Begin typing your search above and press return to search.
ഇന്ന് വിപണിയിൽ ആശ്വാസ റാലി നടക്കുമോ? സൂചനകൾ പറയുന്നത് ഇതാണ്; എണ്ണയുടെ കാര്യത്തിൽ ബൈഡന്റെ നയം പാളിയോ? ; സ്വർണ്ണ വില എങ്ങോട്ട്? കോട്ടക്ക് ബാങ്കിലും പിന്നെ ഇൻഡസ് ഇൻഡ് ബാങ്കിലും എന്ത് നടക്കും?
ആശ്വാസ റാലിയുടെ പ്രതീക്ഷയിൽ വിപണി; യു എസ് ഫ്യൂച്ചേഴ്സിൽ നേട്ടം; ഒമിക്രോൺ അപകടകാരിയല്ലെന്നു സൂചന; ക്രൂഡ് തിരിച്ചു കയറാൻ ശ്രമിക്കുന്നു
പുതിയ കോവിഡ് വകഭേദത്തെ പേടിച്ചുണ്ടായ വലിയ തകർച്ചയ്ക്കുശേഷം ആശ്വാസ റാലി കാക്കുകയാണു നിരീക്ഷകർ. എന്നാൽ ചാർട്ടുകളും വിവിധ റേഷ്യോകളും സൂചകങ്ങളും താഴോട്ടുള്ള പ്രയാണം തുടരുമെന്നു സൂചിപ്പിക്കുന്നു. അമേരിക്കൻ ഓഹരികളുടെ ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ഉയരുന്നതു പ്രതീക്ഷ ജനിപ്പിക്കുന്നു. ഏഷ്യൻ ഓഹരി സൂചികകൾ താഴ്ചയിൽ നിന്ന് അൽപം ഉയർന്നിട്ടുണ്ട്. മൊത്തത്തിൽ ചെറുതായി പ്രതീക്ഷ തെളിയുന്ന അന്തരീക്ഷം. എന്നാൽ വിപണി മനാേഭാവം ബെയറിഷ് തന്നെയാണ്.
അൽഗോരിതം ട്രേഡിംഗിൻ്റെ ഫലമായി നാടകീയ തകർച്ച ഉണ്ടായ ക്രൂഡ് ഓയിൽ വിപണി രാവിലെ തിരിച്ചു കയറാനുള്ള ശ്രമത്തിലാണ്. സ്വർണ വിപണി വലിയ ചാഞ്ചാട്ടത്തിലേക്കു മാറി.
വെള്ളിയാഴ്ച ഇന്ത്യൻ വിപണിയിൽ ഫാർമയും ഹെൽത്ത് കെയറും ഒഴികെ എല്ലാ ബിസിനസ് മേഖലകളും ഇടിവിലായിരുന്നു. സെൻസെക്സ് 1687.94 പോയിൻ്റ് (2.87%) താണ് 57,107.15 ലും നിഫ്റ്റി 509.8 പോയിൻ്റ് (2.91%) താണ് 17,026.45 ലും ക്ലോസ് ചെയ്തു. ആഴ്ചയിലെ നഷ്ടം സെൻസെക്സിൽ 2528.86 പോയിൻ്റും (4.24%) നിഫ്റ്റി യിൽ 738.3 പോയിൻ്റും (4.15 %) ആണ്.
ഒക്ടോബർ മൂന്നാം വാരത്തിലെ റിക്കാർഡ് നിലവാരത്തിൽ നിന്ന് എട്ടു ശതമാനം താഴെയായി മുഖ്യസൂചികകൾ. നിക്ഷേപകരുടെ സമ്പാദ്യത്തിലെ നഷ്ടം 16 ലക്ഷം കോടി രൂപ വരും.
വെള്ളിയാഴ്ച നിഫ്റ്റി മിഡ് ക്യാപ് 3.25 ശതമാനം താണപ്പോൾ സ്മോൾ ക്യാപ് 2.89 ശതമാനം താണു. റിയൽറ്റി സൂചിക 6.26 ശതമാനം, മെറ്റൽ 5.34 ശതമാനം, ഓട്ടോ 4.34 ശതമാനം, ബാങ്കുകൾ 3.58 ശതമാനം എന്നിങ്ങനെയാണു വിവിധ മേഖലകൾ ഇടിഞ്ഞത്. ഐടി 1.97 ശതമാനവും എഫ്എംസിജി 1.86 ശതമാനവും താണു.
യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച ശരാശരി നാലു ശതമാനം ഇടിഞ്ഞു. യുഎസ് സൂചികകൾ രണ്ടര ശതമാനം താഴെയായി. വെള്ളിയാഴ്ച 905 പോയിൻ്റ് താണ് 34,899 ലാണു ഡൗ ജോൺസ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ഡൗ ഫ്യൂച്ചേഴ്സ് 35,036 ലേക്കു കയറി.
എന്നാൽ ഓസ്ട്രേലിയൻ, ജാപ്പനീസ്, കൊറിയൻ ഓഹരികൾ ഇന്നു രാവിലെയും താഴ്ചയിലാണ്. ജപ്പാനിലെ നിക്കൈ തുടക്കത്തിൽ ഒരു ശതമാനത്തിലേറെ താണിട്ട് അൽപം തിരിച്ചു കയറി.
വിപണിഗതി താഴ്ചയിലേക്കാണെന്ന് എല്ലാ സൂചകങ്ങളും കാണിക്കുന്നതായാണു ചാർട്ടുകൾ വിശകലനം ചെയ്യുന്ന സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. നിഫ്റ്റി 100 ദിന മൂവിംഗ് ആവരേജിനും 20 ആഴ്ച മൂവിംഗ് ആവരേജിനും താഴെയെത്തി.കഴിഞ്ഞ വർഷം ജൂലൈ മുതൽ 20 ആഴ്ച മൂവിംഗ് ആവരേജ് നിഫ്റ്റിക്കു ശക്തമായ സപ്പോർട്ട് നൽകിയിരുന്നതാണ്. ഡെറിവേറ്റീവ് വിപണിക്ക് നിഫ്റ്റി പുട്ട് ഓപ്ഷനിലെ വ്യാപാരം കാണിക്കുന്നത് 17,000-ൽ നിന്നു 16,500-ലേക്കു ബെയറുകൾ ടാർഗറ്റ് താഴ്ത്തി എന്നാണ്. നിഫ്റ്റിക്ക് 16,890-ലും 16,750 ലുമാണു സപ്പോർട്ട്. 17,255 ലും 17,490 ലും തടസം പ്രതീക്ഷിക്കുന്നു. ഇന്നു നിഫ്റ്റി 17,145 നു മുകളിലേക്കു കയറിയില്ലെങ്കിൽ വലിയ താഴ്ചയിലേക്കു നീങ്ങും എന്നാണു വിലയിരുത്തൽ.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 16,882 വരെ താണു. ഇന്നു രാവിലെ 17,085 ലേക്കു കയറി. ഇന്ത്യൻ വിപണി ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷയിലാണു ഡെറിവേറ്റീവ് വ്യാപാരം.
ക്രൂഡ് ഓയിൽ ഞെട്ടിച്ചു; വീണ്ടും കയറുന്നു
ക്രൂഡ് ഓയിൽ വിലയിലെ വാരാന്ത്യ ഇടിവ് ഞെട്ടിക്കുന്നതായി. ഡബ്ള്യുടിഐ ഇനം 13.06 ശതമാനം താണ് 68.15 ഡോളറിലും ബ്രെൻ്റ് ഇനം 11.55 ശതമാനം താണ് 72.72 ഡോളറിലും എത്തി. ഹീറ്റിംഗ് ഓയിൽ 12.11 ശതമാനം ഇടിഞ്ഞു. 2020 ഏപ്രിലിനു ശേഷം ഇതാദ്യമാണ് ക്രൂഡ് ഓയിൽ വില ഒറ്റ ദിവസം കൊണ്ട് 10 ഡോളറിലേറെ ഇടിയുന്നത്. ദക്ഷിണാഫ്രിക്കയിൽ കണ്ട പുതിയ ഇനം (ഒമിക്രോൺ) നിലവിലെ വാക്സിനുകൾക്കു വഴങ്ങുന്നതല്ലെന്നു കണ്ടാൽ വീണ്ടും വലിയ നിയന്ത്രണങ്ങൾ വരുമെന്ന ആശങ്കയാണ് ക്രൂഡ് വിലയിൽ വലിയ ഇടിവുണ്ടാക്കിയത്. നിയന്ത്രണങ്ങൾ ഡിമാൻഡ് കുറയ്ക്കും.
