മിഡ്, സ്മോൾ കാപ് സൂചികകളുടെ നേട്ടം നൽകുന്ന സൂചനയെന്ത്? ആഗോള സൂചനകൾ നെഗറ്റീവ്; വിലക്കയറ്റവും പലിശയും ഭീഷണി; ക്രൂഡും സ്വർണവും കുതിക്കുന്നു

വിദേശികൾ നടത്തുന്ന വിൽപനയുടെ സമ്മർദം മറികടക്കാൻ വിപണിക്കു കഴിഞ്ഞില്ല. ചൊവ്വാഴ്ച തുടക്കം മുതൽ താഴ്ചയിലായിരുന്ന മുഖ്യസൂചികകൾ ചെറിയ താഴ്ചയാേടെ വ്യാപാരം അവസാനിപ്പിച്ചു. വിൽപന സമ്മർദം തുടരുമെന്നാണു കരുതേണ്ടത്. ആഗോള സൂചനകളും വിപണി മുന്നേറ്റത്തിന് അനുകൂലമല്ല. കൊറിയ മുതൽ അമേരിക്ക വരെ ഇന്നലെ താഴ്ചയിലായിരുന്നു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സും ഏഷ്യൻ വിപണികളും താഴ്ന്നു നിൽക്കുന്നു.

മുഖ്യസൂചികകൾ നൽകുന്നതല്ല ഇന്ത്യൻ വിപണിയുടെ ഇന്നലത്തെ യഥാർഥ ചിത്രം. വിപണിയിലെ സൂചികാധിഷ്ടിത ഓഹരികളിലാണു വിദേശ ഫണ്ടുകളുടെ വിൽപന സമ്മർദം. വിദേശികളുമായി വലിയ ബന്ധമില്ലാത്ത മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ് ക്യാപ് സൂചിക 1.1 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.49 ശതമാനവും ഉയർന്നാണു ക്ലോസ് ചെയ്തത്.
സെൻസെക്സ് 112.14 പോയിൻ്റ് (0.19 ശതമാനം) താണ് 60,433.45 ലും നിഫ്റ്റി 24.3 പോയിൻ്റ് (0.13 ശതമാനം) താണ് 18,044.25 ലും ക്ലോസ് ചെയ്തു. വാഹന കമ്പനികളും പൊതുമേഖലാ ബാങ്കുകളും എണ്ണ-വാതക കമ്പനികളും ആണു മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ബാങ്കുകളും ധനകാര്യ കമ്പനികളും ലോഹ - എഫ് എം സി ജി - കൺസ്യൂമർ ഡ്യുറബിൾസ് കമ്പനികളും ദുർബലമായിരുന്നു.
യൂറോപ്യൻ സൂചികകളും താഴ്ന്നു. അമേരിക്കയിൽ പ്രധാന സൂചികകൾ ആദ്യത്തെ താഴ്ചയിൽ നിന്നു കുറേ കയറിയാണു ക്ലോസ് ചെയ്തത്. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് വീണ്ടും താഴ്ച സൂചിപ്പിക്കുന്നു. ജപ്പാനിലെ നിക്കൈ അടക്കം ഏഷ്യൻ വിപണി സൂചികകൾ ഇന്നു തുടക്കത്തിൽ താഴ്ചയിലാണ്. എസ് ജി എക്സ് നിഫ്റ്റി ഇന്നു രാവിലെ ഗണ്യമായി താഴ്ന്നാണു വ്യാപാരം.

വിലക്കയറ്റം ചിന്താവിഷയം

വിലക്കയറ്റം ഉയർന്നു നിൽക്കുന്നത് പലിശ നിരക്കു വർധന നേരത്തേ തുടങ്ങാൻ പ്രേരിപ്പിക്കുമെന്ന സൂചന യുഎസ് ഫെഡ് ബോർഡിലെ ഒരു പ്രമുഖ അംഗം നൽകി. മിന്യാപ്പോലിസ് ഫെഡ് പ്രസിഡൻ്റ് നീൽ കഷ്കാരി പറഞ്ഞത് നിരക്കു കൂട്ടൽ എപ്പോൾ വേണമെന്ന കാര്യത്തിൽ ഫെഡിനു തുറന്ന മനസാണുള്ളതെന്നാണ്. 2022 അവസാനമേ നിരക്കു കൂട്ടൂ എന്ന നിഗമനം തിരുത്തുന്നതാണ് ഈ പ്രസ്താവന. യുഎസ് ഫെഡ് നിരക്കുകൂട്ടുമ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളും നിരക്കു കൂട്ടാൻ നിർബന്ധിതമാകും. വിപണി മനോഭാവത്തെ സാരമായി ബാധിക്കാവുന്ന വിഷയമാണത്.

