Begin typing your search above and press return to search.
നോട്ടം വിലക്കയറ്റത്തിൽ; തീവ്രത കുറഞ്ഞാൽ വിപണി കുതിക്കും; ടെക് ഓഹരികൾക്കു നേട്ടം ഉണ്ടാകാം; രൂപയെ സംരക്ഷിക്കാൻ എന്തു ചെലവാകും?
ചൈനയിലും അമേരിക്കയിലും ഇന്നു പുറത്തു വരുന്ന ചില്ലറ വിലക്കയറ്റ കണക്കു സംബന്ധിച്ച അഭ്യൂഹങ്ങളാണ് ഇന്ന് ഇന്ത്യയിലടകം വിപണികളെ സ്വാധീനിക്കുക. ഇന്ത്യയിലെ ചില്ലറ വിലക്കയറ്റ കണക്ക് നാളെയാണു പുറത്തു വരുക.
ഇവയെപ്പറ്റിയുള്ള ഊഹാപാേഹങ്ങൾക്കിടയിൽ ക്രൂഡ് ഓയിലും വ്യാവസായിക ലോഹങ്ങളും സ്വർണവും ഒക്കെ താഴോട്ടു നീങ്ങി. ലോഹ കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു. യുഎസിലും ഇന്ത്യയിലും സർക്കാർ കടപ്പത്രങ്ങൾക്കു വില കൂടി, പലിശവർധന നേരത്തേ കരുതിയതിലും കുറവാകുമെന്ന നിഗമനമാണ് അതിനു കാരണം.
പാശ്ചാത്യ വിപണികൾ ഏപ്രിലിലെ യുഎസ് വിലക്കയറ്റത്തിൽ ചെറിയ കുറവ് പ്രതീക്ഷിക്കുന്നുണ്ട്. മാർച്ചിലെ കയറ്റം ഈ സീസണിലെ വിലക്കയറ്റത്തിൻ്റെ പാരമ്യമായി കാണാമെന്നു പലരും കരുതുന്നു. ഈ ധാരണ തെറ്റാണെന്നു വന്നാൽ ഓഹരികൾ വലിയ തകർച്ച നേരിടും.
മറിച്ചായാൽ കുതിപ്പ് പ്രതീക്ഷിക്കാം. ഇന്ത്യയിലാകട്ടെ ഏപ്രിലിലെ ചില്ലറ വിലക്കയറ്റം മാർച്ചിലേക്കാൾ കൂടുതലായിരിക്കും എന്നു തീർച്ചയാണ്. അതു നേരിടാൻ റിസർവ് ബാങ്കും മറ്റും ഇനി എന്തു ചെയ്യുമെന്നാണ് വിപണി നോക്കുന്നത്.
ഈ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്നലെ ഇന്ത്യൻ വിപണി വലിയ ചാഞ്ചാട്ടത്തിലായിരുന്നു. ഒടുവിൽ ചെറിയ നഷ്ടത്തിൽ മുഖ്യ സൂചികകൾ ക്ലോസ് ചെയ്തു. വിശാല വിപണിയാകട്ടെ വലിയ നഷ്ടങ്ങൾ സഹിച്ചു.
യൂറോപ്യൻ വിപണികൾ ഇന്നലെ ഉയർന്നു ക്ലോസ് ചെയ്തു. വിലക്കയറ്റത്തിൻ്റെ തീവ്രത കുറയുന്നു എന്നാണ് അവരുടെ നിഗമനം.
യുഎസ് വിപണി ഇന്ത്യൻ വിപണി പോലെ ചാഞ്ചാടി. ഇടയ്ക്കു 400 പോയിൻ്റ് നേട്ടമുണ്ടാക്കിയെങ്കിലും ഒടുവിൽ ഡൗ ജോൺസ് ചെറിയ നഷ്ടത്തിൽ കലാശിച്ചു. ടെക്നോളജി ഓഹരികളുടെ കുതിപ്പിൻ്റെ കരുത്തിൽ നാസ്ഡാക് ഒരു ശതമാനത്തോളം ഉയർന്നു ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിലേക്കു മാറി. ഏഷ്യൻ വിപണികൾ ചെറിയ നഷ്ടത്തിലാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,031 വരെ താഴ്ന്നിട്ട് 16,111.5ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 16,104 ലേക്കു താഴ്ന്നിട്ട് 16,160 ലേക്കു കയറി. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങാൻ കളമൊരുങ്ങിയേക്കും.
