വിപണികൾ ഉത്സാഹലഹരിയിൽ; കരുതൽ തുടരണം; ജിഎസ്ടിയിലെ റിക്കാർഡിനു പിന്നിൽ; ഫണ്ടുകളെ പിന്തള്ളി റീട്ടെയിൽ നിക്ഷേപകർ

ആഗോള വിപണികൾ റിക്കാർഡ് ഉയരങ്ങളിലാണ്. കൂട്ടത്തിൽ നിന്നു മാറാൻ ഇന്ത്യൻ വിപണി ആഗ്രഹിക്കുന്നില്ല. തിങ്കളാഴ്ച കണ്ടത് അതാണ്. തുടർച്ചയായ മൂന്നു ദിവസത്തെ തകർച്ചയ്ക്കുശേഷം ശക്തമായ പുൾ ബാക്ക്.

ഇന്നലെ ബുള്ളിഷ് വീര്യം വീണ്ടെടുത്ത ഇന്ത്യൻ വിപണി ദീപാവലിയിലേക്ക് ആവേശത്തോടെയാണു നീങ്ങുന്നത്. ഐപിഒ കളുടെ ബഹളത്തിനിടയിലും വിപണിയിലേക്കു നിക്ഷേപകർ എത്തി.

വിപണിയിൽ ഘടനാപരമായ മാറ്റം

വിദേശിയും സ്വദേശിയുമായ ഫണ്ടുകൾ കാര്യമായി രംഗത്തില്ലാതിരുന്നിട്ടും വിപണി വലിയ കുതിപ്പ് നടത്തി എന്നതു ശ്രദ്ധേയമായ കാര്യമാണ്. സമീപകാലത്തു വിപണിയിൽ സംഭവിച്ച ഘടനാപരമായ മാറ്റമാണത്. ഫണ്ടുകളുടെ വാങ്ങലും വിൽപനയുമല്ല ഇപ്പോൾ വിപണിയെ നയിക്കുന്നത്. ചില്ലറ നിക്ഷേപകർ എണ്ണത്തിലും വണ്ണത്തിലും കൂടുതൽ ശക്തരായി. ഇതു വിപണിക്കു നല്ലതാണ്. രാജ്യത്തെ ധനകാര്യ സമ്പാദ്യത്തിൽ നല്ല പങ്ക് ഓഹരി വിപണിയിലേക്കു വരുന്നു എന്നും ഇതു സൂചിപ്പിക്കുന്നു.
ഇന്നലെ വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 202.13 കോടിയുടെ വിൽപനയേ നടത്തിയുള്ളു. മുൻ ദിവസങ്ങളിൽ ആയിരക്കണക്കിനു കോടിയുടെ ഓഹരികൾ വിറ്റിരുന്നതാണ്. ഡെറിവേറ്റീവുകളിൽ അവർ കൂടുതൽ സജീവമായി. സ്വദേശി ഫണ്ടുകൾ ഇന്നലെ 116.01 കോടിയുടെ ഓഹരികൾ മാത്രമാണു വാങ്ങിയത്.

എല്ലാ മേഖലകളിലും കുതിപ്പ്

ഇന്നലെ സെൻസെക്സ് 831.53 പോയിൻ്റ് (1.4 ശതമാനം) ഉയർന്ന് 60,138.46ലും നിഫ്റ്റി 258 പോയിൻ്റ് (1.46%) ഉയർന്ന് 17,929.65ലും ക്ലോസ് ചെയ്തു. എല്ലാ വ്യവസായ മേഖലകളും നേട്ടമുണ്ടാക്കി. റിയൽറ്റി സൂചിക 4.03 ശതമാനവും മെറ്റൽ സൂചിക 3.06 ശതമാനവും ഉയർന്നു. ഐടി 2.56 ശതമാനം കയറിയപ്പോൾ ബാങ്ക് നിഫ്റ്റി 1.66 ശതമാനം ഉയർന്നു. മിഡ്‌ ക്യാപ് സൂചിക 1.82 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.86 ശതമാനവും കയറി.
നിഫ്റ്റിക്ക് 17,770 ലും 17,600 ലും ശക്തമായ സപ്പോർട്ട് ഉണ്ടെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഉയർച്ചയിൽ 18,025-ലും 18,115 ലും തടസങ്ങൾ പ്രതീക്ഷിക്കാം. 18,200 കരുത്താേടെ മറികടന്നാലേ പുതിയ ബുൾ മുന്നേറ്റം തുടങ്ങാനാവൂ. ഇപ്പോഴും 20 ദിന ശരാശരി (20DMA) ക്കു താഴെയാണു നിഫ്റ്റി. വീണ്ടും താഴോട്ടു വീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വിദേശത്തും ഉയർച്ച

