പ്രതീക്ഷയോടെ മുഹൂർത്തത്തിലേക്ക്; ഫെഡ് തീരുമാനം ഉത്തേജകമാകും; ക്രൂഡ് ഓയിലിന് ഇടിവ്

ഇന്നു മുഹൂർത്ത വ്യാപാരത്തിനു വിപണി ഒരുങ്ങുമ്പോൾ ഒന്നിലേറെ നല്ല വാർത്തകൾ ഉണ്ട്. അതു വിപണിക്കു കൂടുതൽ ആവേശകരമായ തുടക്കം നൽകും. യുഎസ് വിപണി ഇന്നലെ ഉയർന്നതും ഏഷ്യൻ വിപണികൾ ഇന്നു രാവിലെ കുതിച്ചതും അനുകൂല അന്തരീക്ഷ മൊരുക്കുന്നു.

അമേരിക്കൻ കേന്ദ്ര ബാങ്ക് (ഫെഡ്) കടപ്പത്രം വാങ്ങൽ ഈ മാസം കുറച്ചു തുടങ്ങുമെന്നു പ്രഖ്യാപിച്ചു. ഒപ്പം പലിശ കൂട്ടുന്നതിനു ധൃതി ഇല്ലെന്നും അറിയിച്ചു. അടുത്ത ജൂലൈയിൽ പലിശ കൂട്ടുമെന്നു കരുതിയ വിപണിക്കു വലിയ ആശ്വാസമാണിത്.
ഇന്ത്യയിൽ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 10 രൂപയും കേന്ദ്ര സർക്കാർ കുറച്ചു. ഈ ഇന്ധനങ്ങളുടെ വില അഞ്ചും പത്തും ശതമാനം വീതം കുറയുന്നത് ചില്ലറ വിലക്കയറ്റത്തിൽ ചെറിയ കുറവേ വരുത്തൂ. എന്നാൽ ഈ കുറയ്ക്കലിൻ്റെ ഫലമായി ഉപഭോക്താക്കളുടെ സമീപനം ഗണ്യമായി മാറും. അത് ഉത്സവകാല ഉപഭോഗവും യാത്രകളും വർധിപ്പിക്കും.
ഈ രണ്ടു കാര്യങ്ങളുടെ ഉത്സാഹം ഇന്നു വൈകുന്നേരം 6.15നു മുഹൂർത്തവ്യാപാരത്തിൽ പ്രകടമാകും. ഒരു മണിക്കൂർ നീളുന്ന വ്യാപാരത്തിനു ശേഷം അടയ്ക്കുന്ന വിപണി തിങ്കളാഴ്ചയേ പിന്നീടു തുറക്കൂ.
ഫെഡ് തീരുമാനത്തെ ചൊല്ലിയുള്ള ആശങ്കയും ഉയർന്ന നിലവാരത്തിൽ ലാഭമെടുക്കാനുള്ള വിൽപന സമ്മർദവും ചേർന്നു ബുധനാഴ്ച ഇന്ത്യൻ വിപണിയെ താഴ്ത്തി. രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയ വിപണി ഉച്ചകഴിഞ്ഞാണ് ഇടിഞ്ഞത്. സെൻസെക്സ് ദിവസത്തിലെ ഉയരത്തിൽ നിന്ന് 600-ലേറെ പോയിൻ്റ് താഴോട്ടു പോയി. റിയൽ എസ്റ്റേറ്റ്, മെറ്റൽ ഓഹരികളിലെ കുതിപ്പ് ഇല്ലായിരുന്നെങ്കിൽ തകർച്ച കൂടുതൽ വലുതാകുമായിരുന്നു.
സെൻസെക്സ് 257.14 പോയിൻ്റ് (0.43 ശതമാനം) താണ് 59,771.92 ലും നിഫ്റ്റി 59.75 പോയിൻ്റ് (0.33%) താണ് 17,829.2 ലും ക്ലോസ് ചെയ്തു. ബാങ്കുകളാണ് ഇന്നലെ
വലിയ തകർച്ച നേരിട്ടത്. ബാങ്ക് നിഫ്റ്റി 1.34 ശതമാനവും പ്രൈവറ്റ് ബാങ്ക് സൂചിക 1.96 ശതമാനവും ഇടിഞ്ഞു. ധൻ തേരസ് വിൽപന പ്രതീക്ഷയിലും താഴെയായത് വാഹന ഓഹരികൾക്കും തിരിച്ചടിയായി.
യുഎസ് വിപണി ഇന്നലെ ഫെഡ് പ്രഖ്യാപനത്തിനു മുമ്പ് താഴ്ചയിലായിരുന്നു. എന്നാൽ ഫെഡ് തീരുമാനവും തുടർന്നു ചെയർമാൻ ജെറോം പവലിൻ്റെ വിശദീകരണവും വന്നതോടെ സൂചികകൾ ഉയർന്നു. റിക്കാർഡ് ഉയരങ്ങളിലാണു ഡൗവും നാസ്ഡാകും ക്ലോസ് ചെയ്തത്. ഡോളർ സൂചിക താണു. ഇന്നു രാവിലെ ജപ്പാനിലടക്കം ഏഷ്യൻ രാജ്യങ്ങളിൽ ഓഹരി സൂചികകൾ ഒരു ശതമാനത്തിലേറെ താഴ്ന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ് ജി എക്സ് നിഫ്റ്റി 17,929 ലാണ്. ഇന്ന് ഇന്ത്യൻ വിപണി ഉയർച്ചയിലാകുമെന്ന സൂചനയാണു ഡെറിവേറ്റീവ് വ്യാപാരം നൽകുന്നത് .

