വിദേശ വിപണികളിലെ കാറ്റ് ഇവിടെയും വീശുമോ? ഒമിക്രോൺ ആശങ്ക നീങ്ങുന്നു; വിപണികൾ തിരിച്ചു കയറി; നിക്ഷേപകർ പ്രതീക്ഷയോടെ; ക്രൂഡിൽ അനിശ്ചിതത്വം

ഒമിക്രോൺ ഭീതി ഒതുങ്ങി. ഓഹരികൾ തിരിച്ചു കയറിത്തുടങ്ങി. ക്രൂഡ് ഓയിൽ വില വീണ്ടും 70 ഡോളറിനു മുകളിൽ ഉറച്ചു.

വലിയ ചാഞ്ചാട്ടത്തിനൊടുവിൽ ഇന്നലെ ഇന്ത്യൻ ഓഹരി വിപണി നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. യൂറോപ്പിലും അമേരിക്കയിലും വിപണികൾ നല്ല നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ നഷ്ടത്തിലായിരുന്ന ഏഷ്യൻ വിപണികൾ ഇന്ന് ഉണർവിൻ്റെ പാതയിലാണ്. അതിൻ്റെ സ്വാധീനം ഇന്ത്യൻ വിപണിയെ ഉയർത്തുമോ എന്നാണറിയേണ്ടത്.
വിദേശ നിക്ഷേപകർ തുടർച്ചയായി ഓഹരികൾ വിൽക്കുന്നത് കയറ്റത്തിനു തടസമാണ്. റിക്കാർഡ് ഉയരത്തിൽ നിന്ന് എട്ടു ശതമാനം താഴ്ന്നു നിൽക്കുന്ന മുഖ്യസൂചികകൾ ഇനിയും ബെയറിഷ് മനോഭാവത്തിൽ നിന്നു മുക്തമായിട്ടില്ല.
ഇന്ന് രണ്ടാം പാദത്തിലെ ജിഡിപി വളർച്ചയുടെ കണക്ക് പുറത്തുവരും. എട്ടു ശതമാനത്തിലധികം വളർച്ചയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. കാതൽ വ്യവസായ മേഖലയുടെ വളർച്ചക്കണക്കും ഒക്ടോബറിലെ ധനകമ്മിയുടെ കണക്കും ഇന്നു വരും.
ഇന്നലെ സെൻസെക്സ് 1244 പോയിൻ്റ് കയറിയിറങ്ങിയിട്ടാണ് 153.43 പോയിൻ്റ് (0.27%) നേട്ടത്തിൽ 57,260.58 ൽ ക്ലോസ് ചെയ്തത്. സെൻസെക്സ് തുടക്കത്തിൽ 56,383 വരെ താണിരുന്നു. നിഫ്റ്റി 16,782.4 വരെ താഴ്ന്ന ചാഞ്ചാട്ടത്തിനു ശേഷം 27.5 പോയിൻ്റ് (0.16%) ഉയർന്ന് 17,053.95 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി യുടെ മിഡ് ക്യാപ് സൂചിക 1.35 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.61 ശതമാനവും ഇടിഞ്ഞു. മുഖ്യസൂചികകൾ ഉയർന്നെങ്കിലും ബിഎസ്ഇയുടെ മൊത്തം വിപണി മൂല്യം 1.7 ലക്ഷം കോടി രൂപ കുറഞ്ഞത് വിശാല വിപണിയിലെ ഈ തകർച്ച മൂലമാണ്.
ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ, ഓയിൽ - ഗ്യാസ്, മീഡിയ, ഓട്ടോ, എഫ്എംസിജി, മെറ്റൽ, ബാങ്ക് തുടങ്ങിയ മേഖലകളെല്ലാം ഇന്നലെ താഴോട്ടു പോയി. ഐടിയിലും കൺസ്യൂമർ ഡ്യുറബിൾസിലുമാണ് അൽപം നേട്ടമുണ്ടായത്. റിലയൻസ്, കൊട്ടക് ബാങ്ക്, എച്ച്സിഎൽ ടെക്, ടിസിഎസ് എന്നിവയുടെ ഉയർച്ചയാണ് ഇന്നലെ സൂചികകളെ ഉയർത്തിയത്.

വിദേശത്ത് ഉയർച്ച

യൂറോപ്യൻ സൂചികകൾ ഇന്നലെ ചെറിയ കയറ്റത്തോടെയാണു ക്ലോസ് ചെയ്തത്. യുഎസ് സൂചികകൾ ഒരു ശതമാനത്തിലേറെ ഉയർന്നു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സും നേട്ടത്തിലാണ്. ഓസ്ട്രേലിയയിലും ജപ്പാനിലും ദക്ഷിണ കൊറിയയിലും ഇന്നു രാവിലെ വിപണികൾ ഒരു ശതമാനത്തിലധികം ഉയർന്നാണു വ്യാപാരം തുടങ്ങിയത്.
ഇന്നലെ വിദേശ നിക്ഷേപകർ 3332.21 കോടി രൂപയുടെ ഓഹരികൾ വിറ്റു.സ്വദേ ശി ഫണ്ടുകൾ 4611.41 കോടിയുടെ ഓഹരികൾ വാങ്ങുകയും ചെയ്തു. വിദേശികളുടെ നവംബറിലെ വിൽപന 34,456.67 കോടി രൂപയായി.

