Begin typing your search above and press return to search.
വിപണിക്കു പുതിയ ആശങ്കകൾ; വിലക്കയറ്റം വീണ്ടും ഭീഷണി; ക്രൂഡും സ്വർണവും ഇടിയുന്നു; ചൈനീസ് ലോക്ക്ഡൗൺ വളർച്ച കുറയ്ക്കും
യുദ്ധഗതി മാറ്റമില്ലാതെ തുടരുന്നു; വെടിനിർത്തൽ ചർച്ച കാര്യമായ പുരോഗതി ഇല്ലാതെ താൽക്കാലികമായി നിർത്തി. എങ്കിലും അനുകൂല സൂചനകൾ ക്രൂഡ് ഓയിൽ വില അൽപം കൂടി കുറയാൻ ഇടയാക്കി. ബ്രെൻ്റ് ഇനം ക്രൂഡ് 107 ഡോളറിലേക്കു താണു. സ്വർണവും കുത്തനേ കുറഞ്ഞു.
യുഎസ് ഓഹരികൾ ഇന്നലെ തുടക്കത്തിൽ നേട്ടത്തിലായിരുന്നെങ്കിലും ഒടുവിൽ നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ഫ്യൂച്ചേഴ്സ് അൽപം ഉയർന്നു. വിലക്കയറ്റഭീതിയാണു വിപണിയെ ഉലച്ചത്. ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ താഴ്ന്നാണു വ്യാപാരം നടക്കുന്നത്. സിംഗപ്പുരിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി രാവിലെ 16,750-ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണിയുടെ തുടക്കം താഴ്ചയിലാകുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ ഇന്ത്യൻ വിപണി ചെറിയ നേട്ടത്തോടെ തുടങ്ങിയിട്ടു വലിയ നേട്ടത്തിൽ അവസാനിച്ചു. മുഖ്യസൂചികകൾ ഒന്നര ശതമാനത്തിലേറെ ഉയർന്നു. ബാങ്ക്, ധനകാര്യ, ഐടി, വാഹന മേഖലകൾ മികച്ച നേട്ടമുണ്ടാക്കി. റിയൽറ്റി, മെറ്റൽ, ഫാർമ മേഖലകളാണു ക്ഷീണത്തിലായത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും കാര്യമായ നേട്ടമുണ്ടാക്കിയില്ല.
ഇന്നലെ സെൻസെക്സ് 935.72 പോയിൻ്റ് (1.68%) കുതിച്ച് 56,486.02ലും നിഫ്റ്റി 240.85 പോയിൻ്റ് (1.45%) നേട്ടത്തിൽ 16,877.3ലും ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപകർ ഇന്നലെ 176.52 കോടി രൂപയുടെ ഓഹരികളേ വിറ്റൊഴിഞ്ഞുള്ളു. സ്വദേശി ഫണ്ടുകൾ 1098.62 കോടിയുടെ ഓഹരികൾ വാങ്ങി. വിദേശികൾ സമീപനം മാറ്റിയോ എന്നു നാളെ കഴിഞ്ഞാലേ അറിവാകൂ.
നിഫ്റ്റിക്ക് 16,690- ലും 16,505-ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 16,970-ഉം 17,070- ഉം തടസ മേഖലകളാണ്.
ക്രൂഡ് താഴ്ന്നു
ക്രൂഡ് ഓയിൽ വില താഴാേട്ടു നീങ്ങുകയാണ്. ഇന്നലെ രാവിലത്തെ 111 ഡോളറിൻ്റെ നിന്ന് 106.9 ഡോളറിലായി ക്ലോസിംഗ് നിരക്ക്. ഇന്നു കുറച്ചു കൂടി കുറയുമെന്നാണു സൂചന. റഷ്യ 20 ശതമാനം വില താഴ്ത്തി വിൽക്കുന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.
വ്യാവസായിക ലോഹങ്ങളുടെ വില കുറഞ്ഞു.ചൈനയിൽ വളർച്ച കുറയുമെന്ന സൂചനയാണു വിപണിഗതിയെ പെട്ടെന്നു മാറ്റിയത്. പല വ്യവസായ കേന്ദ്രങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അലൂമിനിയം വില നാലര ശതമാനം ഇടിഞ്ഞ് 3330 ഡോളർ ആയി. ചെമ്പ് രണ്ടര ശതമാനം താണ് 9878 ഡോളറിലെത്തി. സ്റ്റീൽ വില കുറഞ്ഞതിനെ തുടർന്ന് ഇരുമ്പയിര് മൂന്നര ശതമാനം ഇടിഞ്ഞു.
