ഓഹരി വിപണിക്ക് ഉത്സാഹ ലഹരി; അഡാനി ഗ്രൂപ്പിൽ സംഭവിക്കുന്നത്; അംബാനി എന്തു പറയുമെന്നു ശ്രദ്ധിക്കണം; ക്രൂഡ് കുതിപ്പിൽ

ഫെഡ് പറഞ്ഞു, വിപണി താണു. വീണ്ടും ഫെഡ് പറഞ്ഞു, വിപണി ഉയർന്നു. ഇന്ന് ഇന്ത്യയിൽ വിപണി കുതിക്കും.

ഓഹരി വിപണികളിൽ ഈ ദിവസങ്ങളിൽ സംഭവിച്ച കോളിളക്കം ഫെഡിൻ്റെ വാക്കുകൾ മൂലമാണ്. വിലക്കയറ്റം സംബന്ധിച്ച ഫെഡിൻ്റെ പുതിയ വിശകലനം ഇന്നലെ പുറത്തു വന്നു. കഴിഞ്ഞ ആഴ്ചത്തെ വിശകലനങ്ങൾ തിരുത്തുന്നതായി അത്. അതിൻ്റെ ചുരുക്കം ഇതാണ്: കഴിഞ്ഞ വർഷം വലിയ വിലയിടിവ് ഉണ്ടായതാണ് ഇക്കൊല്ലം വിലക്കയറ്റത്തോത് ഉയർത്തിയത്. അടുത്ത വർഷം ആദ്യത്തോടെ വിലക്കയറ്റത്തോത് താഴും.
ഇതിൻ്റെ അർഥം പലിശവർധനയുടെ സാധ്യത വിദൂരമായി എന്നാണ്. കഴിഞ്ഞ ബുധനാഴ്ച മുതൽ വിപണിയെ ഉലച്ച വിഷയം തൽക്കാലം മാറി. ഇന്നലെ ഈ വിശദീകരണം ഇന്ത്യയും യൂറോപ്പിലും അമേരിക്കയിലും ഓഹരികളെ ഉയർത്തി. ഇന്നു രാവിലെ ഏഷ്യൻ ഓഹരികളും നല്ല കുതിപ്പോടെ വ്യാപാരം തുടങ്ങി. ഇന്ത്യയിലും വിപണി ഉത്സാഹത്തിലാകും.

ഉയർന്നു തുടങ്ങും

സിംഗപ്പുർ എക്സ്ചേഞ്ചിലെ നിഫ്റ്റി ഡെറിവേറ്റീവ് ഇന്നലെ 15,815-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില വീണ്ടും കയറി. ഇന്ന് ഇന്ത്യൻ വിപണി ഉയർച്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ നീണ്ട ബുളളിഷ് കാൻഡിൽ ചിത്രം നൽകിക്കൊണ്ടാണ് നിഫ്റ്റി വ്യാപാരം അവസാനിച്ചതെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇന്ന് 15,761-നു മുകളിലേക്കു കരുത്തോടെ മുന്നേറിയാൽ നിഫ്റ്റി പുതിയ ഉയരങ്ങൾ തേടിയുള്ള യാത്ര തുടരുമെന്നാണു പ്രവചനം. 15,900 ആണ് അടുത്ത ലക്ഷ്യമായി കണക്കാക്കുന്നത്. കഴിഞ്ഞയാഴ്ച നിഫ്റ്റി 15,901 വരെ കയറിയതാണ്. അവിടെയുള്ള തടസം മറികടന്നാൽ 16,000-നു മുകളിൽ കണ്ണുവയ്ക്കാം. താഴെ 15,650 - 15,600 മേഖലയിൽ ശക്തമായ സപ്പോർട്ട് ഉണ്ട്.

