ഈ മൂന്ന് കാര്യങ്ങൾ ഓഹരി നിക്ഷേപകർ ഇന്നു ശ്രദ്ധിക്കണം; റിലയൻസും പേടിഎമ്മും ഇനി ഏതു വഴി? ക്രൂഡ്, സ്വർണം താണു

മൂന്നു വിഷയങ്ങൾ. മൂന്നും നെഗറ്റീവ്. ഇന്ത്യൻ വിപണി മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു തുറക്കുന്നത് നെഗറ്റീവ് കാഴ്ചപ്പാടോടെയാണ്. ആഗാേള സൂചനകളും നെഗറ്റീവ്.

ഇത്രയും മോശമായ മനോഭാവത്തോടെ ഒരാഴ്ചയുടെ തുടക്കം സമീപകാലത്തുണ്ടായിട്ടില്ല. വിപണിയെ ഉയർത്തി നിർത്താൻ വലിയ സ്ഥാപനങ്ങളും മറ്റും ഭഗീരഥപ്രയത്നം നടത്തേണ്ടി വരും. അതിനു ശ്രമം ഉണ്ടാകുമെന്നതു തീർച്ചയാണ്.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്, റിലയൻസ് - അരാംകോ സഖ്യം അവസാനിപ്പിക്കുന്നത്, പേടിഎമ്മിൻ്റെ ദയനീയമായ ലിസ്റ്റിംഗ്. ഇവ മൂന്നും വിപണി മനോഭാവത്തെ വല്ലാതെ ഉലയ്ക്കുന്നവയാണ്. ആദ്യത്തേതു ഗവണ്മെൻ്റിൻ്റെ പരിഷ്കരണ നീക്കങ്ങൾക്കു തിരിച്ചടിയാണ്. രാജ്യത്തെ ഏറ്റവും വലിയ കമ്പനി ഒരു തന്ത്രപ്രധാന സഖ്യത്തിൽ നിന്ന് പൊടുന്നനെ പിന്മാറേണ്ടി വന്നതിൽ പുറത്തു പറയുന്നതിലേറെ കാര്യങ്ങൾ ഉള്ളിലുണ്ടാകാം എന്ന ആശങ്ക ജനിപ്പിക്കും. പേടിഎം ലിസ്റ്റിംഗിലെ വൻ തകർച്ച ഐപിഒ തരംഗത്തിന് അന്ത്യം കുറിക്കുന്നതാകുമോ എന്ന ഭീതി ഉയർത്തുന്നു. എല്ലാം വിപണിക്കു നെഗറ്റീവ്. പേടിഎം വീണ്ടും താഴും. സമീപകാലത്തു ലിസ്റ്റ് ചെയ്ത പല കമ്പനികളുടെയും ഓഹരി വില താണെന്നു വരും.
ആഗോളതലത്തിൽ വിപണികളെല്ലാം നഷ്ടം കുറിച്ച ആഴ്ചയാണു കടന്നു പോയത്. ജപ്പാനിലെ നിക്കെെ സൂചിക അവിടത്തെ പുതിയ ഉത്തേജകത്തെ തുടർന്ന് ഉയർന്നതും ടെക് കമ്പനികളുടെ തിളങ്ങുന്ന പ്രകടനത്തിൻ്റെ ബലത്തിൽ നാസ്ഡാക് റിക്കാർഡ് ഉയരത്തിലായതും മാത്രമാണ് അപവാദം. കോവിഡ് ബാധ വീണ്ടും വർധിക്കുന്നതും കുതിക്കുന്ന വിലക്കയറ്റവും പലിശവർധന ഉടനെ ഉണ്ടാകുമെന്ന ഭീതിയും ഒക്കെയാണ് ആഗോള വിപണികളെ വലയ്ക്കുന്നത്. അവ ഇന്ത്യൻ വിപണിയെയും ഉലയ്ക്കാം.
കഴിഞ്ഞയാഴ്ച സെൻസെക്സ് 1.73 ശതമാനം താണ് 59,636.01-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 1.87 ശതമാനം ഇടിഞ്ഞ് 17,764.8-ൽ അവസാനിച്ചു. നിഫ്റ്റി ബാങ്ക് 2.08 ശതമാനം ഇടിഞ്ഞ് 37,926.25-ൽ ക്ലാേസ് ചെയതു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും സമാനമായ താഴ്ചയിലാണ്.
