ഇന്ന് ഓഹരി വിപണി തിരിച്ചു കയറുമോ? ടി സി എസ്സിനെ പിന്തള്ളി; ടാറ്റ സ്റ്റീലിന് തിളക്കം, സ്റ്റാർട്ടപ് കമ്പനികളിലെ ഓഹരി നിക്ഷേപത്തിന്റെ ഉറപ്പ് എത്രമാത്രം?

സെൻസെക്സ് 60,000-നും നിഫ്റ്റി 17,900-നും താഴെ ക്ലോസ് ചെയ്തു. വിപണി കരടികളുടെ പിടിയിലേക്കു നീങ്ങുകയാണെന്നു കരുതാവുന്ന സാഹചര്യം. ഉയർന്ന ഓഹരികളേക്കാൾ കൂടുതലാണു താഴ്ന്ന ഓഹരികൾ. വിദേശികൾ വിൽപന വീണ്ടും വർധിപ്പിച്ചു. എന്നാൽ മൂന്നു ദിവസത്തെ താഴ്ചയ്ക്കു ശേഷം ഇന്നു വിപണി ഒരു തിരിച്ചുവരവിനു തയാറെടുക്കുകയാണ് എന്നു സൂചനയുണ്ട്.

വിലക്കയറ്റം, പലിശ തുടങ്ങിയവയെപ്പറ്റിയുള്ള ആശങ്കയിൽ ആഗോള വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിയും താഴുകയായിരുന്നു. എന്നാൽ പല നല്ല സൂചനകളും ഇന്നു വിപണിയെ സഹായിക്കാനുണ്ട്. യൂറോപ്യൻ വിപണികൾ ഇന്നലെ ഉയർന്നു. ചൈനയിൽ റിയൽ എസ്റ്റേറ്റ് വമ്പൻ എവർഗ്രാൻഡെ വൈകിയാണെങ്കിലും പലിശ അടച്ചു വീഴ്ച ഒഴിവാക്കി. ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിംഗ് തൻ്റെ വാഴ്ച അരക്കിട്ടുറപ്പിച്ചു. ചിപ് നിർമാതാക്കൾ സപ്ലൈ വർധിപ്പിച്ചത് അമേരിക്കയിൽ ടെക്നോളജി കമ്പനികളെ സഹായിച്ചു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ആവേശകരമായ തുടക്കം കാഴ്ചവച്ചു. ജപ്പാനിലെ നിക്കെെ സൂചിക 1.3 ശതമാനം ഉയർന്നു. എസ്ജിഎക്സ് നിഫ്റ്റിയും ഉയർന്ന തുടക്കമാണു സൂചിപ്പിക്കുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ഉയർച്ചയിലാണ്. ഡൗ ജോൺസ് സൂചിക വീണ്ടും 36,000 നു മുകളിലാകുമെന്ന് കരുതപ്പെടുന്നു.
അതേ സമയം ഡോളർ കുതിപ്പ് തുടരുന്നത് വികസ്വര രാജ്യങ്ങളിലെ കറൻസികൾക്കു ക്ഷീണമാണ്. 95.18 ലേക്കു ഡോളർ സൂചിക കയറി. 16 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. പ്രകൃതി വാതക വിലയിലും ഇടിവുണ്ട്.
സെൻസെക്സ് ഇന്നലെ 433.13 പോയിൻ്റ് (0.72 ശതമാനം) താണ് 59,919.69-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 143.6 പോയിൻ്റ് ( 0.8%) കുറഞ്ഞ് 17,873.6 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.95 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.51 ശതമാനവും താണു. റിയൽറ്റി മുതൽ ഐടി വരെ മിക്ക വ്യവസായ മേഖലകളും താഴ്ചയിലായിരുന്നു.
വിപണി ബെയറിഷ് സൂചനകൾ നൽകുന്നു എന്നാണു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. ഇന്നു നിഫ്റ്റി 17,800-നു മുകളിൽ ക്ലോസ് ചെയ്താൽ ബുള്ളുകൾക്കു വിപണി തിരിച്ചു പിടിക്കാൻ ചാൻസുണ്ട്, മറിച്ചായാൽ 17,600 വരെ താഴ്ച പ്രതീക്ഷിക്കാം എന്നാണ് അവരുടെ വിശകലനം.. ഇന്നു വിപണിക്ക് 17,790 ലും 17,710-ലും സപ്പോർട്ട് ഉണ്ട്. 17,965-ലും 18,050 ലുമാണ് തടസങ്ങൾ.

വിദേശികൾ വിൽക്കുന്നു

ഇന്നലെ വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 1637.46 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകൾ വാങ്ങിയത് 445.76 കോടിയുടെ ഓഹരികൾ മാത്രം. വിദേശികൾ ഈ മാസം ഇതുവരെ 6500 കോടിയിലേറെ രൂപ ഓഹരികളിൽ നിന്നു പിൻവലിച്ചു.