എസ്ജിഎക്സ് നിഫ്റ്റിയിൽ കുതിപ്പ്

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി 17,075 ലാണു തിങ്കളാഴ്ച ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും ഉയർന്ന്, 17,145 ലെത്തി. ഇന്ത്യയിൽ ഉയർന്ന നിരക്കിൽ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
വിപണി ബെയറിഷ് മനോഭാവത്തിൽ നിന്നു മാറിയിട്ടില്ലെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 17,100-നു മുകളിലേക്കു കരുത്തോടെ കയറിയാലേ 17,200-17,300 തലത്തിലേക്ക് നിഫ്റ്റിക്ക് ഉയരാനാകൂ. 17, 250 നു മുകളിൽ ലാഭമെടുക്കലിനു വിൽപന നടത്താൻ പലരും ശിപാർശ ചെയ്യുന്നു. മറിച്ച് 17,000-നു താഴോട്ടു നീങ്ങിയാൽ 16,700 വരെ എത്താം. വിപണിക്കു 16,875 ലും 16,620 ലും സപ്പോർട്ട് ഉണ്ട്. 17,215 ലും 17,375 ലും തടസങ്ങൾ പ്രതീക്ഷിക്കാം. ഓപ്ഷൻ വ്യാപാരത്തിൽ ബെയറുകൾ ഇപ്പോഴും 16,500-16,400 മേഖലയിലേക്കു നിഫ്റ്റി താഴുന്നതു പ്രതീക്ഷിച്ചാണ് പുട്ട് ഓപ്ഷനുകൾ എഴുതുന്നത്.

ക്രൂഡ് ഓയിൽ വിപണി അനിശ്ചിതത്വത്തിൽ

ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില തിരിച്ചു കയറ്റത്തിലാണ്.ഇന്നലെ ബ്രെൻ്റ് ഇനം 76 ഡോളർ വരെ കയറി. എന്നാൽ ഒപെക് യോഗങ്ങൾ ബുധൻ - വ്യാഴം ദിവസങ്ങളിലേക്കു മാറ്റിയതും ഇറാൻ ഉൽപാദനം കൂട്ടുമെന്നു പ്രഖ്യാപിച്ചതും വിപണിയിൽ അനിശ്ചിതത്വം ഉണ്ടാക്കി. ബ്രെൻ്റ് 73 ഡോളറിനു താഴെയെത്തി. ഇന്നു രാവിലെ വില 74.5 ഡോളറിലേക്കു തിരിച്ചു കയറി. പ്രകൃതിവാതക വില 11.4 ശതമാനം താണ് 4.85 ഡോളറായി. റിസർവിൽ നിന്നു കൂടുതൽ എണ്ണ വിൽക്കാൻ മടിക്കില്ലെന്നു യുഎസ് ഇന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാവസായിക ലോഹങ്ങൾ നേരിയ കയറ്റം കാണിച്ചു.
സ്വർണം ഉയരാനുള്ള ശ്രമത്തിൽ വീണ്ടും പരാജയപ്പെട്ടു. ഓഹരി വിപണി ഉണർവിലായപ്പോൾ സ്വർണത്താൽ നിക്ഷേപക താൽപര്യം കുറഞ്ഞു. ഇന്നലെ 1781 ൽ നിന് 1800 വരെ എത്തിയ സ്വർണം ഇന്നു രാവിലെ 1785-1786 ഡോളറിലാണ്.
ഡോളർ ഇന്നലെ കരുത്തുകാട്ടി. വിനിമയ നിരക്ക് 75.07 രൂപയിലെത്തി.

അനിൽ അംബാനിക്കു വീണ്ടും തിരിച്ചടി

അനിൽ അംബാനി ഗ്രൂപ്പിലെ റിലയൻസ് കാപ്പിറ്റൽ പാപ്പർ നടപടികളിലേക്ക്. കമ്പനിയുടെ ഡയറക്ടർ ബോർഡിനെ നീക്കം ചെയ്ത റിസർവ് ബാങ്ക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. കമ്പനിയുടെ പാപ്പർ നടപടികൾ തുടങ്ങാൻ കമ്പനി നിയമ ബാേർഡിനെ അഡ്മിനിസ്ട്രേറ്റർ സമീപിക്കാം.

This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it