Begin typing your search above and press return to search.
ആശങ്ക വർധിച്ചു; യുക്രെയ്നിൽ ആണവനിലയത്തിനു നേരേ ഷെല്ലിംഗ്; നിലയം കത്തുന്നു; ഏഷ്യൻ വിപണികൾ ഇടിഞ്ഞു
യുക്രെയ്നിലെ എനറോഡാറിലെ ആണവവൈദ്യുതി നിലയത്തിനു നേരേ റഷ്യൻ സേന പീരങ്കി ആക്രമണം നടത്തുന്നു എന്ന വാർത്ത വിപണികളെ ഉലയ്ക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആണവവൈദ്യുതി നിലയമാണു നീപ്പർ നദീതീരത്തുള്ള ഇത്. ആക്രമണത്തെ തുടർന്ന് പ്ലാൻ്റിനു തീ പിടിച്ചു.
വാർത്ത ഓഹരികളെ ഇടിക്കുകയും ക്രൂഡ് ഓയിൽ, സ്വർണ വിലകൾ ഉയർത്തുകയും ചെയ്തു. ഏഷ്യൻ വിപണികൾ രാവിലെ രണ്ടു ശതമാനത്തോളം ഇടിഞ്ഞു. യുഎസ് ഫ്യൂച്ചേഴ്സ് ഒന്നര ശതമാനത്താളം താഴോട്ടു പോയി. ഇന്ത്യൻ വിപണിയും ഈ ആണവ പ്രതിസന്ധിയുടെ നിഴലിലാകും വ്യാപാരം തുടങ്ങുക. സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി കുത്തനെ താണ് 16,009 വരെ എത്തി. പിന്നീട് 16,150 ലേക്കു കയറി. തലേന്നത്തേക്കാൾ 350 പോയിൻ്റ് താഴെയാണിത്.
ഇന്നലെ രാവിലെ മിക്ക മേഖലകളിലും വിപണികൾ പ്രതീക്ഷയോടെയാണു തുടങ്ങിയത്. ഏഷ്യൻ വിപണികൾ നല്ല നേട്ടം കുറിക്കുകയും ചെയ്തു. എന്നാൽ യൂറാേപ്യൻ വിപണികൾ തുറന്നപ്പോഴേക്കു കാര്യം മാറി. റഷ്യ - യുക്രെയ്ൻ ചർച്ച വെടിനിർത്തൽ ലക്ഷ്യമിട്ടല്ല എന്നു വ്യക്തമായി. യൂറോപ്യൻ സൂചികകൾ രണ്ടു ശതമാനം ഇടിഞ്ഞു.
ഇതിനിടെ ഇറാൻ ആണവ വിഷയത്തിൽ അമേരിക്കയുമായി ഉടനേ കരാറിൽ ഏർപ്പെടുമെന്ന ശക്തമായ അഭ്യൂഹം പരന്നു. ക്രൂഡ് ഓയിൽ വില 120 ഡോളറിൻ്റെ പരിസരത്തു നിന്ന് 110 ഡോളറിലേക്കു താണു. ആദ്യം വലിയ താഴ്ചയിലായിരുന്ന യുഎസ് വിപണി നഷ്ടം കുറച്ചു ക്ലാേസ് ചെയ്തു.
ഇന്ത്യൻ വിപണികൾ ഇന്നലെ നല്ല ഉയർച്ചയോടെ തുടങ്ങിയിട്ട് താഴോട്ടു പോകുകയായിരുന്നു. വിദേശ നിക്ഷേപകർ നിരന്തരം നടത്തിയ വിൽപ്പന സമ്മർദം ബാങ്ക്, ധനകാര്യ ഓഹരികളെ വലിച്ചു താഴ്ത്തി. വാഹനമേഖലയും ഇടിഞ്ഞു. ഐടി, ഓയിൽ, മെറ്റൽ മേഖലകൾ മാത്രമാണു നേട്ടമുണ്ടാക്കിയത്.
