Begin typing your search above and press return to search.
ഓഹരി വിപണിയിൽ ഇനി ഉണ്ടാകാൻ പോകുന്നത് എന്ത്? വളർച്ച പ്രതീക്ഷയിൽ കുതിപ്പ്; വിലക്കയറ്റവും കൂടും; സ്വർണത്തിലും ബുൾ കുതിപ്പ് ഉണ്ടാകുമോ?
അപ്രതീക്ഷിതമായ ഒരു കുതിച്ചു ചാട്ടം. വിപണി ഗതി മാറ്റി.ബുള്ളുകൾ വീണ്ടും നിയന്ത്രണം ഏറ്റെടുത്തു.
തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ ഗണ്യമായ ഇടിവുണ്ടായി. കുറേ കഴിഞ്ഞാണു ഗതി തിരിച്ചു വിപണി കയറ്റത്തിലായത്. നിഫ്റ്റി 18,000 തിരിച്ചുപിടിച്ചു.രണ്ടാഴ്ച മുൻപ് മുടങ്ങിപ്പോയ ബുൾ തരംഗത്തിൻ്റെ അടുത്ത പ്രയാണം തുടരാനുള്ള ഒരുക്കത്തിലാണു വിപണി.
വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വിൽപനത്തോതു കുറച്ചതും മോർഗൻ സ്റ്റാൻലി കാപ്പിറ്റൽ ഇൻഡെക്സിൽ (എംഎസ് സിഐ) കൂടുതൽ ഇന്ത്യൻ ഓഹരികളെ പെടുത്തുന്നതും ഒക്കെ വിപണിയിലെ മാറ്റത്തിനു കാരണമാണ്. സ്വദേശി ഫണ്ടുകൾ ക്യാഷ് വിപണിയിൽ ഉയർന്ന തോതിൽ നിക്ഷേപിക്കാൻ തയാറായതും ശ്രദ്ധേയമാണ്.
ഏഷ്യൻ, യൂറോപ്യൻ ഓഹരികൾ താഴാേട്ടു നീങ്ങിയ ദിവസമാണ് ഇന്ത്യൻ സൂചികകൾ കുതിച്ചത്. അമേരിക്കൻ സൂചികകൾ ഇന്നലെ നല്ല നേട്ടത്തിലായിരുന്നു. അമേരിക്കയിൽ ഒരു ലക്ഷം കോടി ഡോളറിൻ്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്കു കോൺഗ്രസിൻ്റെ അംഗീകാരം ലഭിച്ചത് വിപണിയെ സന്തോഷിപ്പിച്ച കാര്യമാണ്. യുഎസ് വളർച്ച നിരക്ക് മെച്ചപ്പെടുമെന്ന സൂചനയും ചില്ലറ വിലക്കയറ്റം ഉയരാനുള്ള സാധ്യതയും പലിശ വർധനയെപ്പറ്റി ചർച്ച തുടങ്ങാൻ പ്രേരണയായി. അടുത്ത വർഷം രണ്ടാം പകുതിയോടെ നിരക്കു വർധനയ്ക്കു തുടക്കമിടുമെന്നാണ് ഇപ്പോഴത്തെ നിഗമനം. അതിനു മുൻപ് ഫെഡ് കടപ്പത്രം വാങ്ങൽ അവസാനിപ്പിക്കും.
ഇന്നലെ സെൻസെക്സ് 477.99 പോയിൻ്റ് (0.8 ശതമാനം) ഉയർന്ന് 60,545.61 ൽ എത്തി. നിഫ്റ്റി 151.75 പോയിൻ്റ് (0.85%) കയറി 18,068.55-ൽ ക്ലോസ് ചെയ്തു. സ്വകാര്യ ബാങ്ക്, ഫാർമ, ഹെൽത്ത് കെയർ ഒഴികെ എല്ലാ മേഖലകളും നല്ല നേട്ടം കുറിച്ചു. പൊതുമേഖലാ ബാങ്കുകൾ മികച്ച നേട്ടത്തിലായി. അതല്ലെങ്കിൽ ബാങ്ക് സൂചിക വലിയ തകർച്ചയിൽ ആകുമായിരുന്നു. കൺസ്യൂമർ ഡ്യുറബിൾസ്, ഓയിൽ - ഗ്യാസ്, ഐടി കമ്പനികളും മികച്ച നേട്ടമുണ്ടാക്കി.
