Begin typing your search above and press return to search.
ഓഹരി വിപണി തിരിച്ചു കയറാൻ ശ്രമം; ആഗോള സൂചനകളിൽ ആശങ്ക; ചൈന വേട്ടയാടുന്നതു വിദേശ മൂലധനത്തെയോ? ലോഹങ്ങളും ക്രൂഡും കയറ്റത്തിൽ
മൂന്നു ദിവസത്തെ നഷ്ടക്കഥകൾ തിരുത്തി വിപണി ഇന്നലെ തുടക്കം മുതൽ ഒടുക്കം വരെ നേട്ടം കുറിച്ചു. സൂചികകളിലെ മാറ്റം ചെറുതായിരുന്നെങ്കിലും മനാേഭാവത്തിലെ മാറ്റം വലുതായിരുന്നു. ജൂലൈ ഡെറിവേറ്റീവ് സെറ്റിൽമെൻ്റ് കഴിഞ്ഞതോടെ വിപണി ഉന്മേഷത്തിലാണ്. എന്നാൽ ആഗാേള വിപണികളിൽ നിന്നും നല്ല സൂചനകളല്ല ഇന്നു രാവിലെ കിട്ടുന്നത്.
സെൻസെക്സ് 209.36 പോയിൻ്റ് (0.4%) ഉയർന്ന് 52,653.07 ലും നിഫ്റ്റി 69.05 പോയിൻ്റ് (0.44%) കയറി 15,778.45 ലും ക്ലോസ് ചെയ്തു. വിദേശികളുടെ വിൽപനയുടെ തോത് കുറയുകയും സ്വദേശി ഫണ്ടുകളുടെ വാങ്ങൽ വർധിക്കുകയും ചെയ്തു. മെറ്റൽ ഓഹരികളിലെ മികച്ച കുതിപ്പാണ് ഇന്നലെ ശ്രദ്ധേയമായത്. നിഫ്റ്റി മെറ്റൽ സൂചിക അഞ്ചു ശതമാനം ഉയർന്നു.
വിപണി ചെറിയ തോതിൽബുള്ളിഷ് ആണെന്നു സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. അതു നിലനിർത്താൻ ഇന്നു കഴിയുമെന്ന് ഉറപ്പില്ല. ഇന്ന് 15,830 നു മുകളിലേക്ക് ഉയർന്നാൽ 15,900-15,950 മേഖലയിലേക്ക് നിഫ്റ്റി ലക്ഷ്യമിടും. എന്നാൽ 15,750 ൻ്റെ സപ്പോർട്ടിനു താഴാേട്ടു പോയാൽ 15,650-15,600 തലത്തിലേക്കു വിപണി വീഴും.
സിംഗപ്പുർ സൂചന
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നു രാവിലെ താഴ്ചയിലാണ്.ഇന്നലെ 15,832-ൽ ക്ലോസ് ചെയ്ത വ്യാപാരം രാവിലെ 15,773 ലാണ് തുടങ്ങിയത്. ഇന്ത്യൻ വിപണി താഴ്ചയോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വിദേശ നിക്ഷേപകർ ഇന്നലെ 866.26 കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേ സമയം സ്വദേശി ഫണ്ടുകൾ 2046.96 കോടിയുടെ ഓഹരികൾ വാങ്ങി.ഫണ്ടുകളുടെ പക്കൽ പണം ധാരാളമായി ഉണ്ട്.
വിപണിയിലേക്കു പണമൊഴുക്ക്
ഐപിഒകളിൽ വലിയ നിക്ഷേപ താൽപര്യം ഈ ദിവസങ്ങളിൽ ദൃശ്യമായി. സൊമാറ്റോയുടെ മെഗാ ഇഷ്യുവിനു ശേഷം തത്വചിന്തൻ ഫാർമ കെമിനു നല്ല പ്രതികരണമായിരുന്നു. പിന്നീടു റോളക്സ് റിംഗ്സിനും ഗ്ലെൻ മാർക്ക് ലൈഫിനും നല്ല സ്വീകരണം കിട്ടി. വിപണിയിലേക്കു പണം ധാരാളമായി എത്തുന്നു എന്നാണ് ഇതു കാണിക്കുന്നത്. മിഡ് ക്യാപ്, സ്മാേൾ ക്യാപ് ഓഹരികളിൽ വലിയ താൽപര്യമാണു റീട്ടെയിൽ നിക്ഷേപകർ കാണിക്കുന്നത്. ഇതെല്ലാം വിപണിയിൽ പുതിയ ഉണർവിനു കാരണമാകും.