താഴ്ചയിൽ വാങ്ങാൻ തിരക്ക്

തിങ്കളാഴ്ച ജാപ്പനീസ് സൂചിക നിക്കൈ മൂന്നു ശതമാനത്തിലേറെ താണു ക്ലോസ് ചെയ്ത ശേഷമാണ് ഇന്ത്യൻ ഓഹരികൾ തിരിച്ചു കയറിയത്. സെൻസെക്സ് 888.99 പോയിൻ്റും നിഫ്റ്റി 259.5 പോയിൻ്റും ചാഞ്ചാടി. രാവിലെ യുഎസ് - ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ചു വലിയ താഴ്ചയിലേക്കു നീങ്ങിയ സൂചികകൾ പിന്നീടു സാവധാനം തിരിച്ചു കയറി. യൂറോപ്യൻ വിപണികൾ ഉയരത്തിൽ വ്യാപാരം തുടങ്ങിയതോടെ ഇവിടെ സൂചികകൾ നേട്ടത്തിലുമായി. താഴ്ചയിൽ വാങ്ങാൻ നിക്ഷേപകർ തിരക്കുകൂട്ടി. ഒടുവിൽ 0.4 ശതമാനം നേട്ടത്തോടെ മുഖ്യസൂചികകൾ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകൾ, വൈദ്യുതി കമ്പനികൾ, റിയൽ എസ്റ്റേറ്റ് കമ്പനികൾ തുടങ്ങിയവയാണ് സൂചികകളെ ഉയർത്തിയത്.
മിഡ് ക്യാപ് സൂചിക 0.85 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.65 ശതമാനവും ഉയർന്നത് നേട്ടം വിശാലമായിരുന്നെന്നു കാണിക്കുന്നു.
ഇന്നലെ വിദേശ നിക്ഷേപകർ 1244.71 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകൾ 138.09 കോടിയുടെ ഓഹരികൾ വാങ്ങി.

നേട്ടവുമായി പൊതുമേഖലാ ബാങ്കുകൾ

സ്വകാര്യവൽക്കരണത്തെപ്പറ്റി സൂചനകൾ വീണ്ടും ലഭിച്ചതോടെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെയും ഇന്ത്യൻ ഓവർസീസ് ബാങ്കിൻ്റെയും ഓഹരികൾ 20 ശതമാനം വരെ കയറി.
വിവാദത്തിലായ അഡാനി ഗ്രൂപ്പിൻ്റെ ഏഴു കമ്പനികളുടെയും ഓഹരികൾ ഇന്നലെ കുതിച്ചു. പ്രതിദിന പരമാവധി ഉയർച്ചയിലാണ് ആ ഓഹരികളെല്ലാം.
പിപിഎൻബി ഹൗസിംഗ് ഫിനാൻസിൻ്റെ നിയന്ത്രണം കാർലൈൽ ഗ്രൂപ്പിനു നൽകുന്നതു സംബന്ധിച്ച വോട്ടെടുപ്പ് നടത്തുന്നത് സ്റ്റേ ചെയ്ത സെബി നടപടി സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ (സാറ്റ്) റദ്ദാക്കി. ഇന്നാണ് കമ്പനിയുടെ അസാധാരണ പൊതുയോഗം. വോട്ട് ഫലം പരസ്യപ്പെടുത്തുന്നത് ജൂലൈ അഞ്ചിനു സാറ്റ് അപ്പീൽ പരിഗണിച്ച ശേഷം മാത്രമാകും. ഇന്നലെ പിഎൻബി ഹൗസിംഗ് ഫിനാൻസ് ഓഹരികൾ 20 ശതമാനത്തോളം താണു.

അംബാനി എന്തു വെളിപ്പെടുത്തും?

വ്യാഴാഴ്ച റിലയൻസ് ഇൻഡസ്ട്രീസിൻ്റെ വാർഷികം യാേഗം ഉണ്ട്. അതിൽ ചെയർമാൻ മുകേഷ് അംബാനി എന്തെങ്കിലും വലിയ പ്രഖ്യാപനം നടത്തുമെന്നു പ്രതീക്ഷയുണ്ട്. റിലയൻസ് ഡയറക്ടർ ബോർഡിൽ സൗദി അരാംകോയുടെ ചെയർമാൻ യാസിർ ബിൻ ഉത് മാൻ അൽ റുമയ്യൻ അംഗമാകുമെന്ന പ്രഖ്യാപനം ആണു കാത്തിരിക്കുന്നത്. സൗദി സർക്കാരിൻ്റെ നിക്ഷേപ ഫണ്ട് ആയ പബ്ലിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൻ്റെ ഗവർണറുമാണ് ഇദ്ദേഹം. റിലയൻസിൻ്റെ പെട്രോ കെമിക്കൽ ബിസിനസിൽ അരാംകോ ഓഹരി എടുക്കും.