സ്വർണവില ഇടിയുന്നു
സ്വർണവില വീണ്ടും താഴോട്ടായി. സംഘർഷ മേഖലയിൽ നിന്നു നല്ല സൂചനകൾ ലഭിക്കുന്നത് വിലയിടിയാൻ ഒരു കാരണമാണ്. യുഎസ് പലിശ വർധിക്കുമ്പോൾ സർക്കാർ കടപ്പത്രങ്ങളിലേക്കു നിക്ഷേപങ്ങൾ നീങ്ങും എന്നതും സ്വർണത്തിനു ഡിമാൻഡ് കുറയ്ക്കുന്നു. സ്വർണം ഇന്നു രാവിലെ 1944-1946 ഡോളർ മേഖലയിലാണ്. കേരളത്തിൽ ഇന്നലെ സ്വർണ വില പവന് 240 രൂപ കുറഞ്ഞിരുന്നു. ഇന്നും വില കുറയും.
വിലക്കയറ്റം വീണ്ടും കൂടി
രാജ്യത്തു ചില്ലറ വിലക്കയറ്റവും മൊത്ത വിലക്കയറ്റവും വീണ്ടും കൂടി. ഫെബ്രുവരിയിൽ ഇവ കുറയും എന്നാണു ഗവണ്മെൻ്റും ധനകാര്യ നിരീക്ഷകരും കണക്കാക്കിയിരുന്നത്. പക്ഷേ ചില്ലറ വിലക്കയറ്റം ജനുവരിയിലെ 6.01 ൽ നിന്നു ഫെബ്രുവരിയിൽ 6.07 ശതമാനമായി. മൊത്ത വിലക്കയറ്റം ജനുവരിയിലെ 12.96 ൽ നിന്നു ഫെബ്രുവരിയിൽ 13.11 ശതമാനമായി.
ജനുവരി-മാർച്ചിൽ ചില്ലറ വിലക്കയറ്റം 5.3 ശതമാനമായിരിക്കും എന്ന റിസർവ് ബാങ്കിൻ്റെ നിഗമനം പാളുകയാണ്. ജനുവരി- ഫെബ്രുവരിയിലെ വർധന തന്നെ ആറു ശതമാനത്തിലധികമാണ്. മാർച്ചിൽ വർധന നാലു ശതമാനത്തിനടുത്തായാലേ റിസർവ് ബാങ്കിൻ്റെ നിഗമനം ശരിയാകൂ. അതു നടക്കാൻ ഒരു സാധ്യതയുമില്ല.
2022-23 ധനകാര്യ വർഷത്തെ വിലക്കയറ്റം സംബന്ധിച്ച റിസർവ് ബാങ്ക് നിഗമനവും മാറ്റേണ്ടി വരും. റിസർവ് ബാങ്ക് 4.5 ശതമാനം വിലക്കയറ്റമാണു പ്രതീക്ഷിക്കുന്നത്. ഇന്ധനങ്ങൾക്കും ലോഹങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കും വില ഉയർന്നതിനാൽ 5.5-6.0 നിരക്കിലേക്കു വിലകൾ എത്തുമെന്ന് നിരീക്ഷകർ കണക്കാക്കുന്നു. റിസർവ് ബാങ്ക് കൂടുതൽ തവണ പലിശനിരക്ക് വർധിപ്പിക്കേണ്ടി വരും.
നേട്ടം മുഴുവൻ കളഞ്ഞ് യുഎസ് വിപണി
ഇന്നലെ ഓഹരി വിപണികൾ ഏഷ്യയിലും യൂറോപ്പിലും നല്ല നേട്ടം ഉണ്ടാക്കിയെങ്കിലും യുഎസ് വിപണി മറിച്ചാണു നീങ്ങിയത്. ഉച്ചയോടെ 450 പോയിൻ്റ് ഉയരത്തിൽ എത്തിയ ഡൗ ജോൺസ് സൂചിക ആ നേട്ടങ്ങൾ മുഴുവൻ നഷ്ടമാക്കി വെറും ഒരു പോയിൻ്റ് ഉയരത്തിൽ അവസാനിച്ചു.നാസ്ഡാക് രണ്ടു ശതമാനം ഇടിഞ്ഞു.
നാളെ യുഎസ് ഫെഡ് പലിശ നിരക്കു കൂട്ടുന്നതും വിലക്കയറ്റം നിയന്ത്രണമില്ലാതെ കയറുന്നതുമാണു യുഎസ് വിപണിയെ താഴ്ചയിലേക്കു നയിച്ചത്. യുഎസിൽ ഗ്യാസൊലിൻ വില ഗാലന് 4.3 ഡോളർ കടന്നു. ഇതു പലിശ നിരക്ക് കൂടുതൽ ഉയർത്താൻ കാരണമാകും. ഈ ആശങ്കയിൽ 10 വർഷ യുഎസ് സർക്കാർ കടപ്പത്രത്തിലെ നിക്ഷേപനേട്ടം 2.14 ശതമാനത്തിലേക്കു കുതിച്ചു. ഇവ അതേപടി ഏഷ്യൻ വിപണികളിൽ തകർച്ചയ്ക്കു വഴിതെളിക്കണമെന്നില്ല.