സാങ്കേതിക വിശകലന വിദഗ്ധർ വിപണി ബെയറിഷ് സൂചനകൾ നൽകുന്നതായി മുന്നറിയിപ്പ് നൽകുന്നു. തുടർച്ചയായ മൂന്നു ദിവസത്തെ ഇടിവിൽ വിപണിയുടെ സപ്പോർട്ടുകൾ ദുർബലമാണ്. ഒക്ടോബറിലെ ഉയരങ്ങളിൽ നിന്നു സെൻസെക്സ് 4.2 ശതമാനവും നിഫ്റ്റി 4.5 ശതമാനവും താഴ്ചയിലാണ്. അർഥപൂർണമായ ഒരു തിരുത്തലിന് (ഉച്ചിയിൽ നിന്ന് 10 ശതമാനം താഴ്ച) സൂചികകൾ ഇനിയും ഗണ്യമായി താഴേണ്ടതുണ്ട്. ആ തിരുത്തൽ ശ്രമം തുടരുമെന്നാണു ചാർട്ടുകൾ വിശകലനം ചെയ്യുന്നവർ പറയുന്നത്. നിഫ്റ്റി 17,000 വരെ താഴുന്നതാണു ചാർട്ടിസ്റ്റുകൾ വിഭാവന ചെയ്യുന്നത്.
17,500-ലും 17,000- ലുമുള്ള പുട്ട് ഓപ്ഷനിൽ വലിയ താൽപര്യം പലരും കാണിക്കുന്നത് വിപണി അങ്ങാേട്ടു താഴുമെന്ന വിശ്വാസത്തിലാണ്. ഈ ഷോർട്ട് വ്യാപാരം കൂട്ടുമ്പോൾ 18,000-ലെയും മറ്റും കോൾ ഓപ്ഷനുകൾ അവസാനിപ്പിക്കുന്നുമുണ്ട്.
നിഫ്റ്റിക്ക് 17,655 ലും 17,545 ലും സപ്പോർട്ട് പ്രതീക്ഷിക്കാം. ഉയർച്ചയിൽ 17,910-ഉം 18,055-ഉം തടസ മേഖലകളാണ്.
വെള്ളിയാഴ്ച യൂറോപ്യൻ സൂചികകൾ താണു. യുഎസിൽ ഡൗ ജോൺസും എസ് ആൻഡ് പിയും താണപ്പോൾ നാസ്ഡാക് ഉയർന്നു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഉയരത്തിലായി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി വലിയ ചാഞ്ചാട്ടം കാണിക്കുന്നു. 17,834 വരെ കയറിയിട്ട് 17,678 വരെ താണു. ഇന്നു രാവിലെ 17,704 ലാണു വ്യാപാരത്തുടക്കം. പിന്നീട് ഉയർന്നു. ഇന്ത്യൻ വിപണിയെ ഉയർത്തി നിർത്താൻ സംഘടിത ശ്രമം ഉണ്ടാകുമെന്നാണു വിപണി കണക്കുകൂട്ടുന്നത്.
കഴിഞ്ഞയാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ വലിയ വിൽപനക്കാരായെങ്കിലും ഐപിഒകളിൽ ആവേശപൂർവം പങ്കു ചേർന്നു. നവംബറിൽ ഇതുവരെ 14,051 കോടി ഓഹരികളിലും 5661 കോടി കടപ്പത്രങ്ങളിലും അവർ നിക്ഷേപിച്ചു. ഓഹരികളുടെ ക്യാഷ് വിപണിയിൽ നിന്ന് 10,000 കോടി പിൻവലിച്ച നിലയ്ക്ക് ഓപ്ഷൻസിലും ഐപിഒകളിലുമാണ് അവർ വലിയ നിക്ഷേപം നടത്തിയതെന്നു കാണാം.
മാറിയ സാഹചര്യത്തിൽ വിദേശ നിക്ഷേപകർ എന്തു നിലപാടെടുക്കും എന്ന് ഇന്നു വിപണി തുടങ്ങിയ ശേഷമേ അറിയാനാകൂ.

