ആശങ്കകൾ വിപണിയെ വലിച്ചു താഴ്ത്തി; ചിപ്പുകൾ കിട്ടുമെന്നു പ്രതീക്ഷ, വാഹന കമ്പനികൾക്കു നേട്ടം; ബാങ്കുകൾ പേടിക്കുന്നത് എന്തിന്?

ബാങ്ക്, ധനകാര്യ ,ഫാർമ കമ്പനികളും റിലയൻസും ഇന്നലെ ഇന്ത്യൻ വിപണിയെ താഴോട്ടു നയിച്ചു. ബുള്ളുകൾക്ക് പ്രഹരമേൽപിച്ച ഇന്നലത്തെ വ്യാപാരഗതി ഒരു ചെറിയ തിരുത്തലിന് കളമൊരുക്കുകയാണ്. വിപണിയെ ഉത്തേജിപ്പിക്കാൻ തക്ക കാര്യങ്ങളൊന്നും തൽക്കാലം ദൃഷ്ടി പഥത്തിൽ ഇല്ല. അനിശ്ചിതത്വ സൂചനയാണ് ആഗോള വിപണികളും നൽകുന്നത്.

ചൊവ്വാഴ്ച ഓഹരി വിപണിയിൽ വിൽപന സമ്മർദം കൂട്ടാൻ റിസർവ് ബാങ്കും കാരണമായി. ഓഹരികളുടെ വില വളരെ കൂടുതലാണെന്നു സമ്പദ്ഘടനയെ അവലോകനം ചെയ്തുള്ള പുതിയ റിപ്പാേർട്ടിൽ കേന്ദ്ര ബാങ്ക് പറഞ്ഞു. ഇതോടൊപ്പം ബാങ്കിതര ധനകാര്യ കമ്പനികളുടെ (എൻബിഎഫ്സി) നിഷ്ക്രിയ ആസ്തി (എൻപിഎ) നിർണയത്തെപ്പറ്റിയുള്ള സർക്കുലറും പ്രശ്നമായി. കമ്പനികളുടെ എൻപിഎ വർധിക്കാൻ പുതിയ നിർണയ രീതി കാരണമാകുമെന്നു കരുതപെടുന്നു.
ഇത്തരം ആശങ്കകളും വിദേശ നിക്ഷേപകരുടെ വിൽപനയും ഇന്നലെ വിപണിയെ താഴോട്ടു നയിച്ചു. സെൻസെക്സ് 396.34 പോയിൻ്റ് (0.69 ശതമാനം) താണ് 60,322.37 ലും നിഫ്റ്റി 110.25 പോയിൻ്റ് (0.61%) താണ് 17,999.2 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.27 ശതമാനം താണപ്പോൾ സ്മോൾ ക്യാപ് സൂചിക 0.5 ശതമാനം ഉയരുകയായിരുന്നു.
പൊതുമേഖലാ ബാങ്കുകളിൽ ഇന്നലെ വലിയ വിൽപനയായിരുന്നു. അവയുടെ സൂചിക 2.14 ശതമാനം താണു. എസ്ബിഐ ഓഹരി 2.26 ശതമാനം താണാണു ക്ലോസ് ചെയ്തത്. ബാങ്ക് സൂചിക 1.02 ശതമാനവും ഫാർമ സൂചിക 1.26 ശതമാനവും ഓയിൽ - ഗ്യാസ് സൂചിക 1.22 ശതമാനവും ഇടിഞ്ഞു.

