Begin typing your search above and press return to search.
സമാധാനം അകലെ; പലിശഭീഷണി വീണ്ടും; വിപണിയിൽ വീണ്ടും ആശങ്ക; വാണിജ്യയുദ്ധത്തിൻ്റെ പ്രത്യാഘാതം ഗുരുതരം
ഇന്ത്യൻ ഓഹരി വിപണിയുടെ തുടക്കം താഴ്ചയോടെ ആകും; വാണിജ്യ യുദ്ധത്തിന്റെ അലയൊലി എന്ത്?
റഷ്യ-യുക്രെയ്ൻ ചർച്ച ഉദ്ദേശിച്ചതു പോലെ പുരോഗമിച്ചില്ല. അമേരിക്കയിൽ ഫെബ്രുവരിയിലെ ചില്ലറ വിലക്കയറ്റം 7.9 ശതമാനത്തിലേക്കു കുതിച്ചുയർന്നു. ജനുവരിയിൽ 7.5 ശതമാനമായിരുന്നു. ഇത് അടുത്ത ബുധനാഴ്ച യുഎസ് ഫെഡ് പലിശ നിരക്ക് എത്ര കണ്ടു കൂട്ടും എന്ന ചിന്തയിലേക്കു വിപണികളെ നയിച്ചു. വ്യാഴാഴ്ചത്തെ ആവേശവും പ്രതീക്ഷകളും മങ്ങിയ നിലയിലാണ് വിപണി വെള്ളിയാഴ്ചയിലേക്കു കടക്കുന്നത്.
വ്യാഴാഴ്ചത്തെ മൂഡ് മാറ്റം വിവിധ ഭൂഖണ്ഡങ്ങളിലെ ഓഹരി നിലവാരത്തിൽ പ്രകടമായി. രാവിലെ ഏഷ്യൻ വിപണികൾ മൂന്നു ശതമാനം ഉയർന്നു ക്ലോസ് ചെയ്തു. യൂറോപ്പ് മൂന്നു ശതമാനത്തോളം താഴ്ന്നു വ്യാപാരം അവസാനിപ്പിച്ചു. യുഎസ് ഓഹരികൾ താഴ്ന്നു തുടങ്ങിയിട്ടു കൂടുതൽ താഴ്ന്നു. ഒടുവിൽ നഷ്ടം ഒരു ശതമാനത്തിൽ താഴെയാക്കി ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ്, ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണ്. ഏഷ്യൻ വിപണികളും താഴ്ചയിലാണ് ഓപ്പൺ ചെയ്തത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,495ലാണു ക്ലോസ് ചെയ്തത്.ഇന്ത്യയിലെ നിഫ്റ്റി ക്ലോസിംഗിൽ നിന്നു 100 പോയിൻ്റോളം താഴ്ചയിലാണത്. ഇന്നു രാവിലെ വീണ്ടും താണ് 16,457 ൽ എത്തിയിട്ട് അൽപം കയറി. ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങും എന്നാണ് ഇതു നൽകുന്ന സൂചന.
