ഓഹരി വിപണിയിൽ ഈ ഘടകങ്ങൾ നിർണ്ണായകം; വിദേശികൾ വിൽപനത്തോതു കൂട്ടുന്നു; ഐപിഒ അന്തരീക്ഷത്തിൽ മാറ്റം

700 പോയിൻ്റ് ഇടിവ്.തുടർന്ന് അതു തിരിച്ചു കയറി മറ്റൊരു 198 പോയിൻ്റും ഉയർന്നു. പുൾ ബായ്ക്ക് റാലി ഇന്നലെ ഗംഭീരമായി നടന്നു. നാലു ദിവസത്തെ തുടർച്ചയായ പതനത്തിനു ശേഷമുള്ള കയറ്റം. എന്നാൽ വിപണി ഇനിയും ബുൾ മുന്നേറ്റത്തിൻ്റെ വഴിയിലായിട്ടില്ല. സൂചിക അൽപം കൂടി ഉയർന്നാൽ വിൽക്കാനാണു ബ്രോക്കറേജുകൾ ശിപാർശ ചെയ്യുന്നത്‌. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപന ഗണ്യമായി കൂട്ടുന്നതാണ് ബ്രോക്കറേജുകളുടെ നിലപാട് മാറുന്നതിനു കാരണം. യുഎസിൽ ഇന്നലെയും ടെക്നോളജി ഓഹരികൾ തകർച്ചയിലായിരുന്നു. അതും വിപണിയെ സ്വാധീനിക്കാം.

ക്രൂഡ് ഓയിൽ വില താഴ്ത്താൻ യുഎസും മറ്റു രാജ്യങ്ങളും ചേർന്നു നടത്തുന്ന നീക്കം പരാജയപ്പെടുമെന്ന് ഉറപ്പായി. ക്രൂഡ് വില വീണ്ടും കൂടി. അമേരിക്കയിൽ വ്യവസായ ഉൽപാദനം ഗണ്യമായി വർധിക്കുന്നു എന്നതു യുഎസ് ഓഹരികളെ ഇന്നലെ സഹായിച്ചു.

വലിയ പതനത്തിൽ നിന്നു കയറി

സെൻസെക്സ് ഇന്നലെ വലിയ താഴ്ചയിൽ നിന്നു കയറി. 198.44 പോയിൻ്റ് (0.34%) നേട്ടത്തോടെ 58,664.33 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 86.8 പോയിൻ്റ് (0.5%) കയറി 17,503.55 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.76 ശതമാനവും സ്മോൾ ക്യാപ്‌ സൂചിക 1.91 ശതമാനവും നേട്ടമുണ്ടാക്കി. മെറ്റൽ, പവർ, റിയൽറ്റി, ടെലികോം തുടങ്ങിയ മേഖലകളാണു ഗണ്യമായ ഉയർച്ച കാണിച്ചത്. ബാങ്ക് - ധനകാര്യ ഓഹരികളും ഉയർന്നു. പാശ്ചാത്യ സൂചനകളെ തുടർന്ന് ഐടി മേഖല താഴോട്ടു പോയി.
ഗ്ലെൻമാർക്ക് (10.11 ശതമാനം), പേടിഎം (9.94%), വേദാന്ത (7.99%), ബിർലാസോഫ്റ്റ് (9.55%), നവീൻ ഫ്ലോറിൻ (6.97%) തുടങ്ങിയവ ഇന്നലെ നല്ല ഉയർച്ച കാണിച്ചു.

വിൽപനസമ്മർദം വരും

വിപണി ചെറിയ ബുളളിഷ് പ്രവണതയിലാണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. എന്നാൽ നിഫ്റ്റി 17,650-നു മുകളിൽ വിൽപന സമ്മർദം നേരിടുമെന്നാണ് അവർ പറയുന്നത്. നിർണായക മൂവിംഗ് ആവറേജുകൾക്കു താഴെയാണ് നിഫ്റ്റി. 17,295-ഉം 17,085-ഉം സപ്പോർട്ട് നൽകും. 17,635 ലും 17,760 ലും തടസം ഉണ്ട്.
നിഫ്റ്റി 17,000-ലാണ് പുട്ട് ഓപ്ഷനിൽ ഏറ്റവും കൂടുതൽ ഓപ്പൺ ഇൻ്ററസ്റ്റ്.