അൽഗോരിതം (Algorithm) അധിഷ്ഠിത വ്യാപാരമാണു വെള്ളിയാഴ്ച എണ്ണ വിപണിയെ വല്ലാതെ ഉലച്ചത്. നിശ്ചിത റേഷ്യോകൾ കടന്നാൽ വിൽക്കാനും വാങ്ങാനും നിർദേശം നൽകാൻ തയാറാക്കിയിട്ടുള്ള കംപ്യൂട്ടർ പ്രോഗ്രാമുകളാണ് അൽഗോരിതങ്ങൾ. ഓപ്ഷൻ വ്യാപാരത്തിൽ നഷ്ടം കുറയ്ക്കാനുള്ള ശ്രമങ്ങളും വിലയിടിച്ചു. തിങ്കളാഴ്ച വിപണി തിരിച്ചുകയറാൻ കാണിക്കുന്ന ഉത്സാഹം വാരാന്ത്യ തകർച്ച യുക്തിസഹമായിരുന്നില്ലെന്നു കാണിക്കുന്നു.
അമേരിക്കയും മറ്റും റിസർവിൽ നിന്നു ക്രൂഡ് വിൽക്കാനുള്ള തീരുമാനം മാറിയ സാഹചര്യത്തിൽ മാറ്റി വച്ചേക്കും. ഈയാഴ്ച ചേരുന്ന ഒപെക് പ്ളസ് യോഗം യുഎസ് നീക്കത്തിനു ബദൽ ആലോചിക്കാനിരുന്നതാണ്. വില പ്രതീക്ഷയിലധികം താണതാേടെ ആ ചർച്ചയുടെ ഗതിയും മാറും. പ്രസിഡൻ്റ് ബൈഡൻ്റെ നീക്കം പരാജയപ്പെട്ടത് പശ്ചിമേഷ്യയിലെ യുഎസ് നയതന്ത്രത്തിനു വലിയ തിരിച്ചടിയാണ്.
പുതിയ വൈറസ് വലിയ അപകടകാരിയല്ലെന്ന് മനസിലായാൽ ക്രൂഡ് ഓയിൽ വില വീണ്ടും കയറും എന്നാണു പൊതു വിലയിരുത്തൽ. തിങ്കളാഴ്ച രാവിലെ ബ്രെൻ്റ് ഇനം 3.9 ശതമാനം കയറി 75.6 ഡോളറിലും ഡബ്ള്യുടിഐ ഇനം 4.6
ശതമാനം കയറി 71.3 ലുമെത്തിയത് അതിൻ്റെ സൂചനയാണ്.
ക്രൂഡിൻ്റെ വില ഇടിഞ്ഞെങ്കിലും പ്രകൃതി വാതക വില വെള്ളിയാഴ്ച കൂടി. 7.1 ശതമാനം വർധിച്ച് 5.48 ഡോളറിലേക്ക് വാതക വില കയറി.തിങ്കളാഴ്ച രാവലെ അത്ര തന്നെ കുറഞ്ഞ് 5.085 ഡോളറായി പ്രകൃതി വാതകം.
വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങളും താഴോട്ടു നീങ്ങി. ചെമ്പ് 2.25 ശതമാനവും അലൂമിനിയം 2.92 ശതമാനവും നിക്കൽ 4.24 ശതമാനവും ഇടിഞ്ഞു. ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും നേട്ടത്തിലാകുമെന്ന സൂചനയാണു കൂടുതൽ താഴോട്ടു പോകാതെ വില കാത്തത്. വൈറസ് വകഭേദം അത്ര കടുത്തതല്ലെങ്കിൽ ഈയാഴ്ച വിലകൾ തിരിച്ചു കയറും.
സ്വർണം ചാഞ്ചാടുന്നു
വെള്ളിയാഴ്ച കുറച്ചു സമയം മാത്രം വ്യാപാരം നടന്നത് സ്വർണ വിപണിയെ എങ്ങുമല്ലാത്ത നിലയിൽ എത്തിച്ചു. 1779 ഡോളർ മുതൽ 1818 ഡോളർ വരെ കയറിയിറങ്ങിയ സ്വർണം ഒടുവിൽ 1792- 1793 മേഖലയിൽ ക്ലോസ് ചെയ്തു. കുറേക്കൂടി ഉയരാൻ ഒരുങ്ങുമ്പോഴാണു വ്യാപാരം അവസാനിച്ചത് എന്നാണു നിഗമനം.
കോവിഡും വിലക്കയറ്റവും ചേർന്നപ്പോൾ സുരക്ഷിത താവളമായി സ്വർണം കണക്കാക്കപ്പെടും എന്നാണ് സ്വർണ ബുള്ളുകളുടെ പ്രതീക്ഷ. ഇന്നു രാവിലെ സ്വർണം ചാഞ്ചാടി. 1780- 1797 ഡോളറിനിടയിൽ കയറിയിറങ്ങി. 1794-1795 ലാണ് ഒടുവിലെ വ്യാപാരം.
