ഓഹരി സൂചികകൾ പുതിയ റിക്കാർഡുകൾ രചിക്കുമോ? അതിർത്തിയിലെ നീക്കങ്ങൾ ശ്രദ്ധിക്കുക; വളർച്ചക്കണക്കുകളിൽ മാറ്റങ്ങൾ; റിലയൻസിൽ എന്തു സംഭവിക്കും?

ഓഹരി വിപണി റിക്കാർഡ് ഉയരങ്ങൾ ലക്ഷ്യമിടുന്ന ഒരാഴ്ചയുടെ തുടക്കമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ അതത്ര സുഗമമായിരിക്കില്ലെന്ന് പുതിയ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നു. ജമ്മുവിലെ വ്യോമസേനാ താവളത്തിൽ ഭീകരർ നടത്തിയ വ്യോമാക്രമണവും ചൈനീസ് അതിർത്തിയിലേക്ക് ഇന്ത്യ അരലക്ഷം സൈനികരെ നീക്കിയെന്ന റിപ്പോർട്ടും ആശങ്കകൾ വർധിപ്പിക്കുന്നവയാണ്. ഇവ സംബന്ധിച്ചു സർക്കാരിൽ നിന്നു വരുന്ന വിശദീകരണങ്ങൾ ഇന്നു വിപണിഗതിയെ സ്വാധീനിക്കും. കോവിഡ് ആശങ്ക ഒട്ടൊന്ന് ശമിച്ചപ്പോഴാണ് ഭീകരപ്രവർത്തനവും അതിർത്തിയും വിഷയമാകുന്നത്.

കോവിഡിൻ്റെ രണ്ടാം തരംഗത്തിൻ്റെ ആഘാതത്തിൽ 2011-12 ലെ വളർച്ച പ്രതീക്ഷ താഴ്ത്തുത്തുന്ന സമയത്ത് അതിർത്തിയിൽ അശാന്തി വളരുന്നത് താങ്ങാവുന്ന കാര്യമല്ല. അഫ്ഗാനിസ്ഥാനിൽ നിന്നു യുഎസ് സേന പിന്മാറുന്നതും താലിബാൻ കരുത്തു നേടുന്നതും മൂലമുള്ള പ്രശ്നങ്ങൾ അലട്ടുന്നതിനിടയിലാണു പുതിയ സംഭവ വികാസങ്ങൾ.

കഴിഞ്ഞയാഴ്ച ചാഞ്ചാട്ടങ്ങൾക്കിടയിലും മുഖ്യസൂചികകൾ നേട്ടമുണ്ടാക്കി.

ശരാശരി 1.12 ശതമാനം നേട്ടമാണു മുഖ്യ സൂചികകൾ കഴിഞ്ഞയാഴ്ച ഉണ്ടാക്കിയത്. വിപണിയിലെ ബുള്ളുകൾ ഇപ്പോഴും കരുത്തരാണെന്നും വിൽപന സമ്മർദം മറികടക്കാൻ അവർക്കു പ്രയാസമില്ലെന്നുമാണു നിഗമനം. സെൻസെക്സ് 52,925.04-ലും നിഫ്റ്റി 15,860.35ലും ആണു കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്.
നിഫ്റ്റി 15,900-ലെ തടസം മറികടന്നാൽ 16,000 നു മുകളിലേക്കു നീങ്ങുമെന്നു സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 15,800-ലും 15,735 ലും നിഫ്റ്റിക്ക് സപ്പോർട്ട് ഉണ്ട്.
വെള്ളിയാഴ്ച അമേരിക്കയിൽ ഡൗ ജോൺസ് സൂചിക ഉയർന്നു. എന്നാൽ നാസ്ഡാക് സൂചിക നേരിയ തോതിൽ താണു. ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ ചെറിയ താഴ്ചയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ നിഫ്റ്റി താഴോട്ടാണ്. വെള്ളിയാഴ്ച 15,893-ൽ ക്ലോസ് ചെയ്ത എസ് ജി എക്സ് നിഫ്റ്റി ഇന്നു രാവിലെ 15,858 ലേക്കു താണു. ഇന്ത്യൻ വിപണിയുടെ തുടക്കം ദുർബലമാകാമെന്നാണു ഡെറിവേറ്റീവ് വ്യാപാരം നൽകുന്ന സൂചന.

വിദേശികൾ ചെയ്യുന്നത്

വിദേശ നിക്ഷേപകരുടെ സമീപനം ഓഹരിവിപണിക്ക് അത്ര പ്രോത്സാഹജനകമല്ല. കഴിഞ്ഞയാഴ്ച ഒരു ദിവസം മാത്രമേ അവർ നിക്ഷേപകരായുള്ളു. മറ്റു ദിവസങ്ങളിലെല്ലാം വിൽപനക്കാരായിരുന്നു. കഴിഞ്ഞയാഴ്ച അവർ മൊത്തം 2686 കോടി രൂപ ഓഹരിവിപണിയിൽ നിന്നു പിൻവലിച്ചു. ജൂണിൽ ഇതുവരെ ആകെ 3162.86 കോടി രൂപയേ അവർ നിക്ഷേപിച്ചിട്ടുള്ളു. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ വിദേശികൾ കാര്യമായി നിക്ഷേപിക്കുന്നുണ്ട്.
കടപ്പത്രങ്ങളിൽ വിദേശികൾ കൂടുതൽ നിക്ഷേപം നടത്തി.തന്മൂലം മൊത്തം വിദേശ നിക്ഷേപം ജൂണിൽ വർധിച്ചു.