സ്വർണം ഉയർന്നു, ബിറ്റ് കോയിൻ ഇടിഞ്ഞു

വിലക്കയറ്റവും വളർച്ചയും സംബന്ധിച്ച പുതിയ ഫെഡ് വിലയിരുത്തൽ സ്വർണ്ണ വിപണിക്കു കരുത്തായി. സ്വർണം ഇന്നലെ 1764 ഡോളറിൽ നിന്ന് 1787 ഡോളർ വരെ ഉയർന്നു. ഇന്നു രാവിലെ 1783-1786 ഡോളർ നിലവാരത്തിലാണ്. ഫെഡ് നിലപാടും ബിറ്റ് കോയിൻ്റെ വിലത്തകർച്ചയും സ്വർണ ബുള്ളുകളെ വീണ്ടും ആവേശം കൊള്ളിക്കുന്നു.
ഡിജിറ്റൽ ഗൂഢ കറൻസിയായ ബിറ്റ് കോയിൻ ഇപ്പോൾ 31,500 ഡോളറിനു താഴെയാണ്. ഏപ്രിൽ പകുതിക്ക് 64,500 ഡോളറോളം ഉയർന്നതാണ്. പിന്നീട് ഇടിഞ്ഞ ഡിജിറ്റൽ കറൻസി ഒരാഴ്ച കൊണ്ട് 25 ശതമാനം താണു. ഇനിയും താഴുമെന്നാണു സൂചന. ചൈനയിൽ ഡിജിറ്റൽ കറൻസി ഇടപാട് വിലക്കിയതാണ് ഏറ്റവും പുതിയ സംഭവ വികാസം. മറ്റു ഡിജിറ്റൽ കറൻസികളുടെ വിലയും സമാന്തരമായി കീഴോട്ടു പോന്നു.

75 ഡോളറിലേക്കു ക്രൂഡ്

ക്രൂഡ് ഓയിൽ വില കുതിക്കുകയാണ്. ബ്രെൻ്റ് ഇനം വീപ്പയക്ക് 75 ഡോളറിനു തൊട്ടടുത്തെത്തി. ഇന്നലെ 74.94 ഡോളർ വരെ കയറിയ വില ഇന്നു രാവിലെ 74.86 ഡോളറിലാണ്. ഇറാൻ്റെ പുതിയ പ്രസിഡൻറ് ഉപരോധം നീക്കിക്കിട്ടാൻ യുഎസ് പ്രസിഡൻറിനെ കാണാൻ തയാറല്ലെന്നു പ്രഖ്യാപിച്ചത് വിപണിയിൽ വില വർധിക്കാൻ കാരണമായി. സാമ്പത്തിക വളർച്ച കരുത്തോടെ മുന്നോട്ടു പോകുമെന്ന ഫെഡ് പ്രവചനവും വിലയെ സഹായിച്ചു.
ഡോളർ സൂചിക അൽപം താണു. എങ്കിലും കറൻസി വിപണികൾക്ക് ആശ്വാസമായില്ല. ഡോളർ ഇന്നലെ 24 പൈസ ഉയർന്ന് 74.10 രൂപയിലാണു ക്ലോസ് ചെയ്തത്. ഇന്നു രൂപ നേട്ടമുണ്ടാക്കിയേക്കാം.