വിദേശികൾ വിറ്റുമാറുന്നു

വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ ഇന്നലെ 2445.25 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതോടെ നവംബർ സീരീസിലെ അവരുടെ വിൽപന 5000 കോടി രൂപയിലധികമായി . ഒക്ടോബറിൽ 25,572 കോടി രൂപ അവർ പിൻവലിച്ചതാണ്. സ്വദേശി ഫണ്ടുകൾ വാങ്ങലുകാരാണെങ്കിലും വിദേശികളുടെ അത്ര വലിയ തുക ഇറക്കാനാകുന്നില്ല. ഇന്നലെ 1417.63 കോടി രൂപയാണ് അവർ ഓഹരികളിൽ നിക്ഷേപിച്ചത്. ഈ മാസം ഇതു വരെ 3500 കോടി രൂപ. ഒക്ടോബറിൽ സ്വദേശി ഫണ്ടുകളുടെ നിക്ഷേപം മൊത്തം 4471 കോടി രൂപയായിരുന്നു. അമേരിക്കൻ ഫെഡ് കടപ്പത്രം വാങ്ങൽ കുറയ്ക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണു വിദേശികൾ വിറ്റുമാറുന്നത്. യുഎസ് പലിശ നിരക്ക് കൂടുകയും അവിടത്തെ നിക്ഷേപം കൂടുതൽ ആദായകരമാകുകയും ചെയ്യുന്ന സാഹചര്യമാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളെ വികസ്വര രാജ്യങ്ങളിലെ നിക്ഷേപം കുറയ്ക്കാൻ പ്രേരിപ്പിക്കുന്നത്.

ഡെറിവേറ്റീവിൽ താഴ്ച

വിപണി അനിശ്ചിതത്വത്തിലാണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്കു 18,100 മറികടക്കാനുള്ള ദൗർബല്യം തുടരുകയാണ്. അതു മറികടന്നാൽ 18,350 വരെ മുന്നേറാം. മറിച്ചു 18,000-നു താഴോട്ടു നീങ്ങിയാൽ 17,910 വരെയാകും ആദ്യ പതനം. വിപണിയുടെ സപ്പോർട്ട് 17,995-ലും 17,910- ലുമാണ്. ഉയർച്ചയിൽ 18,110- ഉം 18,175-ഉം തടസങ്ങളാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ് ജി എക്സ് നിഫ്റ്റി ഇന്നു രാവിലെ 17,980 ലാണ്. ഇന്ത്യൻ വിപണി താഴ്ന്ന തുടങ്ങും എന്ന സൂചനയാണ് ഇതിലുള്ളത്.

ക്രൂഡിൽ കുതിപ്പ്

ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർച്ചയിലായി. സാമ്പത്തിക വളർച്ച ചെറുതായി താണാലും ശീതകാല ഡിമാൻഡ് വർധിക്കുമെന്നു വിപണി കരുതുന്നു. അമേരിക്കയിലെ ക്രൂഡ് ഓയിൽ റിസർവിൽ നിന്ന് വിൽപന നടത്തിയതും റിസർവ് നില കുറഞ്ഞു നിൽക്കുന്നതും ഇന്നു പെട്ടെന്നു വില കയറാൻ കാരണമായി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 85. 36 ഡോളർ വരെ ഉയർന്നു. ഡബ്ള്യു ടി ഐ ഇനം 84.6 ഡോളറിനു മുകളിലായി. ആഗാേള വിലക്കയറ്റം ഉയർത്തി നിർത്താൻ ക്രൂഡ് വില വർധന കാരണമാകും. ക്രൂഡ് വില 90-100 ഡോളർ മേഖലയിലെത്തുമെന്നാണു ഗോൾഡ്മാൻ സാക്സിൻ്റെ പ്രവചനം. പ്രകൃതി വാതക വിലയും ഇന്നലെ ഒരു ശതമാനം കയറി.

ചെമ്പ് വീണ്ടും 10,000 - ലേക്ക്

വ്യാവസായിക ലോഹങ്ങൾ വീണ്ടും കയറ്റത്തിലാണ്. ചെമ്പ് ഇന്നലെ 1.19 ശതമാനം കയറി ടണ്ണിന് 9999.85 ഡോളറിൽ എത്തി. വീണ്ടും 10,000 കടക്കാനുള്ള ഒരുക്കത്തിലാണ് ചെമ്പ്. അലൂമിനിയം ഇന്നലെ അൽപം താഴ്ന്നെങ്കിലും അതു സാങ്കേതിക തിരുത്തൽ മാത്രമാണ്. മറ്റു ലോഹങ്ങൾ നേട്ടമുണ്ടാക്കി. ഇരുമ്പയിര് വില 92 ഡോളറിനു താഴെയായത് ചൈനീസ് ഡിമാൻഡ് കുറഞ്ഞതുകൊണ്ടാണ്.
വ്യാവസായിക ലോഹങ്ങളുടെ വില 2025 വരെ ഇപ്പോഴത്തെ റിക്കാർഡുകൾക്കു മുകളിലായിരിക്കുമെന്ന് സ്റ്റാൻഡാർഡ് ആൻഡ് പുവർ ഗ്ലോബൽ മാർക്കറ്റ് ഇൻ്റലിജൻസിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.

സ്വർണം ലക്ഷ്യമിടുന്നതു 2000 ഡോളർ?

സ്വർണം വീണ്ടും ഉയരത്തിലാണ്. ഇന്നലെ 1832.7 ഡോളർ വരെ വില കയറി. ഇന്നു രാവിലെ 1827-1829 ഡോളറിലാണു വ്യാപാരം. 1835 ഡോളറിലെ തടസം മറി കടന്നാൽ മഞ്ഞലോഹം ബുൾ തരംഗത്തിലേക്കു കയറും. ഒരു തരംഗം രൂപപ്പെട്ടാൽ ഔൺസിന് 2000 ഡോളറിലേക്കു കുതിക്കാൻ സ്വർണത്തിനു കഴിയും. ബിറ്റ് കോയിൻ വില 67,000 ഡോളർ കടന്നു മുന്നേറിയപ്പോഴാണു സ്വർണത്തിൻ്റെ കുതിപ്പ് എന്നതു ശ്രദ്ധേയമാണ്.

This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it