സെൻസെക്സും നിഫ്റ്റിയും ഇന്നലെ ഉച്ചയ്ക്കു ശേഷം രാവിലത്തെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്തി. സെൻസെക്സ് 366.22 പോയിൻ്റ് (0.66%) നഷ്ടത്തിൽ 55,102.68 ലും നിഫ്റ്റി 107.9 പോയിൻ്റ് (0.65%) നഷ്ടത്തിൽ 16,498.05ലും ക്ലാേസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 0.35 ശതമാനം ഉയർന്നപ്പോൾ മിഡ് ക്യാപ് സൂചിക 0.4 ശതമാനം താഴ്ന്നു.
അനിശ്ചിതത്വമാണു വിപണിയിൽ കാണുന്നത്. 16,700-16,800 മേഖല കടന്നാലേ നിഫ്റ്റിക്ക് ഹ്രസ്വകാല മുന്നേറ്റത്തിനു വഴിതെളിയൂ എന്നാണ് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. നിഫ്റ്റിക്ക് 16,370-ലും 16, 245 -ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 16,700-ഉം 16,895-ഉം പ്രതിരോധ മേഖലകളാകും. ഈ നിഗമനങ്ങളെയെല്ലാം അപ്രസക്തമാക്കുന്നതാണ് ആണവനിലയത്തിലെ ആക്രമണം.
വിദേശ നിക്ഷേപകർ ഇന്നലെ 6644.65 കോടിയുടെ ഓഹരികളാണ് ക്യാഷ് വിപണിയിൽ വിറ്റഴിച്ചത്. മാർച്ചിലെ രണ്ടു പ്രവൃത്തി ദിവസങ്ങൾ കൊണ്ടു തന്നെ 10,983.59 കോടിയുടെ വിൽപന അവർ നടത്തി. ബാങ്ക്, ധനകാര്യ, ഐടി ഓഹരികളിലാണ് അവരുടെ വിൽപന. വരും ദിവസങ്ങളിലും വിൽപന സമ്മർദം തുടരും. ഇന്നലെ സ്വദേശി ഫണ്ടുകൾ 4799.24 കോടിയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് വീണ്ടും കയറ്റത്തിൽ
ക്രൂഡ് ഓയിൽ വിപണി ഇന്നലെ വലിയ ചാഞ്ചാട്ടത്തിലായിരുന്നു. സ്പാേട്ട് വിപണിയിൽ ബ്രെൻ്റ് ഇനം 123 ഡോളർ വരെ കയറിയിട്ട് 112 ഡോളർ വരെ താണു. ഇറാൻ- യുഎസ് ധാരണ ആയി എന്ന അഭ്യൂഹമാണ് ഇടിവിനു കാരണം. ഏപ്രിൽ അവധിവില 110.5 ഡോളർ വരെയായി. രാവിലത്തെ സംഭവ വികാസങ്ങളോടെ അവധി വില 115 ഡോളറിലേക്കു കയറി. സ്‌പാേട്ട് വില 117 ഡോളർ ആയി.
വ്യാവസായിക ലോഹങ്ങൾ കുതിച്ചുയരുകയാണ്. റഷ്യൻ, യുക്രെയ്നിയൻ കയറ്റുമതികൾ മുടങ്ങിയതു മൂലം പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിൽ ലോഹങ്ങൾക്കു ദൗർലഭ്യം വന്നു. ചെമ്പുവില ടണ്ണിനു 10,4706 ഡാേളർ ആയി. അലൂമിനിയം ഇന്നലെ 5.73 ശതമാനം ഉയർന്ന് 3732.3 ഡോളർ എന്ന റിക്കാർഡിലെത്തി. ഇരുമ്പയിര് 151.1 ഡോളറായി. നിക്കൽ വില 6.67 ശതമാനം കുതിച്ച് 28,798 ഡോളർ ആയി.
