Begin typing your search above and press return to search.
വിപണിക്ക് ആവേശക്കുതിപ്പ്; ഏഷ്യൻ വിപണികൾ ഉത്സാഹത്തിൽ; വിദേശികൾ വീണ്ടും വാങ്ങലുകാർ; പ്രതീക്ഷ പോലെ ഫെഡ് പ്രഖ്യാപനം
പ്രതീക്ഷപോലെ കാര്യങ്ങൾ നടന്നു. യുഎസ് ഫെഡ് പലിശ കൂട്ടി. രണ്ടു വർഷത്തേക്കുള്ള പലിശയുടെ വഴിയും വരച്ചു കിട്ടി. ഓഹരി വിപണി ഇന്നു വലിയ കുതിപ്പിന് ഒരുങ്ങുകയാണ്. ഒപ്പം യുക്രെയ്നിൽ വെടിനിർത്തലിനുള്ള സാധ്യതയും ക്രൂഡ് ഓയിൽ വിലയിലെ ഗണ്യമായ ഇടിവും വിപണിക്ക് ആവേശം പകരുന്നു. അവിചാരിത സംഭവങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ ഇന്ത്യൻ വിപണി സൂചികകൾ ഇന്നു വലിയ മുന്നേറ്റം കാഴ്ചവയ്ക്കും.
ഇന്നലെ ഇന്ത്യൻ വിപണി മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നല്ല നേട്ടമുണ്ടാക്കി. യൂറോപ്യൻ ഓഹരികൾ മൂന്നു ശതമാനത്തിലധികം ഉയർന്നു. യുഎസ് വിപണി ഫെഡ് തീരുമാനം വരുംമുമ്പേ തന്നെ നേട്ടത്തിലായിരുന്നു. ഫെഡ് തീരുമാനം പ്രഖ്യാപിച്ച ശേഷം വീണ്ടും ഉയർന്നു. ഇന്നു രാവിലെ ഫ്യൂച്ചേഴ്സും നേട്ടത്തിലാണ്.
ഏഷ്യൻ വിപണികൾ ഇന്നു കുതിപ്പോടെയാണു വ്യാപാരം തുടങ്ങിയത്. ജാപ്പനീസ് ഓഹരികൾ മൂന്നു ശതമാനത്തിലധികം ഉയരത്തിലാണ്. ഓസ്ട്രേലിയൻ സൂചിക ഒന്നര ശതമാനവും കൊറിയൻ സൂചിക രണ്ടു ശതമാനവും ഉയർന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ രാത്രി 17,315 വരെ ഉയർന്നു. ഇന്നു രാവിലെ അൽപം താണ് 17,280-ലാണ് എസ്ജിഎക്സ് നിഫ്റ്റി. ഇന്ത്യൻ വിപണി നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ബുധനാഴ്ച സെൻസെക്സ് 1039.8 പോയിൻ്റ് (1.86 %) കുതിപ്പാേടെ 56,816.65ലും നിഫ്റ്റി 312.35 പോയിൻ്റ് (1.87%) ഉയർച്ചയോടെ 16,975.35ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 2.01 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.17 ശതമാനവും ഉയർന്നു. റിയൽറ്റിയും മെറ്റലും അടക്കം എല്ലാ ബിസിനസ് വിഭാഗങ്ങളും ഇന്നലെ കുതിച്ചു.
ബുള്ളുകൾ ഡ്രൈവിംഗ് സീറ്റിൽ
ബുള്ളുകൾ വിപണിയുടെ നിയന്ത്രണം തിരിച്ചു പിടിച്ചെന്നാണു വിലയിരുത്തൽ. നിഫ്റ്റി 200 ദിന മൂവിംഗ് ആവരേജി (16,990)നു താഴെയാണു ക്ലോസ് ചെയ്തതെങ്കിലും 17,000 ഇനിയുള്ള കുതിപ്പിന് അടിത്തറയാകുമെന്നു വിദഗ്ധർ കരുതുന്നു. ബുള്ളുകൾ വിപണിയെ 17,500-ലേക്ക് നയിക്കുമെന്നാണു പ്രതീക്ഷ. നിഫ്റ്റിക്ക് 16,880 ലും 16785 ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 17,030-ലെയും 17,140 ലെയും തടസങ്ങൾ കടന്നാൽ 17,250-17,400 മേഖലയിലേക്കു കടക്കാം.
