ഓഹരി വിപണിയിലെ ഇടിവ് ഇവിടം കൊണ്ടു തീരുമോ? പുൾ ബായ്ക്ക് റാലിയിൽ പ്രതീക്ഷ; പവൽ തുടരുന്നതിൽ ആശ്വാസം; വരാനിരിക്കുന്ന ഐപി ഒ കളുടെ ഭാവിയെന്ത്?

ആശങ്കപ്പെട്ടതു പോലെ വിപണി ഇടിഞ്ഞു. സെൻസെക്സും നിഫ്റ്റിയും ഈ വർഷത്തെ മൂന്നാമത്തെ വലിയ താഴ്ചയിലായി. പുതുതലമുറ ഐപിഒകളുടെ ന്യായീകരണമില്ലാത്ത വിലയോടുള്ള എതിർപ്പ് വിപണി പ്രകടമാക്കി. റിലയൻസ് അരാംകോ ഇടപാട് റദ്ദാക്കുന്നതിൽ കൂടുതൽ മോശമായ എന്തെങ്കിലും ഉണ്ടാകുമോ എന്നു വിപണി സംശയിക്കുന്നു. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നു ഗണ്യമായ പിന്മാറ്റം നടത്തുമെന്നു കൂടുതൽ വ്യക്തമായി.

വിപണിയുടെ ഇടിവ് ഇവിടം കൊണ്ടു തീരുമെന്നു വിശ്വസിക്കാനാണ് നിക്ഷേപകർക്കും ബ്രോക്കറേജുകൾക്കും താൽപര്യം. ഇന്ന് ഒരു പുൾ ബായ്‌ക്ക് റാലിയിലൂടെ തിരിച്ചുകയറാൻ കാത്തിരിക്കുകയാണ് അവർ. എന്നാൽ എല്ലാ മോഹങ്ങളും പൂവണിയാറില്ല. ആഗോള സൂചനകൾ വിപണിയുടെ ഉയർച്ചയ്ക്ക് അത്ര അനുകൂലമല്ല. വിദേശ നിക്ഷേപകരുടെ വലിയ വിൽപനയോടു കിടപിടിക്കാവുന്നത്ര പണം വിപണിയിൽ എത്തിയാലേ തിരിച്ചു കയറ്റം തുടങ്ങാനാവൂ.

പതിര് പോകണം?

