ഇന്ധനവിലയിൽ ആശ്വാസം; വിപണി വീണ്ടും കയറും; പലിശവർധന ഫെബ്രുവരിയിൽ? നിരാശപ്പെടുത്തി നൈക

ഇന്ധനവില കുറയുന്നു എന്ന ആശ്വാസ വാർത്തയോടെയാണു പുതിയ ആഴ്ച തുടങ്ങുന്നത്. കഴിഞ്ഞയാഴ്ചത്തെ താഴ്ചകൾ വാരാന്ത്യത്തിൽ മികച്ച ഉയർച്ചയോടെ മറികടക്കാനായത് വിപണിക്ക് ആത്മവിശ്വാസം നൽകുന്നു. വിപണിയുടെ കടിഞ്ഞാൺ കൈയിൽ നിന്നു പോയിട്ടില്ലെന്ന വിശ്വാസത്തിലാണു ബുള്ളുകൾ. ഇന്നും നല്ല ഉയർച്ചയോടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.

ചാഞ്ചാട്ടങ്ങൾക്കു ശേഷം കഴിഞ്ഞയാഴ്ച ഇന്ത്യൻ വിപണി ശരാശരി ഒരു ശതമാനം പ്രതിവാര ഉയർച്ച കാണിച്ചു. വെള്ളിയാഴ്ചത്തെ ശക്തമായ തിരിച്ചുവരവാണ് അതിനു കാരണം. സെൻസെക്സ് 767 പോയിൻ്റ് (1.28 ശതമാനം) ഉയർന്ന് 60,686.69-ലും നിഫ്റ്റി 229.15 പോയിൻ്റ് (1.28%) ഉയർന്ന് 18,102.75 ലും ക്ലോസ് ചെയ്തു. ഐടിയും ബാങ്കുകളും റിയൽറ്റിയും ധനകാര്യ കമ്പനികളും വെള്ളിയാഴ്ച തിളങ്ങി.എന്നാൽ ആഴ്ച മൊത്തം നോക്കുമ്പോൾ ബാങ്ക്, റിയൽറ്റി, ലോഹ കമ്പനികൾ താഴോട്ടു പോയി. ക്യാപ്പിറ്റൽ ഗുഡ്സ്, പവർ, ഓയിൽ - ഗ്യാസ് തുടങ്ങിയവയാണ് പ്രതിവാര നേട്ടമുണ്ടാക്കിയത്.
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ വാങ്ങലുകാരായി എന്ന സവിശേഷതയുണ്ട്. ഈ മാസം ആകെ രണ്ടു ദിവസമേ അവരുടെ വാങ്ങൽ വിൽപനയേക്കാൾ കൂടുതലായിട്ടുള്ളു. വെള്ളിയാഴ്ച 511.1 കോടി രൂപയാണ് അവർ ഓഹരികളിൽ നിക്ഷേപിച്ചത്. സ്വദേശി ഫണ്ടുകൾ 851.41 കോടിയും നിക്ഷേപിച്ചു.

ആഗോള സൂചനകൾ പോസിറ്റീവ്

വെള്ളിയാഴ്ച യൂറോപ്യൻ ഓഹരികൾ റിക്കാർഡ് ഉയരങ്ങളിലെത്തി. യുഎസ് വിപണി വെള്ളിയാഴ്ച നല്ല നേട്ടമുണ്ടാക്കിയെങ്കിലും ആഴ്ചയിൽ നഷ്ടമാണ്. തിങ്കളാഴ്ചയ്ക്കുശേഷം ഉണ്ടായ തകർച്ച മറികടക്കാനായില്ല. രാവിലെ ഏഷ്യൻ വിപണികളും ഉയർച്ചയിലാണ്. ചൈനയിലെ റിയൽ എസ്‌റ്റേറ്റ് കമ്പനികൾ തകർച്ച ഒഴിവാക്കിയെന്ന സൂചന ഇന്ന് വിപണികളെ വീണ്ടും ഉയർത്തും.

പ്രകൃതിവാതക വിലയും താഴോട്ട്

ആഗോള വിപണിയിൽ ഇന്ധനവില ചെറിയ ആശ്വാസ സൂചനകൾ നൽകുന്നു. ക്രൂഡ് ഓയിൽ ഇന്നു പുലർച്ചെ വീണ്ടും താണു. ബ്രെൻ്റ് ഇനം 81.8 ഡോളറിലെത്തി. പ്രകൃതി വാതക വില വെള്ളിയാഴ്ച ഏഴു ശതമാനം ഇടിഞ്ഞു. ഒക്ടോബർ ആറിലെ ഉച്ച നിലയായ 6.5 ഡോളറിൽ നിന്ന് 23 ശതമാനം താഴെയെത്തി വില. ഇന്നു രാവിലെ അൽപം ഉയർന്നെങ്കിലും അഞ്ചു ഡോളറിനു താഴെയാണു പ്രകൃതി വാതകം. യൂറോപ്പിലും വടക്കേ അമേരിക്കയിലും ശൈത്യം എങ്ങനെയാകുമെന്നതും ചൈനയുടെ ഡിമാൻഡ് ഉയരുമോ എന്നതുമാണ് ഇന്ധന വിലയെ സ്വാധീനിക്കാൻ പോകുന്ന ഘടകങ്ങൾ.
വ്യാവസായിക ലോഹങ്ങൾ കഴിഞ്ഞയാഴ്ച തിരിച്ചു കയറി. അലൂമിനിയം ടണ്ണിന് 2700 ഡോളറിലേക്ക് കയറി. ചെമ്പ് വീണ്ടും 10,000 ഡോളർ ലക്ഷ്യമിട്ടു നീങ്ങുകയാണ്. ചൈനീസ് സ്റ്റീൽ മില്ലുകൾ ഉൽപാദനം കുറച്ചതു മൂലം ഇരുമ്പയിരു വില താണു നിൽക്കുന്നതാണ് വ്യത്യസ്തത.