പവലിൻ്റെ മൊഴിയിൽ പറയുന്നത്

അമേരിക്കൻ ഫെഡ് ചെയർമാൻ ജെറോം പവൽ ഇന്ന് യു എസ് സെനറ്റ് കമ്മിറ്റിയിൽ സാമ്പത്തിക നില സംബന്ധിച്ചു മൊഴി നൽകുന്നുണ്ട്. അതിനായി തയാറാക്കിയ പ്രസ്താവനയിലാണ് വിലക്കയറ്റം താൽക്കാലികമാണെന്നും പലിശ കൂട്ടൽ ചർച്ച ചെയ്യാൻ സമയമായില്ലെന്നും പറഞ്ഞത്. ബുധനാഴ്ച ഫെഡ് ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയിൽ 2023 ഓടെ പലിശ രണ്ടു തവണ വർധിപ്പിക്കുമെന്ന് കൂടുതൽ അംഗങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് മറ്റൊരു ഫെഡ് ഉന്നതൻ 2022 ആദ്യം പലിശ കൂട്ടേണ്ടി വരുമെന്നു പറഞ്ഞു. ഇതെല്ലാമാണ് ഓഹരികളെ വീഴ്ത്തിയത്.
പവൽ ഇന്നു സെനറ്റിനോടു പറയാൻ പോകുന്നത് പലിശ വർധന സാവധാനമേ ഉണ്ടാകൂ എന്നാണ്. കാരണം വിലക്കയറ്റത്താേത് കുറഞ്ഞു വരും. എന്നാൽ കടപ്പത്രം വാങ്ങൽ പരിപാടി കുറയ്ക്കുന്നത് ആലാേചിച്ചു തുടങ്ങിയെന്ന് പവൽ അറിയിക്കും. മാസം 12,000 കോടി ഡോളറിൻ്റെ കടപ്പത്രങ്ങളാണ് ഇപ്പോൾ ഫെഡ് വാങ്ങുന്നത്. കുറയ്ക്കലിൻ്റെ തോതാണ് ഇനി വിപണി കാത്തിരിക്കുന്നത്. അത് ഓഗസ്റ്റിൽ അറിവായേക്കും.

ഉപഭോഗശേഷി കൂട്ടണം

കോവിഡ് രണ്ടാം തരംഗം അവസാനിക്കാറായ നിലയ്ക്ക് ജനങ്ങളുടെ ഉപഭോഗശേഷി (വാങ്ങൽ ശേഷി) വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഉത്തേജക പദ്ധതി നടപ്പാക്കണമെന്നു വ്യവസായ സംഘടനകൾ ആവശ്യപ്പെടുന്നു. ഒന്നാം തരംഗം കഴിഞ്ഞപ്പോൾ ഉണ്ടായതു പോലെ ഉപഭോഗവർധന ഇപ്പോൾ കാണുന്നില്ല. ചെറുകിട സംരംഭങ്ങളിൽ പണം മുടക്കിയും അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തിയും നാട്ടിലേക്കു പണമൊഴുക്കണമെന്നാണു സംഘടനകൾ നിർദേശിക്കുന്നത്.

നിക്ഷേപം കൂടി, വായ്പ മാന്ദ്യത്തിൽ

രാജ്യത്തു ബാങ്ക് നിക്ഷേപം കൂടുകയും വായ്പ കുറയുകയും ചെയ്യുന്ന അനാരോഗ്യകരമായ പ്രവണതയ്ക്കു മാറ്റം വന്നിട്ടില്ല. ജൂൺ നാലിന് അവസാനിച്ച ദ്വൈവാരത്തിൽ നിക്ഷേപങ്ങൾ 9.7 ശതമാനം വർധിച്ചു.വായ്പാ വർധന 5.7 ശതമാനം മാത്രം. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കാണിത്. രണ്ടു വർഷത്തിലേറെയായി ഈ നില തുടങ്ങിയിട്ട്. വ്യവസായ നിക്ഷേപത്തിനു സംരംഭകർ തയാറാകുന്നില്ലെന്നു ചുരുക്കം. ഈ നില മാറിയാലേ രാജ്യത്തു ശരിയായ വളർച്ച ഉണ്ടാകൂ.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it