വിപണികളിൽ ഉണർവ്; ആവേശത്തുടക്കം പ്രതീക്ഷിച്ചു നിക്ഷേപകർ; ക്രൂഡ് വിലയിൽ ആശ്വാസം; സ്വർണം താഴോട്ട്

ഇന്ത്യൻ വിപണിയിൽ ഇന്ന് ആവേശത്തുടക്കമോ? കേരളത്തിൽ ഇന്ന് സ്വർണ്ണ വില കുറഞ്ഞേക്കും; ഓപ്ഷൻസിൽ കുരുക്ക്

താഴ്ചയിൽ നിന്നു കരകയറി. ആഗോള വിപണികളും ചെറിയ ഉണർവ് കാണിച്ചു. ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങി. രാവിലെ അവിചാരിത സംഭവങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ ഇന്ത്യൻ വിപണി നല്ല ഉണർവോടെ വ്യാപാരം തുടങ്ങും.

യുക്രെയ്ൻ വിഷയത്തിൽ സമാധാന സാധ്യത വ്യക്തമായിട്ടില്ലെങ്കിലും സ്ഥിതി വഷളായിട്ടില്ല. ക്രൂഡ് ഓയിൽ ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. ഇതോടെ വിലയും കുറഞ്ഞു. ഇതെല്ലാം വിപണിക്ക് ഉത്സാഹം പകരുന്ന കാര്യങ്ങൾ ആയി.
യൂറോപ്യൻ ഓഹരികൾ ഇന്നലെ സമ്മിശ്ര ചിത്രമാണു കാഴ്ചവച്ചത്. അമേരിക്കൻ ഓഹരികൾ ഇന്നലെ ഭൂരിപക്ഷം സമയവും വലിയ നഷ്ടത്തിലായിരുന്നെങ്കിലും അവസാന മണിക്കൂറിൽ തിരിച്ചു കയറി നേട്ടത്തിൽ അവസാനിക്കുകയായിരുന്നു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്. ഏഷ്യൻ വിപണികളും നല്ല ഉണർവോടെ തുടങ്ങി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,424 ലേക്കു കയറി. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 17,456 ലെത്തിയട്ട് അൽപം താണ് 17,450 ലായി. ഇന്ത്യൻ വിപണി രാവിലെ വലിയ കുതിപ്പോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
ഇന്നലെ ഇന്ത്യൻ വിപണി തുടക്കത്തിൽ വലിയ താഴ്ചയിലേക്കു വീണശേഷം ഉച്ചയോടെയാണു തിരിച്ചു കയറിയത്. സെൻസെക്സ് 800-ലികം പോയിൻ്റ് ഇറങ്ങിക്കയറി. താഴ്ചയിൽ വാങ്ങാൻ നല്ല തിരക്ക് ഉണ്ടായി. സെൻസെക്സ് 231.29 പോയിൻ്റ് (0.4%) ഉയർന്ന് 57,593.49 ലും നിഫ്റ്റി 69 പോയിൻ്റ് (0.4%) നേട്ടത്തിൽ 17,222-ലും ക്ലോസ് ചെയ്തു. എന്നാൽ വിശാല വിപണി നഷ്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 0.18 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.73 ശതമാനവും താഴ്ന്നു. ബാങ്കുകളും ധനകാര്യ കമ്പനികളും മെറ്റൽ കമ്പനികളും നേട്ടത്തിലായിരുന്നു. എന്നാൽ ഐടി, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ്, ഫാർമ കമ്പനികൾ താഴോട്ടു പോയി.
വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ വിൽപന തുടർന്നു. ഇന്നലെ 801.41 കോടി രൂപയുടെ ഓഹരികൾ വിറ്റു. എന്നാൽ അവധി വ്യാപാരത്തിൽ അവർ വാങ്ങലുകാരായിരുന്നു. വ്യാഴാഴ്ച മാർച്ച് സീരീസിൻ്റെ സെറ്റിൽമെൻ്റ് നടക്കും. സ്വദേശി ഫണ്ടുകൾ ഇന്നലെ 1161.7 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണി മനോഭാവം മാറിയെന്നും ഇന്നലെ ബുള്ളിഷ് സൂചനകളോടെയാണ്, അവസാനിച്ചതെന്നും വിശകലന വിദഗ്ധർ പറയുന്നു. ഇന്നു നിഫ്റ്റി 17,250 നു മുകളിലേക്കു കയറിയാൽ 14,350-17,500- 17,700 മേഖലയിലേക്കുള്ള പ്രയാണം ആരംഭിക്കും. മറിച്ചു 17, 150 നു താഴോട്ടു വീണാൽ 17,100- 17,000 തലത്തിലേക്കാകും പ്രയാണം. നിഫ്റ്റിക്ക് 17,075 ലും 16,925 ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 17, 300 ലും 17,385ലും തടസങ്ങൾ ഉണ്ടാകാം.

