ആവേശം തുടരാൻ ബുള്ളുകൾ; ലാഭമെടുക്കൽ സമ്മർദമാകും; വിദേശികൾ വാങ്ങൽ തുടരുമോ? ഡീസലിന് രണ്ടു വില; ക്രൂഡും സ്വർണവും കയറുന്നു

വിപണിയിൽ നേട്ടം തുടരുമോ? വാഹന - ഇലക്ട്രോണിക് ഉൽപാദനം ഇനിയും കുറയും; സ്വകാര്യ പമ്പുകൾ അടച്ചുപൂട്ടലിന്റെ വക്കിലോ?

കഴിഞ്ഞയാഴ്ചത്തെ ആവേശം തുടരാൻ പറ്റുമോ എന്ന ആലാേചനയിലാണു വിപണികൾ. യുക്രെയ്നിൽ സമാധാന ശ്രമങ്ങൾ വിജയിച്ചിട്ടില്ല. മാരിയുപാേൾ നഗരം വിട്ടുകൊടുക്കാനുള്ള റഷ്യയുടെ അന്ത്യശാസനം യുക്രെയ്ൻ നിരസിച്ചതു യുദ്ധം രൂക്ഷമാക്കുമെന്ന് ആശങ്കയുണ്ട്.ഇതോടെ ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച രാവിലെ അൽപം ഉയർന്നു. യുഎസ് ഓഹരി ഫ്യൂച്ചേഴ്സ് താഴ്ന്നു. ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ ചെറിയ ഉണർവിലാണ്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വാരാന്ത്യത്തിൽ 17,490 വരെ ഉയർന്നു. ഇന്നു രാവിലെ 17,400 ലാണു വ്യാപാരം. ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങും എന്നാണ് ഇതു നൽകുന്ന സൂചന.
നാലു ദിവസം മാത്രം വിപണി പ്രവർത്തിച്ച കഴിഞ്ഞയാഴ്ച സെൻസെക്സ് 4.16 ശതമാനവും നിഫ്റ്റി 3.95 ശതമാനവും ഉയർന്നു. ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് മുഖ്യസൂചികകൾ. ഐടി ഒഴികെ എല്ലാ മേഖലകളും നേട്ടത്തോടെയാണു വ്യാഴാഴ്ച ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപകർ വിൽപന കുറച്ചതും രണ്ടു ദിവസം വാങ്ങലുകാരായി മാറിയതും വിപണിയുടെ കുതിപ്പിനു സഹായിച്ചു. എങ്കിലും മാർച്ചിൽ ഇതുവരെ വിദേശ നിക്ഷേപകരുടെ വിൽപന 41,617 കോടി രൂപയാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വിൽപനയ്ക്കാെപ്പം വരും ഇത്. ഈ ദിവസങ്ങളിൽ അവർ വാങ്ങൽ തുടർന്നാൽ മാത്രമേ പലിശ വർധനയ്ക്കു ശേഷവും വിദേശികൾ ഇന്ത്യയിലെ താൽപര്യം ഉപേക്ഷിച്ചിട്ടില്ല എന്നു കരുതാനാകൂ. നിലവിലെ സൂചന അവർ നിക്ഷേപം തുടരും എന്നാണ്.
വെള്ളിയാഴ്ച യൂറോപ്യൻ - യുഎസ് വിപണികൾ ഉയർന്നാണു ക്ലോസ് ചെയ്തത്. ഡൗ ജോൺസ് സൂചിക ആഴ്ചയിൽ 5.5 ശതമാനം ഉയർന്നു. നാസ്ഡാക് സൂചിക സമീപകാലത്തെ ഏറ്റവും മികച്ച പ്രതിവാര കുതിപ്പാണു കഴിഞ്ഞയാഴ്ച കാഴ്ചവച്ചത്. 8.59 ശതമാനം ഉയർന്ന് 13,893.84 ൽ ആഴ്ച ക്ലോസ് ചെയ്തു.
വിപണി ബുളളിഷ് ആയെന്നും ഇപ്പോഴത്തെ കുതിപ്പിനു നിഫ്റ്റി 17,900- 18,200 ൽ എത്താനുള്ള കരുത്ത് ഉണ്ടെന്നും സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. എന്നാൽ ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം ഉണ്ടായാൽ കഥ മാറും. കഴിഞ്ഞ എട്ടു വ്യാപാര ദിനങ്ങൾ കൊണ്ട് നിഫ്റ്റി 10.3 ശതമാനം ഉയർന്നിട്ടുണ്ട്. ഇതു ഫണ്ടുകളെയടക്കം ലാഭമെടുക്കലിനു പ്രേരിപ്പിക്കാം. അതുണ്ടായാൽ 16,990 വരെ താഴുന്നതു തള്ളിക്കളയാനാവില്ല.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച 108.3 ഡോളറിലാണു ക്ലോസ് ചെയ്തത്. എന്നാൽ തിങ്കളാഴ്ച രാവിലെ വില ഉയരുകയാണ്. യുക്രെയ്നിൽ യുദ്ധം രൂക്ഷമാകുന്നു എന്ന റിപ്പോർട്ടുകളാണു കാരണം. ബ്രെൻ്റ് ഇനം ഏപ്രിൽ വില 111.3 ഡോളറിലേക്കു കയറി. സ്പോട്ട് വില 112.6 വരെ എത്തി.
വ്യാവസായിക ലോഹങ്ങൾ വാരാന്ത്യത്തിൽ നേട്ടം കുറിച്ചു. ചെമ്പ് ടണ്ണിന് 10,248 ഡോളറിലേക്കു കയറി. അലൂമിനിയം നാലു ശതമാനം ഉയർന്ന് 3399 ഡോളർ ആയി. ഇരുമ്പയിര് 150 ഡോളറിനു മുകളിൽ തുടരുന്നു.
നിക്കൽ വ്യാപാരത്തിലെ കോളിളക്കത്തിനു ശമനമാവുകയാണ്. ഊഹക്കച്ചവടക്കാർ ഒരു ലക്ഷം ഡോളറിലേക്കു കയറ്റിയ വില വെള്ളിയാഴ്ചയോടെ 37,115 ഡോളറിലേക്കു താണു. വില ഇനിയും താഴാനുണ്ടെന്ന് വിപണി നിരീക്ഷകർ പറയുന്നു.
സ്വർണവില വാരാന്ത്യത്തിൽ 1918 ഡോളറിലേക്കു താഴ്ന്നിട്ട് ഇന്നു രാവിലെ വീണ്ടും കയറ്റത്തിലായി. 1924-1926 ഡോളറിലാണു രാവിലെ വ്യാപാരം.
ഡോളർ സൂചിക 98.3 ലേക്ക് ഉയർന്നു. കഴിഞ്ഞയാഴ്ച മികച്ച നേട്ടമുണ്ടാക്കിയ രൂപ ഈയാഴ്ചയും കയറ്റം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഡോളർ സൂചിക ഉയരുന്നതു രൂപയ്ക്കു ക്ഷീണമാകും.