ചൈനയിൽ വീണ്ടും ലോക്ക് ഡൗൺ
ഏഷ്യൻ വിപണികൾക്ക് അവയുടേതായ ചിന്താവിഷയങ്ങൾ ഉണ്ട്. ഷെൻഷെൻ അടക്കം പകുതിയോളം ചൈനീസ് നഗരങ്ങൾ കോവിഡ് മൂലം അടച്ചു പൂട്ടി. പ്രധാനമായും വ്യവസായ കേന്ദ്രങ്ങളിലാണു ലോക്ക് ഡൗൺ. ഈ മാസം ചൈനീസ് ജിഡിപി വളർച്ച കുറിക്കാൻ ഇടയില്ലെന്നാണു നിരീക്ഷണം. ചൈനീസ് ഓഹരി സൂചികകൾ രണ്ടു ദിവസം കൊണ്ടു നാലു ശതമാനത്തോളം ഇടിഞ്ഞു. ചൈനീസ് ഡിമാൻഡ് കുറയുന്നതിൻ്റെ പേരിൽ വ്യാവസായിക ലോഹങ്ങൾ കുത്തനേ ഇടിയുകയാണ്. റഷ്യ വില താഴ്ത്തി ക്രൂഡ് ഓയിൽ വിൽക്കുന്നതു ക്രൂഡ് വിലയിലും ഇടിവു വരുത്തും. വിലക്കയറ്റത്തോത് അൽപം കുറയ്ക്കാൻ ഇതെല്ലാം സഹായിക്കും. എന്നാൽ ഭക്ഷ്യവിലക്കയറ്റത്തിനു പരിഹാരമില്ല. യുദ്ധം അവസാനിച്ച ശേഷമേ ഭക്ഷ്യോൽപന്ന ലഭ്യത മെച്ചപ്പെടൂ.
ചൈനീസ് ഡിമാൻഡ് കുറയുന്നതു പല ഏഷ്യൻ രാജ്യങ്ങളുടെയും കയറ്റുമതി കുറയ്ക്കും. അതിൻ്റെ ക്ഷീണം ഈ ദിവസങ്ങളിൽ ആ വിപണികളിൽ പ്രതിഫലിക്കും. കോവിഡ് വ്യാപനം തീവ്രമായതു ദക്ഷിണ കൊറിയയിൽ വ്യവസായ മേഖലയെയും ബാധിച്ചു.
കമ്പനികൾ
ഹിന്ദുസ്ഥാൻ യൂണിലീവറും നെസ്ലെയും ഉൽപന്നങ്ങൾക്കു വീണ്ടും വില കൂട്ടി. ഘടകപദാർഥങ്ങളുടെ വില വർധന ഉൽപന്ന വിലയിൽ നടപ്പാക്കുകയായിരുന്നു. പോപ്പുലർ ആയ നിരവധി ഭക്ഷ്യവസ്തുക്കൾക്കും വില കൂട്ടിയിട്ടുണ്ട്.
സിഇഒമാരുടെ അപ്രതീക്ഷിത രാജി ജൂബിലൻ്റ് ഫുഡ്സിൻ്റെയും റിയൽറ്റി കമ്പനി ശോഭയുടെയും ഓഹരിവില ഇടിച്ചു. ജൂബിലൻ്റ് ഓഹരി 14 ശതമാനത്തോളം ഇടിഞ്ഞു.
പേയ്ടിഎം പ്രതിസന്ധി
നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്നു പേയ്ടിഎം പേയ്മെൻ്റ്സ് ബാങ്കിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണം ചില്ലറക്കാര്യമല്ലെന്ന് സൂചന. ഇടപാടുകാരുടെ വിവരങ്ങൾ ചില ചൈനീസ് കമ്പനികൾക്കു കൈമാറിയതായി റിസർവ് ബാങ്ക് സംശയിക്കുന്നു എന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലിനു കൂട്ടുനിന്നെന്ന ആരോപണവും ഉണ്ട്. കമ്പനിയുടെ ഐടി സംവിധാനത്തിൽ സമഗ്ര ഓഡിറ്റിനാണു റിസർവ് ബാങ്ക് നിർദേശിച്ചിരിക്കുന്നത്. കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്നു പേയ്ടിഎം സാരഥി വിജയ് ശേഖർ ശർമ അവകാശപ്പെട്ടിട്ടുണ്ട്. വിവരങ്ങൾ ചോർത്തിക്കൊടുത്തു എന്ന ആരോപണം ശർമ നിഷേധിച്ചു. ഓഹരിവില 12 ശതമാനത്തിലേറെ ഇടിഞ്ഞു.
Next Story
Videos