വിദേശികൾ വാങ്ങലുകാരായി
ഇന്നലെ വിദേശ നിക്ഷേപകർ വാങ്ങലുകാരായി എന്ന പ്രത്യേകതയുമുണ്ട്. 311.99 കോടി രൂപ അവർ ഇന്നലെ ഓഹരികളിൽ നിക്ഷേപിച്ചു. ഓപ്ഷൻസ് വിപണിയിലും അവർ വലിയ തോതിൽ വാങ്ങി. ഒന്നര മാസത്തിനു ശേഷമാണ് വിദേശികൾ വാങ്ങലുകാരായി. ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകരുടെ വിൽപന പ്രവണത അവസാനിച്ചോ എന്ന് ഈയാഴ്ച അറിയാം. യുഎസ് പലിശ കൂട്ടിത്തുടങ്ങിയതിൻ്റെ പ്രതികരണം ഈ ദിവസങ്ങളിൽ ഉണ്ടാകും.
ക്രൂഡ് ഇടിഞ്ഞു
ക്രൂഡ് ഓയിൽ വില ഇന്നലെ രാവിലെ 112 ഡോളറിലേക്കു കയറിയെങ്കിലും സമാധാന ചർച്ചകളിലെ പുരോഗതി വില താഴ്ത്തി. ബ്രെൻ്റ് ഇനം 98.51-ൽ ക്ലോസ് ചെയ്തു. യുക്രെയ്ൻ സംഘർഷം തീർന്നാലും ക്രൂഡ് വില 100 ഡോളറിനു മുകളിൽ മാസങ്ങളോളം തുടരുമെന്ന് അമേരിക്കയുടെ എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ (ഇഐഎ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വ്യാവസായിക ലോഹങ്ങൾ വീണ്ടും ഉണർവിലായി. ചെമ്പുവില മൂന്നു ശതമാനം ഉയർന്ന് ടണ്ണിനു 10,100 ഡോളറിൽ എത്തി.ഇരുമ്പയിര് വില 149 ഡോളറിലേക്കു കുതിച്ചു. ലെഡ്, ടിൻ, സിങ്ക് തുടങ്ങിയവയും നേട്ടത്തിലാണ്.
സ്വർണം വീണ്ടും കയറി
ഫെഡ് പ്രഖ്യാപനത്തെ തുടർന്നു പെട്ടെന്ന് 1894.8 ഡോളറിലേക്ക് ഇടിഞ്ഞ സ്വർണം പിന്നീടു തിരിച്ചു കയറി. സാമ്പത്തിക വളർച്ച കാര്യമായി കുറയില്ല എന്ന പ്രഖ്യാപനമാണു സ്വർണത്തെ സഹായിച്ചത്. ഔൺസിന് 1928-1930 ഡോളറിലാണ് ഇന്നു രാവിലെ സ്വർണം. കേരളത്തിൽ ഇന്നലെ പവന് 240 രൂപ കുറഞ്ഞു. ഇന്നു രാജ്യാന്തര വില ഇന്നലത്തേക്കാൾ കൂടുതലാണ്.
രൂപ ഇന്നലെ നല്ല നേട്ടമുണ്ടാക്കി. ഡോളറിനു 41 പൈസ കുറഞ്ഞ് 76.21 രൂപയായി.
