വീണ്ടും ആവേശം; ഏഷ്യൻ വിപണികളിൽ നല്ല നേട്ടം; വിദേശികൾ ഐടിയിൽ ശ്രദ്ധിക്കുന്നു; വളർച്ച പ്രതീക്ഷ കുറച്ച് റേറ്റിംഗ് ഏജൻസികൾ

സ്വദേശി ഫണ്ടുകളുടെ വിൽപന സമ്മർദം മറികടന്ന് മികച്ച മുന്നേറ്റം നടത്തിയതിൻ്റെ ആവേശം വിപണിയിൽ ഉണ്ട്. 18,000 ലക്ഷ്യമിട്ടു നിഫ്റ്റിക്കു മുന്നേേറ്റത്തിനു കളമൊരുങ്ങി. യുക്രെയ്നിൽ അവിചാരിതമായി ഒന്നും സംഭവിക്കുന്നില്ലെങ്കിൽ ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിനുള്ള തയാറെടുപ്പിലാണ്. ഇന്നലെ ഉച്ചയ്ക്കു ശേഷം നടത്തിയ ശക്തമായ തിരിച്ചുവരവിൽ തലേന്നത്തെ നഷ്ടമെല്ലാം നികത്തി പുതിയ കുതിപ്പിനു പുതിയ അടിത്തറ ഒരുക്കി.

ഇന്നലെ യൂറോപ്യൻ ഓഹരികൾ മിതമായ നേട്ടത്തിലായിരുന്നു. യുഎസ് വിപണി ടെക് ഓഹരികളുടെ പിൻബലത്തിൽ നല്ല നേട്ടമുണ്ടാക്കി. ഡൗജോൺസ് 0.74 ശതമാനം ഉയർന്നപ്പോൾ നാസ്ഡാക് 1.95 ശതമാനം കയറി. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. ഏഷ്യൻ വിപണികളും ഉയർന്നാണു വ്യാപാരം ആരംഭിച്ചത്. ജാപ്പനീസ് വിപണി രണ്ടു ശതമാനം ഉയർന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,395-ൽ ക്ലോസ് ചെയതു. ഇന്ന് രാവിലെ 17,434 ലേക്കു കയറി. ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
യുക്രെയ്ൻ യുദ്ധഗതിയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. റഷ്യൻ ക്രൂഡ് ഓയിലിന് ഉപരോധം ഏർപ്പെടുത്താനുള്ള യൂറോപ്യൻ യൂണിയൻ്റെ ആലോചനയിൽ തീരുമാനമായില്ല. ഇതു ക്രൂഡ് വില അൽപം താഴ്ത്തി നിർത്തി.
ചൊവ്വാഴ്ച ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങി വീണ്ടും താഴുകയായിരുന്നു.എന്നാൽ ഉച്ചയ്ക്കു ശേഷം സൂചികകൾ തിരിച്ചു കയറി. യൂറോപ്യൻ വ്യാപാരം പോസിറ്റീവ് ആയതും ക്രൂഡ് ഓയിൽ വില 120 ഡോളറിനു സമീപത്തു നിന്നു താണതുമാണ് വിപണിയെ സഹായിച്ചത്.
സെൻസെക്സ് 696.81 പോയിൻ്റ് (1.22%) ഉയർന്ന് 57,989.3ലും നിഫ്റ്റി 197.9 പോയിൻ്റ് (1.16%) കയറി 17,315.5 ലും ക്ലോസ് ചെയ്തു. ഐടി, ഓയിൽ - ഗ്യാസ്, വാഹന, ബാങ്ക്, ധനകാര്യ കമ്പനികൾ നല്ല നേട്ടമുണ്ടാക്കി. റിലയൻസും ഐടിയും ചേർന്നാണ് മുഖ്യ സൂചികകളെ ഉയർത്തിയത്. റിയൽറ്റി, എഫ്എംസിജി കമ്പനികൾ താഴോട്ടു പോയി. മിഡ്, സ്മോൾ ക്യാപ് സൂചികകൾ 0.28 ശതമാനമേ ഉയർന്നുള്ളു.
വിദേശ നിക്ഷേപകർ ഇന്നലെ രാവിലെ വലിയ വിൽപന നടത്തിയെങ്കിലും പിന്നീടു വാങ്ങലുകാരായി. ഐടി ഓഹരികളിലായിരുന്നു അവരുടെ ശ്രദ്ധ. ബാങ്കുകളെ വിൽക്കുകയും ചെയ്തു. 384.48 കോടി രൂപയാണ് അവർ ക്യാഷ് വിപണിയിൽ നിക്ഷേപിച്ചത്. സ്വദേശി ഫണ്ടുകൾ ഇന്നലെ 602.05 കോടി രൂപയുടെ ഓഹരികൾ വിറ്റു.
നിഫ്റ്റി 17,500 കടന്നാൽ മാത്രമേ 17,800-18,000 മേഖലയിലേക്കു നീങ്ങാൻ കരുത്തു നേടൂ എന്നാണു വിപണി വിദഗ്ധർ പറയുന്നത്. 17,400 - 17,550 മേഖല കനത്ത പ്രതിരോധം ഉയർത്തും. നിഫ്റ്റിക്ക് 17,105 ലും 16,890 ലും സപ്പോർട്ട് ഉണ്ട്. 17,430-ലും 17,550-ലും തടസങ്ങൾ ഉണ്ടാകും.

