Begin typing your search above and press return to search.
വിപണികൾ ആവേശം കുറയ്ക്കുന്നില്ല; ഏഷ്യൻ സൂചനകൾ പോസിറ്റീവ്; ക്രൂഡ് വില വീണ്ടും കുറഞ്ഞു
വിദേശികൾ വീണ്ടും വാങ്ങലുകാരായി; ക്രൂഡ് ഓയിലിൽ നാടകീയ മാറ്റങ്ങൾ; ലോഹങ്ങൾ വീണ്ടും നേട്ടത്തിൽ
സമാധാന സാധ്യത, ക്രൂഡ് ഓയിൽ വിലയിടിവ്, വിദേശ നിക്ഷേപകരുടെ വാങ്ങൽ, സ്വദേശി ഫണ്ടുകളുടെയും റീട്ടെയിൽ നിക്ഷേപകരുടെയും ഉത്സാഹം: ബുധനാഴ്ച ഇന്ത്യൻ വിപണി ആവേശത്തിലായിരുന്നു. സെൻസെക്സ് 1.28 ശതമാനം കുതിച്ചപ്പോൾ നിഫ്റ്റി 17,500നു തൊട്ടു താഴെ എത്തി ക്ലോസ് ചെയ്തു.
പക്ഷേ, ഇന്നലെ യുക്രെയ്നിൽ സമാധാന സാധ്യത അകന്നു; ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലായി. ഇന്നലെ 113.5 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു യോഗം ചേരുന്ന ഒപെക് പ്ലസ് എണ്ണ മന്ത്രിമാർ ഉൽപാദന വർധനയ്ക്കു തീരുമാനിക്കാനിടയില്ല (നേരത്തേ പ്രഖ്യാപിച്ചിരുന്ന തോതിലുള്ള വർധന പ്രതീക്ഷിച്ചാൽ മതി); എല്ലാം വിപണിയെ താഴോട്ടു വലിക്കുന്ന കാര്യങ്ങൾ. എന്നാൽ ഇതിനിടെ അമേരിക്ക തങ്ങളുടെ ഭീമമായ ക്രൂഡ് ഓയിൽ റിസർവിൽ നിന്നു വൻതോതിൽ എണ്ണ വിപണിയിൽ ഇറക്കുമെന്നു ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. ഇതോടെ എണ്ണവിപണിയുടെ ഗതി മാറി. രാവിലെ ഏഷ്യൻ വ്യാപാരത്തിൽ ബ്രെൻ്റ് ഇനം ക്രൂഡ് 108.6 ഡോളർ വരെ ഇടിഞ്ഞു. പിന്നീട് 109. 2 ലേക്കു കയറി. എണ്ണ വിപണിയിലെ മാറ്റം ഏഷ്യൻ ഓഹരി വിപണികളിൽ ഉത്സാഹമുണ്ടാക്കി.
ഇന്നലെ യൂറോപ്യൻ ഓഹരികൾ ഒന്നര ശതമാനത്തോളം ഇടിഞ്ഞു. പ്രകൃതി വാതകം വാങ്ങുന്നതിനു റൂബിൾ വേണമെന്നു റഷ്യ വാശി പിടിക്കുന്നത് യൂറോപ്പിനെ അലട്ടുന്നുണ്ട്. ജർമനിയിൽ ഗ്യാസ് റേഷനിംഗ് ആലോചന തുടങ്ങി.
യുഎസ് ഓഹരികളും ഇന്നലെ താഴോട്ടു നീങ്ങി. ഡൗ ജോൺസിൽ നഷ്ടം 0.19 ശതമാനം മാത്രമേ ഉണ്ടായുള്ളു എങ്കിലും ടെക് കമ്പനികൾക്കു മേധാവിത്വമുള്ള നാസ്ഡാക് 1.21 ശതമാനം ഇടിഞ്ഞു. യുഎസ് ഫ്യൂച്ചേഴ്സും ചെറിയ താഴ്ചയിലാണ്.
ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ ചെറിയ താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീടു ചെറിയ നേട്ടത്തിലേക്കു മാറി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,462 വരെ താഴ്ന്നു. ഇന്നു രാവിലെ തിരിച്ചു കയറി 17,600 ലെത്തി. പിന്നീട് അൽപം താണു. ഇന്ത്യൻ വിപണി ഉയർന്നു തുടങ്ങുമെന്നാണ് ഇതിലെ സൂചന.
സെൻസെക്സ് ഇന്നലെ 740.34 പോയിൻ്റ് (1.28%) കുതിച്ച് 586,83.99 ലും നിഫ്റ്റി 172.95 പോയിൻ്റ് (1%) ഉയർന്ന് 17,498.25 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.78 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.09 ശതമാനവും ഉയർന്നു. ബാങ്ക്, ധനകാര്യ സേവന, ഐടി, വാഹന, റിയൽറ്റി മേഖലകൾ നല്ല നേട്ടമുണ്ടാക്കി. മെറ്റൽ കമ്പനികളും ഓയിൽ കമ്പനികളും ക്ഷീണത്തിലായി.