നെല്ലും പതിരും തിരിക്കാനുള്ളതാണു തിരുത്തൽ. ഉച്ചനിലയിൽ നിന്ന് എട്ടു പത്തു ശതമാനം താഴുമ്പോഴാണു തിരുത്തൽ എന്നു പറയുന്നത്. ഒക്ടോബറിലെ റിക്കാർഡ് നിലയിൽ നിന്നു മുഖ്യസൂചികകൾ ഇതിനകം ആറു ശതമാനത്തിലധികമേ താണിട്ടുള്ളു. സെൻസെക്സ് 62,245.43 ൽ നിന്ന് 3779.54 പോയിൻ്റ് (6.07 ശതമാനം) ആണു താണത്. നിഫ്റ്റി 18,604.45 ൽ നിന്ന് 1187.9 പോയിൻ്റ് താണപ്പോൾ നഷ്ടം 6.38 ശതമാനം. വിപണി കുറേക്കൂടി താഴ്ന്നിട്ടേ സമാഹരണം നടത്തി തിരിച്ചുകയറൂ എന്നാണു യാഥാസ്ഥിതിക നിരീക്ഷകർ കരുതുന്നത്.
നിക്ഷേപകരുടെ സമ്പത്ത് 8.21 ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തിയ വിപണി താഴ്ച ഇന്നലെ എല്ലാ വ്യവസായ മേഖലകളെയും ഒരേ പോലെ ബാധിച്ചു. രണ്ടു കമ്പനികൾ ഉയരുമ്പോൾ എഴെണ്ണം താഴുകയായിരുന്നു. സെൻസെക്സ് 1170.12 പോയിൻ്റ് ( 1.96 ശതമാനം) ഇടിഞ്ഞ് 58,465.89 ലും നിഫ്റ്റി 348.25 പോയിൻ്റ് (1.96%) നഷ്ടമാക്കി 17,416.55 ലും എത്തി. മിഡ് ക്യാപ് സ്വചിക 3.01 ശതമാനം ഇടിഞ്ഞപ്പോൾ സ്മോൾ ക്യാപ് തകർച്ച 2.74 ശതമാനമായിരുന്നു. ബാങ്ക് നിഫ്റ്റി 2.2 ശതമാനം താണു. റിയൽറ്റി (4.4%), എനർജി (4%), കൺസ്യൂമർ ഡ്യുറബിൾസ് (3.2%), ഓട്ടോ (3.1%) എന്നീ മേഖലകൾ വലിയ തകർച്ച നേരിട്ടു.
റിലയൻസ് ഇൻഡസ്ട്രീസ് 4.4 ശതമാനം ഇടിഞ്ഞപ്പോൾ ബജാജ് ഫിനാൻസ് 5.7 ശതമാനവും ബജാജ് ഫിൻസെർവ് 4.7 ശതമാനവും വീതം തകർന്നു.
വിദേശ നിക്ഷേപകർ ഇന്നലെ 3438.76 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകൾ 2051.18 കോടിയുടെ ഓഹരികൾ വാങ്ങി. വിദേശികൾ ഈ മാസം ഇതുവരെ ക്യാഷ് വിപണിയിൽ 13,438.27 കോടിയുടെ വിൽപനക്കാരായി. ഐപിഒ വിപണിയിൽ വിദേശികൾ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. അതു കണക്കിലെടുത്താൽ വിദേശ നിക്ഷേപം ഗണ്യമായി വർധിക്കുകയാണു ചെയ്തത്.
വിപണിയിൽ ഇന്നു പുൾ ബായ്ക്ക് റാലി ഉണ്ടാകുന്നില്ലെങ്കിൽ 17,100- 17,000 നിലവാരത്തിലേക്കു നിഫ്റ്റി വീഴുമെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇന്ന് 17,350 നു മുകളിൽ നിൽക്കാൻ കഴിഞ്ഞാൽ അടുത്ത ദിവസങ്ങളിൽ തിരിച്ചു കയറ്റം പ്രതീക്ഷിക്കാം. വിപണിക്കു 17,195ലും 16,980ലും സപ്പോർട്ട് ഉണ്ട്. ഉയരത്തിൽ 17,720-ഉം 18,025 - ഉം തടസ മേഖലകളാണ്.

