കാഴ്ചപ്പാട് മാറുന്നു; ഏഷ്യൻ വിപണികളിൽ ഇടിവ്; ക്രൂഡ് വില 123 ഡോളറിലേക്ക്; ഫെഡ് നീക്കം മാന്ദ്യം ഉണ്ടാക്കുമെന്നു വിമർശനം

കാഴ്ചപ്പാടുകൾ മാറി മറിയുന്നു. വിപണിയുടെ നിറം മാറുന്നു. വിപണി കൂടുതൽ അനിശ്ചിതത്വത്തിലേക്കു നീങ്ങുന്നു. ഇന്നലെ പാശ്ചാത്യ വിപണികൾ താഴ്ചയിലേക്കു വീണു. അതിൻ്റെ തുടർച്ചയായി ഇന്ന് ഏഷ്യൻ വിപണികളും ചുവപ്പണിയാനുള്ള സാധ്യതയാണു കാണുന്നത്.

ക്രൂഡ് ഓയിൽ വിപണി തിളച്ചു മറിയുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്കു 121.63 ഡോളറിലെത്തി. ബ്രിട്ടനിൽ വിലക്കയറ്റം 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലായി. അമേരിക്കയിൽ പ്രമുഖ ധന ശാസ്ത്രജ്ഞർ സാമ്പത്തിക മാന്ദ്യത്തെപ്പറ്റിയുള്ള ഭീതി പരസ്യമായി പ്രകടിപ്പിച്ചു തുടങ്ങി. വ്യാവസായിക ലോഹങ്ങൾ വീണ്ടും ഉയരുകയാണ്. ഇതെല്ലാം വിപണിയിൽ ആശങ്കയും അനിശ്ചിതത്വവും വളർത്തുന്നു.
ഇന്നലെ രണ്ടാം പകുതിയിലെ വിൽപന സമ്മർദത്തെ തുടർന്ന് മുഖ്യ ഇന്ത്യൻ ഓഹരി സൂചികകൾ അരശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യൂറോപ്പിൽ ശരാശരി ഒന്നേകാൽ ശതമാനമായി ഇടിവ്. അമേരിക്കൻ വിപണി 1.3 ശതമാനം ഇടിഞ്ഞു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സും താഴ്ചയിലാണ്.
ഏഷ്യൻ വിപണികൾ രാവിലെ ഗണ്യമായ താഴ്ചയിലാണു തുടങ്ങിയത്. ജപ്പാനിലെ നിക്കൈ 1.3 ശതമാനം താഴ്ചയിലാണ്. സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,165 വരെ താണു. ഇന്നു രാവിലെ 17,214-ലേക്കു കയറിയിട്ട് 17,185 ലേക്കു പിൻ വാങ്ങി. ഇന്ത്യൻ വിപണിയുടെ തുടക്കം ചെറിയ താഴ്ചയിലാകുമെന്നാണ് ഇതു നൽകുന്ന സൂചന.
ഇന്നലെ നേട്ടത്തോടെ തുടങ്ങിയ ഇന്ത്യൻ വിപണി ഉച്ചയ്ക്കുശേഷം വിൽപന സമ്മർദത്തിന് അടിപ്പെടുകയായിരുന്നു. ബാങ്ക്, ധനകാര്യ, വാഹന, ഐടി കമ്പനികളിൽ ആണു വിൽപന കൂടുതലായി നടന്നത്. ബാങ്ക് ഓഹരികൾ വിൽക്കുന്നതിൽ വിദേശികൾ മുന്നിൽ നിന്നു. വിദേശ ഫണ്ടുകളിൽ നിന്നു പിന്മാറുന്ന നിക്ഷേപകർക്കു പണം നൽകാനാണു വിൽപന. റഷ്യയിലെയും മറ്റും നിക്ഷേപങ്ങൾ വിൽക്കാനാവാത്ത സാഹചര്യത്തിലാണിത്. സ്വദേശി ഫണ്ടുകളും വിൽപനയിൽ പിന്നിലായില്ല.
സെൻസെക്സ് 304.48 പോയിൻ്റ് (0.53%) താഴ്ചയിൽ 57,684.82 ലും നിഫ്റ്റി 69.82 പോയിൻ്റ് (0.4%) നഷ്ടത്തിൽ 17, 245.65ലും ക്ലോസ് ചെയ്തു. മെറ്റൽ, ഓയിൽ കമ്പനികളാണ് കാര്യമായ നേട്ടമുണ്ടാക്കിയത്. മിഡ് ക്യാപ് സൂചിക 0.55 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.21 ശതമാനം താഴ്ന്നു.
വിദേശ നിക്ഷേപകർ ഇന്നലെ 481.33 കോടി രൂപ ക്യാഷ് വിപണിയിൽ നിക്ഷേപിച്ചു. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ അവർ കൂടുതൽ സജീവമായിരുന്നു. സ്വദേശി ഫണ്ടുകൾ ഇന്നലെയും വിൽപനക്കാരായി. 294.23 കോടി രൂപയുടെ ഓഹരികളാണ് അവർ ഇന്നലെ ക്യാഷ് വിപണിയിൽ വിറ്റൊഴിഞ്ഞത്.
17,400-17,500-ലെ തടസം മറികടക്കാൻ നിഫ്റ്റിക്കു കഴിയുന്നില്ലെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇന്നു 17,250 നു മുകളിൽ നിൽക്കാൻ കഴിഞ്ഞാലേ വരും ദിവസങ്ങളിൽ 17,500 ലേക്കു നീങ്ങാനാകൂ. നിഫ്റ്റിക്കു 17,150-ലും 17,055- ലും സപ്പോർട്ട് പ്രതീക്ഷിക്കാം. ഉയർച്ചയിൽ 17,390- ഉം 17,540- ഉം തടസമാകും.

