വിഷയങ്ങളായി ഇവ മാറി.

ഇന്നലെ ഇന്ത്യൻ വിപണിയും പിന്നീടു യൂറോപ്യൻ, അമേരിക്കൻ വിപണികളും ഈ വിഷയത്തിലാണു താഴോട്ടു പോയത്. ഇന്ന് ഏഷ്യൻ വിപണികളും താഴ്ചയിലാണ്. അതിൻ്റെ കാറ്റ് ഇന്ത്യയിലും വീശും. വിപണി ഒരു തിരുത്തലിലേക്കു നീങ്ങിയാലും ആശ്ചര്യപ്പെടേണ്ടതില്ല.
സെൻസെക്സ് ഇന്നലെ തുടക്കത്തിൽ നല്ല നേട്ടം ഉണ്ടാക്കിയ ശേഷമാണു താഴോട്ടു പോയത്. ഇടയ്ക്ക് 53,000 കടന്ന ശേഷം 0.52 ശതമാനം താണ് 52,578.76 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 0.49 ശതമാനം താഴ്ചയിൽ 15,746.45 ലാണു ക്ലോസ് ചെയ്തത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഇടിഞ്ഞു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി 15,718 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ അൽപം ഉയർന്നു.

തടസ മേഖലകൾ

വിപണി ആഴ്ചകളായി കാണുന്ന 15,600-15,700 മേഖലയിലെ സപ്പോർട്ട് ഇന്നു പരിശോധിക്കും എന്നാണു സാങ്കേതിക വിശകലന വിദഗ്ധർ കരുതുന്നത്. ഉയർന്നാൽ 15,850 ലും 15,950 ലും തടസങ്ങൾ ഉണ്ട്. 15,900 കടക്കാൻ നിഫ്റ്റി ആഴ്ചകളായി ശ്രമിക്കുന്നുണ്ടെങ്കിലും വിൽപന സമ്മർദം മൂലം തിരിച്ചിറങ്ങുകയാണ്.
വിദേശ നിക്ഷേപകർ ഇന്നലെ 1459.08 കോടി രൂപ ഓഹരികളിൽ നിന്നു പിൻവലിച്ചു. ഇതാേടെ ഈ മാസത്തെ വിദേശികളുടെ വിൽപന 16,204 കോടിയായി. സ്വദേശി ഫണ്ടുകൾ ഇന്നലെ 729.96 കോടിയുടെ ഓഹരികൾ വാങ്ങി.

പടിഞ്ഞാറൻ കാറ്റ്

അമേരിക്കയിൽ മുഖ്യസൂചികകൾ മൂന്നും താഴോട്ടു പോയി. ടെക്നോളജി കമ്പനികൾക്കു പ്രാധാന്യമുള്ള നാസ്ഡാക് സൂചിക ഒന്നര ശതമാനം താണു. വരും മാസങ്ങളിൽ വരുമാനം കുറയുമെന്ന ആപ്പിളിൻ്റെ മുന്നറിയിപ്പും നാസ്ഡാകിനെ ബാധിച്ചു. യു എസിൽ ലിസ്റ്റ് ചെയ്ത ചൈനീസ് ടെക്നോളജി കമ്പനികളുടെ ഓഹരികൾക്കുണ്ടായ വലിയ ഇടിവും നാസ്ഡാകിനു ക്ഷീണമായി.