മിഡ് ക്യാപ് സൂചിക 1.02 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് ഉയർച്ച 0.78 ശതമാനമായിരുന്നു.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 860.65 കോടിയുടെ ഓഹരിക്കൾ വിറ്റു. ഈ മാസം ഇതു വരെ അവർ 1547.5 കോടിയുടെ ഓഹരികളാണു വിറ്റത്. സ്വദേശി ഫണ്ടുകൾ 1911.77 കോടിയുടെ ഓഹരികൾ വാങ്ങി. ഈ മാസത്തെ അവരുടെ നിക്ഷേപം 2255.59 കോടി രൂപയിലേക്ക് ഉയർന്നു.
ഇൻഡസ് ഇൻഡ് ബാങ്കിൻ്റെ "വായ്പ പുതുക്കൽ"
ഇൻഡസ് ഇൻഡ് ബാങ്കിൻ്റെ ഓഹരികൾ ഇന്നലെ 10.76 ശതമാനം ഇടിഞ്ഞാണു ക്ലാേസ് ചെയ്തത്. ബാങ്കിൻ്റെ മൈക്രോഫിനാൻസ് ഉപകമ്പനി വായ്പകൾ കുടിശികയല്ലെന്നു വരുത്താൻ പഴയവയുടെ പലിശ സഹിതമുള്ള തുകയ്ക്കു പുതിയ വായ്പകൾ അനുവദിച്ചെന്ന ആരോപണമാണു വിഷയമായത്. വായ്പ എടുത്തവർ ആവശ്യപ്പെടാതെയാണു വായ്പകൾ "പുതുക്കി " നൽകിയത്. സാങ്കേതിക തകരാർ മൂലം അങ്ങനെ വന്നതാണെന്നും അറിഞ്ഞപ്പോൾ തകരാർ പരിഹരിച്ചു തിരുത്തി എന്നും ബാങ്ക് വിശദീകരിച്ചു. എന്നാൽ ബാങ്കിൻ്റെ വാദം വിപണി അപ്പാടെ വിഴുങ്ങുന്നില്ലെന്ന് ഓഹരിയുടെ തകർച്ച കാണിച്ചു. ബാങ്കിൻ്റെ ബിസിനസിൽ 14 ശതമാനം മൈക്രോ ഫിനാൻസിലാണ്.
പുതിയ കോവിഡ് മരുന്ന്
കോവിഡിനു ഫൈസറിൻ്റെ പുതിയ മരുന്ന് ആശുപത്രിവാസത്തിൻ്റെ ആവശ്യം 89 ശതമാനം കുറയ്ക്കും. ഈ മരുന്ന് വിപണിയിൽ നിലവിലുള്ള പല മരുന്നുകളുടെയും വിൽപനയെ ബാധിക്കുമെന്ന ധാരണയിൽ പല കമ്പനികളുടെയും ഓഹരി വില താണു. ഫൈസറിൻ്റെ വില അഞ്ചു ശതമാനത്തിലേറെ ഉയർന്നു.
സ്വർണവില കയറുന്നത് സ്വർണ്ണപ്പണയ കമ്പനികളായ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം തുടങ്ങിയവയുടെ വില ഉയർത്തി. ടൈറ്റൻ ഓഹരിക്കും സ്വർണവില നേട്ടമായി.
ബുളളിഷ് മനോഭാവം
വിപണി ബുള്ളിഷ് ആയെന്നും ഹ്രസ്വകാല നീക്കം മേലോട്ടാണെന്നും സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 18,160-ലും 18,245-ലും നിഫ്റ്റിക്കു തടസം നേരിടാം. 17,910-ഉം 17,750-ഉം സപ്പോർട്ട് നൽകും.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി 18,178 ലേക്കു കയറി. ഇന്ന് ഇന്ത്യൻ വിപണി ഉയരത്തിൽ തുടങ്ങുമെന്ന പ്രതീക്ഷയാണു ഡെറിവേറ്റീവ് വ്യാപാരത്തിൽ കാണുന്നത്.
