Begin typing your search above and press return to search.
അശാന്തി അകന്നേക്കും; ഓഹരികൾ കുതിക്കുന്നു; തെരഞ്ഞെടുപ്പു ഫലം നിർണായകം; ക്രൂഡും സ്വർണവും ഇടിഞ്ഞു
ഓഹരി വിപണി മുന്നേറിയേക്കും; കാരണങ്ങൾ ഇതാണ്; യുക്രെയ്നിൽ സമാധാനപ്രതീക്ഷ
യുക്രെയ്ൻ യുദ്ധത്തിൽ നയതന്ത്ര പരിഹാരത്തിനു വഴിതെളിയുന്നതായ സൂചനകൾ ശക്തമായി. ക്രൂഡ് ഓയിൽ ഉൽപാദനം ആവശ്യാനുസരണം വർധിപ്പിക്കാൻ ഒപെക് പ്ലസ് രാജ്യങ്ങൾ തയാറായി. ഉൽപാദനം കൂട്ടുമെന്നു യുഎഇ പ്രഖ്യാപിച്ചതിനെ സൗദി അറേബ്യയും പിന്താങ്ങി.
ഇത്രയും കാര്യങ്ങൾ നടന്ന ബുധനാഴ്ച വിപണികൾ ശക്തമായ തിരിച്ചുവരവ് നടത്തി. ക്രൂഡ് ഓയിൽ വില കഴിഞ്ഞ ദിവസങ്ങളിലെ റിക്കാർഡിൽ നിന്ന് 15 ശതമാനം ഇടിഞ്ഞു. സ്വർണ വില 90 ഡോളർ കുറഞ്ഞു. യുഎസ് സർക്കാർ കടപ്പത്രങ്ങളുടെ വില നാലര ശതമാനം ഉയർന്നു. യൂറോപ്പിൽ പ്രമുഖ ഓഹരി സൂചികകൾ എട്ടു ശതമാനത്തോളം കുതിച്ചു. യൂറോയുടെ വിനിമയ നിരക്ക് കയറി. ഡോളർ സൂചിക താണു. യുഎസ് ഓഹരി സൂചികകൾ രണ്ടു മുതൽ മൂന്നര വരെ ശതമാനം ഉയർന്നു. നാസ്ഡാക് സൂചിക ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പാണു നടത്തിയത്.
ഇങ്ങനെ പ്രത്യാശ നിറഞ്ഞ വാർത്തകളുമായാണ് ഇന്ന് ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങുക. രാവിലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടാകുമെങ്കിൽ മാത്രമേ വിപണി നെഗറ്റീവ് ആകൂ. എക്സിറ്റ് ഫലങ്ങൾ പോലെ റിസൽട്ട് വന്നാൽ വിപണി കൂടുതൽ ആവേശത്തിലാകും.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നല്ല ഉണർവോടെയാണു തുടങ്ങിയത്. ഓസ്ട്രേലിയയിൽ എഎസ്എക്സ് സൂചിക ഒരു ശതമാനം ഉയർന്നു. ജപ്പാനിലെ നിക്കെെ സൂചിക മൂന്നു ശതമാനത്തിലധികം കുതിച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,622 വരെ ഉയർന്നിട്ട് 16,599-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 16,630 നു മുകളിലാണു വ്യാപാരം. ഇന്ത്യൻ വിപണി നല്ല ഉയർച്ചയോടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
ഇന്നലെ ഇന്ത്യൻ വിപണി പ്രതീക്ഷകളുടെ തേരിൽ മികച്ച കുതിപ്പ് നടത്തി. രണ്ടു ദിവസം കൊണ്ടു നിഫ്റ്റി 480-ലേറെ പോയിൻ്റ് കയറിയപ്പോൾ സെൻസെക്സ് 1800-ലേറെ പോയിൻ്റ് കുതിച്ചു. സർവകാല റിക്കാർഡിൽ നിന്നു 15 ശതമാനം ഇടിവിലായിരുന്ന സൂചികകൾ നഷ്ടം 12 ശതമാനമായി കുറച്ചു.
ഇന്നലെ സെൻസെക്സ് 1223.24 പോയിൻ്റ് (2.29%) നേട്ടത്തിൽ 54,647.33-ലും നിഫ്റ്റി 331.9 പോയിൻ്റ് (2.07%) നേട്ടത്തിൽ 16,345.35-ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 2.16 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 2.38 ശതമാനം കയറി. ലോഹങ്ങൾ ഒഴികെ എല്ലാ ബിസിനസ് മേഖലകളും നേട്ടമുണ്ടാക്കി. റിയൽറ്റി, മീഡിയ, ഓട്ടോ, ബാങ്ക്, ധനകാര്യ മേഖലകൾ നേട്ടത്തിനു മുന്നിൽ നിന്നു.