സ്വർണം ഉയരത്തിൽ

സ്വർണം ഉയർന്നു തന്നെ. കഴിഞ്ഞയാഴ്ച ഔൺസിന് 1868 ഡോളർ വരെ എത്തിയ മഞ്ഞലോഹം ഇന്നു രാവിലെ വീണ്ടും 1868 സന്ദർശിച്ചിട്ട് 1861-1863 ഡോളർ മേഖലയിൽ നീങ്ങുന്നു. സ്വർണം ഈ വർഷമാദ്യം ആയിരുന്ന 2000 ഡോളറിലേക്കു വീണ്ടും എത്തുമെന്ന പ്രവചനങ്ങൾ ശക്തി പ്രാപിച്ചു വരികയാണ്. വിലക്കയറ്റം ഉയരുന്നതും പലിശ നിരക്ക് വർധിപ്പിക്കുന്നതും സ്വർണത്തിൻ്റെ വില കൂടാൻ സഹായിക്കും. സ്വർണ ഇടിഎഫു (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ) കളിൽ നിക്ഷേപം വർധിച്ചു വരുന്നത് വിലക്കയറ്റത്തിനു സഹായകമാണ്.

വ്യവസായവളർച്ചയുടെ പതനം

സെപ്റ്റംബറിൽ വ്യവസായ വളർച്ച 3.1 ശതമാനത്തിലേക്കു താണത് അപ്രതീക്ഷിതമായിരുന്നില്ല. വാഹന നിർമാണവും ഇലക്ട്രോണിക് സാമഗ്രികളുടെ അസംബ്ലിംഗും കുത്തനെ കുറഞ്ഞതാണു പ്രധാന കാരണം. അതിനു കാരണം സെമികണ്ടക്ടർ ചിപ്പുകളുടെ ദൗർലഭ്യം. ഓഗസ്റ്റിലെ 12 ശതമാനത്തിൽ നിന്നാണു 3.1 ശതമാനത്തിലേക്കുള്ള പതനം.
സെപ്റ്റംബറിലവസാനിച്ച അർധ വർഷം വ്യവസായ ഉൽപാദനം 23.5 ശതമാനം വർധിച്ചു. മുൻ വർഷം ഇക്കാലത്ത് 20.8 ശതമാനം ഇടിവ് ഉണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽ നല്ല നേട്ടം എന്നു തോന്നും. പക്ഷേ ഈ വർധനയ്ക്കു ശേഷവും അർധ വർഷ വ്യവസായ ഉൽപാദനം 2019- 20 ലെ ആദ്യ അർധ വർഷ ഉൽപാദനത്തിലും താഴെയാണെന്നതാണു സത്യം. അന്നത്തേതിലും 2.45 ശതമാനം കുറവാണ് ഈ അർധ വർഷത്തെ ഉൽപാദനം.

ചില്ലറവിലക്കയറ്റം കൂടി

ഒക്ടോബറിലെ ചില്ലറ വിലക്കയറ്റം 4.48 ശതമാനത്തിലേക്ക് ഉയർന്നു. സെപ്റ്റംബറിൽ 4.35 ശതമാനമായിരുന്നു. ഭക്ഷ്യ വിലക്കയറ്റം 0.68 ശതമാനത്തിൽ നിന്ന് 0.85 ശതമാനമായി ഉയർന്നു. പച്ചക്കറി വില ഗണ്യമായി താണില്ലായിരുന്നെങ്കിൽ ഭക്ഷ്യവിലക്കയറ്റം ഒരു ശതമാനത്തിലധികമാകുമായിരുന്നു. ധാന്യ വിലയിൽ വീണ്ടും കയറ്റമുണ്ട്. വരും മാസങ്ങളിൽ ധാന്യങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ എന്നിവയുടെ വില ഉയരുമെന്നാണു സൂചന.
ഇന്ധന വിലക്കയറ്റം 13.6 ശതമാനത്തിൽ നിന്ന് 14.35 % ആയി. നവംബറിൽ അതിൻ്റെ തോതു കുറയും. കേന്ദ്രവും പല സംസ്ഥാനങ്ങളും നികുതി കുറച്ചതിൻ്റെ ഫലമാണത്.
ഭക്ഷ്യ എണ്ണ വിലക്കയറ്റം 33.5 ശതമാനമുണ്ട്. നവംബറിൽ അതു കുറയും എന്നാണു സർക്കാർ പ്രതീക്ഷ.