സ്വകാര്യ സംരംഭങ്ങളെ തകർക്കില്ലെന്നു ചൈന
വിദേശത്തു ലിസ്റ്റ് ചെയ്തിട്ടുള്ള ചൈനീസ് കമ്പനികളുടെ ഓഹരി വില ഈയിടെ കുത്തനെ ഇടിഞ്ഞിരുന്നു. ചൈന സ്വകാര്യ സംരംഭകർക്കെതിരേ നീങ്ങുന്നു എന്നതിൻ്റെ പേരിലായിരുന്നു തകർച്ച. സ്വകാര്യ സംരംഭങ്ങളെ ദുർബലമാക്കില്ലെന്നും നയം മാറ്റില്ലെന്നും ചൈന ഇന്നലെ പ്രഖ്യാപിച്ചു. ഇതു ഹോങ്കോംഗ് സൂചികയെ 10 ശതമാനത്തോളം ഉയർത്തി. ചൈനീസ് വിപണി മൂന്നര ശതമാനം കയറി. യുഎസിലെ ചൈനീസ് ഓഹരികളും തിരിച്ചു കയറി.
പലിശ പോകുന്ന വഴി
അമേരിക്കൻ കേന്ദ്ര ബാങ്ക് ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) പലിശ കാൽ (0.25) ശതമാനം ഉയർത്തി. ഇതു വിപണി പ്രതീക്ഷിച്ചതും കണക്കുകൂട്ടിയതുമാണ്. ഫെഡറൽ ഫണ്ട്സ് റേറ്റ് എന്ന മിനിമം പലിശ 0.0-0.15 ശതമാനം ആയിരുന്നത് 0.25-0.4 ശതമാനമാക്കി. ഈ വർഷം ഇനി ആറു തവണ കൂടി നിരക്കു കൂട്ടുമെന്നും ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞു. അതായതു ഡിസംബറോടെ കുറഞ്ഞ പലിശ 1.9 ശതമാനമാകും. 2023 അവസാനം 2.8 ശതമാനത്തിലേക്കു കുറഞ്ഞ പലിശ നിരക്ക് ഉയരും.
ഇങ്ങനെ പലിശ നിരക്ക് ഉയർത്തുന്നതു താങ്ങാൻ തക്ക കരുത്ത് യു എസ് സമ്പദ്ഘടനയ്ക്ക് ഉണ്ടെന്നാണു പവൽ പറയുന്നത്. ഈ വർഷം ജിഡിപി 2.8 ശതമാനം വളരുമെന്നാണു ഫെഡ് നിഗമനം. നേരത്തേ കണക്കാക്കിയ നാലു ശതമാനത്തിൽ നിന്നു കുറവാണെങ്കിലും ഇതു മോശം നിരക്കല്ല. മാന്ദ്യം ഉണ്ടാകുമെന്ന വിലയിരുത്തലുകൾ പവൽ തള്ളിക്കളഞ്ഞു. പലിശ കൂടിയാലും തൊഴിലില്ലായ്മ പിടിച്ചു നിർത്താൻ പറ്റുന്ന വിധം വളർച്ച ഉണ്ടാകും. 2023-ൽ 2.2 ശതമാനം ജിഡിപി വളർച്ച കണക്കാക്കുന്നു. ഇതു നേരത്തേ കണക്കാക്കിയ നിരക്കു തന്നെയാണ്. യുക്രെയ്ൻ യുദ്ധം എങ്ങനെ വളർച്ചയെ ബാധിക്കുമെന്നു നിരീക്ഷിച്ചു വരികയാണെന്നു പവൽ പറഞ്ഞു.
യുദ്ധം വിലക്കയറ്റ പ്രതീക്ഷ ഉയർത്തി. ഈ വർഷം കണക്കാക്കിയിരിക്കുന്നതു 4.3 ശതമാനമാണ്. ഫെബ്രുവരിയിൽ 7.9 ശതമാനം ഉണ്ടായിരുന്നു വിലക്കയറ്റം.