കംപോണൻ്റുകൾ കിട്ടാനില്ല; വാഹന - ഇലക്ട്രോണിക് ഉൽപാദനം കുറയ്ക്കും

ചൈനയിലും ഹോങ്കോംഗിലും കോവിഡ് വ്യാപനത്തെ തുടർന്നു വ്യാവസായിക മേഖലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് ഇന്ത്യയിലെ വാഹന - ഇലക്ടോണിക് ഉൽപന്ന നിർമാണത്തിനു പ്രശ്നമായി. ചൈനയിലും ഹോങ്കോംഗിലും നിന്നുള്ള കംപോണൻ്റുകൾ ഒരാഴ്ചയായി കിട്ടുന്നില്ല. ദിവസങ്ങൾക്കകം പരിഹാരം ഉണ്ടായില്ലെങ്കിൽ ഏപ്രിൽ ആദ്യം ഉൽപാദനം വെട്ടിക്കുറയ്ക്കാൻ കമ്പനികൾ നിർബന്ധിതമാകും. മൊബൈൽ ഫോണുകൾ അടക്കം ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കു വിലയും ഗണ്യമായി കൂട്ടേണ്ട നിലയാണ്. ലാപ്ടോപ്പ്, റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് അവൻ, ഡിഷ് വാഷർ, ഓഡിയോ ഉപകരണങ്ങൾ തുടങ്ങിയവയ്ക്കു വില വർധിക്കും. വാഹനങ്ങളുടെ കാര്യവും അങ്ങനെ തന്നെ. ലോഹങ്ങളുടെ വിലക്കയറ്റവും കംപോണൻ്റുകളുടെ ദൗർലഭ്യവും ചേർന്നപ്പോൾ അവർ അടുത്ത വില വർധന ആലോചിച്ചു തുടങ്ങേണ്ട നിലയായി.

ഡീസലിനു രണ്ടു വില; സ്വകാര്യ പമ്പുകൾ അടച്ചു പൂട്ടലിലേക്ക്

എണ്ണ കമ്പനികളിൽ നിന്നു ടാങ്കറുകളിലോ പൈപ്പ് ലൈനുകളിലൂടെയോ ഡീസൽ വാങ്ങുന്നവർക്കു ഡീസൽ വില ലിറ്ററിന് 25 രൂപ വർധിപ്പിച്ചു. എന്നാൽ പമ്പുകളിലെ റീട്ടെയിൽ വില വർധിപ്പിച്ചിട്ടില്ല. ബൾക്ക് ഉപയോക്താക്കൾ പമ്പുകളിൽ നിന്നു വാങ്ങാൻ തീരുമാനിച്ചെന്നു വരും. പക്ഷേ വലിയ വ്യാവസായിക ഉപയോക്താക്കൾക്ക് അത് അത്ര എളുപ്പമല്ല. ഡൽഹിയിൽ പമ്പിലെ വില 86.67 രൂപയും ബൾക്ക് ഉപയോക്താക്കൾക്കുള്ള പുതിയ വില 115 രൂപയുമാണ്.മുംബൈയിൽ ഇത് യഥാക്രമം 94.14 രൂപയും 122.05 രൂപയുമാണ്.
കഴിഞ്ഞ 136 ദിവസമായി പെട്രോൾ, ഡീസൽ റീട്ടെയിൽ വിലകൾ ഉയർത്തിയിട്ടില്ല. പൊതുമേഖലാ എണ്ണ കമ്പനികൾ വില കൂട്ടാത്തതിനാൽ സ്വകാര്യ കമ്പനികൾക്കു (ജിയോ - ബിപി, നയാര, ഷെൽ) വില കൂട്ടാനാകുന്നില്ല. ലോക വിപണിയിൽ ഡീസലിനു 40 ശതമാനം വില വർധന ഉണ്ട്. പൊതുമേഖലാ കമ്പനികൾ വില കൂട്ടുന്നില്ലെങ്കിൽ പമ്പുകൾ അടച്ചിടാൻ സ്വകാര്യ കമ്പനികൾ നിർബന്ധിതമാകും. 2008-ൽ ഇതേ പോലൊരു സാഹചര്യത്തിൽ റിലയൻസ് 1432 പമ്പുകൾ പൂട്ടിയതാണ്.

This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it