വിദേശിവിൽപന കുറയുന്നില്ല
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 5285.83 കോടിയുടെ ഓഹരികൾ വിറ്റു. ഇതോടെ അവരുടെ ഈ മാസത്തെ വിൽപന 31,124.46 കോടി രൂപയായി. സ്വദേശി ഫണ്ടുകൾ വെള്ളിയാഴ്ച 2294.11 കോടിയുടെ ഓഹരികൾ വാങ്ങി.
വിദേശികൾ സെക്കൻഡറി വിപണിയിൽ വിൽക്കുന്നുണ്ടെങ്കിലും ഐപിഒകളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്നുണ്ടെന്ന് കണക്കുകൾ കാണിക്കുന്നു. നവംബറിൽ ഇതുവരെ അവർ 5319 കോടി രൂപയുടെ അധിക നിക്ഷേപം നടത്തിയിട്ടുണ്ട്. 3919 കോടി കടപ്പത്രങ്ങളില്ല 1400 കോടി ഓഹരികളിലും എന്നാണു സെബിയുടെ പക്കലുള്ള കണക്ക്.
എന്തായാലും വിദേശികൾ വലുതായി വാങ്ങിക്കൂട്ടിയിരുന്ന ബാങ്കുകളിലും ധനകാര്യ കമ്പനികളിലും മിഡ് ക്യാപ് ഓഹരികളിലും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിൽപനയായിരുന്നു.
ജിഡിപി പ്രതീക്ഷ ഉയർന്നു തന്നെ
ചൊവ്വാഴ്ച രണ്ടാം പാദ ജിഡിപി കണക്ക് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിടും. എട്ട് - എട്ടര ശതമാനം വളർച്ച ഉണ്ടാകുമെന്നാണു സാമ്പത്തിക നിരീക്ഷകരും റേറ്റിംഗ് ഏജൻസികളും കണക്കാക്കുന്നത്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 7.4 ശതമാനം ചുരുങ്ങുകയായിരുന്നു, ഏപ്രിൽ - ജൂൺ ഒന്നാം പാദത്തിൽ ജിഡിപി 20.1 ശതമാനം വളർന്നിരുന്നു.
റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത് 7.9 ശതമാനം വളർച്ചയാണ്.എസ്ബിഐ റിസർച്ച് 8.1 ശതമാനം വളർച്ച കണക്കാക്കുന്നു. റേറ്റിംഗ് ഏജൻസി ഇക്രയുടെ നിഗമനം 7.9 ശതമാനമാണ്. റോയിട്ടേഴ്സ് 44 ധനശാസ്ത്രജ്ഞരുടെ അഭിപ്രായ സർവേ നടത്തിയതിലെ ശരാശരി നിഗമനം 8.4 ശതമാനം വളർച്ചയാണ്.
കാതൽമേഖലയും വാഹന വിപണിയും ഉണർവ് കാണിക്കുമോ?
ഒക്ടേബറിലെ കാതൽ മേഖലാ വ്യവസായങ്ങളുടെ ഉത്പാദന കണക്കും ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. സെപ്റ്റംബറിൽ കാതൽ മേഖല 4.4 ശതമാനം മാത്രമേ വളർന്നുള്ളു. ഓഗസ്റ്റിൽ 11.5 ശതമാനം വളർന്നതാണ്. ഒക്ടോബറിലും ക്ഷീണം തുടർന്നാൽ മൂന്നാം പാദ വ്യവസായ വളർച്ച മന്ദമാകും.
നവംബറിലെ വാഹന വിൽപന കണക്കുകൾ ബുധനാഴ്ച പുറത്തുവരും. വാണിജ്യവാഹന വിൽപനയിൽ ഉണർവ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ കാറുകൾ, ടൂ വീലറുകൾ, ട്രാക്ടറുകൾ ത്രീ വീലറുകൾ എന്നിവയുടെ വിൽപന കുറയും.
ഐപിഒകൾ
ഈയാഴ്ചത്തെ രണ്ട് ഐപിഒകൾക്കു ലഭിക്കുന്ന സ്വീകരണം എന്താകുമെന്നു വിപണി ഉറ്റു നോക്കുന്നുണ്ട്. രാകേഷ് ജുൻജുൻ വാല നിക്ഷേപകനായിട്ടുള്ള സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷ്വറൻസ് കമ്പനി 7249 കോടി രൂപ സമാഹരിക്കാൻ വിപണിയിൽ എത്തുന്നുണ്ട്. പേടിഎമ്മും സൊമാറ്റോയും കഴിഞ്ഞാൽ ഈ വർഷത്തെ ഏറ്റവും വലിയ ഇഷ്യു ആകുമിത്. ഖനന മേഖലയ്ക്കു വേണ്ട ഉൽപന്നങ്ങൾ നിർമിക്കുന്ന ടേഗാ ഇൻഡസ്ട്രീസ് ആണ് അടുത്ത ഐപിഒ നടത്തുന്നത്.
