Begin typing your search above and press return to search.
ഓഹരി വിപണിയിൽ വീണ്ടും തകർച്ച ഭീതി; ആഗോള സൂചനകൾ ദുർബലം; ക്രൂഡ് ഓയിൽ 110 ഡോളറിലേക്ക്; ചില്ലറ വിലക്കയറ്റം പിടി വിട്ടു കയറും
ഓഹരി വിപണിയിൽ ചോരപ്പുഴ ഒഴുകുമോ? ആഗോള സംഭവവികാസങ്ങൾ ഇന്ത്യയിൽ ഏതൊക്കെ രംഗങ്ങളിൽ എങ്ങനെ ബാധിക്കും?
അനിശ്ചിതത്വം വർധിച്ചതോടെ ഓഹരി വിപണികൾ തകർച്ചയിൽ; ഉൽപന്ന വിപണികളിൽ കടിഞ്ഞാണില്ലാത്ത വിലക്കയറ്റം. വീണ്ടും വിപണികളിൽ ചോരപ്പുഴ ഒഴുകുമെന്നു ഭീതി.
ചൊവ്വാഴ്ച ഇന്ത്യൻ വിപണി അവധിയിലായിരുന്നു. ഏഷ്യൻ വിപണികൾ ചെറിയ നേട്ടത്തോടെ അവസാനിച്ചു. പിന്നീടു യൂറോപ്പ് നാലു ശതമാനത്തോളം ഇടിഞ്ഞു. യുഎസ് സൂചികകൾ ഒന്നേമുക്കാൽ ശതമാനം വരെ താഴ്ന്നാണു ക്ലാേസ് ചെയ്തത്. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് വീണ്ടും താഴ്ചയിലായി. ഏഷ്യൻ വിപണികളും വലിയ ഇടിവോടെയാണു തുടങ്ങിയത്. സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 16,500 വരെ താഴ്ന്നു. പിന്നീട് 16,575 ലേക്കു കയറി. ഇന്ത്യൻ വിപണി ഗണ്യമായ ഇടിവോടെ തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
സ്റ്റാഗ്ഫ്ലേഷൻ ഭീഷണി
യുക്രെയ്ൻ പോരാട്ടം നീളുന്നു. അനായാസ വിജയം പ്രതീക്ഷിച്ച റഷ്യക്കു കടുത്ത ചെറുത്തുനിൽപ് നേരിടേണ്ടി വരുന്നു. റഷ്യയുടെ മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ റൂബിളിൻ്റെ വില 35 ശതമാനത്തിലധികം ഇടിച്ചു. റഷ്യൻ പലിശ നിരക്ക് 20 ശതമാനത്തിനു മുകളിലായി. വിലക്കയറ്റം റോക്കറ്റ് പോലെ കുതിക്കുന്നു. റഷ്യയെ കായിക വേദികളിലടക്കം ഒറ്റപ്പെടുത്തുകയാണു പാശ്ചാത്യർ.
വിലക്ക് ഇല്ലെങ്കിലും റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതു പലരും കുറച്ചു. ഇതു വിപണിയെ കൂടുതൽ സങ്കീർണവും അനിശ്ചിതവുമാക്കി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിലിൻ്റെ സ്പാേട്ട് വില 110 ഡോളർ കടന്നു. ഏപ്രിൽ അവധിവില 108 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 106 ഡോളറിനു മുകളിലെത്തി. പാമോയിലും സൂര്യകാന്തി എണ്ണയുമടക്കം ഭക്ഷ്യ എണ്ണകളുടെ വില സർവകാല റിക്കാർഡ് ആയി. സ്വർണ വില 2000 ഡോളർ ലക്ഷ്യമിടുന്നു.
അമിത വിലക്കയറ്റവും മുരടിച്ച വളർച്ചയുമാകും ഇതിൻ്റെ ഫലം എന്നതിൽ സംശയമില്ല. നയരൂപീകരണം അസാധ്യമാകുന്ന സ്റ്റാഗ്ഫ്ലേഷൻ (അമിത വിലക്കയറ്റവും മന്ദീഭവിച്ച വളർച്ചയും ഒന്നിച്ചുള്ള അവസ്ഥ) വരുന്നു എന്നു വേണം ഭയപ്പെടാൻ. പലിശ വർധന സംബന്ധിച്ച ആശങ്കകൾ പുതിയ തലത്തിലേക്കു മാറും.
