റിലയൻസിലെ മാറ്റങ്ങൾ ഇങ്ങനെ; കോവിഡ് വീണ്ടും ആശങ്ക പകരുന്നു; ഏഷ്യൻ വിപണികളിൽ ഇടിവ്; ഇന്ത്യയുടെ വളർച്ച പ്രതീക്ഷ ഉയർത്തി റേറ്റിംഗ് ഏജൻസികൾ

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ റിലയൻസിൻ്റെ നേതൃത്വത്തിൽ ശക്തമായ പുൾബായ്ക്ക്. വ്യാഴാഴ്ച ഡെറിവേറ്റീവ് സെറ്റിൽമെൻ്റിനു ശേഷം ഓഹരി വിപണി കരുത്തോടെയാണു നിൽക്കുന്നത്. വിദേശ നിക്ഷേപകരുടെ വിൽപനയ്ക്കിടയിലും റീട്ടെയിൽ നിക്ഷേപകരുടെയും സ്വദേശി ഫണ്ടുകളുടെയും ഉത്സാഹം വിപണിയെ മുന്നോട്ടു നയിക്കുന്നു. എന്നാൽ യൂറോപ്പിലെ അതിതീവ്ര കോവിഡ് വ്യാപനവും ആഫ്രിക്കയിൽ പുതിയ ഇനം വൈറസ് പടരുന്നതും വിപണികളിൽ ആശങ്ക പടർത്തുന്നു.

യൂറോപ്പിൽ പ്രതിദിന രോഗബാധ ഇപ്പാേൾ നാലു ലക്ഷത്തിലധികമാണ്. അമേരിക്കയിലും പ്രതിദിന രോഗബാധ ഒരു ലക്ഷത്തിനു മുകളിലായി. ലോകത്തിലെ പ്രതിദിന രോഗബാധയിൽ 80 ശതമാനത്തിലധികം ഈ രണ്ടു മേഖലകളിലാണ്. സാമ്പത്തിക വളർച്ചയെ വീണ്ടും പിന്നോട്ടടിക്കാൻ രോഗബാധ കാരണമാകുമെന്ന ഭീതിയാണ് വിപണികളെ വിഷമിപ്പിക്കുന്നത്.
ഇന്നലെ യുഎസ് വിപണികൾ അവധിയായിരുന്നു. യൂറോപ്യൻ സൂചികകൾ ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ കുത്തനെ താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കെെ തുടക്കത്തിൽ രണ്ടു ശതമാനം ഇടിഞ്ഞു. യുഎസ് ഫ്യൂച്ചേഴ്സും താഴ്ചയിലാണ്. കോവിഡ് കണക്കുകളാണു കാരണം.
ഇന്ത്യയിൽ വിപണിയുടെ ഉയർച്ചയ്ക്കു തടസമാകാവുന്ന വേറേ സൂചനകൾ ഒന്നുമില്ല. സാമ്പത്തിക വളർച്ചയെപ്പറ്റി പ്രതീക്ഷ വളരുകയും ചെയ്തു.
വ്യാഴാഴ്ച തുടക്കത്തിൽ വലിയ ചാഞ്ചാട്ടത്തിലായിരുന്ന വിപണി ഉച്ചയോടെ നല്ല ഉയരത്തിലേക്കു കയറുകയും നേട്ടത്തിൽ തന്നെ ക്ലോസ് ചെയ്യുകയും ചെയ്തു. സെൻസെക്സ് 454.1 പോയിൻ്റ് (0.78%) ഉയർന്ന് 58,795.09-ലും നിഫ്റ്റി 121.2 പോയിൻ്റ് (0.7%) ഉയർന്ന് 17,536.25 ലും ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 0.87% ഉയർന്നപ്പോൾ മിഡ് ക്യാപ് സൂചിക 0.69% ഉയർന്നു. ബാങ്ക്, ധനകാര്യ, ഓട്ടോ, ക്യാപ്പിറ്റൽ ഗുഡ്സ് കമ്പനികൾ താഴോട്ടായിരുന്നു. ഐ ടി, ഹെൽത്ത് കെയർ, ഫാർമ, ഓയിൽ - ഗ്യാസ്, റിയൽറ്റി, മീഡിയ മേഖലകളെല്ലാം ഉയർന്നു.