ക്രൂഡ്, സ്വർണം താണു

ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 78.40 ഡോളറിലേക്കു താണു. ചൈന റിസർവ് ക്രൂഡ് വിൽക്കുമെന്നു ശ്രുതിയുണ്ട്. ഡോളർ കരുത്തു നേടുന്നതും വിലയിടിവിനു കാരണമായി.
വ്യാവസായിക ലോഹങ്ങൾ വാരാന്ത്യത്തിൽ നല്ല ഉണർവ് കാണിച്ചു. നിക്കൽ 3.56 ശതമാനവും അലൂമിനിയം 2.91 ശതമാനത് ചെമ്പ് 1.81 ശതമാനവും കയറി.
സ്വർണം താഴ്ചയിലാണ്. പലിശവർധന നേരത്തേ വേണ്ടി വരുമെന്ന് യുഎസ് ഫെഡ് ഗവർണർ ക്രിസ്റ്റഫർ വോളർ പറഞ്ഞതു വിപണിയെ ഇടിച്ചു. ഔൺസിന് 1845-1846 ഡോളറിലാണു വ്യാപാരം.

മങ്ങലേറ്റ പ്രതിച്ഛായ

വിവാദപരമായ കാർഷിക നിയമങ്ങൾ അപ്പാടെ പിൻവലിക്കാനുള്ള തീരുമാനം ഗവണ്മെൻ്റിൻ്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായയ്ക്കു മങ്ങലേൽപിച്ചത് വിപണിയിൽ വരും ദിവസങ്ങളിൽ പ്രതിഫലിക്കും. ഗവണ്മെൻ്റ് സാമ്പത്തിക പരിഷ്കരണങ്ങളിൽ നിന്നു പിന്നോട്ടു പോകുന്നതിൻ്റെ തുടക്കമായാണ് ഇതു വ്യാഖ്യാനിക്കപ്പെടുന്നത്. പരിഷ്കാരം വേണോ വോട്ട് വേണോ എന്ന ചോദ്യത്തിന് വോട്ട് എന്ന ഉത്തരമാണു നൽകിയിരിക്കുന്നത്.
നിയമങ്ങൾ അപ്പാടെ പിൻവലിക്കുകയാണ്. പ്രതിപക്ഷത്തെ പലരും ഭരിച്ചിരുന്നപ്പോൾ അനുകൂലിച്ചിരുന്ന കാര്യങ്ങളാണ് നിയമങ്ങളിലുള്ളത്. പക്ഷേ അവ കർഷകർക്കു സ്വീകാര്യമായില്ല. അഥവാ മോദി പറഞ്ഞതുപോലെ തങ്ങളുടെ ആത്മാർഥത കർഷകരെ ബോധ്യപ്പെടുത്താൻ സർക്കാരിനായില്ല. പക്ഷേ, അത്ര നിസാരമല്ല കാര്യം.
വിദേശ നിക്ഷേപകർ ഇതിനോടു നെഗറ്റീവായേ പ്രതികരിക്കൂ. വിദേശികൾ പുതിയ നിക്ഷേപം നടത്തുന്നതിനു മടിക്കും. ഓഹരി വിലകൾ കുറയാനും രൂപയുടെ വിനിമയ നിരക്ക് താഴാനും കടപ്പത്രങ്ങളുടെ വില ഇടിയാനും വിദേശികളുടെ നിലപാട് വഴി തെളിക്കും.

പിന്മാറ്റം രണ്ടാം തവണ

ഏഴര വർഷത്തെ ഭരണത്തിൽ സാമ്പത്തിക പരിഷ്കാരത്തിൽ നിന്ന് ഇതു രണ്ടാമത്തെ പിന്മാറ്റമാണ്. ആദ്യം 2015ൽ ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതി ഉപേക്ഷിച്ചു. സ്യൂട്ട് ബൂട്ട് കാ സർക്കാർ എന്ന രാഹുൽ ഗാന്ധിയുടെ പരാമർശവും ആസന്നമായ ബിഹാർ തെരഞ്ഞെടുപ്പും അന്ന് പിന്മാറ്റത്തിനു കാരണമായി. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത സർക്കാരിനു മറ്റു വഴിയില്ലെന്നതു കൊണ്ട് വിദേശ നിക്ഷേപകരും വ്യവസായ ലോകവും അന്നു സർക്കാരിനെ സംശയിച്ചില്ല. വിമർശിച്ചതുമില്ല.
ഇന്ന് നില അതല്ല. ലോക്സഭയിൽ വൻ ഭൂരിപക്ഷം. രാജ്യസഭയിലും പരാജയഭീതിയില്ല. എന്നിട്ടും സർക്കാർ പിൻവാങ്ങി.
യുദ്ധത്തിലെന്നതു പോലെ പിന്മാറ്റം തുടങ്ങിയാൽ ഒന്നു കൊണ്ടു നിൽക്കില്ല. അതു തുടരും. കാരണം ഭരണകൂടം ദുർബലമാണെന്ന ഏറ്റുപറച്ചിലാണ് ആദ്യ പിന്മാറ്റം. ദൗർബല്യം അറിയുന്നവർ മറ്റു മേഖലകളിലും പിന്നോട്ടു പോകാൻ സർക്കാരിനെ സമ്മർദത്തിലാക്കും. ഈ ആശങ്ക നിരീക്ഷകർ ഉന്നയിച്ചു കഴിഞ്ഞു.

