യുദ്ധഗതി നോക്കി വിപണി; ക്രൂഡ് വിലക്കയറ്റം ആശങ്ക വളർത്തുന്നു; സ്വർണം കുതിപ്പിൽ; ലോഹങ്ങളിലെ ഊഹക്കച്ചവടം പൊളിയുന്നു

അമേരിക്കയും ബ്രിട്ടനും റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി വിലക്കി. ബദലായി കുറേ ഉൽപന്നങ്ങളുടെ കയറ്റുമതി വിലക്കുമെന്നു റഷ്യ പ്രഖ്യാപിച്ചെങ്കിലും കൂടുതൽ കാര്യങ്ങൾ അറിയിച്ചില്ല. വ്യാവസായിക ലോഹങ്ങളുടെ വിപണിയിൽ ഊഹക്കച്ചവടക്കാരുടെ വിളയാട്ടം. സ്വർണവില ഔൺസിന് 2071 ഡോളർ വരെ കുതിച്ചു. യുദ്ധവിരാമ സാധ്യത സംബന്ധിച്ച സൂചനകൾ ഇന്നു വിപണിയെ ഉയരാൻ സഹായിക്കും. സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 15,996-ൽ ക്ലോസ് ചെയ്തെങ്കിലും ഇന്നു രാവിലെ 16,035-ലേക്കു കയറി. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

തുടർച്ചയായ നാലു ദിവസത്തെ തകർച്ചയ്ക്കു ശേഷമാണു ചൊവ്വാഴ്ച ഇന്ത്യൻ വിപണി തിരിച്ചു കയറിയത്. മുഖ്യസൂചികകൾ ഒരു ശതമാനം നേട്ടമുണ്ടാക്കി. യൂറോപ്യൻ ഓഹരികളും ഉയർന്നു ക്ലോസ് ചെയ്തു. യുഎസ് ഓഹരികൾ ഉയർന്നു തുടങ്ങിയിട്ട് കൂടുതൽ ഉയരങ്ങളിലെത്തി. എന്നാൽ ഇന്ധനവിലക്ക് പ്രഖ്യാപിച്ചതോടെ ഡൗ ജോൺസ് സൂചിക രണ്ടര ശതമാനം ഇടിഞ്ഞു. തലേന്നത്തേക്കാൾ 0.56 ശതമാനം താഴ്ന്നു ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ഡൗ ഫ്യൂച്ചേഴ്സ് ചെറിയ താഴ്ചയിലാണ്. ഏഷ്യൻ വിപണികൾ രാവിലെ ചെറിയ മുന്നേറ്റം കാണിക്കുന്നുണ്ട്.
യുക്രെയ്നിലെ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ യുദ്ധവിരാമത്തിന് അണിയറ നീക്കങ്ങൾ സജീവമാണ്. നാറ്റോയിൽ അംഗത്വമെടുക്കില്ലെന്നും റഷ്യൻ പക്ഷക്കാരുടെ രണ്ടു പ്രവിശ്യകളെ ഉപേക്ഷിക്കാമെന്നും യുക്രെയ്ൻ പ്രസിഡൻ്റ് ഇന്നലെ പറഞ്ഞു. ഇന്നലെ രാത്രി യുക്രെയ്ൻ തലസ്ഥാനത്തു റഷ്യൻ മിസൈലുകൾ പതിച്ചു.
ചൊവ്വാഴ്ച ഇന്ത്യൻ വിപണി നേരിയ താഴ്ചയിൽ തുടങ്ങിയിട്ടു വീണ്ടും ഇടിഞ്ഞു. 52,261 വരെ ചെന്നിട്ടാണു സെൻസെക്സ് നേട്ടമാരംഭിച്ചത്.1100-ലേറെ പോയിൻ്റ് തിരിച്ചു കയറിയ സൂചിക 1.1 ശതമാനം നേട്ടം കുറിച്ചു. സെൻസെക്സ് 581.34 പോയിൻ്റ് ഉയർന്ന് 53,424.09 ലും നിഫ്റ്റി 150.3 പോയിൻ്റ് (0.95 ശതമാനം) നേട്ടത്തിൽ 16,013.45 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.24 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.51 ശതമാനവും ഉയർന്നു. മെറ്റലും ഓയിൽ ഗ്യാസും ഒഴികെ എല്ലാ മേഖലകളും ഉയരത്തിലായി. റിയൽറ്റിയും ഐടിയുമാണു കൂടുതൽ നേട്ടമുണ്ടാക്കിയത്.
വിപണിയുടെ ഗതിമാറി എന്നും ചെറിയ ബുളളിഷ് സൂചനയിലാണു ക്ലോസ് ചെയ്തതെന്നും വിദഗ്ധർ കരുതുന്നു. നിഫ്റ്റി 16,050-നു മുകളിലേക്കു കരുത്തോടെ കടന്നാൽ ഹ്രസ്വകാല നേട്ടം 16,300-16,500 മേഖലയിൽ എത്തുമെന്നാണു നിഗമനം. മറിച്ചായാൽ 15,650/15,600-ലെ സപ്പോർട്ട് മേഖലയിലേക്കു വീഴാം.