പലിശവർധന ഫെബ്രുവരിയിൽ?

ആകെക്കൂടി വരും മാസങ്ങളിൽ ചില്ലറ വിലക്കയറ്റം അഞ്ചു ശതമാനത്തിനു മുകളിലേക്കു വീണ്ടും നീങ്ങും. ഇതു റിസർവ് ബാങ്കിനെ പലിശ വർധിപ്പിക്കൽ തീരുമാനത്തിലേക്കു നയിക്കുമെന്നാണു കരുതപ്പെടുന്നത്. ഡിസംബർ തുടക്കത്തിലെ പണനയ കമ്മിറ്റി (എംപിസി) നിരക്കു വർധിപ്പിക്കില്ല. പക്ഷേ ഫെബ്രുവരി ആദ്യം റിവേഴ്സ് റീപാേ വർധിപ്പിച്ചു കൊണ്ട് പലിശ വർധനയുടെ പുതിയ ചക്രത്തിനു തുടക്കമിടുമെന്നാണു കണക്കു കൂട്ടൽ.
ഇന്നു മൊത്തവില സൂചിക ആധാരമാക്കിയുള്ള ഒക്ടോബറിലെ വിലക്കയറ്റ നിരക്ക് പുറത്തുവിടും. സെപ്റ്റംബറിൽ അത് 10.66 ശതമാനമായിരുന്നു. പത്തു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണത്. ഒക്ടോബറിൽ നിരക്കു കൂടുമെന്നാണു സൂചന. ഫാക്ടറി ഉത്പന്നങ്ങളുടെയും ലോഹങ്ങളുടെയും ഇന്ധനത്തിൻ്റെെയും വില വർധനയാണു കാരണം.

കമ്പനികൾ

ലോഹങ്ങളുടെ വില വർധന ഹിൻഡാൽകോയുടെ അറ്റാദായം ഒൻപതു മടങ്ങ് വർധിപ്പിച്ച് സർവകാല റിക്കാർഡിലെത്തിച്ചു. ഗ്രാസിം ഇൻഡസ്ട്രീസിൻ്റെ ലാഭവും കുതിച്ചു. വോഡഫോൺ ഐഡിയയുടെ രണ്ടാം പാദ നഷ്ടം 7145 കോടി രൂപയായി കുറഞ്ഞു.

നൈകായുടെ ലാഭം ഇടിഞ്ഞു

കഴിഞ്ഞയാഴ്ച ബംപർ നേട്ടത്തോടെ ലിസ്റ്റ് ചെയ്ത നൈകായുടെ രണ്ടാം പാദ റിസൽട്ട് നിരാശപ്പെടുത്തി. വിറ്റുവരവ് 47 ശതമാനം കൂടിയപ്പോൾ അറ്റാദായം 96 ശതമാനം ഇടിഞ്ഞു. തലേ പാദത്തെ അപേക്ഷിച്ച് 69 ശതമാനമാണു ലാഭത്തിലെ താഴ്ച. 885 കോടി വിറ്റുവരവിൽ 1.1 കോടി രൂപയാണ് അറ്റാദായം. പരസ്യങ്ങൾക്കും വിപണനത്തിനുമുള്ള ചെലവ് 31.5 കോടിയിൽ നിന്ന് 286 ശതമാനം വർധിച്ച് 121 കോടിയായതാണു ലാഭം കുറയാൻ കാരണമായി കമ്പനി പറയുന്നത്.

ഇന്നു മൂന്നു ലിസ്റ്റിംഗ്

കഴിഞ്ഞയാഴ്ചകളിൽ ഐപിഒ നടത്തിയ മൂന്നു കമ്പനികൾ ഇന്നു ലിസ്റ്റ് ചെയ്യുന്നുണ്ട്. പോളിസി ബസാറിൻ്റെ ഉടമകളായ പിബി ഫിൻടെക്, സിഗാച്ചി ഇൻഡസ്ട്രീട്രീസ്, എസ്ജെഎസ് എൻ്റർപ്രൈസസ് എന്നിവ. 5625 കോടി രൂപ സമാഹരിച്ച പിബി ഫിൻടെക് അനൗപചാരിക വിപണിയിൽ 20 ശതമാനം പ്രീമിയം കാണിക്കുന്നുണ്ട്. 125 കോടി രൂപ സമാഹരിച്ച സിഗാച്ചി 145 ശതമാനം പ്രീമിയത്തിലാണ് ഓടുന്നത്. എസ്ജെഎസ് 15 ശതമാനം പ്രീമിയം കാണിക്കുന്നു.
18,300 കോടി സമാഹരിച്ച ഏറ്റവും വലിയ ഐപിഒ ആയ വൺ 97 കമ്യൂണിക്കേഷൻസ് (പേടിഎം) വ്യാഴാഴ്ച ലിസ്റ്റ് ചെയ്യും.


This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it