പരിഷ്കാരങ്ങൾക്കു സഡൻ ബ്രേക്കോ?

തൊഴിൽ നിയമ പരിഷ്കാരം ഇപ്പോൾത്തന്നെ ഫ്രീസറിലാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപന സ്പീഡ് നേടി വന്നത് ഇനി പിന്നോട്ടടിക്കുമെന്നു വേണം കരുതാൻ. പരിഷ്കരണ വിരുദ്ധ ശക്തികൾ സട കുടഞ്ഞെണീൽക്കും. ബാങ്കുകൾ, പെട്രോളിയം കമ്പനികൾ തുടങ്ങിയവയുടെ വിൽപനയ്ക്ക് ഇനി വലിയ എതിർപ്പ് നേരിടും.
മോദിയുടെ ഒന്നാം സർക്കാർ കാര്യമായ പരിഷ്കാരങ്ങൾ കൊണ്ടു വന്നില്ല. ഭൂമി ഏറ്റെടുക്കൽ നിയമം മാറ്റാൻ ഓർഡിനൻസ് ഇറക്കി, പക്ഷേ നിയമമാക്കാതെ പിന്മാറി. പിന്നെ കറൻസി റദ്ദാക്കലിനും ജി എസ് ടിക്കും വേണ്ടിയായി സമയം. യുപിഎ നടത്തിയിരുന്ന പദ്ധതികൾ പേരു മാറ്റി സ്വന്തമാക്കിയതല്ലാതെ മറ്റു കാര്യങ്ങളൊന്നും നടന്നില്ല. രണ്ടാം കാലാവധി പകുതി പിന്നിടുന്നു. കോവിഡും ലോക് ഡൗണും കാഷ്മീരും പൗരത്വ നിയമവും കാർഷിക നിയമങ്ങളും കൊണ്ട് പകുതി സമയം കഴിഞ്ഞു. ഇനി കാര്യമായെന്തെങ്കിലും നടക്കുമെന്നു പ്രതീക്ഷിക്കാനും വശമില്ല.

ചെറിയ തിരിച്ചടി മാത്രം

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് ഭക്ഷ്യ സംസ്കരണ മേഖലയിലെ ചില കമ്പനികളുടെ വികസന പദ്ധതികൾക്കു ചെറിയ തിരിച്ചടി ആയേക്കും. ഭക്ഷ്യധാന്യ കയറ്റുമതിയിലുള്ള കമ്പനികൾക്ക് പ്രത്യേക മാറ്റമൊന്നും ഉണ്ടാകുന്നില്ല. അഡാനി വിൽമർ തുടങ്ങി കയറ്റുമതി രംഗത്തുള്ള വമ്പന്മാർക്ക് ഇന്നത്തേതുപോലെ വാങ്ങലും സ്റ്റോക്ക് ചെയ്യലുമാകാം.
എന്നാൽ റീട്ടെയിൽ ചെയിനുകൾക്കും മറ്റും കോൺട്രാക്റ്റ് ഫാമിംഗ് വ്യാപകമാക്കുന്നതിന് തടസങ്ങൾ കൂടും. പലരുടെയും ബിസിനസ് മാതൃക മാറ്റേണ്ടി വരാം. കോൺടാക്റ്റ് ഫാമിംഗ് വഴി ഉത്പന്നങ്ങൾ നിശ്ചിത വിലയ്ക്കു വാങ്ങാം എന്ന കണക്കുകൂട്ടൽ തിരുത്തേണ്ടി വരും. റിലയൻസ്, അഡാനി, ഐടിസി, പെപ്സികോ തുടങ്ങിയവയുടെ പദ്ധതികളാണു പൊളിച്ചെഴുതേണ്ടി വരുന്നത്.

