Begin typing your search above and press return to search.
അനിശ്ചിതത്വം മാറുന്നില്ല; വിൽപനസമ്മർദം തുടരുന്നു; ക്രൂഡ് അൽപം താഴ്ന്നു; പരുത്തിവില കുതിക്കുന്നു, സ്പിന്നിംഗുകാർ പ്രതിസന്ധിയിൽ
വിദേശികൾ വീണ്ടും വിൽപനക്കാരായി . അതിൻ്റെ അനിശ്ചിതത്വം ഇന്നലെ വിപണിയിൽ പ്രകടമായി. യൂറോപ്യൻ വിപണിയും ഈ ആശങ്കകളുമായാണു പ്രവർത്തിച്ചത്. എന്നാൽ യുഎസ് വിപണി നേട്ടത്തിലേക്കു മാറി. ക്രൂഡ് ഓയിൽ വില 120 ഡോളറിനു താഴേക്കു നീങ്ങിയത് അതിനു സഹായമായി. യുഎസ് സൂചികകൾ ഒന്നു മുതൽ രണ്ടു വരെ ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. പക്ഷേ യുഎസ് ഫ്യൂച്ചേഴ്സ് രാവിലെ ചെറിയ നഷ്ടത്തിലാണ്. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീടു നഷ്ടത്തിലായി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ എസ്ജിഎക്സ് നിഫ്റ്റി ഇന്ത്യൻ വിപണി ചെറിയ ഉണർവോടെ മാത്രം വ്യാപാരം തുടങ്ങുമെന്നു സൂചിപ്പിക്കുന്നു. ഇന്നലെ 17,302-ൽ ക്ലോസ് ചെയ്ത എസ്ജിഎക്സ് നിഫ്റ്റി ഇന്നു രാവിലെ 17, 260 വരെ താഴ്ന്നിട്ടു 17, 279 ലേക്കു കയറി. എങ്കിലും താഴോട്ടു നീങ്ങാനാണു സമ്മർദം.
വ്യാഴാഴ്ച ഇന്ത്യൻ വിപണി വലിയ ചാഞ്ചാട്ടങ്ങൾക്ക് വേദിയായി. ചെറിയ നേട്ടത്തോടെ തുടങ്ങിയിട്ടു പിന്നെ താഴ്ന്നു, ഉയർന്നു, വീണ്ടും കൂടുതൽ ആഴത്തിലേക്കു താണു. ഒടുവിൽ ചെറിയ താഴ്ചയിൽ വ്യാപാരം ക്ലോസ് ചെയ്തു. 17,300-17,400 എന്ന പ്രതിരോധമേഖല ഭേദിക്കാൻ നിഫ്റ്റിക്കു കഴിയുന്നില്ല. 17,140-17,000 മേഖലയിലെ സപ്പോർട്ട് ആണു സൂചികയെ താങ്ങി നിർത്തുന്നത്.
വിൽപന സമ്മർദം തുടരുന്നു
ഇന്നലെ സെൻസെക്സ് 89.14 പോയിൻ്റ് (0.15%) കുറഞ്ഞ് 57,595.68-ലും നിഫ്റ്റി 22.9 പോയിൻ്റ് (0.13%) കുറഞ്ഞ 17,222.75 ലും ക്ലോസ് ചെയ്തു. ബാങ്ക്, ധനകാര്യ ഓഹരികളിൽ വിദേശ നിക്ഷേപകരുടെ വലിയ വിൽപന സമ്മർദം തുടർന്നു. സ്വദേശി ഫണ്ടുകൾ അവ വാങ്ങാൻ വലിയ ഉത്സാഹം കാണിച്ചുമില്ല. ബാങ്ക് നിഫ്റ്റി 1.7 ശതമാനവും ധനകാര്യ കമ്പനി സൂചിക 1.56 ശതമാനവും ഇടിഞ്ഞു. മെറ്റൽ, ഐടി, ഫാർമ, ഓയിൽ, ഹെൽത്ത് തുടങ്ങിയ മേഖലകൾ നല്ല നേട്ടമുണ്ടാക്കി. മിഡ് ക്യാപ് സൂചിക 0.59 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.43 ശതമാനവും ഉയർന്നു.