ക്രൂഡ് ഓയിലിൽ ചെറിയ ഇടിവ്

ക്രൂഡ് ഓയിൽ വില യൂറോപ്യൻ യൂണിയൻ്റെ ഉപരോധ നീക്കത്തെ ഉറ്റുനോക്കുകയാണ്. റഷ്യൻ ക്രൂഡ് വാങ്ങുന്നത് നിർത്തിയാൽ വില കുതിച്ചു കയറും. ജർമനി ഇനിയും ഉപരോധത്തിനു തയാറായിട്ടില്ല. ക്രൂഡ് ഉപരോധം പ്രഖ്യാപിച്ചാലേ യുദ്ധം വേഗം അവസാനിക്കു എന്നാണ് മറുഭാഗത്തിൻ്റെ വാദം. ഏതായാലും ഉടനെ ഒരു ധാരണ പ്രതീക്ഷിക്കുന്നില്ല. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ 115.5 ഡോളറായി കുറഞ്ഞു. ഇന്നു രാവിലെ വില വീണ്ടും താഴ്ന്ന് 114.7 ഡോളറിലെത്തി.
വ്യാവസായിക ലോഹങ്ങൾ ഉയർന്നു നിൽക്കുന്നു. ചെമ്പ് ടണ്ണിനു 10,341 ഡോളറിലേക്കു കയറി. അലൂമിനിയം 3500 ഡോളറിനു മുകളിലാണ്. ചൈനീസ് ഡിമാൻഡ് ചെമ്പിനും അലൂമിനിയത്തിനും കരുത്തായി. ചൂതാട്ടം രൂക്ഷമായിരുന്ന നിക്കൽ 30,800 ഡോളറിലേക്കു താഴ്ന്നു.
സ്വർണം താഴ്ചയിലാണ്. ഇന്നലെ ഔൺസിന് 1940 ഡോളർ വരെ കയറിയ സ്വർണം 1911 വരെ താഴ്ന്നു. ഇന്നു രാവിലെ 1919-1921 ഡോളറിലാണു വ്യാപാരം. കേരളത്തിൽ ഇന്നലെ വില കൂടിയിരുന്നു. ഇന്നു കുറഞ്ഞേക്കും.
ഡോളർ ഇന്നലെ തുടക്കത്തിൽ 76.46 രൂപ വരെ ഉയർന്നെങ്കിലും ഒടുവിൽ നേട്ടമില്ലാതെ 76.18 രൂപയിൽ ക്ലോസ് ചെയ്തു.