വിപണിമനോഭാവം മാറുന്നു
തിങ്കളാഴ്ച ഇന്ത്യൻ വിപണി പൊതുവേ നേട്ടത്തോടെയാണ് അവസാനിച്ചത്.സെൻസക്സ്
0.7 ശതമാനം ഉയർന്ന് 56,247.28 ലും നിഫ്റ്റി 0.81 ശതമാനം ഉയർന്ന് 16,793.9 ലും ക്ലോസ് ചെയ്തു. മെറ്റൽ ഓഹരികളുടെ അസാധാരണ കുതിപ്പാണ് വിപണിയെ ഉയർത്തിയത്.
നിഫ്റ്റി ബുള്ളിഷ് സൂചനയോടെ ക്ലോസ് ചെയ്തെങ്കിലും പിന്നീടുള്ള ആഗാേള ചലനങ്ങൾ വിപണി മനോഭാവം മാറ്റിമറിച്ചു. നിഫ്റ്റിക്ക് 16,495-ഉം 16,200-ഉം സപ്പോർട്ട് ആകുമെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഉയർച്ചയിൽ 16,955 ലും 17,115 ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു. 16,350 നു മുകളിൽ നിലനിൽക്കാനായാലേ ഹ്രസ്വകാലത്തിൽ 17,000 തിരിച്ചുപിടിക്കാനാകൂ എന്നാണു വിലയിരുത്തൽ.
എൽഐസി ഐപിഒ മാറ്റിവയ്ക്കാൻ ഉദ്ദേശിക്കുന്നതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞതും വിപണിയുടെ മനോഭാവം മോശമാക്കും. യുദ്ധസാഹചര്യത്തിൽ ഐപിഒ വിജയിപ്പിക്കാനാകില്ലെന്ന ആശങ്ക സർക്കാരിനുണ്ട്.
വിദേശികളുടെ വിൽപന കൂടി
വിദേശികൾ വിൽപന തുടരുകയാണ്. മാർച്ച് സീരീസിൽ ഇതിനകം 8419.17 കോടിയുടെ വിൽപന അവർ നടത്തി. ഫെബ്രുവരിയിൽ 45,720 കോടിയുടെ ഓഹരികളാണ് അവർ ക്യാഷ് വിപണിയിൽ വിറ്റത്. 2020 മാർച്ചിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വിൽപനയാണിത്. ഫെബ്രുവരിയിൽ സ്വദേശി ഫണ്ടുകൾ 42,084 കോടിയുടെ ഓഹരികൾ വാങ്ങി. 2020 മാർച്ചിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വാങ്ങലാണിത്.
വ്യാവസായിക ലോഹങ്ങൾ ഉയർന്നു നിൽക്കുന്നു. അലൂമിനിയം 3462 ഡോളറിലേക്കു കയറി. റഷ്യയിൽ നിന്നുള്ള കയറ്റുമതി മുടങ്ങുമെന്ന സാഹചര്യത്തിലാണിത്.
സ്വർണം വീണ്ടും കയറി
സ്വർണം ഔൺസിന് 1951 ഡോളർ വരെ കയറി. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വില. പിന്നീട് താണു. ഇന്നു രാവിലെ 1935-1936 ഡോളറിലാണു സ്വർണം. വെള്ളി, പ്ലാറ്റിനം, പല്ലാഡിയം തുടങ്ങിയവയും കയറ്റത്തിലാണ്. കേരളത്തിൽ ചൊവ്വാഴ്ച താഴ്ന്ന വില ഇന്നു തിരിച്ചു കയറാനാണു സാധ്യത.
റൂബിൾ ഇടിഞ്ഞു
റഷ്യൻ കറൻസി റൂബിൾ ഇന്നലെ വീണ്ടും ഇടിഞ്ഞു. ഡോളറിനു 116 റൂബിൾ എന്ന നിലയിലേക്കു താഴ്ന്ന ശേഷം അൽപം മെച്ചപ്പെട്ട് ഡോളറിനു 109 റൂബിൾ ആയി. ഫെബ്രുവരി ആദ്യം വരെ ഡോളറിന് 75 റൂബിൾ ആയിരുന്നു നിരക്ക്. കേന്ദ്ര ബാങ്കിനും വിവിധ വാണിജ്യ ബാങ്കുകൾക്കും പാശ്ചാത്യശക്തികൾ വിലക്ക് ഏർപ്പെടുത്തി. ഇന്ത്യ വിലക്ക് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എസ്ബിഐ അടക്കമുള്ള ബാങ്കുകൾ റഷ്യൻ ബാങ്കുകളുമായുള്ള ഇടപാടുകൾ മരവിപ്പിച്ചു. വിലക്ക് ലംഘിക്കുന്നവർക്കെതിരേ യുഎസ് നടപടി വരുമെന്ന ഭീതിയാണു കാരണം. റഷ്യയിൽ നിന്നുള്ള പ്രതിരോധ സാമഗ്രികളുടെ വരവും സംശയത്തിലായി. റഷ്യയിലേക്കുള്ള കയറ്റുമതിയും മുടങ്ങി.