പവൽ തുടരും, പലിശ വർധന ജൂലൈയിൽ

അമേരിക്കയിൽ കേന്ദ്ര ബാങ്കായ ഫെഡിൻ്റെ ചെയർമാൻ ജെറോം പവലിനു കാലാവധി നീട്ടിക്കൊടുത്തതു വിപണിയിൽ പൊതുവേ സ്വാഗതം ചെയ്യപ്പെട്ടു. പലിശ വർധന ജൂലൈയോടെ പ്രതീക്ഷിച്ചാൽ മതി എന്നതാണു പ്രസിഡൻ്റ് ജോ ബൈഡൻ്റെ തീരുമാനത്തിൻ്റെ പ്രധാന ഫലം. ലയെൽ ബ്രെയ്നാർഡിനെ വൈസ് ചെയർപേഴ്സൺ ആക്കിയതിലൂടെ ഡെമോക്രാറ്റുകളിൽ നിന്നുള്ള വിമർശനം ബൈഡൻ അടക്കി. പവൽ റിപ്പബ്ലിക്കനാണ്. എന്നാൽ വിലക്കയറ്റവും തൊഴിൽ വർധനയും ഒരേ പോലെ ലക്ഷ്യമിടേണ്ട ഫെഡിൽ ഇപ്പോൾ തലവനെ മാറ്റുന്നതു ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നു ബൈഡൻ കണക്കാക്കി. വലിയ ബാങ്കുകൾക്കും മറ്റും മൂക്കുകയർ ഇടാൻ ആഗ്രഹിക്കുന്ന ഡെമോക്രാറ്റുകൾ പവലിനെ മാറ്റണമെന്ന നിലപാടിലായിരുന്നു. പരിചിതമായ നേതൃത്വം തുടരുന്നതാണ് വിപണികൾക്ക് ഇഷ്ടം.
ഇന്നലെ യൂറോപ്യൻ വിപണികൾ പൊതുവേ താഴ്ചയിലായിരുന്നു. യുഎസ് വിപണി തുടക്കത്തിൽ വലിയ കുതിപ്പ് കാണിച്ചിട്ട് അതെല്ലാം നഷ്ടപ്പെടുത്തിയാണു ക്ലോസ് ചെയ്തത്. മൈക്രോസോഫ്റ്റിൻ്റെ വലിയ ഇടിവ് നാസ് ഡാകിനെ വലിച്ചു താഴ്ത്തി. ഡൗ മാത്രം നാമമാത്ര നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. ഏഷ്യൻ ഓഹരികൾ രാവിലെ ചാഞ്ചാട്ടത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,341 വരെ താണു. ഇന്നു രാവിലെ ഉയർന്നാണു വ്യാപാരം. ഇന്ത്യയിൽ പുൾബായ്ക്ക് റാലി പ്രതീക്ഷിക്കുകയാണു ഡെറിവേറ്റീവ് വ്യാപാരികൾ.

ക്രൂഡ് ചാഞ്ചാടും

ക്രൂഡ് ഓയിൽ വിപണി വരും ദിവസങ്ങളിൽ കൂടുതൽ ചാഞ്ചാട്ടം കാണും. വില താഴ്ത്താനായി വലിയ ഉപഭോഗ രാജ്യങ്ങളുടെ റിസർവിൽ നിന്നു വിൽക്കാൻ അമേരിക്ക സമ്മർദം ചെലുത്തുന്നു.അതേസമയം ഡിമാൻഡ് കൂടുന്നില്ലെന്നും ഉൽപാദനം കുറയ്ക്കുന്ന കാര്യം ആലോചിക്കുമെന്നും ഒപെക് പ്ലസ് പറയുന്നു. ഇതാണു കാരണം. യൂറോപ്പിൽ കോവിഡ് വ്യാപനം കൂടിയത് ഡിമാൻഡ് കുറയ്ക്കുമെന്ന ചിന്തയും വിപണിയിലുണ്ട്. ബ്രെൻ്റ് ഇനം ക്രൂഡ് വില 79.75 ഡോളറിലേക്കു കയറി. വ്യാവസായിക ലോഹങ്ങളുടെ വില ഇന്നലെ ചെറിയ തോതിൽ ഉയർന്നു.

പവൽ മൂലം സ്വർണം ഇടിഞ്ഞു

ഫെഡ് ചെയർമാൻ പവൽ മൂന്നു വർഷം കൂടി തുടരും എന്നത് സ്വർണ വിപണിയെ ഉലച്ചു. രണ്ടര ശതമാനം തകർച്ചയാണു വിലയിലുണ്ടായത്. ഔൺസിന് 1850 ഡോളറിൽ നിന്ന് 1801.8 ഡോളറിലേക്കു മഞ്ഞലോഹം വീണു. 1900 വഴി 2000-ലേക്കു കയറാൻ ഇരുന്ന സ്വർണം യു എസ് വ്യാപാരത്തിൽ ഒറ്റയടിക്കാണ് ഇടിഞ്ഞത്. ഇന്നു രാവിലെ വില 1809-1811 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്. പവൽ തുടരുന്നതിനാൽ പലിശ വർധന സാവകാശമേ ഉണ്ടാകൂ എന്നതാണ് ഇടിവിനു കാരണം. ഇതേ തുടർന്ന് വലിയ വിൽപന സമ്മർദമായി. ഇന്നു രാവിലെ ആശ്വാസ റാലിയാണു നടക്കുന്നത്.
ഡോളർ ഇന്നലെ വ്യാപാരത്തിനിടെ 25 പൈസ ഉയർന്നെങ്കിലും ഒടുവിൽ എട്ടു പൈസ നേട്ടത്തിൽ 74.39 രൂപയിലാണു ക്ലാേസ് ചെയ്തത്.