ബുളളിഷ് എന്നു വിശകലനം, പക്ഷേ സിംഗപ്പുരിൽ താഴ്ച

വിപണി വീണ്ടും ബുളളിഷ് ആയി എന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 17,800 മേഖലയിലേക്കു നിഫ്റ്റി നീങ്ങുമെന്നാണ് അവർ കരുതുന്നത്.17,620 ലും 17,700 ലുമാണ് തടസങ്ങൾ കാണുന്നത്. 17,405 ലും 17,275-ലും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 2300.65 കോടി രൂപയുടെ വിൽപന നടത്തി. ഇതോടെ ഈ മാസത്തെ വിൽപന 25,338.63 കോടി രൂപയായി. വിദേശികൾ ഇൻഡെക്സ് ഓപ്ഷൻസിൽ 5413 കോടിയുടെ വാങ്ങൽ നടത്തി. സ്വദേശി നിക്ഷേപകർക്യാഷ് വിപണിയിൽ 1367.8 കോടി രൂപ നിക്ഷേപിച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,568 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വ്യാപാരത്തിൽ താഴ്ചയാണ്. 17,512-ൽ തുടങ്ങിയ വ്യാപാരം മിനിറ്റുകൾക്കകം 17,479 ൽ എത്തി. ഇന്ത്യൻ വിപണി മറ്റ് ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ചു താഴ്ന്ന തുടക്കമാകും നടത്തുക എന്നാണു ഡെറിവേറ്റീവ് വിപണി കരുതുന്നത്.

ക്രൂഡും സ്വർണവും ചെറിയ കയറ്റിറക്കത്തിൽ

ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബ്രെൻ്റ് ഇനം 82.22 ഡോളറിലാണ്. പ്രകൃതിവാതക വില 5.1 ഡോളറിലും.
വ്യാവസായിക ലോഹങ്ങൾ ചെറിയ ഉയർച്ച കാണിച്ചു. കോവിഡ് വ്യാപനവും ചൈനയിലെ ഫാക്ടറി ഉൽപാദന മാന്ദ്യവും ഇന്നു വിലയിടിയാൻ കാരണമായേക്കും.
സ്വർണം ചെറിയ മേഖലയിൽ നീങ്ങുന്നു. ഇന്നലെ 1787-1797 ഡോളർ മേഖലയിൽ നീങ്ങിയ സ്വർണം ഇന്നു രാവിലെ 1792-1794 ഡോളർ നിലയിലാണ്.

റിലയൻസിൽ സംഭവിച്ചത്

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഏതാനും ദിവസമായി താഴോട്ടായിരുന്നു. സൗദി എണ്ണ ഭീമൻ അരാംകോയുമായുള്ള സഖ്യം പൊളിഞ്ഞത് ഓഹരിവില നാലു ശതമാനത്തോളം താഴ്ത്തി. സഖ്യം പൊളിഞ്ഞതിനേക്കാൾ എന്തുകൊണ്ടു പൊളിഞ്ഞു എന്നതു സംബന്ധിച്ച അവ്യക്തതകൾ ഉയർത്തിയ സംശയങ്ങളാണ് ഓഹരിയെ വലിച്ചു താഴ്ത്തിയത്.
റിലയൻസിൻ്റെ ഓയിൽ ടു കെമിക്കൽസ് ബിസിനസ് പ്രത്യേക കമ്പനിയാക്കി അതിൽ അരാംകാേയ്ക്ക്ക്ക് 20 ശതമാനം ഓഹരി നൽകാനാണ് ഇരു കമ്പനികളും 2019 -ൽ കരാറായത്. കമ്പനിക്ക് 7500 കോടി ഡോളർ വില കണക്കാക്കി. അരാംകോ 1500 കോടി ഡോളർ നൽകാനായിരുന്നു ധാരണ.
ഈയിടെ ഗ്ലാസ്ഗോയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടി കാർബൺ വമനം കുറയ്ക്കാനും ഫോസിൽ ഇന്ധന ഉപയോഗം നിയന്ത്രിക്കാനും തീരുമാനിച്ചു. ഇത് ഓയിൽ ടു കെമിക്കൽസ് ബിസിനസിൻ്റെ സാധ്യതകൾ കുറയ്ക്കുന്നതാണ്. അതനുസരിച്ച് നിർദിഷ്ട സഖ്യകമ്പനിയുടെ മൂല്യനിർണയം കുറയ്ക്കണമെന്ന് അരാംകോ ആവശ്യപ്പെട്ടു. റിലയൻസ് വിയോജിച്ചു. ജാംനഗർ റിഫൈനറി കോംപ്ലക്സ് സംയുക്ത കമ്പനിയുടേതാക്കണമെന്ന അവരുടെ ആവശ്യവും തളളി. ഇതോടെ സഖ്യനീക്കം അവസാനിച്ചു എന്നാണു റിപ്പോർട്ടുകൾ.