പ്രതീക്ഷിച്ച നടപടി
ഫെഡ് കൂടുതൽ കർക്കശമായതു വിപണി പ്രതീക്ഷിച്ചതു തന്നെയാണ്. വിലക്കയറ്റം വരുതിയിലാക്കാൻ നേരത്തേ നടപടി തുടങ്ങുന്നു. അത് ഏതു വരെ പോകുമെന്നും അറിയിച്ചു. 2018-നു ശേഷം ആദ്യമാണു ഫെഡ് പലിശ കൂട്ടിയത്.
കഴിഞ്ഞ മാസം വരെ ഫെഡ് വിപണിയിൽ പണലഭ്യത കൂട്ടാൻ കടപ്പത്രങ്ങൾ വാങ്ങിയിരുന്നു. ഈ വാങ്ങി വച്ചതോടെ ഫെഡ് ബാലൻസ് ഷീറ്റ് ഒൻപതു ലക്ഷം കോടി ഡോളർ ആയി. ഇതു കുറയ്ക്കാൻ ഫെഡ് തീരുമാനിച്ചു. കടപ്പത്രങ്ങൾ എന്നു മുതൽ, എത്ര അളവിൽ വിൽക്കും എന്നത് അടുത്ത യോഗം തീരുമാനിക്കും.
ഫെഡ് തീരുമാനം ഓഹരികൾക്കു കരുത്തു പകർന്നു. യുഎസ് സൂചികകൾ കുതിച്ചു. ഡൗ ജോൺസ് 1.55 ശതമാനവും എസ് ആൻഡ് പി 2.24 ശതമാനവും നാസ്ഡാക് 3.77 ശതമാനവും ഉയർന്നു.
ഇന്ത്യ ഉടനേ പലിശ കൂട്ടില്ല
യുഎസ് ഫെഡ് നിരക്കു വർധിപ്പിച്ചെങ്കിലും ഇന്ത്യയുടെ റിസർവ് ബാങ്ക് ഉടനെ പലിശ വർധിപ്പിക്കില്ലെന്നാണു സൂചന. ജൂലൈയിലോ അതിനു ശേഷമാേ പലിശ നിരക്ക് ഉയർത്തുന്നതാണ് പരിഗണനയിൽ ഉള്ളത്. വിലക്കയറ്റം സഹന പരിധിക്കു മുകളിൽ 6.1 ശതമാനമായെങ്കിലും ഉടനേ പലിശ കൂട്ടുന്നതിനല്ല റിസർവ് ബാങ്ക് ശ്രമിക്കുന്നത്. വിപണിയിലെ പണലഭ്യത കുറച്ചു കൊണ്ട് വിലക്കയറ്റ പ്രവണതയ്ക്കു നിയന്ത്രണം കൊണ്ടുവരാനാണു ശ്രമം. ഇന്ധനവില പിടിച്ചു നിർത്തിക്കൊണ്ട് ഗവണ്മെൻ്റും അതിനോടു സഹകരിക്കുന്നു. റഷ്യയിൽ നിന്നു കുറഞ്ഞ വിലയ്ക്കു കിട്ടുന്ന ക്രൂഡ് ഓയിൽ പരമാവധി വാങ്ങാനും ഗവണ്മെൻ്റ് ശ്രമിക്കുന്നുണ്ട്. വിപണി വിലയിൽ നിന്നു 25 ശതമാനം കുറച്ച് ഇൻഷ്വറൻസ് പ്രീമിയം ഒഴിവാക്കിയാണു റഷ്യ എണ്ണ നൽകുക. 150 ലക്ഷം വീപ്പ എണ്ണ വാങ്ങാൻ ആണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇതു വിലക്കയറ്റം പിടിച്ചു നിർത്താൻ സഹായിക്കും. പലിശ കൂട്ടുന്നതു വളർച്ച നിരക്കു കുറിക്കുമെന്നാണു ഭീതി.
Next Story
Videos