സാമ്പത്തിക സൂചകങ്ങൾ

ഈയാഴ്ച സുപ്രധാന സാമ്പത്തിക വിവരങ്ങൾ പുറത്തു വരാനുണ്ട്. ജൂണിലെ വാഹന വിൽപനയുടെ പ്രാഥമിക കണക്ക് വ്യാഴാഴ്ച ലഭിക്കും. ബുധനാഴ്ച കാതൽ മേഖലയിലെ വ്യവസായങ്ങളുടെ വളർച്ചക്കണക്ക് അറിവാകും. അന്നു തന്നെ ധനകമ്മിയുടെയും കറൻ്റ് അക്കൗണ്ട് കമ്മിയുടെയും കണക്കുകളും വരും.

ക്രൂഡ്, സ്വർണം ഉയരുന്നു

ക്രൂഡ് ഓയിൽ വില ഉയരത്തിലേക്കു തന്നെയാണ്. ബ്രെൻ്റ് ഇനം ഇന്നു രാവിലെ 76.54 ഡോളർ വരെ കയറി. വെള്ളിയാഴ്ച 76.16 ഡോളറിലാണു ക്ലോസ് ചെയ്തത്. ഡബ്ള്യു ടി ഐ ഇനം 74.39 ഡോളറിലെത്തി. ഇറാൻ - യു എസ് ധാരണ ഉടനൊന്നും ഉണ്ടാവുകയില്ല എന്നാണു വിപണി വിലയിരുത്തുന്നത്.
സ്വർണവിപണി ഈയാഴ്ച ബുള്ളുകളുടെ നിയന്ത്രണത്തിലാകുമെന്നു പ്രവചനമുണ്ടെങ്കിലും തുടക്കം അത്ര ശക്തമായില്ല.വെള്ളിയാഴ്ച 1782 ഡോളറിനു താഴെ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ 1780.5 -1782 ഡോളർ മേഖലയിലാണ്. ഔൺസിന് 1810 ഡോളറിനു മുകളിലെത്തിയാൽ വിപണി ബുളളിഷ് ആവേശം വീണ്ടെടുക്കുമെന്നാണു പ്രതീക്ഷ.
ഡോളർ സൂചിക 91.86 ലേക്കു കയറി. രൂപയ്ക്ക് നിരക്കു താഴാനാണു സാധ്യത.

ലോഹങ്ങൾ മുന്നോട്ടു തന്നെ

സ്റ്റീലിനും വ്യാവസായിക ലോഹങ്ങൾക്കും വില ഉയരുമെന്ന സൂചനയാണ് ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചും ചൈനീസ് വിപണിയും നൽകുന്നത്. ചൈന സർക്കാരിൻ്റെ ശേഖരത്തിൽ നിന്ന് അലൂമിനിയവും ചെമ്പും ലേലം ചെയ്തു നൽകിയെങ്കിലും വില കുറഞ്ഞില്ല.

വളർച്ചയ്ക്കു ദൗർബല്യം

ഇന്ത്യയുടെ ഒന്നാം പാദ (ഏപ്രിൽ-ജൂൺ) ജിഡിപി വളർച്ച 11.5 ശതമാനം മാത്രമായിരിക്കുമെന്നു നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (എൻസിഎഇആർ) വിലയിരുത്തി. 19.5 ശതമാനമാണു റിസർവ് ബാങ്കിൻ്റെ പ്രതീക്ഷ. 2021-22 ലെ വാർഷിക വളർച്ച 8.4 ശതമാനത്തിനും 10.1 ശതമാനത്തിനും ഇടയിലാകുമെന്നും കൗൺസിൽ കണക്കാക്കുന്നു. സർക്കാർ കൂടുതൽ പണം ചെലവഴിച്ചാലേ സമ്പദ്ഘടന വളരൂ എന്നു കൗൺസിൽ അഭിപ്രായപ്പെട്ടു. വിവിധ റേറ്റിംഗ് ഏജൻസികൾ ഇന്ത്യയുടെ വളർച്ച നിഗമനം ഈയിടെ താഴ്ത്തിയിരുന്നു.

റിലയൻസിൽ വലിയ പ്രതീക്ഷ

കഴിഞ്ഞയാഴ്ച വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി വലിയ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഓഹരി വില അഞ്ചു ശതമാനം ഇടിഞ്ഞു. അതിനു മുമ്പ് ഒരു മാസം കൊണ്ടു പത്തു ശതമാനത്തോളം വിലകയറിയതാണ്. ലാഭമെടുക്കലാണ് കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിനു കാരണമെന്നു ബ്രാേക്കറേജുകൾ വിലയിരുത്തി. കമ്പനിയുടെ പുതിയ കാൽവയ്പുകൾ ഓഹരി വില ഉയർത്താൻ സഹായിക്കുമെന്ന് നിക്ഷേപ വിദഗ്ധർ പറയുന്നു. ഈയാഴ്ച തന്നെ കാറ്റ് മാറി വീശുമെന്ന് പലരും കണക്കാക്കുന്നു. റിലയൻസ് ഓഹരിക്കു പത്തു ശതമാനം ഉയർച്ചയാണു സാങ്കേതിക വിശകലനക്കാർ പ്രവചിക്കുന്നത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it