ക്രൂഡ് ഓയിൽ കുതിക്കുന്നു

ക്രൂഡ് ഓയിൽ വില വീണ്ടും 120 ഡോളറിനു മുകളിൽ കയറി. ലഭ്യതയും ചരക്കുനീക്കവും സംബന്ധിച്ച പ്രശ്നങ്ങളിലാണ് ആശങ്ക. സമീപ വർഷങ്ങളിൽ എണ്ണ ഖനനത്തിനു കാര്യമായ മുതൽ മുടക്കു നടക്കാത്തത് ഉൽപാദന ശേഷി കൂട്ടാൻ തടസമായിട്ടുണ്ട്. ഇന്നലെ 121.63 ഡോളറിൽ ക്ലാേസ് ചെയ്ത ബ്രെൻ്റ് ഇനം ഇന്നു രാവിലെ 122.9 ഡോളറിലെത്തി. ഇനിയും ഉയരുമെന്നാണു സൂചന. കസാഖ്സ്ഥാൻ്റെ ക്രൂഡ് ഓയിലിൽ സിംഹഭാഗവും കയറ്റുമതി ചെയ്യുന്ന സിപിസി (കാസ്പിയൻ പൈപ്പ് ലൈൻ കൺസോർഷ്യം) യുടെ മുഖ്യ ടെർമിനൽ തകരാറിലായി. അതു നന്നാക്കാൻ ഉപരോധം മൂലം ഉടനെ കഴിയില്ല. വിപണിയിലെ എണ്ണ ലഭ്യതയിൽ ഗണ്യമായ കുറവ് ഇതു മൂലം ഉണ്ടാകും. കരിങ്കടൽ തീരത്തെ റഷ്യൻ തുറമുഖമായ നോവോ റോസിസ്ക്കിലെ ടെർമിനലാണു തകരാറിലായത്.
വ്യാവസായിക ലോഹങ്ങൾ കുതിപ്പ് തുടരുന്നു. ചെമ്പ് ടണ്ണിനു 10,310 ഡോളറിലാണ്. അലൂമിനിയം ഇന്നലെ അഞ്ചു ശതമാനം കയറി 3684 ഡോളറിലെത്തി. സിങ്ക് 4000 ഡോളറിനു മുകളിലായി. വലിയ ചൂതാട്ടം നടന്ന് 14,000 ഡോളറിൽ നിന്ന് ഒരു ലക്ഷം ഡോളറിലെത്തിയ നിക്കൽ ഇന്നലെ നാലു ശതമാനം ഉയർന്ന് 32,355 ഡോളർ ആയി. വിപണി ഇനിയും സുസ്ഥിരമായിട്ടില്ലെന്നാണു വിലയിരുത്തൽ. ലെഡ്, ടിൻ തുടങ്ങിയവയും ഉയരുകയാണ്.