സ്വർണം കയറുന്നു
സ്വർണം ഇന്നലെ ചെറിയ തോതിൽ കയറി 1936- 1938 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ പെട്ടെന്നു കുതിച്ച് 1949-1950 ഡോളറിലെത്തി. പിന്നീട് 1942- 1943 ലേക്കു താണു. ആക്രമണത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ വില വീണ്ടും കയറാം. കേരളത്തിൽ ഇന്നലെ പവനു 320 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര സാഹചര്യം മാറുന്നില്ലെങ്കിൽ കേരളത്തിലും വില ഉയരും.
രൂപ ഇടിയാം
ഇന്നലെ 21 പൈസ നേട്ടത്തോടെ 75.91 രൂപയിലാണ് ഡോളർ ക്ലോസ് ചെയ്തത്. യുദ്ധഗതി രൂപയെ വീണ്ടും ഇടിച്ചുതാഴ്ത്തുമെന്ന് പരക്കെ ഭീതിയുണ്ട്. യുദ്ധം തുടങ്ങിയ ശേഷം രൂപയെ പിടിച്ച് നിർത്താൻ റിസർവ് ബാങ്ക് 200 കോടിയിലേറെ ഡോളർ ചെലവഴിച്ചു. എങ്കിലും രൂപ താഴോട്ടു പോയി. 63,000 കോടിയിലേറെ ഡോളർ ഉണ്ട് റിസർവ് ബാങ്കിൻ്റെ വിദേശനാണ്യശേഖരം.
യുദ്ധത്തിൻ്റെ സ്വഭാവം മാറുന്നു
യുദ്ധം നീണ്ടു നിൽക്കും. അതിൻ്റെ സാമ്പത്തിക - വാണിജ്യ പ്രത്യാഘാതങ്ങൾ മറ്റു രാജ്യങ്ങളെയും ബാധിച്ചു തുടങ്ങി. കടുത്ത വിലക്കയറ്റവും കുറഞ്ഞ വളർച്ചയും എല്ലാ രാജ്യങ്ങളെയും അലട്ടും. അഭയാർഥി പ്രശ്നം പടിഞ്ഞാറൻ യൂറോപ്പിലും പ്രശ്നമാകും. ഇത്തരം ആശങ്കകൾ വരും ദിവസങ്ങളിൽ ഓഹരി വിപണികളെ വല്ലാതെ ബാധിക്കും. ആണവനിലയത്തിലെ ആക്രമണം മറ്റു പ്രത്യാഘാതങ്ങളും ഉണ്ടാക്കും. യുദ്ധത്തിൻ്റെ സ്വഭാവം തന്നെ മാറിയേക്കാം.
പെട്ടെന്നു ലക്ഷ്യം സാധിച്ച് യുക്രെയ്നിൻ്റെ കുറേ ഭാഗം സ്വന്തമാക്കി യുദ്ധം അവസാനിപ്പിക്കാം എന്ന റഷ്യൻ തന്ത്രം ഫലിച്ചില്ല. ക്രൈമിയയിലും ജോർജിയയിലും അതു സാധിച്ചതാണ്. പക്ഷേ യുക്രെയ്നിയൻ ദേശീയതയുടെ ചെറുത്തുനിൽപ് യുദ്ധഗതി മാറ്റി. റഷ്യൻ സേനയ്ക്ക് ഒൻപതു ദിവസം കഴിയുമ്പോൾ ഒരു നഗരം മാത്രമേ കൈവശപ്പെടുത്താൻ കഴിഞ്ഞിട്ടുള്ളു. ഇപ്പോൾ ആണവ നിലയം ആക്രമിച്ചത് യുക്രെയ്നെ വലിയ സമ്മർദത്തിലാക്കാനാണെന്നു നിഗമനമുണ്ട്.
This section is powered by Muthoot Finance
Next Story
Videos