എസ്ജിഎക്സ് നിഫ്റ്റി കുതിച്ചു

ഇന്നലെ യൂറോപ്യൻ ഓഹരികൾ പൊതുവേ താഴ്ന്നു. ബ്രിട്ടീഷ് വിപണി ഉയർന്നു. അമേരിക്കയിൽ ഡൗ ജോൺസും എസ് ആൻഡ് പിയും ഉയർന്നപ്പോൾ ടെക്നോളജിയിലെ തിരിച്ചടിയിൽ നാസ്ഡാക് താണു. ഇന്നു രാവിലെ യുഎസ് ഓഹരി ഫ്യൂച്ചേഴ്സ് ഗണ്യമായ താഴ്ചയിലാണ്. ഇന്നു രാവിലെ ഏഷ്യൻ വിപണികളും താഴ്ചയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,590 വരെ കയറിയിട്ട് 17,536 ലേക്കു താണു. ഇന്നു രാവിലെ 17,509-ൽ വ്യാപാരം തുടങ്ങി 17,605 ലേക്കു കുതിച്ചു. ഇന്ത്യയിൽ ഇന്നും ഗണ്യമായ ഉയർച്ച പ്രതീക്ഷിക്കുന്നതാണു ഡെറിവേറ്റീവ് വ്യാപാരം.

ക്രൂഡ് കയറി, സ്വർണം ഇടിഞ്ഞു

ക്രൂഡ് ഓയിൽ വില ബ്രെൻ്റ് ഇനം 82.36 ഡോളറിലേക്ക് ഉയർന്നു. അതേ സമയം അമേരിക്കൻ വിപണിയിലെ ഡബ്ള്യു ടി ഐ ഇനം 78.05 ഡോളറിലേക്കു താണു. പ്രകൃതിവാതക വില 4.94 ഡോളറിലേക്ക് ഉയർന്നു. ഇന്ധന വില താഴുകയില്ലെന്നാണ് ഇതിലെ സൂചന.
വ്യാവസായിക ലോഹങ്ങളുടെ വില ഇന്നലെയും ഉയർന്നു. യു എസ് വ്യവസായ വളർച്ച ഉയർന്നത് പ്രചോദനമായി.
സ്വർണം റിവേഴ്സ് ഗിയറിലായി. ജെറോം പവൽ ഫെഡ് ചെയർമാനായി തുടരുന്നതു കൊണ്ട് പലിശ നിരക്കിൽ പെട്ടെന്നു കയറ്റം പ്രതീക്ഷിക്കാനില്ലാത്തതാണു സ്വർണ ബുള്ളുകളെ വെട്ടിലാക്കിയത്. ഇന്നലെ ഔൺസിന് 1782 ഡോളർ വരെ താണ സ്വർണം ഇന്നു രാവിലെ 1790-1792 ഡോളറിലാണു വ്യാപാരം. കേരളത്തിൽ സ്വർണ വില ഇന്നും കുറയും. ഇന്നലെ പവന് 560 രൂപ കുറഞ്ഞിരുന്നു.

വിദേശികൾ വിൽപന കൂട്ടി

വിദേശ നിക്ഷേപകർ വിൽപന തുടരുകയാണ്. ഇന്നലെ 4477.06 കോടി രൂപയുടെ ഓഹരികളാണ് ക്യാഷ് വിപണിയിൽ വിറ്റഴിച്ചത്. ഇതോടെ ഈ മാസത്തെ വിൽപന 17,915.33 കോടി രൂപയായി. ഫ്യൂച്ചേഴ്സിലും വിദേശികൾ വലിയ ഇടപാട് നടത്തിയില്ല. സ്വദേശി ഫണ്ടുകൾ ഇന്നലെ 1412.05 കോടി നിക്ഷേപിച്ചു. ഈ മാസം ഇതു വരെ 13,127 കോടിയാണ് അവർ നിക്ഷേപിച്ചത്.