വിദേശികൾ വിൽപന കുറച്ചു
വിദേശ നിക്ഷേപകർ വിൽപന കുറച്ചതാണു വിപണിയിലെ ശ്രദ്ധേയ കാര്യം. കഴിഞ്ഞ ദിവസങ്ങളിൽ 7000 കോടിയിലധികം രൂപയുടെ ഓഹരികൾ വിറ്റിരുന്ന അവർ ഇന്നലെ 4818.71 കോടിയുടെ ഓഹരികളാണു വിറ്റത്. സ്വദേശി ഫണ്ടുകൾ 3275.94 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ബുള്ളിഷ് മനോഭാവത്തിലേക്കു തിരിച്ചു വന്നതായി സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 16,085-ലും 15,825-ലും സപ്പോർട്ട് ഉണ്ട്.ഉയരുമ്പോൾ 16,515-ഉം 16,680- ഉം തടസ മേഖലകളാകും. 20 ദിവസ, 200 ദിവസ മൂവിംഗ് ആവരേജുകൾ സംഗമിക്കുന്ന 16,850-16,950 മേഖല മറികടക്കുന്നതാണു വിപണി ഇനി നേരിടുന്ന വലിയ വെല്ലുവിളി എന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ക്രൂഡ് കുത്തനെ ഇടിഞ്ഞു
ക്രൂഡ് ഓയിൽ വില ഇന്നലെ 13 ശതമാനത്തോളം ഇടിഞ്ഞു. ക്രൂഡ് ലഭ്യത കൂട്ടാൻ തയാറാണെന്നു യുഎഇ പറഞ്ഞതും സൗദി അറേബ്യ അതിനെ എതിർക്കാതിരുന്നതുമാണു കാരണം. ഒപ്പം യുദ്ധം അധികം നീളില്ല എന്ന സൂചനയും ഇന്ധനവില കുറയാൻ സഹായിച്ചു. 135 ഡോളർ വരെ എത്തിയ സ്പോട്ട് വില 115 ഡോളറിലേക്കു താണു. ബ്രെൻ്റ് ഇനം ക്രൂഡ് ഏപ്രിൽ അവധിവില 111.1 ഡോളറിലേക്ക് താഴ്ന്നിട്ട് 113.5 ഡോളറിലേക്കു കയറി. കാര്യങ്ങൾ സമാധാനത്തിലേക്കു നീങ്ങിയാൽ ക്രൂഡ് വില 95 - 100 ഡോളർ മേഖലയിലേക്കു താഴും.
ലോഹങ്ങൾ തണുക്കുന്നു
വ്യാവസായിക ലോഹങ്ങളിലെ ഊഹക്കച്ചവടം ഒട്ടൊന്നു ശമിച്ച മട്ടാണ്. അലൂമിനിയം വില ആറു ശതമാനം താണ് 3311 ഡോളറിലെത്തി.ചെമ്പ് രണ്ടു ദിവസം കൊണ്ട് 700 ഡോളർ താഴ്ന്ന് 10,050 ഡോളർ ആയി. . മൂന്നു ദിവസം കൊണ്ടു വില 500 ശതമാനം വർധിച്ച നിക്കലിൻ്റെ വ്യാപാരം ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ഈയാഴ്ച പുനരാരംഭിക്കാൻ സാധ്യതയില്ല. നിക്കലിൽ ഒരു ലക്ഷം ടണ്ണിൻ്റെ ഷോർട്ട് അടിച്ച് 200 കോടി ഡോളർ നഷ്ടസാധ്യത വരുത്തിയ ചൈനീസ് ശതകോടീശ്വരൻ ഷിയാംഗ് ഗ്വാംഗ്ഡയെ ചൈനീസ് ബാങ്കുകൾ സഹായിച്ചു. സഹായം കിട്ടിയിരുന്നില്ലെങ്കിൽ ഷിയാംഗിൻ്റെ ചിങ് ചാൻ ഹോൾഡിംഗ് ഗ്രൂപ്പ് പാപ്പരാകുമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നിക്കൽ ഖനന-സംസ്കരണ ഗ്രൂപ്പാണ് ചിങ് ചാൻ.