വിദേശികൾ വിൽപന വർധിപ്പിച്ചു

വിദേശ നിക്ഷേപകരുടെ വിൽപന ദിവസേന വർധിക്കുകയാണ്. ഇന്നലെ 8142.6 കോടി രൂപയുടെ ഓഹരികളാണ് അവർ ക്യാഷ് വിപണിയിൽ വിറ്റത്. ഇതോടെ മാർച്ചിലെ അവരുടെ വിൽപന 34,239.29 കോടി രൂപയായി. സ്വദേശി ഫണ്ടുകൾ 6489.59 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അടുത്തയാഴ്ച യുഎസ് കേന്ദ്ര ബാങ്ക് ഫെഡ് യോഗം ചേരുന്നുണ്ട്. അടിസ്ഥാന പലിശ 0.0- 0.15 ശതമാനത്തിൽ നിന്ന് 0.25 ശതമാനത്തിലേക്കു വർധിപ്പിക്കും എന്നാണു പ്രതീക്ഷ. ഒപ്പം ഫെഡ് വാങ്ങി വച്ച കടപ്പത്രങ്ങളുടെ വിൽപന തുടങ്ങുന്ന കാര്യത്തിലും തീരുമാനം പ്രഖ്യാപിക്കും. യുദ്ധവും ഇന്ധനവിലക്കയറ്റവും വലിയ പ്രശ്നങ്ങളായി മാറിയതിനാൽ പെട്ടെന്നു പണലഭ്യത ചുരുക്കാൻ നടപടി ഉണ്ടായെന്നു വരില്ല. എങ്കിലും യുഎസ് പലിശ നിരക്ക് ഉയരും. വിദേശ നിക്ഷേപകർക്ക് യഎസ് കടപ്പത്രങ്ങളിൽ താൽപര്യം വർധിക്കും. 10 വർഷ യുഎസ് സർക്കാർ കടപ്പത്രത്തിൽ 1.85 ശതമാനം നിക്ഷേപനേട്ടം ഉണ്ടാകുന്ന വിധം വില താഴ്ന്നിട്ടുണ്ട്. വിദേശ നിക്ഷേപകർ വിൽപന വർധിപ്പിച്ചത് ഈ പശ്ചാത്തലത്തിലാണ്.

ക്രൂഡ് കുതിക്കുന്നു

ക്രൂഡ് ഓയിൽ വിപണി കോളിളക്കത്തിലാണ്. റഷ്യൻ ക്രൂഡും പ്രകൃതി വാതകവും കൽക്കരിയും വാങ്ങുന്നതാണു യുഎസ് ഇന്നലെ വിലക്കിയത്. യുഎസ് ഇറക്കുമതിയുടെ എട്ടു ശതമാനമേ റഷ്യയിൽ നിന്നുള്ളു. അതു മറ്റു രാജ്യങ്ങളിൽ നിന്നു വാങ്ങാനാവും. ബ്രിട്ടനും കാര്യമായി റഷ്യൻ എണ്ണ വാങ്ങുന്നില്ല. എന്നാൽ മറ്റു യൂറാേപ്യൻ രാജ്യങ്ങൾക്കു 40 ശതമാനം വരെയാണു റഷ്യൻ ഇറക്കുമതി. അതിനു പകരം സ്രോതസ് കണ്ടെത്തൽ എളുപ്പമല്ല. അതിനാലാണ് എണ്ണവിലക്കിൽ യൂറോപ്പിനെ കൂട്ടാത്തത്. എങ്കിലും മറ്റു വിധത്തിൽ റഷ്യൻ കയറ്റുമതി തടസപ്പെടുത്താൻ യുഎസ് സമ്മർദം ചെലുത്തുന്നുണ്ട്.
വിലക്കിനെ തുടർന്നു ബ്രെൻ്റ് ഇനം ക്രൂഡിൻ്റെ ഏപ്രിൽ അവധിവില 130 ഡോളറായി. സ്പാേട്ട് വില 133 ഡോളറും. ഇന്നു വില വീണ്ടും കയറുമെന്നാണു സൂചന. ഡബ്ല്യുടിഐ ഇനം 126 ഡോളർ ആയി. അമേരിക്കയിൽ പെട്രോൾ വില 2008 -നു ശേഷം ആദ്യമായി ഗാലന് നാലു ഡോളറിനു മുകളിലായി.

ബജറ്റും വളർച്ചയും താളം തെറ്റുമാേ?