ദിശകാണാതെ ക്രൂഡ്, സ്വർണം

ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ആഗോള വളർച്ച ഇക്കൊല്ലം ആറു ശതമാനമായിരിക്കുമെന്ന നിഗമനം ഐഎഎഫ് സ്ഥിരീകരിച്ചത് ക്രൂഡ് വിലയ്ക്കു പിൻബലമായി. യു എസ് ക്രൂഡ് സ്റ്റാേക്ക് കണക്കും ഫെഡ് നിലപാടുമാണ് ഈയാഴ്ച ക്രൂഡ് വിലയെ സ്വാധീനിക്കുക. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 74.5 ഡോളറിലാണ്.
സ്വർണ വിലയും കാര്യമായ മാറ്റം കാണിച്ചില്ല. ഇന്നലെ 1793-1805 ഡോളർ മേഖലയിൽ കയറിയിറങ്ങി. ഇന്നു രാവിലെ 1800 ഡോളറിലാണു സ്വർണം. ഇന്നു രാത്രി ഫെഡ് തീരുമാനം അറിഞ്ഞ ശേഷം വിപണി പുതിയ ദിശ കാണിച്ചേക്കും.
വ്യാവസായിക ലോഹങ്ങൾ ഉയർന്നു തന്നെ തുടർന്നു. ചെമ്പ് ഇന്നലെ 1.35 ശതമാനം കയറി.അലുമിനിയം അൽപം താണെങ്കിലും അവധി വ്യാപാരത്തിൽ കയറി.

ചൈനയിൽ സംഭവിക്കുന്നത്

ഇന്നലെയും തിങ്കളാഴ്ചയുമായി ചൈനീസ് ഓഹരി സൂചികകൾ അഞ്ചു ശതമാനത്തോളം താണു. ഹോങ്കോങ്ങിലെ ഇടിവ് ഏഴു ശതമാനമായി.
ജായ്‌ക്ക് മായുടെ ആലിബാബ ഗ്രൂപ്പിനെതിരേ തുടങ്ങിയ ചൈനീസ് നീക്കങ്ങൾ എന്താണു ലക്ഷ്യമിടുന്നതെന്ന് വ്യക്തമായിട്ടില്ല. ടെക് ഭീമന്മാരുടെ കുത്തക തകർക്കലാണ് ലക്ഷ്യമെന്നു തുടക്കത്തിൽ കരുതി. ധനകാര്യ മേഖലയിലെ ചില കമ്പനികളുടെ അധീശത്വം തകർക്കാനാണു ഷി ചിൻപിംഗിൻ്റെ ഭരണകൂടം ആദ്യം ശ്രമിച്ചത്. പിന്നീട് അതു റീട്ടെയിൽ വ്യാപാരം, സമൂഹ മാധ്യമങ്ങൾ, ഓൺലൈൻ ട്യൂഷൻ തുടങ്ങിയവയിലേക്കു കടന്നു. ഈ ദിവസങ്ങളിൽ വിദേശ മൂലധനശക്തികൾ ചൈനീസ് നയങ്ങളിൽ കൈ കടത്തുന്നതിനെതിരേ പല പരാമർശങ്ങളും അധികാര കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായി. ഒറ്റപ്പെട്ട കമ്പനികളെയല്ല, മൂലധനശക്തികളെയാണു ചൈന ലക്ഷ്യമിടുന്നതെന്ന സംശയം പലരും ഉന്നയിച്ചു തുടങ്ങി.
ചൈനീസ് ലക്ഷ്യം എന്താണെന്നു വ്യക്തമല്ലാത്തതാണു വിപണികളെ കൂടുതൽ ആശങ്കയിലാക്കുന്നത്. അമേരിക്കയിലെ ചൈനീസ് കമ്പനി ഓഹരികൾക്കു കനത്ത ഇടിവാണുണ്ടായത്.

ഐഎംഎഫ് വിലയിരുത്തലിൽ ഇന്ത്യക്ക് ആശ്വാസം

ഇന്ത്യയുടെ ഈ ധനകാര്യ വർഷത്തെ ജിഡിപി വളർച്ച 9.5 ശതമാനമായിരിക്കുമെന്ന് ഐഎംഎഫ് വിലയിരുത്തി. ഏപ്രിലിൽ കണക്കാക്കിയ 12.5 ശതമാനത്തിൽ നിന്നു ഗണ്യമായി കുറച്ചത് കോവിഡ് രണ്ടാം തരംഗത്തെ തുടർന്നാണ്. റിസർവ് ബാങ്കിൻ്റെ നിഗമനവുമായി യോജിച്ചു പോകുന്നതാണ് പുതിയ വിലയിരുത്തൽ.2022-23ൽ ഇന്ത്യ 8.3 ശതമാനം വളരുമെന്നും ഐഎംഎഫ് കണക്കാക്കുന്നു.
ചൈനയുടെ ഇക്കൊല്ലത്തെ വളർച്ച പ്രതീക്ഷ 8.4 ൽ നിന്ന് 8.1 ശതമാനമായി കുറച്ചു. അമേരിക്കയുടേത് ഏഴു ശതമാനം. യുകെയും ഏഴു ശതമാനം വളരും. ആഗാേള വളർച്ച ആറു ശതമാനം എന്നാണു വിലയിരുത്തൽ.
ലോകബാങ്ക് ഇക്കൊല്ലം ഇന്ത്യ 8.3 ശതമാനമേ വളരൂ എന്നാണു പ്രവചിച്ചിട്ടുള്ളത്. ഏഷ്യൻ വികസന ബാങ്ക് (എഡിബി) 10 ശതമാനം പ്രതീക്ഷിക്കുന്നു.