മൊബൈൽ നിരക്ക് കൂടുന്നു

ഭാരതി എയർടെൽ പ്രീപെയ്ഡ് മൊബൈൽ നിരക്ക് 25 ശതമാനം വർധിപ്പിച്ചതിനെ തുടർന്ന് ഓഹരി വില ഗണ്യമായി വർധിച്ചു. വോഡഫോൺ ഐഡിയയും നിരക്കു കൂട്ടുമെന്ന പ്രതീക്ഷയിൽ ഓഹരി വില ഏഴു ശതമാനത്തോളം കയറി. എയർടെലിൻ്റെ നിരക്കു വർധന വരിക്കാരിൽ നിന്നുള്ള പ്രതിമാസ ശരാശരി വരുമാനം 153 രൂപയിൽ നിന്നു 170 രൂപയിലേക്ക് ഉയർത്തും. കമ്പനിയുടെ പ്രവർത്തനലാഭത്തിൽ എട്ടു ശതമാനം വർധനയും പ്രതീക്ഷിക്കുന്നു. റിലയൻസ് ജിയോയും നിരക്കു കൂട്ടുമെന്നാണു സൂചന.

എസ്കോർട്സ് കുതിക്കും

ജപ്പാനിലെ കുബാേട്ട എസ്കോർട്സിലെ ന്യൂനപക്ഷ പങ്കാളിത്തം ഭൂരിപക്ഷമാക്കി മാറ്റും. 53 ശതമാനം ഓഹരി സ്വന്തമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോൾ ഒൻപതു ശതമാനമാണു കുബോട്ടയുടെ ഓഹരി പങ്കാളിത്തം. ഇത് പ്രിഫറൻഷ്യൽ ഓഹരി ഇഷ്യു വഴി 19 ശതമാനമാക്കും. പിന്നീട് ഓപ്പൺ ഓഫർ നടത്തി കുടുതൽ ഓഹരികൾ വാങ്ങും. ഇപ്പോൾ 1800 രൂപയാണ് എസ്കാേർട്സിൻ്റെ ഓഹരി വില. ജാപ്പനീസ് കമ്പനി ഭൂരിപക്ഷം നേടിയാൽ കമ്പനിയുടെ ചിത്രം മാറുമെന്നും ഓഹരി വില വലിയ ഉയരങ്ങളിലെത്തുമെന്നും അനാലിസ്റ്റുകൾ പറയുന്നു.

പേടിഎം വീണ്ടും താഴോട്ട്

പേടിഎം ഓഹരികൾ ഇന്നലെ 12.89 ശതമാനം താണു. ഇതോടെ ഐപിഒ ഇഷ്യു വിലയിൽ നിന്ന് 37 ശതമാനം താഴ്ചയിലായി ഓഹരി. വില ഇനിയും താഴാനുണ്ടെന്നാണ് മക്കാറി റിസർച്ച് കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നത്.
ഫിനോ പേമെൻ്റ്സ് ബാങ്ക്, സൊമാറ്റോ, പിബി ഫിൻടെക് തുടങ്ങിയ സമീപകാല ഐപിഒ ഓഹരികളെല്ലാം ഇഷ്യു വിലയേക്കാൾ താഴെയാണിപ്പോൾ. അടുത്തു നടക്കാനിരിക്കുന്ന സ്റ്റാർട്ടപ് ഐപിഒകൾക്ക് അത്ര നല്ല സൂചനയല്ല ഇത്.

This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it