ഇന്ത്യൻ വിപണി ഇന്നലെ ആവേശത്തോടെ തുടങ്ങുകയും പിന്നീടു കൂടുതൽ ഉയരുകയും ചെയ്തു. പക്ഷേ ഉച്ചയോടെ വിൽപന സമ്മർദത്തിൽ സൂചികകൾ ഉയരത്തിൽ നിന്നു താഴെ വന്നു. ഒരവസരത്തിൽ മൂന്നു ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയ ഓഹരികൾ പിന്നീട് ഒന്നര ശതമാനം നേട്ടത്തിലാണു ക്ലാേസ് ചെയ്തത്. സെൻസെക്സ് 817.06 പോയിൻ്റ് (1.5 %) നേട്ടത്തിൽ 55,464.9 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 249.55 പോയിൻ്റ് (1.53%) ഉയർന്ന് 16,594.9 ൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി 16,757.3 വരെ കയറിയിട്ട് 16,447 വരെ താഴുകയും ചെയ്താണ് ഇന്നലെ വ്യാപാരം നടന്നത്. ഉയർന്ന നിലവാരം നിലനിർത്താൻ കഴിയാത്തത് വിപണിയുടെ കയറ്റത്തിൻ്റെ സ്വഭാവത്തെപ്പറ്റി സംശയം ജനിപ്പിക്കും. മൂന്നാം ദിവസവും ഉയർന്നെങ്കിലും സൂചികകൾ ഇപ്പാേഴും ദൗർബല്യം കാണിക്കുന്നു. ദുർബലമായാൽ16,200 വരെ നിഫ്റ്റി ചെല്ലുമെന്നു നിക്ഷേപ വിദഗ്ധർ വിശകലനം ചെയ്യുന്നു. 16,800- 17,000 മേഖലയിലേക്കുള്ള കയറ്റത്തിന് ഒരു ബ്രേക്ക് പലരും കാണുന്നുണ്ട്.
വ്യാഴാഴ്ച വിദേശ നിക്ഷേപകരുടെ വിൽപന 1981.15 കോടി രൂപയുടേതായിരുന്നു. സ്വദേശികൾ 945.71 കോടിയുടെ വാങ്ങൽ നടത്തി. ബുധനാഴ്ചത്തെ ഫെഡ് തീരുമാനത്തിനു മുമ്പു കൂടുതൽ വിൽപനയ്ക്കു വിദേശികൾ ഒരുങ്ങുന്നുവെന്നാണു സൂചന. ഈ മാസം ഇതു വരെ 41,039.15 കോടി രൂപയുടെ ഓഹരികൾ വിദേശനിക്ഷേപകർ വിറ്റിട്ടുണ്ട്.
ക്രൂഡ് താഴ്ന്നു, കയറി
പെട്രോളിയം വിപണി ചാഞ്ചാടുകയാണ്. യുദ്ധഗതിയും എണ്ണ വിപണിയിലെ റഷ്യൻ സമീപനവുമാണു നിർണായകം. റഷ്യൻ ക്രൂഡ് വാങ്ങാൻ പാശ്ചാത്യ രാജ്യങ്ങളും കമ്പനികളും മടിക്കുകയാണ്. ചൈന ഈ വിടവ് നികത്താൻ കൂടുതൽ റഷ്യൻ ക്രൂഡ് വാങ്ങുന്നുണ്ട്. എങ്കിലും ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യം പല ഉൽപാദന കേന്ദ്രങ്ങളും അടച്ചിടേണ്ട നിലയിലാണ്. ഇതു വിപണിയെ ചാഞ്ചാട്ടത്തിലേക്കു നയിക്കുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ 109 ഡോളറിനു താഴെ എത്തിയിട്ട് ഇന്നു കയറി 111 ഡോളർ ആയി. പിന്നീട് അൽപം കുറഞ്ഞു
സ്വർണത്തിലും ചാഞ്ചാട്ടം
വ്യാവസായിക ലോഹങ്ങളുടെ വിലയും കയറിയിറങ്ങുകയാണ്. അലൂമിനിയം വില മൂന്നു ശതമാനം ഉയർന്ന് 3428 ഡോളറിൽ എത്തി. യൂറോപ്യൻ സ്റ്റീൽ വില രണ്ടു ശതമാനം താണു.
സ്വർണ വിലയും വല്ലാതെ ചാഞ്ചാടുകയാണ്. ഇന്നലെ 1977 - 2009 ഡോളർ മേഖലയിൽ കയറിയിറങ്ങിയ സ്വർണം ഇന്നു രാവിലെ 1990-1992 ഡോളർ വരെ താണിട്ട് 1995 ലേക്കുയർന്നു.. യുക്രെയ്നിൽ സമാധാന പ്രതീക്ഷ മങ്ങിയതും യുഎസ് പലിശ ഉയരുന്നതുമാണു സ്വർണത്തെ ഇന്നലെ ബാധിച്ച ഘടകങ്ങൾ. അവയ്ക്ക് ഇന്നും മാറ്റമില്ല. വ്യാഴാഴ്ച കേരളത്തിൽ പവൻ്റെ വില കുത്തനെ താണ് 38,560 രൂപ ആയിരുന്നു.