റിസർവിൽ നിന്നുള്ള വിൽപന വിഫലം?

ക്രൂഡ് ഓയിൽ വില താഴ്ത്താൻ റിസർവിൽ നിന്നു വിൽക്കുക എന്ന തന്ത്രം അമേരിക്കയും ഇന്ത്യയും മറ്റു പ്രമുഖ ഉപഭോക്തൃ രാജ്യങ്ങളും ഇന്നലെ പ്രയാേഗിച്ചു. അതു വിഫലമായി എന്നാണു സൂചന. വിൽപന പ്രഖ്യാപിച്ച ശേഷം വില മൂന്നു ശതമാനത്തിലധികം ഉയർന്നു. റഷ്യ - സൗദി നേതൃത്വത്തിലുള്ള ഒപെക് പ്ലസ് ഉദ്ദേശിച്ച രീതിയിലേ എണ്ണ വിപണി നീങ്ങൂ എന്നു വീണ്ടും വ്യക്തമായി. അഫ്ഗാനിസ്ഥാനിലെ പിന്മാറ്റത്തിനു ശേഷം യുഎസ് പ്രസിഡൻ്റ് ജോ ബൈഡനു മറ്റൊരു പരാജയം. അടുത്ത നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഒരു റിപ്പബ്ലിക്കൻ മുന്നേറ്റത്തിനു വഴിതെളിഞ്ഞു. ബൈഡൻ പ്രസിഡൻസി ദുർബലമാകുന്നതു യുഎസ് കമ്പനികൾക്കു മേൽ അധിക നികുതി ചുമത്താനും മറ്റുമുള്ള നീക്കങ്ങൾക്കു ബലമില്ലാതാക്കും.

എണ്ണക്കണക്ക് ഇങ്ങനെ

ലോകവിപണിയിൽ പ്രതിദിനം 9.5 കോടി വീപ്പയാണ് ഉൽപാദനവും വിൽപനയും. ഈ സാഹചര്യത്തിൽ അമേരിക്ക ഏതാനുമാഴ്ച കൊണ്ട് അഞ്ചുകോടി വീപ്പ ക്രൂഡ് വിപണിയിലിറക്കിയാൽ എന്തു സംഭവിക്കാൻ? ഇന്ത്യയുടെ പ്രതിദിന ഉപയോഗം 50 ലക്ഷം വീപ്പയാണ്. റിസർവിൽ നിന്ന് ഒരു തവണ 50 ലക്ഷം വീപ്പ എടുത്താൽ വിപണിയിൽ എന്തെങ്കിലും സംഭവിക്കുമോ? റിസർവ് മാസങ്ങൾക്കകം വീണ്ടും നിറയ്ക്കണം. അപ്പോഴോ?
ഇത്തരം ലളിത കാര്യങ്ങൾ ചിന്തിച്ചിട്ടുള്ളതല്ല റിസർവിൽ നിന്ന് എടുത്തു വിപണിയെ സ്വാധീനിക്കാനുള്ള ശ്രമം എന്നു വ്യക്തം.