രൂപയുടെ വിനിമയ നിരക്കും താഴോട്ടു പോകുമെന്നാണു സൂചന. ക്രൂഡ് വിലക്കയറ്റവും കയറ്റുമതിയിലെ പുതിയ തടസങ്ങളുമാണു കാരണം.
ഭക്ഷ്യ എണ്ണകൾ റിക്കാർഡ് വിലയിൽ
സൂര്യകാന്തി എണ്ണയുടെ വലിയ കയറ്റുമതി രാജ്യമാണു യുക്രെയ്ൻ. യുദ്ധം മൂലം കയറ്റുമതി മുടങ്ങി. ഇതോടെ പാമോയിൽ അടക്കമുള്ള ഭക്ഷ്യ എണ്ണകളുടെ വില ലോക വിപണിയിൽ കുതിച്ചു കയറി. ആഭ്യന്തര വിപണിയിൽ ചില്ലറ വിലക്കയറ്റം പരിധി കടന്നു പോകാൻ ഇതു കാരണമാകും.
ക്രൂഡ് ഓയിൽ വില ഉയർന്നു പോകുന്നത് കൃത്രിമ റബറിൻ്റെ ഉൽപാദനച്ചെലവ് കൂട്ടും. ഇതു സ്വാഭാവിക റബറിൻ്റെ വില കൂടാൻ കാരണമായി. എന്നാൽ ഇന്നലെ വില അൽപം പിന്നോട്ടടിച്ചു.
വാഹന വിൽപന താഴോട്ടു തന്നെ
ഫെബ്രുവരിയിലെ വാഹന ഉൽപാദനവും വിൽപനയും കുറവായി. തുടരുന്ന ചിപ്പ് ക്ഷാമമാണു കമ്പനികൾ എടുത്തു പറയുന്ന കാരണം. എന്നാൽ ടാറ്റാ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും വിൽപന ഗണ്യമായി വർധിപ്പിച്ചു.
മാരുതിയുടെ ആഭ്യന്തര വിൽപന 8.46 ശതമാനം താഴ്ന്ന് 1.4 ലക്ഷം എണ്ണമായി. ആൾട്ടോ, എസ്- പ്രസോ തുടങ്ങിയവയുടെ വിൽപന 17.8 ശതമാനം കുറഞ്ഞു. ഹ്യുണ്ടായിയുടെ വിൽപന 14.6 ശതമാനം താണ് 44,050 എണ്ണമായി. ടൊയോട്ട കിർലോസ്കറിൻ്റെ വിൽപന 38 ശതമാനം താണപ്പാേൾ ഹോണ്ടയുടേത് 23 ശതമാനം കുറഞ്ഞു.
ടാറ്റാ മോട്ടോഴ്സ് യാത്രാ വാഹനങ്ങളുടെ ആഭ്യന്തര വിൽപന 47 ശതമാനം വർധിച്ച് 39,981 എണ്ണമായി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വിൽപന 80 ശതമാനം കുതിച്ച് 27,663 എണ്ണമായി.
വില കൂട്ടുന്നു
ഹിന്ദുസ്ഥാൻ യൂണിലിവർ തങ്ങളുടെ ഉൽപന്നങ്ങളുടെ വില മൂന്നു മുതൽ എട്ടുവരെ ശതമാനം വർധിപ്പിച്ചു. ഘടകപദാർഥങ്ങളുടെ വിലക്കയറ്റമാണു കാരണം.
ക്രൂഡ് ഓയിൽ വിലക്കയറ്റം പെട്രോ കെമിക്കലുകളുടെയും പെയിൻ്റിൻ്റെയും വില കൂടാൻ കാരണമാകും. റഷ്യയുമായുള്ള വ്യാപാര തടസം തേയില, കാപ്പി കയറ്റുമതിയെ ബാധിക്കും.
Next Story
Videos