വാണിജ്യയുദ്ധത്തിനു ദൂരവ്യാപക പ്രത്യാഘാതം
യുക്രെയ്ൻ യുദ്ധം ആഗോള സാമ്പത്തിക - വാണിജ്യ ബന്ധങ്ങളിൽ ദൂരവ്യാപകമായ മാറ്റങ്ങൾക്കു വഴി തെളിക്കും എന്നു നിരീക്ഷകർ വിലയിരുത്തുന്നു. വാണിജ്യ യുദ്ധമായി യുക്രെയ്ൻ യുദ്ധം മാറി. ഇതു വീണ്ടും സംരക്ഷണ വാദത്തിലേക്ക് രാജ്യങ്ങളെ നയിക്കും. ഒന്നാം ലോകമഹായുദ്ധത്തിൻ്റെ അന്ത്യത്തോടെ ലോക വാണിജ്യത്തിൽ ശക്തമായ സംരക്ഷണവാദം വീണ്ടും ശക്തമാകും. അന്നത്തെ സംരക്ഷണവാദ നയങ്ങൾ ഇരുപതാം നൂറ്റാണ്ടിലെ ലോക വാണിജ്യ തളർച്ചയ്ക്കു കാരണമായി. ലോക വ്യാപാര സംഘടന നിലവിൽ വന്നശേഷമാണ് ആ നില മാറിയത്. തുടർന്നു സ്വതന്ത്ര വ്യാപാര ബ്ലോക്കുകളും മറ്റും ഉയർന്നു വന്നു. വാണിജ്യ വളർച്ചയ്ക്കു വേഗം കൂടി.
ഇപ്പോൾ റഷ്യൻ ഉൽപന്നങ്ങൾക്ക് ഉപരോധം വന്നതോടെ പല രാജ്യങ്ങളും പ്രയാസത്തിലായി. ലോകത്തിലെ ക്രൂഡ് ഓയിലിൻ്റെ ഏഴു മുതൽ എട്ടുവരെ ശതമാനം റഷ്യയിൽ നിന്നാണ്. പ്രകൃതി വാതകത്തിൻ്റെ 12 ശതമാനവും. ഗോതമ്പ്, ചോളം, പൊട്ടാഷ്, സ്വർണം, അലൂമിനിയം, യുറേനിയം, നിക്കൽ, പല്ലാഡിയം തുടങ്ങിയവയുടെ കാര്യത്തിലും റഷ്യൻ പങ്ക് വലുതാണ്. ഇവിടെയൊക്കെ വില പരിധി വിട്ടു കൂടി. ഓരോ രാജ്യവും ഇനി രക്ഷയ്ക്കു സ്വന്തം വഴി തേടേണ്ട നിലയായി. യുദ്ധം അവസാനിച്ചാലും ഈ ധാരണ മാറില്ല. മൂലധന നിക്ഷേപ കാര്യവും അങ്ങനെ തന്നെ. റഷ്യയിൽ നിന്നു പാശ്ചാത്യ കമ്പനികൾ കൂട്ടത്തോടെ പിൻവാങ്ങുകയാണ്. മൂലധന നിക്ഷേപം സംബന്ധിച്ച ധാരണകൾ പാടേ തിരുത്തിക്കുറിക്കേണ്ട നില. ഇതൊക്കെ ഇക്കൊല്ലം മാത്രമല്ല വരും വർഷങ്ങളിലും ആഗാേള വളർച്ചയെ ബാധിക്കാവുന്ന കാര്യങ്ങളാണ്.
This section is powered by Muthoot Finance
Next Story
Videos