സെൻസെക്സ് ഇന്നലെ 105.82 പോയിൻ്റ് (0.19%) കുറഞ്ഞ് 54,364.85ലും നിഫ്റ്റി 61.8 പോയിൻ്റ് (0.38%) കുറഞ്ഞ് 16,240.05ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.87% വും സ്മോൾ ക്യാപ് സൂചിക 2.24% വും ഇടിഞ്ഞതു വിശാല വിപണി കൂടുതൽ ദുർബലമായി എന്നു കാണിക്കുന്നു.
ലോഹങ്ങളുടെ വിലയിടിവ് ടാറ്റാ സ്റ്റീൽ, നാൽകോ, ജിൻഡൽ സ്റ്റീൽ തുടങ്ങിയവ ആറും ഏഴും ശതമാനം ഇടിയാൻ കാരണമായി. കോൾ ഇന്ത്യ ഏഴു ശതമാനത്തിലധികം താണു. റിലയൻസ് ഇന്നലെ 1.73 ശതമാനം ഇടിഞ്ഞു. ബാങ്ക്, ഫിനാൻസ്, എഫ്എംസിജി സൂചികകൾ മാത്രമേ ഇന്നലെ നേട്ടം കാണിച്ചുള്ളു.
പാശ്ചാത്യ വിപണികളിൽ ടെക് ഓഹരികൾക്കു തിരിച്ചു കയറ്റം ഉണ്ടായത് ഇന്ന് ഐടി കമ്പനികൾക്കു നേട്ടമായേക്കും. ലോഹങ്ങളുടെ വില ഇന്നലെ സാങ്കേതിക തിരുത്തൽ കാണിച്ചത് ഇന്ന് അവയിൽ ആശ്വാസ റാലിക്കു കാരണമാകാം. ഇന്ധന വിലയിലെ കുറവും ആശ്വാസകരമാണ്.
വിദേശനിക്ഷേപകർ വിൽപന തുടരുക തന്നെയാണ്. ഇന്നലെ ക്യാഷ് വിപണിയിൽ അവർ 3960.59 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതോടെ ഈ മാസത്തെ അവരുടെ വിൽപന 20,055.85 കോടി രൂപയായി. സ്വദേശി ഫണ്ടുകൾ ഇന്നലെ 2958.4 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണി അനിശ്ചിതത്വത്തിലാണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ബെയറിഷ് മനോഭാവം മാറിയിട്ടുമില്ല. നിഫ്റ്റിക്കു 16,400-16,500 മേഖലയിലെ പ്രതിരോധം ഭേദിക്കാനുള്ള കരുത്ത് ബുള്ളുകൾക്കു കൈവന്നിട്ടില്ല.
16,140-നു താഴാേട്ടു നിഫ്റ്റി പോയാൽ 15,700- 15,400 വരെ വീഴാം എന്നാണു വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്നു നിഫ്റ്റിക്കു 16,155 ലും 16,075 ലും സപ്പോർട്ട് ഉണ്ട്. കയറ്റത്തിൽ 16,365 ലും 16,490 ലും തടസം നേരിടാം.