വളർച്ച കുറയുമെന്ന് റേറ്റിംഗ് ഏജൻസികൾ

യുക്രെയ്ൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസികൾ. 2022-23ൽ വളർച്ച 8.5 ശതമാനം മാത്രമാകുമെന്നു ഫിച്ച് റേറ്റിംഗ്സ് പറയുന്നു. നേരത്തേ അവർ പറഞ്ഞിരുന്നത് 10.3 ശതമാനം വളർച്ചയാണ്. 2021-22ലെ വളർച്ച പ്രതീക്ഷ അവർ 8.1 ശതമാനത്തിൽ നിന്ന് 8.7 ശതമാനമാക്കിയിരുന്നു. രാജ്യത്തു വിലക്കയറ്റം ഏഴു ശതമാനത്തിലേക്കു കയറുമെന്നും അവർ വിലയിരുത്തി.
മൂഡീസ് ഈ വർഷം (2022 ജനുവരി-ഡിസംബർ) 9.5 ശതമാനവും 2023-ൽ 5.5 ശതമാനവുമാണു പ്രതീക്ഷിക്കുന്നത്. 2022 - ലേത് നേരത്തേ ഏഴു ശതമാനം പ്രതീക്ഷ വച്ചതാണ്.
സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഇസിഡി (ഓർഗനൈസേഷൻ ഫോർ ഇക്കണാേമിക് കോ ഓപ്പറേഷൻ ആൻഡ് ഡവലപ്മെൻ്റ്) 2022-23 ലെ ഇന്ത്യൻ വളർച്ച 8.1 ശതമാനമാണു പ്രതീക്ഷിക്കുന്നത്. 2023-24-ൽ 5.5 ശതമാനവും. ചൈന 2022-ലും 2023-ലും 5.1 ശതമാനം തോതിലേ വളരൂ എന്ന് ഒഇസിഡി കണക്കാക്കി.

പലിശ അതിവേഗം കൂട്ടും: ഗോൾഡ്മാൻ സാക്സ്

യുഎസ് ഫെഡ് പലിശ നിരക്ക് അതിവേഗം വർധിപ്പിക്കുമെന്നു ഗോൾഡ്മാൻ സാക്സിൻ്റെ റിപ്പോർട്ട്. മേയിലും ജൂണിലും 50 ബേസിസ് പോയിൻ്റ് (0.5 ശതമാനം) വീതം നിരക്ക് കൂട്ടും. പിന്നീട് ഈ വർഷം നാലു തവണ 25 ബേസിസ് പോയിൻ്റ് (0.25 ശതമാനം) വീതം വർധിപ്പിക്കും. ഇതാണ് ഗോൾഡ്മാൻ സാക്സിൻ്റെ ധനശാസ്ത്രജ്ഞരായ യാൻ ഹാട്സിയൂസും ഡേവിഡ് മെറിക്കിളും ചേർന്നു തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.
ഫെഡ് യോഗത്തിനു ശേഷം ചെയർമാൻ ജെറോം പവൽ ഒരാഴ്ച മുമ്പു പറഞ്ഞത് ഈ വർഷാവസാനം 1.9 ശതമാനമാക്കും എന്നാണ്. ഈ തിങ്കളാഴ്ച അതു മാറ്റി കൂടുതൽ വേഗം നിരക്കുകൂട്ടും എന്നു പറഞ്ഞു.
ഗോൾഡ്മാൻ സാക്സിൻ്റെ നിഗമനം ശരിയായാൽ ഡിസംബർ ഒടുവിൽ 2.25-2.4 ശതമാനമാകും നിരക്ക്. ഇന്ത്യയിലെ റീപോ നിരക്കിനു തുല്യമായ ഫെഡറൽ ഫണ്ട്സ് റേറ്റ് ആണ് ഇത്. യുഎസ് ഫെഡ് നിരക്ക് അതിവേഗം വർധിപ്പിക്കുമ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കു നിരക്കു വർധന വൈകിക്കാൻ കഴിയില്ല. ജൂലൈയിലോ അതിനു ശേഷമാേ നിരക്ക് കൂട്ടാനായിരുന്നു റിസർവ് ബാങ്കിനു താൽപര്യം എന്നാണു റിപ്പോർട്ട്. ഇനി നിരക്കുകൂട്ടൽ മേയിലോ ജൂണിലോ പ്രതീക്ഷിക്കണം.
This section is powered by Muthoot Finance



T C Mathew
T C Mathew  
Related Articles
Next Story
Videos
Share it