യു എസ് ഫെഡ് തീരുമാനം വിദേശനിക്ഷേപകരുടെ വിൽപന സമ്മർദം കുറയാൻ കാരണമാകുമെന്നും കരുതപ്പെടുന്നു.
യൂറോപ്യൻ വിപണികൾ ഇന്നലെയും ഉയർന്നു. അമേരിക്കൻ സൂചികകൾ തുടക്കത്തിലെ നേട്ടം നിലനിർത്തിയില്ലെങ്കിലും ഉയരത്തിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ താഴോട്ടു നീങ്ങി. ജപ്പാനിലെ നിക്കൈ സൂചിക ഇന്നു തുടക്കത്തിലേ ഒരു ശതമാനത്തിലേറെ താഴോട്ടു പോയി.
ചൈന നയം മാറ്റുന്നു?
ചൈനയിലെ സംഭവങ്ങളും ആമസോൺ വിൽപന വളർച്ച കുറയുന്നതായി അറിയിച്ചതുമാണ് ഏഷ്യൻ വിപണികൾ ദുർബലമാകാൻ കാരണം.
ചൈന ടെക്നോളജി ഭീമന്മാർക്കും വിദേശ മൂലധനം സ്വീകരിച്ച കമ്പനികൾക്കുമെതിരേ നടത്തുന്ന നീക്കങ്ങൾ തുടരും എന്ന വിലയിരുത്തലാണുള്ളത്. പൂച്ച വെളുത്തതോ കറുത്തതോ ആകട്ടെ, എലിയെ പിടിച്ചാൽ മതി എന്നു പറഞ്ഞു വിദേശ മൂലധനത്തെ 1980കളിൽ സ്വാഗതം ചെയ്ത ഡെംഗ് സിയാവോ പിംഗിൻ്റെ നയത്തിൽ നിന്നു ഷി ചിൻപിംഗിൻ്റെ ഭരണകൂടം മാറുകയാണെന്നു നിരീക്ഷകർ കരുതുന്നു.
ടെക്നോളജി, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ഫിനാൻസ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വമ്പന്മാരടക്കമുള്ള പുതുതലമുറ കമ്പനികളെയാണു ചൈനീസ് ഭരണകൂടം ഇപ്പോൾ ലക്ഷ്യമിടുന്നത്. സാമ്പത്തിക അസമത്വം കുറയ്ക്കുക, പുതു തലമുറ വ്യവസായങ്ങളും ട്യൂഷൻ കമ്പനികളും ഒക്കെച്ചേർന്നു കുടുംബങ്ങളുടെ ചെലവ് വർധിപ്പിക്കുന്നതു തടയുക തുടങ്ങിയ ലക്ഷ്യങ്ങൾ ഇപ്പാേഴത്തെ ചൈനീസ് നീക്കങ്ങൾക്കു പിന്നിലുണ്ടെന്നു കരുതപ്പെടുന്നു.
ചൈന ആഗോള മൂലധനത്തിനെതിരേ തിരിയുന്നോ?
മൊത്തത്തിൽ ആഗോളമൂലധനത്തിനെതിരായ ഒരു നീക്കം എന്നാണു വ്യാഖ്യാനം. നാലു ദശക ക്കാലം തുടർന്ന നയത്തിൽ നിന്നു ചൈന മാറുന്നതായി പലരും കരുതി. ഇതേ തുടർന്നു ഹോങ്കോംഗിലും അമേരിക്കയിലും ലിസ്റ്റ് ചെയ്ത ചൈനീസ് കമ്പനികളുടെ വില കുത്തനെ ഇടിഞ്ഞു. ചൈനീസ് ഓഹരി സൂചികകളും താഴോട്ടു പാേയി.
ഇന്നലെ ചൈനീസ് സർക്കാർ ബാങ്കർമാരുമായും മറ്റും കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നു ഷാങ്ഹായ് കോംപസിറ്റ് സൂചിക രണ്ടര ശതമാനം ഉയർന്നു. ഹോങ്കോംഗിലും നേട്ടമുണ്ടായി. എന്നാൽ രാത്രി യു എസ് വിപണിയിൽ ചൈനീസ് ഓഹരികൾ വീണ്ടും താഴോട്ടുപോയി. അതിൻ്റെ തുടർച്ചയാണ് ഇന്ന് ഏഷ്യൻ വിപണികളിൽ കാണുന്നത്.