ക്രൂഡ് ഓയിൽ താഴാേട്ട്

ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങുകയാണ്. ഡിമാൻഡ് കുറയുന്നതാണു കാരണം.
ചൈനയിലെ വലിയ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായിയിൽ ലോക്ക് ഡൗൺ ആയി. വ്യവസായ നഗരമായ ഷെൻചെനിൽ നേരത്തേ ലോക്ക് ഡൗൺ ആയിരുന്നു. വ്യവസായങ്ങൾ പലതും അടച്ചു. ഇതാടെ ചൈനയുടെ ക്രൂഡ് ഓയിൽ ഡിമാൻഡ് കുറയും എന്ന് പലരും കരുതുന്നു. ഇത് ക്രൂഡ് വില ഇടിയാൻ കാരണമായി. റഷ്യയുടെ കഴിഞ്ഞ മാസത്തെ കയറ്റുമതി 26 ശതമാനം കുറവായിട്ടും വിപണി റിക്കാർഡ് നിലവാരങ്ങളിൽ നിന്നു താഴോട്ടു പോന്നു. ഇതും വില ഇടിയാൻ പ്രേരകമായി.ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ 112.5 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താണ് 111.26 ഡാേളർ ആയി.
വ്യാവസായിക ലോഹങ്ങൾ ഉയർന്നു നിൽക്കുന്നു. ഇരുമ്പയിരും സ്റ്റീലും കുറച്ചു ദിവസത്തെ തണുപ്പിനു ശേഷം വീണ്ടും ചൂടായി. ഇരുമ്പയിര് വില ടണ്ണിനു 150 ഡോളറിനു മുകളിലായി. നിക്കൽ വില നാലു ശതമാനം താണ് 34,000 ഡോളർ ആയി. വില ഇനിയും ഗണ്യമായി ഇടിയാനുണ്ട്.

സ്വർണം ഇടിയുന്നു

സ്വർണം വീണ്ടും ഇടിഞ്ഞു. സ്വർണ ഇടിഎഫുകളിൽ നിന്നു വലിയ നിക്ഷേപകർ പിൻവാങ്ങുന്നുണ്ട്. യുദ്ധഗതിയെപ്പറ്റിയുള്ള ആശങ്ക മാറിയതാണ് ഒരു കാരണം.ഇന്നലെ ഔൺസിന് 1916.6 ഡോളർ വരെ താണ സ്വർണം ഇന്നു രാവിലെ 1926-1928 ഡോളറിലാണ്. കേരളത്തിൽ വില ഇന്നു ഗണ്യമായി കുറഞ്ഞേക്കും.
റഷ്യ ഇന്നലെ സ്വർണവുമായി റൂബിളിനെ ബന്ധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 5000 റൂബിൾ ആണു നിരക്ക്. ഇത് 52 ഡോളറേ വരൂ. ലോക വിപണിയിൽ ഒരു ഗ്രാമിന് 67 ഡോളർ ഉണ്ട്. യുദ്ധം തുടങ്ങിയ ശേഷം അടച്ചിട്ട റഷ്യൻ ഓഹരി - വിദേശനാണ്യ വിപണികൾ കഴിഞ്ഞയാഴ്ചയാണു തുറന്നത്.