സീ എൻ്റർടെയ്‌ൻമെൻ്റിൽ മാനേജ്മെൻ്റിനെതിരായ നീക്കത്തിൽ നിന്ന് ആക്ടിവിസ്റ്റ് നിക്ഷേപകരായ ഇൻവെസ്കോ പിന്മാറി. സീയും സോണിയും ഒന്നിക്കാൻ പോകുന്നതു കൊണ്ടാണിത്. സീ ഓഹരി 17 ശതമാനം കുതിച്ചു. ഇതടക്കം മീഡിയ സൂചിക 5.91 ശതമാനം കയറി.
വിദേശ നിക്ഷേപകർ ഇന്നലെ 1740.71 കോടി രൂപയുടെ ഓഹരികൾ വിറ്റു. രണ്ടു ദിവസത്തെ ചെറിയ തോതിലുള്ള വാങ്ങലിനു ശേഷമാണിത്. ഇതോടെ വിദേശികളുടെ ഈ മാസത്തെ വിൽപ്പന 45,454 കോടി കവിഞ്ഞു. സ്വദേശി ഫണ്ടുകൾ 2091.07 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിക്കു 17, 115-ലും 17,000 ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 17,310-ഉം 17,400 - ഉം തടസങ്ങളാകും.
ക്രൂഡിൽ അൽപം ആശ്വാസം
ക്രൂഡ് ഓയിൽ വില ഇന്നലെ 123 ഡോളർ വരെ എത്തിയ ശേഷം പിൻവാങ്ങി. റഷ്യൻ ക്രൂഡ് ഓയിലിനു യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തുകയില്ലെന്നു വ്യക്തമായതോടെയാണിത്. എന്നാൽ ക്രൂഡ് ലഭ്യതയുടെ പ്രശ്നങ്ങൾ തുടരുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ 119 ഡോളറിലേക്കു താഴ്ന്നു. ഇന്നു വീണ്ടും താഴ്ന്നെങ്കിലും പിന്നീടു 118. 7 ഡോളർ ആയി ഉയർന്നു.. പ്രകൃതി വാതക വില 5.41 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ ഉയർന്ന നിലവാരത്തിൽ തുടരുന്നു. ചെമ്പ് ടണ്ണിനു 10,327 ഡോളറാണ്.തലേ ദിവസം വലിയ കുതിപ്പ് നടത്തിയ അലൂമിനിയം അൽപം താണ് 3591 ഡോളർ ആയി. നിക്കലിൽ ചൂതാട്ടക്കാരുടെ വടംവലി തുടരുകയാണ്. വില 5000 ഡോളർ ഉയർന്നു 37,200 ഡോളറിൽ എത്തി. സിങ്ക്, ലെഡ് തുടങ്ങിയവയും നേട്ടത്തിലാണ്.
സ്വർണം കുതിക്കുന്നു
സ്വർണം വീണ്ടും ഉയർന്നു. സുരക്ഷിത നിക്ഷേപം എന്ന പരിഗണന വീണ്ടും സ്വർണത്തിനു കിട്ടി. സ്വർണ ഇടിഎഫുകളിലേക്കു നിക്ഷേപം വർധിച്ചു. ഇന്നലെ ഔൺസിന് 1965 ഡോളർ വരെ എത്തിയ സ്വർണം ഇന്നു രാവിലെ 1962-1964 ഡോളറിലാണ്. 2020ലെ സർവകാല റിക്കാർഡായ 2065 ഡോളറിൽ നിന്ന് 100 ഡോളർ മാത്രം താഴെയാണു സ്വർണവില. കേരളത്തിൽ ഇന്നലെ പവനു 480 രൂപ വർധിച്ച് 38,360 രൂപയായി. ഇന്നു വീണ്ടും ഗണ്യമായി കൂടും.