ചിപ് ക്ഷാമം തീരുന്നു, വാഹന ഉൽപാദനം കൂടും

വാഹനമേഖല 2.49 ശതമാനം ഉയർന്നതാണു ശ്രദ്ധേയ കാര്യം. മൈക്രോ ചിപ്പുകളുടെ ദൗർലഭ്യം അവസാനിക്കുന്നു എന്ന റിപ്പോർട്ടാണ് വിപണിയിലെ വാഹന കമ്പനികളെ ഉയർത്തിയത്.മാരുതി 7.29 ശതമാനവും മഹീന്ദ്ര ആൻഡ് മഹീന്ദ്ര 3.44 ശതമാനവും ടാറ്റാ മോട്ടോഴ്സ് 2.69 ശതമാനവും ഹീറോ മോട്ടോ കോർപ് 2.14 ശതമാനവും കയറി.
ചിപ്പുകൾ ലഭ്യമായാൽ വാഹന ഉൽപാദനം കൂട്ടും. വിൽപനയും വർധിക്കും. ഇപ്പോൾ പല മോഡലുകൾക്കും മാസങ്ങൾ കാത്തിരിക്കണം എന്ന അവസ്ഥ മാറും.
റിലയൻസ് ഓഹരി 3.12 ശതമാനം ഇടിഞ്ഞു. സെൻസെക്സ് വീഴ്ചയുടെ പകുതി സംഭാവന റിലയൻസിൻ്റേതാണ്.
ടിവി ടുഡേ 20 ശതമാനത്തോളം ഉയർന്നു. ഔറം പ്രാേപ്ടെക്, സ്പൈസ് ജെറ്റ്, ഗ്രീവ്സ് കോട്ടൺ, എൻഎച്ച്പിസി, വിഎസ്ടി ടില്ലേഴ്സ് തുടങ്ങിയവ പത്തു ശതമാനത്തോളം ഉയർന്നു.
വിപണി സൂചികകൾ താഴോട്ടാണു സൂചിപ്പിക്കുന്നതെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റി കഴിഞ്ഞ വാരം എത്തിയ 18,200 ഉച്ച നിലയായി കണ്ടു കൊണ്ട് നടക്കാവുന്ന തിരുത്തലിൽ സൂചിക 17,600 വരെ പോകാമത്രെ. ഇന്നു വിപണിക്ക് 17,930 ലും 17,860 ലും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. 18,100-ലും 18,190-ലുമാണു വലിയ തടസങ്ങൾ കാണുന്നത്.

വിദേശികൾ വീണ്ടും വിൽപനയിൽ

ഇന്നലെ വിദേശ നിക്ഷേപകർ 560.67 കോടിയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. രണ്ടു ദിവസം വാങ്ങലുകാരായിരുന്നതിനു ശേഷമാണു വിദേശികൾ വീണ്ടും വിൽപനക്കാരായത്. സ്വദേശി ഫണ്ടുകൾ 577.34 കോടിയുടെ ഓഹരികൾ വാങ്ങി.
യൂറോപ്യൻ ഓഹരി സൂചികകൾ ഇന്നലെ റിക്കാർഡ് ഉയരങ്ങളിലേക്കു കയറി. അമേരിക്കൻ ഓഹരി സൂചികകൾ തുടക്കത്തിലെ നേട്ടം നില നിർത്തിയില്ല. ഒക്ടോബറിലെ റീട്ടെയിൽ വ്യാപാരം പ്രതീക്ഷയിലും മെച്ചമായതു ലാഭമെടുക്കലിലേക്കു നയിച്ചു. ഇന്നു രാവിലെ അവധി വ്യാപാരം ചെറിയ ഉയർച്ചയിലാണ്.

ഏഷ്യയിൽ താഴ്ച

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ താഴ്ന്നാണു തുടങ്ങിയത്. ഡോളർ സൂചിക ഉയരുന്നതാണു കാരണം.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,978- ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 17,940 ലേക്കു താണു. ഇന്ത്യൻ വിപണി താഴ്ന്ന നിലയിലേ വ്യാപാരം തുടങ്ങൂ എന്നാണു ഡെറിവേറ്റീവ് വിപണി കരുതുന്നത്.