സ്പെഷാലിറ്റി കെമിക്കലുകളിൽ പുതിയ അവസരം

റിലയൻസ് തങ്ങളുടെ ഗ്യാസിഫിക്കേഷൻ ബിസിനസ് വിപുലീകരിച്ചു സ്പെഷാലിറ്റി കെമിക്കലുകളുടെ ബിസിനസിലേക്കു വലുതായി കടക്കാൻ തീരുമാനിച്ചതാണ് ഏറ്റവും പുതിയ വാർത്ത. റിഫൈനറിയുടെ ഊർജ ആവശ്യത്തിനുള്ള ഗ്യാസിഫിക്കേഷനിൽ നിന്ന് വ്യാവസായിക ഗ്യാസ് ക്രാക്കറിലേക്കും വിവിധ വ്യവസായങ്ങൾക്കു വേണ്ട സ്പെഷാലിറ്റി കെമിക്കലുകളിലേക്കും നീങ്ങുന്നത് റിലയൻസിനു മൂലധന മുടക്കു കുറഞ്ഞതും ലാഭ മാർജിൻ കൂടിയതുമായ ഒരു ബിസിനസ് മേഖല തുറന്നുകൊടുക്കുമെന്നാണു കമ്പനി പറയുന്നത്.
ഈ വിവരം ആണ് ഇന്നലെ റിലയൻസ് ഓഹരിയെ 6.36 ശതമാനം ഉയരത്തിലെത്തിച്ചത്. എൻഎസ്ഇയിൽ ഓഹരി 2501 രൂപയിൽ ക്ലോസ് ചെയ്തു. ഇതോടെ റിലയൻസിൻ്റെ വിപണി മൂല്യം 16.67 ലക്ഷം കോടിയിലേക്ക് തിരിച്ചു കയറി. ഏഷ്യയിലെ ഏറ്റവും സമ്പന്നൻ എന്ന പദവി (തലേന്നു നഷ്ടമായത്) തിരിച്ചുപിടിച്ചു.

ജിഡിപി നിഗമനം ഉയർത്തി ഏജൻസികൾ

ഇന്ത്യയുടെ ഇക്കൊല്ലത്തെ ജിഡിപി വളർച്ചയെപ്പറ്റിയുള്ള നിഗമനങ്ങൾ ഉയർത്താൻ റേറ്റിംഗ് ഏജൻസികളും നിക്ഷേപ ബാങ്കുകളും മത്സരിക്കുകയാണ്. മൂഡീസ് 9.3 ശതമാനത്തിലേക്കു പ്രതീക്ഷ ഉയർത്തി. അടുത്ത വർഷം 7.9 ശതമാനം വളർച്ചയും പ്രതീക്ഷിക്കുന്നു. കുറഞ്ഞ പലിശ, സർക്കാർ അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപം കൂട്ടുന്നത്, ജനങ്ങൾ ഉപഭോഗം വർധിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മൂഡീസിൻ്റെ പുതിയ നിഗമനം.
ഗോൾഡ്മാൻ സാക്സ് 8.5 ശതമാനത്തിലേക്കാണു നിഗമനം ഉയർത്തിയത്. പഴയ നിഗമനം എട്ടു ശതമാനം. എസ്ബിഐ റിസർച്ച് 8.5-9.0 ശതമാനത്തിൽ നിന്ന് 9.3-9.6 ശതമാനത്തിലേക്കു നിഗമനം ഉയർത്തി. യു ബി എസ് സെക്യൂരിറ്റീസ് 8.9 ൽ നിന്ന് 9.5 ശതമാനത്തിലേക്കു നിഗമനം മാറ്റി. 2022-23ൽ വളർച്ച 7.7 ഉം 2023-24-ൽ ആറും ശതമാനമായി കുറയുമെന്നും യുബിഎസ് കരുതുന്നു.
കെയർ റേറ്റിംഗ്സ് മുൻപ് കണക്കാക്കിയ 9.1 ശതമാനം നില നിർത്തി.
റിസർവ് ബാങ്ക് 9.5 ശതമാനം വളർച്ചയാണ് കണക്കാക്കുന്നത്. അടുത്ത ചൊവ്വാഴ്ച നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) രണ്ടാം പാദ (ജൂലൈ - സെപ്റ്റംബർ) വളർച്ചക്കണക്ക് പുറത്തുവിടും. ഒന്നാം പാദ വളർച്ച 20.1 ശതമാനമായിരുന്നു. തലേ വർഷം അതേ പാദത്തിൽ ജിഡിപി 24.4 ശതമാനം ചുരുങ്ങിയതാണ്.


This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it