ക്രിപ്റ്റോ കറൻസി നിയമനിർമാണം
ഇന്നു തുടങ്ങുന്ന പാർലമെൻ്റ് സമ്മേളനത്തിൽ ഡിജിറ്റൽ ഗൂഢ (ക്രിപ്റ്റോ) കറൻസികൾ സംബന്ധിച്ച ബിൽ പരിഗണിക്കും. ക്രിപ്റ്റോകളെ പാടേ നിരോധിക്കാതെ നിയന്ത്രിച്ചാൽ മതി എന്നാണ്ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ആവശ്യപ്പെടുന്നത്. ഇവയെ കറൻസിയായി കണക്കാക്കുകയോ വ്യാപാര ഇടപാടുകൾ തീർക്കാനുള്ള മാധ്യമമായി ഉപയോഗിക്കുകയോ ചെയ്യരുതെന്നാണു പാർലമെൻ്ററി കമ്മിറ്റി ശിപാർശ ചെയ്തത്. റിസർവ് ബാങ്കിൻ്റെ നിലപാടും ക്രിപ്റ്റോകൾക്ക് എതിരാണ്. ഒരു ധനകാര്യ ആസ്തി എന്ന നിലയിൽ അംഗീകൃത എക്സ്ചേഞ്ചുകളിൽ ഇതിൻ്റെ വ്യാപാരം നടത്തുന്നതിന് പലരും അനുകൂലമാണ്. പക്ഷേ കറൻസി എന്ന പരിവേഷം നഷ്ടമാകുമ്പോൾ അതിൽ നിക്ഷേപ താൽപര്യം കുറയും. ഡിജിറ്റൽ കറൻസി ഇറക്കാൻ റിസർവ് ബാങ്കിനെ അധികാരപ്പെടുത്താനും നിയമനിർമാണം ഉണ്ടായേക്കും.
പുതിയ ബാങ്കിംഗ് നയം കൊട്ടക്കിനു നേട്ടം
സ്വകാര്യ ബാങ്കുകൾ സംബന്ധിച്ച വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ട് പഠിച്ച റിസർവ് ബാങ്ക് കമ്പനികൾക്ക് ബാങ്ക് ലൈസൻസ് നൽകുന്ന കാര്യം നീട്ടി വച്ചു. എന്നാൽ പ്രൊമോട്ടർമാർക്ക് 26 ശതമാനം ഓഹരി നിലനിർത്താൻ അനുമതി നൽകി. ബാങ്കിൻ്റെ നിയന്ത്രണം പ്രൊമോട്ടർ ഗ്രൂപ്പിൽ നിലനിർത്താൻ ഇതു സഹായിക്കും. കൊട്ടക് മഹീന്ദ്ര ബാങ്കിലെ ഓഹരി കുറയ്ക്കാതെ നില നിർത്താൻ ഉദയ് കൊട്ടക്കിന് ഇതുവഴി സാധിക്കും.
ഇൻഡസ് ഇൻഡിൽ എന്തു നടക്കും?
ഹിന്ദുജ കുടുംബത്തിന് ഇൻഡസ് ഇൻഡ് ബാങ്കിലെ ഓഹരി 15 ശതമാനത്തിൽ നിന്ന് 26 ശതമാനമാക്കാനും പുതിയ നയം വഴി കഴിയും. എന്നാൽ ഹിന്ദുജ സഹോദരന്മാർ തമ്മിലുള്ള പോരും കേസും മൂലം ഇത് ഉടനേ നടക്കുമോ എന്നു സംശയിക്കണം. മൂത്ത സഹോദരൻ എസ്.പി.ഹിന്ദുജയുടെ പുത്രിമാരും എസ്പിയുടെ സഹാേദരങ്ങളും തമ്മിൽ സ്വിറ്റ്സർലൻഡിലും ലണ്ടനിലും കേസുകൾ നടക്കുകയാണ്. ഇതിനിടെ ഇൻഡസ് ഇൻഡ് ബാങ്ക് മാനേജിംഗ് ഡയറക്ടർ വ്യക്തിപരമായ കാരണങ്ങൾ കാണിച്ചു രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
This section is powered by Muthoot Finance
https://dhanamonline.com/investment/stock-market-analysis-by-tc-mathew-nov-26-2021-1077009
Next Story
Videos