ആമസോൺ പറഞ്ഞത്
ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാര കമ്പനിയായ ആമസോൺ കോവിഡ് മഹാമാരിയുടെ കാലത്തു വലിയ വളർച്ച നേടിയിരുന്നു. എന്നാൽ വിവിധ രാജ്യങ്ങളിൽ വ്യാപാര നിയന്ത്രണങ്ങൾ നീങ്ങിയതോടെ ഓൺലൈൻ വ്യാപാരത്തിലെ കുതിപ്പ് തീർന്നു. ഇന്നലെ ആമസോൺ ഓഹരികൾ താഴോട്ടു നീങ്ങിയത് നാസ്ഡാക് സൂചികയുടെ ഉയർച്ച നാമമാത്രമാകാൻ കാരണമായി. ഇതിൻ്റെ പ്രതിഫലനവും ഇന്നു വിപണിയിലുണ്ടാകും.
ക്രൂഡും സ്വർണവും ഉയർന്നു
ക്രൂഡ് ഓയിലും സ്വർണവും ഇന്നലെ കുതിച്ചു കയറി. രണ്ടും ഒന്നര ശതമാനത്തിലധികം ഉയർന്നു.
യു എസ് ജിഡിപി വളർച്ച പ്രതീക്ഷ പോലെ വന്നില്ലെങ്കിലും ജനങ്ങളുടെ ഉപഭോഗം വർധിക്കുന്നതും അടിസ്ഥാന സൗകര്യ മേഖലയിൽ നിക്ഷേപം കൂടുന്നതും വ്യവസായ വളർച്ച ത്വരിതപ്പെടുത്തും എന്നു വിപണി കരുതുന്നു. അതാണു ക്രൂഡ് ഓയിൽ വിലയെ ഉയർത്തുന്നത്. ബ്രെൻ്റ് ഇനം ക്രൂഡ് 76.05 ഡോളറിലേക്കു കയറി. 1.75 ശതമാനമാണ് ഏകദിന വർധന. വില ഇനിയും കൂടുമെന്നാണു സൂചന. ഏപ്രിൽ-ജൂണിൽ യു എസ് ജിഡിപി 6.5 ശതമാനം വളർന്നു. 8.5 ശതമാനം പ്രതീക്ഷിച്ചിരുന്നതാണ്.
ഡോളർ സൂചിക താണതു രൂപയ്ക്കു നേട്ടമായി. ഡോളർ 74.23 രൂപ വരെ താണു.
യുഎസ് ഫെഡിൻ്റെ തീരുമാനം ഡോളർ നിരക്ക് താഴ്ത്തിയതാണു സ്വർണത്തിനു വഴിത്തിരിവായത്. ഡോളർ സൂചിക 92-നു താഴെയായി. ജനുവരിയോടെ ഫെഡ് കടപ്പത്രം വാങ്ങൽ കുറയ്ക്കുമെന്ന ചെയർമാൻ പവലിൻ്റെ സൂചനയും സ്വർണത്തിനു കരുത്തായി. ഇന്നലെ 1814 ഡോളറിൽ വ്യാപാരം തുടങ്ങിയ സ്വർണം 1832.6 ഡോളർ വരെ കയറി. ഇന്നു രാവിലെ അൽപം താണ് 1828 ഡോളറിലാണു മഞ്ഞലോഹം. കേരളത്തിൽ സ്വർണ വിലയിൽ ഇന്നു നല്ല മാറ്റം ഉണ്ടാകും. പവൻ വില വീണ്ടും 36,000 രൂപയ്ക്കു മുകളിലെത്തും.
ലോഹങ്ങൾക്കും കുതിപ്പ്
ആഗാേള വിപണികളിൽ വ്യാവസായിക ലോഹങ്ങളിലെ കുതിപ്പ് തുടരുന്നു. അലൂമിനിയം ഇന്നലെ 2.23 ശതമാനം ഉയർന്നു. ചെമ്പ് 0.9 ശതമാനവും. സ്റ്റീൽ വിലയും ഉയരുകയാണ്. ചൈന സ്റ്റീൽ കയറ്റുമതി നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
ഇന്നലെ പ്രമുഖ മെറ്റൽ ഓഹരികൾ വലിയ നേട്ടമുണ്ടാക്കി. ഹിൻഡാൽകോ 10.04 ശതമാനവും ടാറ്റാ സ്റ്റീൽ 6.84 ശതമാനവും ഉയർന്നു. ഇതാേടെ വിപണി മൂല്യം 1.75 ലക്ഷം കോടി രൂപ കടന്ന ടാറ്റാ സ്റ്റീൽ ടാറ്റാ ഗ്രൂപ്പിലെ രണ്ടാമത്തെ വലിയ വിപണിമൂല്യമുള്ള കമ്പനിയായി.
Next Story
Videos