സ്വർണം ഇടിഞ്ഞു
സമാധാന സാധ്യത സ്വർണ വില കുത്തനെ ഇടിയാൻ വഴിതെളിച്ചു.അശാന്ത കാലത്തു സുരക്ഷിത നിക്ഷേപം എന്ന സ്വർണത്തിൻ്റെ പദവിയാണ് കഴിഞ്ഞ ദിവസങ്ങളിൽ വില 2071 ഡോളർ വരെ ഉയർത്തിയത്. അന്തരീക്ഷം ശാന്തമാകുന്നു എന്നു വന്നതു സ്വർണവില താഴ്ത്തി. ക്രിപ്റ്റോ കറൻസികൾക്കു മേൽനോട്ടം ഏർപ്പെടുത്തുമെന്നു യുഎസ് പ്രസിഡൻ്റ് പ്രഖ്യാപിച്ചത് ബിറ്റ് കോയിൻ അടക്കമുള്ളവയുടെ നിക്ഷേപ യോഗ്യത കൂട്ടി. അവയുടെ വില ഉയർന്നു. കുറേ അതിസമ്പന്ന നിക്ഷേപകർ സ്വർണം വിട്ടു ക്രിപ്റ്റോകളിലേക്കു മാറി. ഇതും സ്വർണത്തിനു തിരിച്ചടിയായി.
സ്വർണം ഇന്നലെ 2060 ഡോളറിൽ നിന്ന് 1977 വരെ താഴ്ന്നു. പിന്നീടു കയറി 1990-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1983-1985 ഡോളറിലേക്കു താണു. ഇനിയും കുറയുമെന്നാണു സൂചന.
കേരളത്തിൽ ഇന്നലെ പവന് 1040 രൂപ കൂടി 40,560 രൂപയിലെത്തി. വ്യാപാര സംഘടനകൾ തമ്മിൽ ആശയപ്പൊരുത്തമില്ലാത്തതിനാൽ കുറേ കടകൾ ഇതിലും കുറഞ്ഞ വില നിശ്ചയിച്ചു. ഉച്ചയ്ക്കുശേഷം 39,840 രൂപയായി വില. ഇന്നു വില ഗണ്യമായി കുറയും.
യുക്രെയ്നിൽ സമാധാനപ്രതീക്ഷ
യുക്രെയ്നിൽ അട്ടിമറിക്കാേ ഭരണമാറ്റത്തിനോ തങ്ങൾ ശ്രമിക്കുന്നില്ലെന്ന് റഷ്യ ഇന്നലെ വ്യക്തമാക്കി. ഇത് ഇന്നു റഷ്യൻ - യുക്രെയ്നിയൻ വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ പ്രതീക്ഷയ്ക്കു വക നൽകുന്നു. നാറ്റാേയിൽ ചേരുകയില്ലെന്നും ക്രൈമിയയുടെ മേലുള്ള അവകാശം ഒഴിവാക്കാനും റഷ്യൻ പക്ഷപാതികൾ അധികാരത്തിലുള്ള ഡാേണെട്സ്ക്, ലുഹാൻസ്ക് പ്രവിശ്യകളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കാനും തയാറാണെന്നും യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള റഷ്യൻ ഉപാധികൾ യുക്രെയ്ൻ സ്വീകരിച്ചെന്നാണ് ഇതിനർഥം. ഇന്നു തുർക്കിയിൽ നടക്കുന്ന മന്ത്രിതല ചർച്ച വ്യക്തമായ ധാരണകളിൽ എത്തിയേക്കും. യുക്രെയ്ൻ റഷ്യാ വിരുദ്ധ സൈനിക സഖ്യത്തിൽ ചേരാതെ നിഷ്പക്ഷ രാജ്യമായി നിലകൊള്ളും എന്ന ഉറപ്പാണു റഷ്യ ആവശ്യപ്പെടുന്നത്. റഷ്യ പ്രതീക്ഷിക്കാത്ത വലിയ ചെറുത്തുനിൽപ്പാണു യുക്രെയ്നിൽ നിന്നുണ്ടായത്. റഷ്യൻ സേനയ്ക്ക് വലിയ ആൾനാശവും ഉണ്ടായി. റഷ്യൻ ടാങ്കുകൾക്കും കവചിത വാഹനങ്ങൾക്കും വലിയ നാശനഷ്ടവും നേരിട്ടു. കൂടുതൽ മാനുഷിക ദുരിതമുണ്ടാക്കുന്നത് റഷ്യക്കെതിരേ ഉയരുന്ന വികാരം കൂടുതൽ ശക്തമാക്കും എന്ന അവസ്ഥയുമുണ്ടായി. നയതന്ത്ര തലത്തിൽ മിത്രങ്ങൾ കുറഞ്ഞു എന്നതും റഷ്യയുടെ നിലപാടു മാറ്റത്തിൽ ഘടകമായി.
This section is powered by Muthoot Finance
Next Story
Videos