ഓപ്ഷൻസിൽ കുരുക്ക്

ഓപ്ഷൻ വ്യാപാരം സെറ്റിൽ ചെയ്യുന്നതിനു കൊണ്ടുവന്ന പുതിയ നിബന്ധനകൾ ചെറുകിട നിക്ഷേപകർക്കും ബ്രോക്കറേജുകൾക്കും വലിയ പ്രശ്നം ഉണ്ടാക്കുന്നതായി റിപ്പോർട്ട്. എക്സ്പയറി ദിവസം വരെ സൂക്ഷിക്കുന്ന ഓപ്ഷനുകളിൽ ഫിസിക്കൽ ഡെലിവറി നിർബന്ധമാക്കിയതാണു പ്രശ്നം. ഓപ്ഷൻസ് വാങ്ങാൻ അവസാന ദിവസങ്ങളിൽ ആളെ കിട്ടാതെ വന്നാൽ ഓപ്ഷൻസ് കൈയിൽ ഉള്ളയാൾ ബുദ്ധിമുട്ടിലാകും. അയാൾ പണം നൽകിയില്ലെങ്കിൽ ബ്രോക്കറേജിനാണു ബാധ്യത. നാളെ കഴിഞ്ഞാണ് മാർച്ചിലെ സെറ്റിൽമെൻ്റ്.

യുക്രെയ്ൻ സമാധാന പ്രതീക്ഷ വീണ്ടും

യുക്രെയ്നിലെ റഷ്യൻ ആക്രമണം റഷ്യ ഉദ്ദേശിച്ച രീതിയിൽ മുന്നേറിയില്ലെന്നു കൂടുതൽ വ്യക്തമായി വരികയാണ്. ആദ്യം സൈന്യം പ്രവേശിച്ച നഗരങ്ങളിൽ പോലും ആധിപത്യം നേടാനായിട്ടില്ല. ചിലേടത്തു നിന്നു പിന്മാറേണ്ടിയും വന്നു. തുർക്കിയുടെ മധ്യസ്ഥതയിൽ ഈ ദിവസങ്ങളിൽ നടക്കുന്ന ചർച്ച വെടിനിർത്തലിലേക്കു നയിക്കും എന്ന പ്രതീക്ഷ പലർക്കുമുണ്ട്. തങ്ങൾ ഒരു ചേരിയിലും ചേരാതെ നിഷ്പക്ഷത പുലർത്താം എന്ന് യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കി ആവർത്തിച്ചു പറയുന്നത് റഷ്യക്കു ഹിതകരമായ കാര്യമാണ്. തങ്ങളോടും ചേർന്നു കിടക്കുന്നതും റഷ്യൻ വംശജർക്കു ഭൂരിപക്ഷമുള്ളതുമായ ഡോൺബാസ് പ്രദേശം വിട്ടുകൊടുക്കണമെന്ന റഷ്യൻ ആവശ്യത്തെ സെലൻസ്കി ഇനിയും തുറന്ന് അനുകൂലിച്ചിട്ടില്ല.

കമ്പനികൾ

രുചി സോയയുടെ ഫോളോഓൺ പബ്ലിക് ഓഫറി (എഫ്പിഒ) ന് അപേക്ഷിച്ചവർക്ക് ഇഷ്യു ക്ലോസ് ചെയ്ത ശേഷം അപേക്ഷ പിൻവലിക്കാൻ അനുമതി നൽകി സെബി ഇന്നലെ ഉത്തരവ്‌ ഇറക്കി. പതഞ്ജലിയുടെ കമ്പനി ഓഹരി വിൽപനയ്ക്കു സ്വീകരിച്ച ചില നടപടികൾ ശരിയായില്ലെന്നാണ് സെബി കണ്ടെത്തിയത്.
ഫ്യൂച്ചർ റീട്ടെയിൽ കുടിശിക വരുത്തിയതിനാൽ പാപ്പർ നടപടികൾ ആവശ്യപ്പെട്ടു ബാങ്കുകൾ കമ്പനി നികുതി ട്രൈബ്യൂണലിനെ സമീപിച്ചു. ഫ്യൂച്ചറിൻ്റെ സ്റ്റാേറുകൾ
ഏറ്റെടുക്കാനുള്ള റിലയൻസിൻ്റെ പിൻവാതിൽ നീക്കത്തിന് ഇതു തിരിച്ചടിയാകും.


This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it