എസ് ജി എക്സ് നിഫ്റ്റി ഉയർന്നു

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,959 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 17,980-ലേക്ക് കയറി. ഇന്ന് ഇന്ത്യൻ വിപണി ഗണ്യമായി ഉയരുമെന്ന പ്രതീക്ഷയാണു ഡെറിവേറ്റീവ് വ്യാപാരത്തിലുള്ളത്.

ലോഹങ്ങൾ കയറി, സ്വർണവും

ക്രൂഡ് ഓയിൽ വില ചെറിയ മേഖലയിൽ കയറിയിറങ്ങി. ബ്രെൻറ് ഇനം ക്രൂഡ് 82.15 ഡോളർ വരെ താണിട്ട് ഇന്നു രാവിലെ 82.9 ഡോളറിലെത്തി. പ്രകൃതിവാതക വില ഒരു ശതമാനത്തോളം കുറഞ്ഞു. സമീപകാലത്ത് ഇതാദ്യമാണു വാതക വില താഴ്ന്നത്.
വ്യാവസായിക ലോഹങ്ങൾ വീണ്ടും കയറ്റത്തിലായി. അലൂമിനിയം മൂന്നു ശതമാനം കുതിച്ച് 2660 ഡോളറിലേക്കടുത്തു. ചെമ്പും മികച്ച നേട്ടമുണ്ടാക്കി. കുറേ ദിവസമായി താണു കിടന്ന ഇരുമ്പയിര് ഒന്നര ശതമാനം കയറി.
സ്വർണം കയറ്റം തുടരുകയാണ്. ഔൺസിന് 1866 ഡോളർ വരെ കയറിയ ശേഷം ഇന്നു രാവിലെ 1860-1862 ഡോളർ മേഖലയിലാണു വ്യാപാരം. വെള്ളിവിലയും കയറുന്നുണ്ട്.
യുഎസ് ഡോളറിൻ്റെ വിനിമയ നിരക്ക് ഉയർന്നു പോകുകയാണ്. 74.52 രൂപയിലാണ് ഡോളർ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഡോളർ വീണ്ടും 75 രൂപയ്ക്കു മുകളിലാകുമെന്നാണു വിപണിയുടെ നിഗമനം.

ടാറ്റാ സ്റ്റീലിനു തിളക്കം

ടാറ്റാ സ്റ്റീലിൻ്റെ രണ്ടാം പാദ റിസൽട്ട് പ്രതീക്ഷയിലും മികച്ചതായി. വിറ്റുവരവ് 55 ശതമാനം കൂടിയപ്പോൾ അറ്റാദായം 661.3 ശതമാനം കുതിച്ചു. 60,282.8 കോടി രൂപ വിറ്റുവരവിൽ 11,918.11 കോടിയാണ് അറ്റാദായം. കമ്പനി കടബാധ്യത കുറച്ചു വരികയാണ്. കഴിഞ്ഞ വർഷം 11,800 കോടിയുടെ വായ്പ തിരിച്ചടച്ച കമ്പനി ഇക്കൊല്ലം 12,000 കോടിയുടെ കടം വീട്ടാനാണ് ലക്ഷ്യമിടുന്നത്. ലാഭകാര്യത്തിൽ ടിസിഎസിനെ ടാറ്റാ സ്റ്റീൽ പിന്തള്ളി. അർധ വർഷം ടാറ്റാ സ്റ്റീലിന് 20,740 കോടി രൂപ അറ്റാദായമുള്ളപ്പോൾ ടി സിസിന് 18,632 കോടി മാത്രം.

പുതുതലമുറ ഓഹരികളിൽ ശ്രദ്ധിക്കാൻ

ടെക് - ഇ കൊമേഴ്സ് സ്റ്റാർട്ടപ്പുകൾ അമിത വിലയിട്ട് ഐപിഒ നടത്തുന്നതും വിപണി ആ ഓഹരികളെ വീണ്ടും ഉയരങ്ങളിലെത്തിക്കുന്നതും നിക്ഷേപ വിദഗ്ധരിൽ നിന്നു വിമർശനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ലാഭം നോക്കാതെ വിറ്റുവരവിൻ്റെ അനുപാതം എന്ന നിലയിൽ കമ്പനിയെ വിലയിരുത്തുന്നതിൽ അസ്വാഭാവികത ഉണ്ടെന്ന് അവർ പറയുന്നു. 62 കോടി രൂപ ലാഭവും 2400 കോടി രൂപ വിറ്റുവരവും ഉളള കമ്പനിക്ക് ഒരു ലക്ഷം കോടി രൂപ വിപണിമൂലും കൽപ്പിക്കുന്നതിലെ യുക്തിയില്ലായ്മ അവർ ചൂണ്ടിക്കാട്ടുന്നു. നൈകാ, സൊമാറ്റോ തുടങ്ങിയവയിൽ ഐപിഒ വഴി ഓഹരി കിട്ടിയവർ ഇപ്പോൾ വിറ്റു മാറുന്നത് നേട്ടമാണെന്നാണ് അവർ ഉദേശിക്കുന്നത്. ആത്യന്തികമായി കമ്പനിയുടെ ലാഭവും ലാഭക്ഷമതയുമാണ് വിപണി പരിഗണിക്കുക.

This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it