സ്വർണം കയറ്റത്തിൽ

സ്വർണം സുരക്ഷിത താവളം എന്ന നിലയിൽ വീണ്ടും നിക്ഷേപകരുടെ ഇഷ്ട മേഖലയായി. 1920 ഡോളറിനു താഴെ നിന്ന് ഇന്നലെ 1948 ഡോളറിലേക്കു മഞ്ഞലോഹം കുതിച്ചു. ഫെഡ് പതിവിലും ഇരട്ടി വേഗത്തിൽ പലിശ നിരക്ക് വർധിപ്പിക്കും എന്ന സൂചനയാണു സ്വർണത്തിലേക്കു നിക്ഷേപകരെ തിരിച്ചത്. ഫെഡ് നീക്കം മാന്ദ്യത്തിനു വഴിതെളിക്കുമെന്ന ആശങ്കയാണു കാരണം. ഇന്നു രാവിലെ സ്വർണം 1950 ഡോളറിലെത്തിയിട്ട് 1943-1945 ലേക്കു താഴ്ന്നു. കേരളത്തിൽ ഇന്നലെ സ്വർണവില ഗണ്യമായി കുറഞ്ഞിരുന്നു. ഇന്നു വില കയറുമെന്ന് രാജ്യാന്തര വില സൂചിപ്പിക്കുന്നു.

ഫെഡ് നടപടി മാന്ദ്യത്തിനുള്ള കുറിപ്പടിയെന്ന്

യുഎസ് ഫെഡ് അടിസ്ഥാന പലിശ നിരക്ക് ഓരാേ മാസവും 25 ബേസിസ് പോയിൻ്റ് (0.25 ശതമാനം) വർധിപ്പിക്കും എന്നു സൂചിപ്പിച്ചപ്പോൾ വിപണികൾ ഉത്സാഹത്തിലായിരുന്നു. ക്രമമായ നിരക്കു വർധന അസ്വസ്ഥത ഉണ്ടാക്കില്ല. എന്നാൽ ഈയാഴ്ച ഫെഡ് ചെയർമാൻ ജെറോം പവൽ കൂടുതൽ വേഗം നിരക്കു കൂട്ടുമെന്നു പറഞ്ഞതു വിപണിക്ക് ആശങ്കയായി. മേയിലും ജൂണിലും 50 ബേസിസ് പോയിൻ്റ് (0.5 ശതമാനം) വീതം വർധിപ്പിക്കുമെന്നാണ് ഇതിൽ നിന്നു വിപണി മനസിലാക്കുന്നത്. അതായതു ജൂലൈ ആദ്യം കുറഞ്ഞ പലിശ 1.25 ശതമാനമാകും. വർഷാവസാനം 2.25 ശതമാനവും അടുത്ത വർഷം പകുതിയോടെ 3.25 - 3.5 ശതമാനവും ആകും.
ഇതു സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള കുറിപ്പടിയാണെന്ന് പല ധന ശാസ്ത്രജ്ഞരും കരുതുന്നു. വിലക്കയറ്റത്തിൻ്റെ രൂക്ഷത മനസിലാക്കുന്നതിൽ പരാജയപ്പെട്ട യുഎസ് ഫെഡ് ഇനി ചെയ്യാൻ പോകുന്ന കാര്യങ്ങൾ മാന്ദ്യം ഉണ്ടാക്കുമെന്നു മുഹമ്മദ് എൽ ഏറിയാൻ പറയുന്നു. ഫെഡിൻ്റെ രോഗനിർണയവും ചികിത്സയും തെറ്റിപ്പാേയെന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ സ്റ്റീവ് ഹാങ്കെ അഭിപ്രായപ്പെട്ടു.
അമേരിക്കയിലെ മാന്ദ്യം മറ്റു രാജ്യങ്ങളുടെ വളർച്ചയെയും ബാധിക്കും. ഒരേ സമയം പലിശ കൂട്ടുകയും പണലഭ്യത കുറയ്ക്കുകയുമാണു ഫെഡ് ചെയ്യാൻ പോകുന്നത്. ഉപരോധവും ചരക്കുനീക്ക പ്രശ്നങ്ങളും മൂലം വിലക്കയറ്റം പരിധി വിട്ടു നീങ്ങുമ്പോഴാണ് ഇത്. അതു കൊണ്ടാണു ധന ശാസ്ത്രജ്ഞർ ഫെഡ് നടപടിയെ വിമർശിക്കുന്നത്. വിലക്കയറ്റ പ്രവണത താൽക്കാലികമാണെന്നു വിലയിരുത്തിയ കാലത്തു ഫെഡ് പലിശ കൂട്ടേണ്ടിയിരുന്നു എന്നാണ് ഇവരുടെ വിലയിരുത്തൽ.

This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it