ക്രൂഡ് വില ഈ വർഷം ശരാശരി 135 ഡോളർ ആകുമെന്നാണ് ഗോൾഡ്മാൻ സാക്സ് പ്രവചനം. ഇതു 2008-ലെ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. 147.5 ഡോളർ വരെ വില വന്ന 2008-ലെ ശരാശരി 100 ഡോളർ ആയിരുന്നു. ഇക്കൊല്ലം വില 160 ഡോളർ മുതൽ 200 ഡോളർ വരെ എത്തുമെന്നാണു പലരും വിലയിരുത്തുന്നത്.
ക്രൂഡ് വില 70-75 ഡോളർ കണക്കാക്കിയാണ് ഇന്ത്യ 2022-23 ബജറ്റ് തയാറാക്കിയിട്ടുള്ളത്. വില പരിധി വിട്ടാൽ വിദേശ വാണിജ്യ കമ്മി കുതിച്ചുയരും. അതു കറൻ്റ് അക്കൗണ്ട് (കടം ഒഴിച്ചുള്ള രാജ്യത്തിൻ്റെ വിദേശ പണമിടപാട് ) കമ്മി നിയന്ത്രണാതീതമാകും. രൂപയുടെ വിലയിടിയും. വിലക്കയറ്റം ദുസ്സഹമാകും. ജിഡിപി വളർച്ച കുറയും. ബജറ്റ് കമ്മി താങ്ങാവുന്നതിനപ്പുറമാകും. ഇതാണു വിപണിയെ ആശങ്കയിലാഴ്ത്തുന്ന ഘടകങ്ങൾ.

നിക്കൽ രാജാവിനു നഷ്ടം 200 കോടി ഡോളർ

വ്യാവസായിക ലോഹങ്ങളുടെ കാര്യത്തിൽ ഊഹക്കച്ചവടം പരിധി വിട്ടു. നിക്കൽ വില ഇടിയുമെന്നു കണക്കാക്കി ചൈനീസ് നിക്കൽ രാജാവ് ഷിയാംഗ് ഗ്വാങ്ഡ ഒരു ലക്ഷം ടൺ ഷോർട്ട് അടിച്ചു. ഈ വിവരം വിപണിയിൽ വില അചിന്ത്യമായ നിലയിലേക്കുയർത്തി. തിങ്കളാഴ്ച വില 40,000 ഡോളറിലേക്കുയർന്നത് ചൊവ്വാഴ്ച രാവിലെ ഒരു ലക്ഷം ഡോളർ ആയി. ഇതോടെ ലണ്ടൻ മെറ്റൽ എക്സ്ചേഞ്ച് നിക്കൽ വ്യാപാരം നിർത്തിവച്ചു. ഷിയാംഗിന് 200 കോടി ഡോളറെങ്കിലും നഷ്ടം വരുമെന്നാണ് ശ്രുതി. ഇയാളുടെ ചിങ്ചാൻ ഹോൾഡിംഗ് ഗ്രൂപ്പാണു ലോകത്തിലെ ഏറ്റവും വലിയ നിക്കൽ ഉൽപാദകർ. പല രാജ്യങ്ങളിലും ഖനികളും ഫാക്ടറികളുമുണ്ട് ഈ ഗ്രൂപ്പിന്‌.
ഊഹക്കച്ചവടം മൂലം വില കയറിയ അലൂമിനിയം ഒറ്റ ദിവസം 4073 ഡോളറിലെത്തിയിട്ട് 3503 ലേക്ക് ഇടിഞ്ഞു. സിങ്ക് 18.5 ശതമാനവും ലെഡ് 9.4 ശതമാനവും ഇടിഞ്ഞു. ചെമ്പ് വിലയിൽ അഞ്ചു ശതമാനം താഴ്ച ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ മെറ്റൽ ഓഹരികൾ ഇടിഞ്ഞത്.

പവനു വീണ്ടും 40,000 കടന്നേക്കും

ക്രൂഡ് വിലക്കയറ്റവും യുദ്ധഗതിയും സ്വർണത്തെ 2071 ഡോളറിലേക്ക് ഉയർത്തി. 1991-2071 മേഖലയിൽ കയറിയിറങ്ങിയ ഇന്നലെ സ്വർണം 2050 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2044-2046 ഡോളറിലാണു സ്വർണവ്യാപാരം. ഈ നില തുടർന്നാൽ കേരളത്തിൽ പവൻവില 40,000 രൂപയ്ക്കു മുകളിലാകും. 2020 ഓഗസ്റ്റിലാണ് ഇതിനു മുമ്പ് 40,000 രൂപയിൽ പവൻ വ്യാപാരം നടന്നത്. ഈ ദിവസങ്ങളിൽ സ്വർണ ഇടിഎഫു (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് )കളിലേക്കു വലിയ തോതിൽ പണം എത്തുന്നുണ്ട്.


This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it