പേടിഎം പേടിയിൽ ഐപിഒകൾ

പേടിഎം ഓഹരി ലിസ്റ്റിംഗിലും പിറ്റേ ദിവസവും കുത്തനേ താഴോട്ടു പോയെങ്കിലും ഇന്നലെ 10 ശതമാനം ഉയർന്നു. എന്നാൽ പേടിഎം വിപണി മനാേഭാവത്തിൽ വരുത്തിയ മാറ്റം തിരുത്താനായിട്ടില്ല. ഐപിഒ വിപണിക്കു കുഴപ്പമില്ലെന്നു മർച്ചൻ്റ് ബാങ്കർമാർ പരസ്യമായി പറയുന്നുണ്ടെങ്കിലും കഥ മറിച്ചാണ്.
കഴിഞ്ഞ ദിവസം 135 മടങ്ങ് അപേക്ഷകൾ ലഭിച്ച ഗോ ഫാഷൻ (ഗോ കളേഴ്സ് ബ്രാൻഡിൻ്റെ ഉടമ) ഇപ്പോൾ 51 ശതമാനം പ്രീമിയത്തിലാണ് അനൗദ്യോഗിക വിപണിയിൽ വ്യാപാരം നടക്കുന്നത്. എന്നാൽ ലിസ്റ്റിംഗിനു ശേഷമേ വിപണിയുടെ പ്രതികരണം അറിയാനാകൂ. കമ്പനി 1014 കോടി രൂപ ഇഷ്യു വഴി സമാഹരിച്ചതിൽ 125 കോടിയേ കമ്പനിക്കുള്ളൂ. 888.6 കോടി പ്രൊമോട്ടർമാരുടെയും വലിയ നിക്ഷേപകരുടെയും ഓഹരികൾക്കുള്ളതാണ്.
77.5 മടങ്ങ് അപേക്ഷകൾ ലഭിച്ച ടാർസൺസ് പ്രൊഡക്ട്സ് ഐപിഒ യുടെ ഓഹരികൾ 25 ശതമാനം പ്രീമിയത്തിലാണ് അനൗദ്യോഗിക മാർക്കറ്റിൽ. 1023 കോടി സമാഹരിച്ച ഇഷ്യുവിൽ 150 കോടിയേ കമ്പനിക്കുള്ളു. ബാക്കി പ്രൊമോട്ടർമാർക്കും പഴയ നിക്ഷേപകർക്കുമാണ്.
ഇവയുടെ ലിസ്റ്റിംഗ് വിപണിയിലെ മാറിയ മനോഭാവം എന്താണെന്നു കാണിക്കും. ഐപിഒകൾ വിജയിപ്പിക്കാൻ പരിശ്രമിക്കുന്ന ബാങ്കർമാർ പറയുന്നതു പോലെയല്ല കാര്യങ്ങൾ എന്നു ക്രമേണ ബോധ്യമാകും.

മോബിക്വിക്ക് ഐപിഒ നീട്ടിവച്ചു

പേടിഎമ്മിൻ്റെ ബിസിനസ് മാതൃക പിന്തുടരുന്ന പേമെൻ്റ് കമ്പനി മോബിക്വിക്ക് ഐപിഒ നീട്ടിവച്ചു. പേടിഎമ്മിൻ്റെ ആഘാതം. 1900 കോടിയുടെ ഐപിഒ നടത്താൻ ഒക്ടോബർ ഏഴിന് സെബി അനുമതി നൽകിയതാണ്. ധനകാര്യ കമ്പനികളുടെ പേരിൽ വായ്പ അനുവദിക്കാനും പണം തിരിച്ചുപിടിക്കാനും ഡിജിറ്റൽ ആപ്പ് കമ്പനികളെ അനുവദിക്കരുതെന്ന് റിസർവ് ബാങ്കിൻ്റെ പഠന സമിതി ശിപാർശ ചെയ്തതും മോബിക്വിക്കിൻ്റെ തീരുമാനത്തിനു പിന്നിലുണ്ടാകും. മോബി ക്വിക്കിൻ്റെ ''ഇപ്പോൾ വാങ്ങൂ, പണം പിന്നെ" (Buy now, pay later) പദ്ധതിക്കും മറ്റും ഇതു വിലക്കാകും. പേടിഎം പോലെ മോബിക്വിക്കും ഇതുവരെ ലാഭമുണ്ടാക്കിയിട്ടില്ല.
പേടിഎം തിരിച്ചടി ഐപിഒ ഉദ്ദേശിക്കുന്ന മറ്റു കമ്പനികളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കും. അമിതവില ഈടാക്കുന്നതിൽ നിന്നു കുറേ കമ്പനികളെങ്കിലും പിന്മാറിയേക്കും. നിക്ഷേപകർക്ക് സമീപഭാവിയിൽ എന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടെങ്കിലേ ഐപിഒകൾ വിജയിക്കൂ. കാറ്റുള്ളപ്പോൾ പരമാവധി പണം വാങ്ങിയെടുക്കാൻ പ്രൊമാേട്ടർമാരും വെഞ്ചർ കാപ്പിറ്റലുകാരും ശ്രമിക്കരുതെന്നു പാഠം.


This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it