യൂറോപ്യൻ ഓഹരികൾ ഇന്നലെ നല്ല നേട്ടമുണ്ടാക്കി. അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിൽ നികുതി കാര്യത്തിൽ ഉണ്ടായിരുന്ന തർക്കം പരിഹരിച്ചത് ഉത്തേജനമായി. ഓഹരികൾ പുതിയ റിക്കാർഡ് കുറിച്ചു.
അമേരിക്കൻ ഓഹരി സൂചികകളും റിക്കാർഡ് ഉയരത്തിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ ഫ്യൂച്ചേഴ്സും ഉയർന്നു തന്നെ. അമേരിക്കയിൽ ഫാക്ടറി ഉൽപാദനം അൽപം മന്ദീഭവിച്ചതും വിലക്കയറ്റം ഉയർന്ന തോതിലായതും തൽക്കാലം വിപണിയെ അലാേസരപ്പെടുത്തുന്നില്ല. ബുധനാഴ്ച ഫെഡ് എന്തു പറയും എന്നതിലാണ് എല്ലാ ശ്രദ്ധയും.
ഏഷ്യൻ വിപണികൾ ഇന്ന് ചെറിയ കയറ്റിറക്കങ്ങളിലാണ്. തിങ്കളാഴ്ച 2.66 ശതമാനം ഉയരത്തിലേക്കു കുതിച്ച ജപ്പാനിലെ നിക്കൈ സൂചിക ഇന്നു ചെറിയ താഴ്ചയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി 18,029 വരെ ഉയർന്നു. ഇന്ന് ഇന്ത്യൻ വിപണി ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷയിലാണു ഡെറിവേറ്റീവ് വ്യാപാരം.

ക്രൂഡ് വീണ്ടും കയറുന്നു

ക്രൂഡ് ഓയിൽ ഉൽപാദനം കൂട്ടണമെന്ന യു എസ് സമ്മർദത്തിനു വഴങ്ങാൻ പെടോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക് ) യും അവരുടെ മിത്രരാജ്യങ്ങൾ ഉൾപ്പെട്ട ഒപെക് പ്ലസും തയാറായില്ല. ഇതേ തുടർന്നു ക്രൂഡ് വില ഉയർന്നു. ബ്രെൻറ് ഇനം 84.71 ഡോളറിലേക്കു കയറി. ആഗോള വിപണിയിൽ പ്രകൃതി വാതകത്തിനും കൽക്കരിക്കും സം കുറയുന്നുണ്ട്.
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും താഴ്ന്നു. ഇരുമ്പയിര് വില 18 ശതമാനം ഇടിഞ്ഞു. ചൈനയിലെ സ്റ്റീൽ ഉൽപാദനം കുറഞ്ഞതാണു കാരണം.
ഇന്ത്യയിലെ സ്റ്റീൽ നിർമാതാക്കൾ ഇന്നലെ വിലവർധന പ്രഖ്യാപിച്ചു. ടണ്ണിന് 3000 മുതൽ 3500 വരെ രൂപ കൂട്ടി.
സ്വർണം ഇന്നലെ തിരിച്ചു കയറി. ഔൺസിന് 1780 ഡോളർ വരെ താണ മഞ്ഞലോഹം 1796 ഡോളർ വരെ ഉയർന്നു. ഇന്നു രാവിലെ 1790-1792 ഡാേളറിലാണു വ്യാപാരം.

ജിഎസ്ടി പിരിവിലെ വർധന എന്തുകൊണ്ട്?