ഫെഡ് ചെയ്യാൻ പോകുന്നത്

മാസം 12,000 കോടി ഡോളറിൻ്റെ കടപ്പത്രങ്ങളാണ് കഴിഞ്ഞ വർഷം മാർച്ച് മുതൽ ഫെഡ് വാങ്ങിയിരുന്നത്. ഈ മാസം മുതൽ എട്ടു മാസം കൊണ്ട് ഈ വാങ്ങൽ അവസാനിപ്പിക്കാനാണ് ഫെഡ് തീരുമാനം. മാസം 1500 കോടി ഡോളർ വീതം കുറയ്ക്കും. 1000 കോടിയുടെ സർക്കാർ കടപ്പത്രവും 500 കോടിയുടെ ബാങ്ക് കടപ്പത്രവും വീതം ആണു കുറയ്ക്കുക. രണ്ടു മാസത്തിനു ശേഷം ഇതിൻ്റെ പ്രതികരണം വിലയിരുത്തി വേഗം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുമെന്നും ഫെഡ് അറിയിച്ചു.
വിലക്കയറ്റം താൽക്കാലികമാണെന്ന നിലപാട് ഫെഡ് ആവർത്തിച്ചു. എന്നാൽ ഉൽപന്നലഭ്യതയിലെ പ്രശ്നങ്ങൾ നീണ്ടുപോകാനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല. വില കൂടുതൽ ഉയരുന്ന പക്ഷം ഉചിതമായ നടപടികൾക്കു മടിക്കില്ലെന്നു പവൽ പറഞ്ഞു.
പണലഭ്യത കൂട്ടുന്ന കടപ്പത്രം വാങ്ങൽ അവസാനിപ്പിക്കേണ്ട സമയമായി; എന്നാൽ പലിശ കൂട്ടാറായിട്ടില്ല: ഇങ്ങനെയാണു പവൽ പറഞ്ഞത്. അടുത്ത ജൂലൈയിൽ നിരക്കു വർധന തുടങ്ങുമെന്നുള്ള വിപണിയുടെ ആശങ്ക ഇതോടെ അകന്നു. 2022-ൽ ഫെഡ് നിരക്ക് വർധിപ്പിക്കുകയില്ലെന്ന ശുഭാപ്തി വിശ്വാസത്തിലേക്കു വിപണി മാറി. അതാണ് ഓഹരികൾ ഉയരാനും ഡോളർ താഴാനും സഹായിച്ചത്.
ഫെഡ് തീരുമാനത്തിനു മുമ്പ് താണു നിന്ന സ്വർണ വില അൽപം ഉയർന്നു. 1758.6 ഡാേളർ വരെ താണ സ്വർണം പിന്നീട് 1774-1776 ഡോളർ മേഖലയിലേക്കു കയറി.

ക്രൂഡ് ഓയിൽ വില ഇടിഞ്ഞു

ക്രൂഡ് ഓയിൽ വില ഇന്നലെയും ഇന്നുമായി നാലു ശതമാനത്തിലേറെ ഇടിഞ്ഞു. പല രാജ്യങ്ങളിലും ഡിമാൻഡ് കുറഞ്ഞതും അമേരിക്കയിലടക്കം സ്റ്റോക്ക് കുത്തനെ കൂടിയതുമാണു കാരണം. വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് (ഡബ്ള്യു ടി ഐ) വീപ്പയ്ക്ക് 80 ഡോളറിനു താഴെ എത്തിയിട്ട് അൽപം ഉയർന്നു. ബ്രെൻ്റ് ഇനം 81.2 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്ന് ഒപെക് പ്ലസ് യോഗം ചേരുന്നുണ്ട്. ഡിസംബറിൽ ഓരോ രാജ്യവും എത്ര വീതം ഉൽപാദിപ്പിക്കണമെന്നു തീരുമാനിക്കാനാണു യോഗം. ഉൽപാദനം കൂട്ടാൻ യുഎസ് പ്രസിഡൻ്റ് സമ്മർദം ചെലുത്തുന്നുണ്ട്. തുടർച്ചയായ ഒൻപത് ആഴ്ച ക്രൂഡ് വിലകയറിയ ശേഷമാണ് ഈ താഴ്ച. യൂറോപ്പിലും വടക്കേ അമേരിക്കയിലും ശീതകാലം പ്രതീക്ഷം പാേലെ കടുത്തതാകില്ലെന്ന പുതിയ കാലാവസ്ഥാ പ്രവചനവും ക്രൂഡ് വിലയെ വലിച്ചു താഴ്ത്തുന്ന ഘടകമാണ്.
വ്യാവസായിക ലോഹങ്ങളുടെ വിലയിടിവ് തുടരുകയാണ്. ചൈനീസ് ഡിമാൻഡ് കുറഞ്ഞതാണു കാരണം.

This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it