ക്രൂഡും ലോഹങ്ങളും താഴോട്ട്
ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങുന്നു. ബ്രെൻ്റ് ഇനം ഇന്നലെ മൂന്നു ശതമാനം കുറഞ്ഞ് 102.5 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 101.8 ഡോളറിലേക്കു താഴ്ന്നു. ചൈനീസ് ഡിമാൻഡ് കുറഞ്ഞതും സൗദി അരാംകോ വില താഴ്ത്തിയതുമാണു വിലക്കുറവിനു പിന്നിൽ.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ താഴ്ന്ന നിലയിൽ തുടർന്നു. ചെമ്പ് സാങ്കേതിക തിരുത്തൽ എന്ന നിലയിൽ രണ്ടു ശതമാനം ഉയർന്നു. മറ്റു ലോഹങ്ങൾ ഒന്നും രണ്ടും ശതമാനം താഴോട്ടു പോയി. ഇരുമ്പയിര് വില വീണ്ടും കുറഞ്ഞു. സ്റ്റീൽ ഡിമാൻഡും വിലയും കുറയുകയാണ്.
സ്വർണം താണു, രൂപ കയറി
സ്വർണം വീണ്ടും ഇടിഞ്ഞു. ഔൺസിന് 1870-നടുത്തു നിന്ന് 1832-1834 ഡാേളറിലേക്കാണു താഴ്ച. വില അൽപം കൂടി കുറയുമെന്നു വ്യാപാരികൾ കരുതുന്നു. കേരളത്തിൽ ഇന്നലെ സ്വർണം പവനു 320 രൂപ കുറഞ്ഞ് 37,680 രൂപയായി. ഇന്നും വില ഗണ്യമായി കുറയും.
രൂപ ഇന്നലെ അൽപം കയറി. ഡോളർ നിരക്ക് 77.34 രൂപയിലേക്കു താണു. രൂപയെ പിടിച്ചു നിർത്താനും കടപ്പത്രവിലകൾ ഉയർത്താനും നടപടി വേണമെന്നു സർക്കാർ റിസർവ് ബാങ്കിനാേട് നിർദേശിച്ചതായി റിപ്പോർട്ടുണ്ട്. എന്തായാലും ഇന്നലെ പൊതുമേഖലാ ബാങ്കുകൾ വൻതോതിൽ ഡോളർ വിപണിയിലിറക്കി. ഡോളർ 77.5 രൂപയ്ക്കു മുകളിൽ പോകാതെ നോക്കുകയായിരുന്നു ലക്ഷ്യം.
രൂപയെ പിടിച്ചുനിർത്തൽ എളുപ്പമല്ല
ഇന്നലെ ആ ലക്ഷ്യം സാധിച്ചു. എന്നാൽ അതു നിരന്തരം സാധിക്കുകയില്ല. റിസർവ് ബാങ്കിൻ്റെ വിദേശനാണ്യശേഖരം 59,773 കോടി ഡോളറായിരുന്നു ഒരാഴ്ച മുമ്പ്. കഴിഞ്ഞ സെപ്റ്റംബറിലെ 64, 200 കോടി ഡോളറിൽ നിന്ന് ശേഖരം 4400 കോടി ഡോളർ കണ്ടു കുറഞ്ഞു.
വിദേശികൾ വിൽപന തുടരുകയും പുതിയ നിക്ഷേപങ്ങൾ വരാതിരിക്കുകയും ചെയ്യുമ്പോൾ ശേഖരം താഴാതെ തരമില്ല. ഇറക്കുമതിച്ചെലവ് പരിധി വിട്ടു വർധിച്ചതോടെ വാണിജ്യ കമ്മി പ്രതിമാസം 2000 കോടി ഡോളറിലേക്കു കയറി. ഇതും വിദേശനാണ്യശേഖരം കുറയ്ക്കുന്നു.
രൂപയെ ദീർഘകാലം പിടിച്ചു നിർത്താൻ തക്ക റിസർവ് രാജ്യത്തിനില്ലെന്നതു റിസർവ് ബാങ്കിനും അറിയാം. രാജ്യത്തേക്കു നിക്ഷേപം വരുത്തുന്ന നടപടികളും ഇറക്കുമതി കുറയ്ക്കൽ നീക്കങ്ങളും ഉണ്ടായാലേ രൂപയെ താങ്ങി നിർത്താൻ പറ്റൂ.
This section is powered by Muthoot Finance
Next Story
Videos