ക്രൂഡിൽ ചാഞ്ചാട്ടം, ലോഹങ്ങൾ ഇടിയുന്നു

ക്രൂഡ് ഓയിൽ വില താഴ്ന്ന ശേഷം ഉയർന്നു. ബ്രെൻ്റ് ഇനം 81.5 ഡോളർ വരെ താണിട്ട് 82.45 ഡോളറിലേക്കു കയറി. പ്രകൃതിവാതക വില അഞ്ചു ഡോളറിനു മുകളിലാണ്. ഡിമാൻഡ് സംബന്ധിച്ച അവ്യക്തതയാണു ചെറിയ കയറ്റിറക്കങ്ങൾ തുടരുന്നതിനു കാരണം.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ താഴോട്ടു പോന്നു. അലൂമിനിയം മൂന്നു ശതമാനത്തിലേറെ താണപ്പോൾ ചെമ്പ് ഒന്നേമുക്കാൽ ശതമാനം താഴ്ന്നു. ഡോളർ കരുത്തു നേടുന്നതോടെ ലാഭമെടുക്കലുകാരുടെ വിൽപന കൂടി. ഇന്ത്യയിൽ ഹിൻഡാൽകോ അടക്കം ലോഹകമ്പനികളുടെ ഓഹരി വില താണു.

സ്വർണം കയറിയിട്ടു താണു; ഇനി 2000 ഡോളർ ലക്ഷ്യം

സ്വർണത്തിന് ഇന്നലെ നല്ല കയറ്റം ഉണ്ടായതിനെ തുടർന്നു വിൽപന സമ്മർദമായി. വില ഇന്നലെ 1878.2 ഡോളർ വരെ ഉയർന്ന ശേഷം 1849.4 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ 1854-1856 ഡോളറിലാണു വ്യാപാരം. ഇന്നലെ കേരളത്തിൽ പവൻ വില 36,920 രൂപയിൽ എത്തിയത് ഇന്ന് അൽപം കുറഞ്ഞേക്കും.
അടുത്ത വർഷം ആദ്യ പാദത്തിൽ സ്വർണത്തിൻ്റെ ശരാശരി വില 1950 ഡോളർ ആകുമെന്നു ഫ്രഞ്ച് നിക്ഷേപ ബാങ്ക് സൊസീത്ത് ജനറാൽ വിലയിരുത്തി. രണ്ടാം പാദത്തോടെ വില ഔൺസിന് 2000 ഡോളർ കടക്കുമെന്നാണ് അവരുടെ നിഗമനം.
ഡോളർ സൂചിക 95.92 ലേക്കു കയറിയത് ക്രൂഡ് ഓയിൽ, ലോഹങ്ങൾ, സ്വർണം തുടങ്ങിയവയിൽ ലാഭമെടുക്കലിന് ആക്കം കൂട്ടി.

പലിശ കൂടുന്നു, കടപ്പത്രവില കുറയുന്നു, ബാങ്കുകൾ വിഷമിക്കുന്നു

പലിശ നിരക്ക് ഉയരുമെന്ന കണക്കുകൂട്ടലിൽ സർക്കാർ കടപ്പത്രങ്ങളുടെ വില കുറയുകയും അവയിലെ നിക്ഷേപനേട്ടം (Yield) കൂടുകയും ചെയ്തു. ഇന്ത്യയിൽ 10 വർഷ സർക്കാർ കടപ്പത്രത്തിലെ നിക്ഷേപനേട്ടം 6.36 ശതമാനമായി. യുഎസ് സർക്കാർ കടപ്പത്രത്തിന് നിക്ഷേപനേട്ടം 1.639 ശതമാനത്തിലേക്കു കയറി. കടപ്പത്രവില കുറയുന്നത് ബാങ്കുകൾക്കു നഷ്ടമാണ്. വായ്പ കൂടാത്തതുമൂലം മിച്ചമുള്ള പണത്തിൽ ഒരു പങ്ക് കടപ്പത്രങ്ങൾ വാങ്ങി വയ്ക്കാൻ ബാങ്കുകൾ ഉപയോഗിച്ചു. എസ്എൽആർ നിബന്ധനയ്ക്കു വെളിയിൽ വാങ്ങിയ ഈ കടപ്പത്രങ്ങൾക്കു വില താഴുമ്പോൾ അതനുസരിച്ചുള്ള വകയിരുത്തൽ നടത്തേണ്ടി വരും. ഇതു ലാഭത്തെ ബാധിക്കും.