വിദേശികൾ വീണ്ടും വാങ്ങലുകാരായി
വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ ഇന്നലെ 1357.47 കോടി രൂപയുടെ ഓഹരികൾ വാങ്ങി. കുറേ ദിവസത്തെ തുടർച്ചയായ വിൽപനയ്ക്കു ശേഷമാണ് അവർ ഇന്നലെ വാങ്ങലുകാരായത്. സ്വദേശി ഫണ്ടുകൾ 1216 കോടിയുടെ ഓഹരികൾ വാങ്ങി. ഇന്നു മാർച്ച് സീരീസിലെ സെറ്റിൽമെൻ്റ് ദിവസമാണ്.
വിപണി ബുളളിഷ് സൂചനകൾ നൽകുന്നുണ്ടെങ്കിലും ഒരു പാർശ്വനീക്കത്തിനു സാധ്യത കാണുന്നുണ്ട് സാങ്കേതിക വിശകലന വിദഗ്ധർ. നിഫ്റ്റിക്കു 17415- ലും 17,335-ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 17,550 ലും 14,605-ലും തടസങ്ങൾ പ്രതീക്ഷിക്കാം.
ക്രൂഡ് ഓയിലിൽ നാടകീയ മാറ്റങ്ങൾ
ക്രൂഡ് ഓയിൽ വില ഇന്നലെയും ഇന്നും ഗതി മാറി. യുക്രെയ്നിൽ വെടിനിർത്തലിനു സാധ്യത തെളിഞ്ഞതും ചൈനീസ് ഡിമാൻഡ് കുറയുന്നതുമായിരുന്നു രാവിലെ വില താഴാൻ കാരണം. എന്നാൽ രണ്ടും മാറി. യുദ്ധത്തിനു ശമനമില്ല. ചൈനീസ് ഡിമാൻഡിൽ പറയത്തക്ക കുറവില്ല എന്നും വന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 113.5 ഡോളറിലേക്കു കയറി.
ഇന്നു രാവിലെ ബ്ലൂംബർഗ് ന്യൂസിൻ്റെ റിപ്പോർട്ട് വീണ്ടും ഗതി തിരിച്ചു. പ്രതിദിനം 10 ലക്ഷം വീപ്പ വീതം ആറു മാസത്തേക്ക് മൊത്തം 18 കോടി വീപ്പ എണ്ണ വിപണിയിലിറക്കാൻ യുഎസ് ഭരണകൂടം ആലോചിക്കുന്നു എന്നാണു ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക സ്ഥിരീകരണമില്ല. അമേരിക്കയിലെ വിലക്കയറ്റം പിടിച്ചു നിർത്തുകയാണ് ബൈഡൻ ഭരണകൂടത്തിൻ്റെ ലക്ഷ്യം. ഇന്ധനവില ഗ്യാലന് അഞ്ചു ഡോളറോളമായി. അതു താഴ്ത്തിയില്ലെങ്കിൽ യുക്രെയ്ൻ വിഷയത്തിലെ ജനപിന്തുണ നഷ്ടപ്പെടുമെന്നു പ്രസിഡൻ്റ് ബൈഡൻ ഭയപ്പെടുന്നു. ഈ റിപ്പോർട്ടിനു ശേഷം ക്രൂഡ് വില 110 ഡോളറിനു താഴെയായി.
ഗൾഫിലെ എണ്ണ ഉൽപാദക രാജ്യങ്ങൾ യെമനി ഹൂതികളുടെ ആക്രമണത്തിൽ നിന്നു യുഎസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മിസൈൽ പ്രതിരോധ സംവിധാനം സ്ഥാപിക്കാൻ യുഎസ് സമ്മതിക്കുമാേ എന്നു വ്യക്തമായിട്ടില്ല.
ലോഹങ്ങൾ വീണ്ടും നേട്ടത്തിൽ
വ്യാവസായിക ലോഹങ്ങളുടെ വില വീണ്ടും ഉയർച്ചയിലായി. ചൈനീസ് ഡിമാൻഡിൽ കുറവു വരുന്നില്ല എന്നു വ്യക്തമായതോടെയാണിത്. അലൂമിനിയം മൂന്നര ശതമാനം കയറി 3551 ഡോളറായി. ലെഡ്, സിങ്ക്, ടിൻ തുടങ്ങിയവ രണ്ടു ശതമാനത്തിലധികം ഉയർന്നു. ചെമ്പ് ടണ്ണിനു | 10,390 ഡോളറിലെത്തി. മെറ്റൽ ഓഹരികൾക്ക് ഇന്നു നല്ല ദിവസമായേക്കാം.
സ്വർണം കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ ചാഞ്ചാടുകയാണ്. ഇന്നലെ 1917 ഡോളറിനും 1937 ഡോളറിനുമിടെ കയറിയിറങ്ങി. ഇന്നു രാവിലെ 1930- 1931 ഡോളറിലാണു വ്യാപാരം.
ഡോളർ സൂചിക 98-നു താഴേക്കു നീങ്ങി. ഇതു രൂപയ്ക്ക് ഇന്നു സഹായമായേക്കും. ഇന്നലെ 75.91 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്.
This section is powered by Muthoot Finance
Next Story
Videos