എം എസ് പി നിയമാധിഷ്ഠിതമായാൽ?

കർഷകർ സമരം നിർത്തിയിട്ടില്ല. താങ്ങുവില (എംഎസ്പി) നിയമാധിഷ്ഠിതമാക്കിയിട്ടേ സമരം നിർത്തൂ എന്നാണു പറയുന്നത്. അതുണ്ടായാൽ ഭക്ഷ്യ സംസ്കരണത്തിലും കയറ്റുമതിയിലും റീട്ടെയിലിലും ഉള്ള കമ്പനികൾക്കു പ്രശ്നമാകും. അവർ നൽകേണ്ട വില സർക്കാരും കർഷകരും ചേർന്നു നിശ്ചയിക്കുന്ന സാഹചര്യം വരും. കരിമ്പു വിലയിലെ അതേ അവസ്ഥ. കമ്പനികൾ വില നൽകൽ വൈകിപ്പിക്കുകയാേ കുടിശികയാക്കുകയാേ ചെയ്യുന്നതാണ് ഇതിൻ്റെ പരിണതി. അതു കർഷകർക്കാണു നഷ്ടം വരുത്തുക. എം എസ് പി വ്യവസ്ഥ വ്യാപകമാക്കിയാൽ സർക്കാരിൻ്റെ ധനനില വലിയ പ്രതിസന്ധി നേരിടും.

റിലയൻസ് - അരാംകോ ബന്ധം പിരിയുമ്പോൾ

സൗദി അറേബ്യയിലെ എണ്ണക്കുത്തകയായ അരാംകോയുമായുളള സഖ്യനീക്കം റിലയൻസ് തൽക്കാലം അവസാനിപ്പിച്ചു. ഭാവിയിൽ ഇരുവരും വേറേ സഖ്യം ഉണ്ടാക്കാനുള്ള സാധ്യത ശേഷിപ്പിച്ചു കൊണ്ടാണ് പിരിയൽ.
ക്രൂഡ് ഓയിലും അതിൻ്റെ സംസ്കരണവും പെട്രോകെമിക്കലുകളും ഉൾപ്പെട്ട ഒടുസി (O2C) ബിസിനസ് വേർപെടുത്തി അതിൽ അരാംകോയ്ക്ക് 20 ശതമാനം ഓഹരി നൽകാനായിരുന്നു പദ്ധതി. 1500 കോടി ഡോളർ ഇതിനായി അരാംകോ നൽകാൻ ഉദ്ദേശിച്ചിരുന്നു. അതാണു വേണ്ടെന്നു വച്ചത്. ഒടുസി വേർപെടുത്താൻ കമ്പനി നിയമ ബോർഡിനു നൽകിയ അപേക്ഷ റിലയൻസ് പിൻവലിച്ചു.
റിലയൻസ് സൗരോർജമടക്കം പുനരുപയോഗക്ഷമമായ ഊർജ സ്രോതസുകളിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് ഈ പിന്മാറ്റം.

ഓഹരിവില എങ്ങോട്ട്?

ഇതു റിലയൻസ് ഓഹരിവില പെട്ടെന്നു താഴാൻ ഇടയാക്കാം. ഇപ്പോൾത്തന്നെ ഉച്ച നിലയിൽ നിന്ന് ഒൻപതു ശതമാനം (ഒക്ടോബർ 19 ന് 2751.35 രൂപ, നവംബർ 18-ന് 2473 രൂപ.) താഴെയാണ് ഓഹരിവില.
സഖ്യം ഉപേക്ഷിക്കുന്നത് റിലയൻസിൻ്റെ വികസന പരിപാടികൾക്കു ക്ഷീണമാകുമെന്ന പ്രതികരണമാണ് ആദ്യം ഉണ്ടാവുക. എന്തോ കുഴപ്പം ഉണ്ടെന്ന ചിന്തയും വരും. പക്ഷേ അതിൽ അത്ര കാര്യമില്ലെന്നാണു പരിചയസമ്പന്നരായ നിരീക്ഷകർ പറയുന്നത്.