പവലോ ബ്രെയിനാർഡോ? ഫെഡ് അധ്യക്ഷ പദവിയെപ്പറ്റി ചർച്ചകൾ

അമേരിക്കൻ ഫെഡ് ചെയർമാൻ ജെറോം പവലിൻ്റെ കാലാവധി ഫെബ്രുവരിയിൽ തീരും. അദ്ദേഹത്തിനു കാലാവധി നീട്ടിക്കൊടുക്കുമോ എന്നു വ്യക്തമായിട്ടില്ല. വൈകാതെ തീരുമാനം എന്നാണു പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞത്. വിലക്കയറ്റം പിടിച്ചു നിർത്താൻ കുറേക്കൂടി കടുത്ത നടപടികൾ വേണ്ടതാണെന്നു ഡെമോക്രാറ്റുകൾക്ക് അഭിപ്രായമുണ്ട്. വിലക്കയറ്റം അടുത്ത വർഷത്തെ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന് അവർ ഭയപ്പെടുന്നു. ഡോണൾഡ് ട്രംപ് നിയമിച്ച പവലിനെ മാറ്റി ഡെമോക്രാറ്റിക് പാർട്ടിക്കാരിയായ ലയൽ ബ്രെയിനാർഡിനെ നിയമിക്കണമെന്നാണു ഭരണപക്ഷക്കാർ പറയുന്നത്. ജർമനിയിൽ ജനിച്ച 59 വയസുകാരി ബ്രെയിനാർഡ് 2014- മുതൽ ഫെഡ് ഗവർണറാണ്. വിലക്കയറ്റത്തിനെതിരേ പൊരുതാൻ പവലിനേക്കാൾ ഇവരാകും നല്ലതെന്ന് ഡെമോക്രാറ്റുകൾ കരുതുന്നു.
ബ്രെയിനാർഡ് വന്നാൽ പലിശ നിരക്ക് നേരത്തേ ഉയർത്തുമെന്നാണു സംസാരം. തൽക്കാലം വളർച്ചയല്ല, വില നിയന്ത്രണമാണു ലക്ഷ്യമാക്കേണ്ടതെന്ന് ബ്രെയിനാർഡ് കരുതുന്നു. വലിയ ബാങ്കുകൾക്കും ഓഹരി വിപണിക്കും ഇവർ ഫെഡ് മേധാവിയാകുന്നത് ഇഷ്ടമല്ല. അവർ പവൽ തുടരണമെന്ന് ആഗ്രഹിക്കുന്നു. ബൈഡൻ ആരെ നിശ്ചയിക്കുമെന്നു ദിവസങ്ങൾക്കകം അറിയാം.

യുഎസ് - ചൈന ബന്ധം

ജോ ബൈഡൻ - ഷി ചിൻപിംഗ് വർച്വൽ ഉച്ചകോടി നാടകീയ ധാരണകളൊന്നും ഉണ്ടാക്കിയില്ല. എന്നാൽ യുഎസ് - ചൈന ബന്ധത്തിലെ സംഘർഷത്തിനു നേരിയ അയവ് വന്നു. തായ് വാൻ അടക്കമുള്ള വിഷയങ്ങളിൽ അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞെന്നാണു ധാരണ. ചർച്ച ഉദ്ദേശിച്ചതിലും വളരെ കൂടുതൽ സമയമെടുത്തത് ശുഭകരമായി കരുതപ്പെടുന്നു.


This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it