ജിഎസ്ടി പിരിവ് ഒക്ടോബറിൽ 1.3 ലക്ഷം കോടി രൂപ കവിഞ്ഞതും കയറ്റുമതി 42 ശതമാനം ഉയർന്നതും ഒക്ടോബറിൽ ഫാക്ടറി ഉൽപാദനം മികച്ച നിലയിൽ വർധിച്ചെന്ന പിഎംഐ സർവേ റിപ്പോർട്ടും വിപണിക്ക് ബുള്ളിഷ് കുതിപ്പ് നൽകുന്ന കാര്യങ്ങളാണ്.
കഴിഞ്ഞ ഏപ്രിലിലെ 1.4 ലക്ഷം കോടി രൂപ കഴിഞ്ഞാലുള്ള ഏറ്റവും ഉയർന്ന ജിഎസ്ടി പിരിവാണ് ഒക്ടോബറിലേത്. സെപ്റ്റംബറിൽ നടന്ന വ്യാപാരങ്ങളുടെ നികുതിയാണിത്. ഉത്സവ വ്യാപാരം ഒക്റ്റോബറിലും നവംബറിലുമായതിനാൽ വരും മാസങ്ങളിൽ കൂടുതൽ മികച്ച നികുതി വരുമാനം പ്രതീക്ഷിക്കാം. 2019 ഒക്ടോബറിലെ പിരിവിനേക്കാൾ 36 ശതമാനം അധികമാണ് ഇത്തവണത്തേത്.
ഇതു സാമ്പത്തികരംഗം തിരിച്ചുകയറിയതിൻ്റെ സൂചനയായി ധനമന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ അത്ര വലിയ ആവേശത്തിനു കാര്യമില്ലെന്ന് കണക്കുകൾ പരിശോധിച്ചാൽ കാണാം. ഇറക്കുമതിച്ചുങ്കത്തിലെ 39 ശതമാനം വർധനയാണ് പിരിവ് റിക്കാർഡാകാൻ കാരണം. ആഭ്യന്തര വിൽപനയിൽ നിന്നുള്ള നികുതി വരുമാനം 19 ശതമാനമാണു വർധിച്ചത്. ലോഹങ്ങൾ, രാസവസ്തുക്കൾ, പെട്രോ കെമിക്കലുകൾ തുടങ്ങിയ ഉൽപന്നങ്ങളുടെ വിലവർധന കൂടി കണക്കിലെടുത്താൽ നികുതി പിരിവിലെ കുതിപ്പ് അത്ര മികച്ചതല്ലെന്നു കാണാം.

കയറ്റുമതിയിൽ കുതിപ്പ്, ഇറക്കുമതിയിലും

ഒക്ടോബറിലെ ഉൽപന്ന കയറ്റുമതി 42 ശതമാനവും ഇറക്കുമതി 63 ശതമാനവും വർധിച്ചു. കോവിഡിനു മുമ്പുള്ള ഒക്ടോബറിനെ അപേക്ഷിച്ചു കയറ്റുമതി വർധന 35.2 ശതമാനമേ ഉള്ളൂ. ആ താരതമ്യത്തിൽ ഇറക്കുമതി വർധന 45.8 ശതമാനമാണ്.
കയറ്റുമതി 3547 കോടി ഡോളറും ഇറക്കുമതി 5537 കോടി ഡോളറുമാണ്. വാണിജ്യ കമ്മി 1990 കോടി ഡോളർ. ഇതു സെപ്റ്റംബറിലെ 2260 കോടി ഡോളറിലും കുറവാണ്. പെട്രോളിയം ഇതര കയറ്റുമതിയിൽ 30 ശതമാനം വർധനയുള്ളത് ശുഭസൂചനയായി നിരീക്ഷകർ കരുതുന്നു.

വാഹന വിപണിയിൽ തിരിച്ചടി

ചിപ് ക്ഷാമം ഉൽപാദനത്തെ ബാധിച്ചതോടെ വാഹന കമ്പനികളുടെ ഒക്ടോബറിലെ വിൽപന ഗണ്യമായി കുറഞ്ഞു.നേരത്തേ കണക്കാക്കിയിടത്തോളം ഇടിവ് ഉണ്ടായില്ല എന്നതാണ് ആശ്വാസഘടകം.
മാരുതിയുടെ വിൽപന 24 ശതമാനം താണ് 1,38,335 ആയി. ആഭ്യന്തര വിൽപന 32 ശതമാനം കുറഞ്ഞ് 1,17,013 എണ്ണമായി. കയറ്റുമതി ഇരട്ടിയിലേറെയായി. ഹ്യുണ്ടായിയുടെ ആഭ്യന്തരവിൽപന 35 ശതമാനം കുറഞ്ഞ് 37,021 എണ്ണത്തിൽ ഒതുങ്ങി. കിയായുടെ വിൽപന 22 ശതമാനം കുറഞ്ഞു. ഹോണ്ട 25 ശതമാനം കുറവു കാറുകളേ വിറ്റുള്ളു.
ടാറ്റാ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും വിൽപന വർധിപ്പിച്ചു. ടാറ്റായുടെ യാത്രാ വാഹന വിൽപന 44 ശതമാനം കൂടി 33,925 എണ്ണമായി. വാണിജ്യ വാഹനങ്ങൾ അടക്കം മൊത്തം വിൽപന 30 ശതമാനം വർധിച്ച് 67,829-ലെത്തി. മഹീന്ദ്രയുടെ യാത്രാ വാഹന വിൽപന 9.8 ശതമാനം കൂടി 20,130 ആയി.

This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it