പുതിയ ഊർജ സങ്കേതങ്ങളിലേക്ക്

ഓയിൽ ടു കെമിക്കൽ ബിസിനസ് വേറേ കമ്പനിയാക്കി അതിൽ 1500 കോടി ഡോളർ നിക്ഷേപം വരാനായി 20 ശതമാനം ഓഹരി വിൽക്കേണ്ട ആവശ്യം 2019-ൽ ആണു കണക്കാക്കിയത്.അതിനു ശേഷം ജിയോ പ്ലാറ്റ്ഫോംസിലും റീട്ടെയിലിലും ഓഹരി വിറ്റും റിലയൻസ് അവകാശ ഓഹരി വിറ്റും 3600 കോടി ഡോളർ സമാഹരിച്ചു. കമ്പനി അറ്റ കടബാധ്യത ഇല്ലാത്തതുമായി. ജിയോയും റീട്ടെയിലും താമസിയാതെ ലിസ്റ്റ് ചെയ്യുന്നുമുണ്ട്. ആ നിലയ്ക്ക് അരാംകാേയുടെ പണം ഇപ്പോൾ വേണ്ട.
റിലയൻസ് സൗരോർജം, ഫ്യൂവൽ സെൽ തുടങ്ങിയവ ഉപയോഗിച്ചുള്ള കാർബൺ മുക്ത ഊർജ മേഖലയിലേക്കു കടക്കുകയാണ്. ഈ മേഖലയിൽ 1000 കോടി ഡോളറിൻ്റെ നിക്ഷേപത്തിനു ക്രമീകരണമായി. 10 ഗിഗാവാട്ട് ശേഷിയുള്ള ഒരു ഫോട്ടോ വോൾട്ടായിക് മൊഡ്യൂൾ ഫാക്ടറിയുടെ നിർമാണം ജാംനഗറിൽ തുടങ്ങിക്കഴിഞ്ഞു.
വമ്പൻ സ്റ്റോറേജ് ബാറ്ററികളുടെ നിർമാണത്തിനു വേണ്ട സാങ്കേതിക വിദ്യ റിലയൻസ് വാങ്ങി. ഹൈഡ്രജൻ നിർമാണത്തിനുള്ള ഇലക്ട്രോളൈസർ യൂണിറ്റും ഹൈഡ്രജൻ ഇന്ധനമായുള്ള ഫ്യൂവൽ സെൽ ഫാക്ടറിയും നിലവിൽ വരും. ഇങ്ങനെ കാർബൺ മുക്ത ഊർജ മേഖലയിൽ കടക്കുമ്പോൾ ഒ ടു സി യിൽ വലിയ നിക്ഷേപം യുക്തിസഹമല്ല. ഏതാനും ദശകത്തിനപ്പുറം ഒ ടു സി ബിസിനസ് ചുരുങ്ങുമെന്നും റിലയൻസിനറിയാം.

പിരിയൽ നേട്ടം തന്നെ

അരാംകോയും പെട്രോളിയത്തിനപ്പുറമുള്ള ജീവിതത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. കാർബൺ മുക്ത ഇന്ധനങ്ങളിലേക്ക് അവരും കടക്കുമ്പോൾ വീണ്ടും റിലയൻസുമായി സഖ്യം ഉണ്ടാക്കാനുള്ള സാധ്യത ശേഷിപ്പിച്ചു കൊണ്ടാണ് ഇപ്പാേഴത്തെ സഖ്യം അവസാനിപ്പിക്കുന്നതായ പ്രസ്താവന റിലയൻസ് പുറത്തിറക്കിയത്.
ചുരുക്കം ഇതാണ്: മുഖ്യ ബിസിനസിൻ്റെ 20 ശതമാനം വിൽക്കേണ്ട എന്നതാണു പുതിയ സാഹചര്യം. റിലയൻസ് അതു മുതലാക്കുന്നു. മുഖ്യബിസിനസ് ഉപകമ്പനിയാക്കിയിട്ട് റിലയൻസ് ഒരു ഹോൾഡിംഗ് കമ്പനിയായി മാറുമ്പോൾ വിപണിയിൽ വരാവുന്ന ഡിസ്കൗണ്ട് മാറുകയും ചെയ്യും. അതായതു റിലയൻസ് ഓഹരി ഇടിയേണ്ട കാര്യമില്ല. ഇന്നല്ലെങ്കിൽ നാളെ വിപണി അതു മനസിലാക്കും.

This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it