ഡോളർ ഇന്നലെയും ഉയർന്നു. ആറു പൈസ നേട്ടത്തിൽ 76.36 രൂപയിലെത്തി ഡോളർ. ഡോളർ സൂചിക ഇന്നും ഉയർന്നിട്ടുണ്ട്.
പരുത്തിവില ഇരട്ടിച്ചു; മില്ലുകൾ പ്രതിസന്ധിയിൽ
പരുത്തി വില എല്ലാ പരിധിയും വിട്ടു കയറുകയാണ്. ഒരു വർഷം മുമ്പുണ്ടായിരുന്നതിൻ്റെ ഇരട്ടിയാണു ഗുജറാത്തിലെ വില. ക്വിൻ്റലിനു 12,000 രൂപ. അന്താരാഷ്ട്ര വിപണിയിലെ വിലയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ കയറ്റം. കടഞ്ഞ (സംസ്കരിച്ച) പരുത്തിയുടെ വില ഒരു കണ്ടിക്ക് (356 കിലോഗ്രാം) 85,150 രൂപ വരെ എത്തി. കഴിഞ്ഞവർഷം 46,175 രൂപയായിരുന്നു വില. വിലക്കയറ്റം സ്പിന്നിംഗ് മില്ലുകാരെ പ്രതിസന്ധിയിലാക്കി. ഏറ്റവും വലിയ പരുത്തി ഉൽപാദക രാജ്യമായ അമേരിക്കയിലെ വരൾച്ചയും വർധിച്ച ഡിമാൻഡുമാണു വില വർധനയ്ക്കു കാരണം. ഷിക്കാഗോ വിപണിയിൽ വില ഒരു വർഷം കൊണ്ട് 66 ശതമാനം കൂടി. പരുത്തി ഇറക്കുമതിക്കു ചുങ്കം കുറയ്ക്കണമെന്നു സ്പിന്നിംഗ് മില്ലുകാർ ഗവണ്മെൻ്റിനാേട് അഭ്യർഥിച്ചു. പരുത്തിയുടെ വില കൂടിയെങ്കിലും നൂലിന് അതനുസരിച്ചുള്ള വിലയോ ആവശ്യമോ കൂടിയിട്ടില്ലെന്നു മില്ലുകാർ ചൂണ്ടിക്കാട്ടുന്നു.
വളർച്ച കുറയുമെന്നു യുഎൻ റിപ്പോർട്ട്
യുക്രെയ്ൻ യുദ്ധം ഇക്കൊല്ലം ആഗാേള വളർച്ചയെ ഒരു ശതമാനം താഴ്ത്തുമെന്ന് വാണിജ്യത്തിനും വികസനത്തിനുമായുള്ള യുഎൻ കോൺഫറൻസ് (അൺക്ടാഡ്). 3.6 ശതമാനം പ്രതീക്ഷിച്ച വളർച്ച 2.6 ശതമാനമായി കുറയും.
ഇന്ത്യയുടെ ഈ കലണ്ടർ വർഷത്തെ വളർച്ചപ്രതീക്ഷ 6.7 ശതമാനത്തിൽ നിന്ന് 4.6 ശതമാനമായി അൺക്ടാഡ് കുറച്ചു. യുഎസ് വളർച്ച മൂന്നിൽ നിന്ന് 2.4 ശതമാനമായി കുറയും. ചൈനയുടേത് 5.7 ശതമാനത്തിൽ നിന്നു 4.8 ശതമാനമാകും.
റഷ്യ സാമ്പത്തിക മാന്ദ്യത്തിലാകും എന്ന് അൺക്ടാഡ് വിലയിരുത്തി. ജിഡിപി 7.3 ശതമാനം ചുരുങ്ങും എന്നാണ് അവരുടെ നിഗമനം.
Next Story
Videos