ഫാർമയിൽ തിരിച്ചടി

ഡോ.റെഡ്ഡീസ് ലബോറട്ടറീസിൻ്റെയും അലെംബിക് ഫാർമയുടെയും മോശം ഒന്നാം പാദ ഫലങ്ങൾ ഇന്നലെ വിപണിയെ ബാധിച്ചു. ഡോ.റെെഡ്ഡീസിന് 10.49 ശതമാനവും അലെംബിക്കിന് 11.19 ശതമാനവും വിലയിടിഞ്ഞു. റെഡ്ഡീസിനെതിരെ അമേരിക്കൻ ഓഹരി വിപണി റെഗുലേറ്റർ അന്വേഷണം തുടങ്ങിയതും വിഷയമായി. അലെംബിക്കിന് അമേരിക്കയിലെ ഉൽപന്നവില കുറയ്ക്കേണ്ടി വന്നതു വരുമാനത്തെ സാരമായി ബാധിച്ചു. സൺ, ലൂപിൻ, സിപ്ള, കാഡില്ല, അരബിന്ദോ, ഗ്ലെൻമാർക്ക് തുടങ്ങിയ ഫാർമ കമ്പനികളുടെ ഓഹരികൾക്കും വിലയിടിഞ്ഞു.

ഇൻഡിഗോ നഷ്ടം കൂടി

ഇൻഡിഗാേ വിമാന സർവീസ് നടത്തുന്ന ഇൻ്റർ ഗ്ലോബ് ഏവിയേഷൻ്റെ ഒന്നാം പാദ റിസൽട്ട് പ്രതീക്ഷയിലും വലിയ നഷ്ടം (3174 കോടി രൂപ) കാണിച്ചു. തുടർച്ചയായ ആറാം പാദത്തിലാണു കമ്പനി നഷ്ടം വരുത്തുന്നത്. യാത്രക്കാർ കുറഞ്ഞതും ഇന്ധനവില ഇരട്ടിച്ചതുമാണു കാരണങ്ങൾ.

അദാനിയിൽ വീണ്ടും അന്വേഷണം

അദാനി ഗ്രൂപ്പ് കമ്പനികളിലെ ചില വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ യഥാർഥ ഉടമകൾ ആരെന്നു സെബി അന്വേഷിക്കുന്നതായി റിപ്പോർട്ട്. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉള്ള ഗ്രൂപ്പിനെതിരേ ഇത്തരം അന്വേഷണം തുടങ്ങിയത് ചെറിയ കാര്യമല്ല.
ഇൻഡസ് ഇൻഡ് ബാങ്ക് ഒന്നാം പാദത്തിൽ അറ്റാദായം ഇരട്ടിയാക്കി. കനറാ ബാങ്ക് അറ്റാദായം മൂന്നിരട്ടിയാക്കി. പ്രശ്ന കടങ്ങൾക്കുള്ള വകയിരുത്തൽ കുറഞ്ഞതാണു ലാഭ വർധനയിലേക്കു നയിച്ചത്. യൂകാേ ബാങ്ക് അറ്റാദായം നാലു മടങ്ങായി. അതേ സമയം കർണാടക ബാങ്കിൻ്റെ അറ്റാദായം 46 ശതമാനം കുറഞ്ഞു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it