വളർച്ചപ്രതീക്ഷയിൽ ക്രൂഡും ലോഹങ്ങളും
വളർച്ചയെപ്പറ്റി പ്രതീക്ഷ വളർന്നത് ക്രൂഡ് ഓയിലിനും വ്യാവസായിക ലോഹങ്ങൾക്കും കരുത്തായി.
ആവശ്യം വർധിച്ചാൽ ഉൽപാദനം കൂട്ടാൻ ഒപെക് പ്ലസിനു മടിയില്ലെന്നു യുഎഇ പ്രഖ്യാപിച്ച ശേഷവും ക്രൂഡ് വില കാര്യമായി താഴാത്തത് അതുകൊണ്ടാണ്. ഇറാനും പാശ്ചാത്യ ശക്തികളുമായുള്ള ചർച്ച പുനരാരംഭിച്ചതും ക്രൂഡിനെ ബാധിച്ചില്ല. ചർച്ച വിജയിച്ചാൽ ഇറാനുള്ള വിലക്ക് നീങ്ങും. ബ്രെൻറ് ഇനം ക്രൂഡ് വില 83.65 ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ ഒരാഴ്ചയ്ക്കുശേഷം ഇന്നലെ ഗണ്യമായി ഉയർന്നു. ചെമ്പ് വില ടണ്ണിന് 1.47 ശതമാനം കയറി 9882.65 ഡോളറിലെത്തി.അലൂമിനിയം 1.98 ശതമാനം നേട്ടത്തിൽ 2605 ഡോളറിലേക്കു കയറി.
സ്വർണം ബുള്ളിഷ് ആകുമാേ?
സ്വർണവിപണിയും ആവേശത്തിലാണ്. ഇന്നലെ 1827 ഡോളർ വരെ കയറിയ ശേഷം ഇന്നു രാവിലെ 1826-1828 ഡോളറിലാണ് വ്യാപാരം. വിലക്കയറ്റം ഉയർന്നു പോകുന്ന സാഹചര്യത്തിലാണ് സ്വർണം രണ്ടു മാസത്തെ ഏറ്റവും കൂടിയ നിലവാരത്തിലെത്തിയത്. 1835 ഡോളറിലെ തടസം മറികടന്നാലേ സ്വർണം ബുളളിഷ് ആയി എന്നു കണക്കാക്കാനാവൂ. 2020 ഓഗസ്റ്റിൽ തുടങ്ങിയ താഴ്ചയ്ക്കു ശേഷം വിപണി ഈ പരിധി മറികടക്കാൻ മൂന്നു തവണ ശ്രമിച്ചു പരാജയപ്പെട്ടതാണ്.
ഡോളർ വീണ്ടും ദുർബലമായി. 42 പൈസ താണ് 74.03 രൂപയിലാണു ഡോളർ ഇന്നലെ ക്ലോസ് ചെയ്തത്.
ജിഡിപി വളർച്ച 10 ശതമാനം കടക്കും
ഈ ധനകാര്യ വർഷം ഇന്ത്യയുടെ ജിഡിപി വളർച 10-10.5 ശതമാനമാകുമെന്ന് ബ്രിക്ക് വർക്ക് റേറ്റിംഗ്സ്. ഇവർ നേരത്തേ കണക്കാക്കിയിരുന്നത് ഒൻപതു ശതമാനം വളർച്ചയാണ്. സാമ്പത്തിക സൂചകങ്ങൾ ഉയർന്ന വളർച്ചയിലേക്കാണു വിരൽ ചൂണ്ടുന്നതെന്ന് ഏജൻസി പറഞ്ഞു.
സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തിൽ വളർച്ച 8.3 ശതമാനമാകുമത്രെ. കഴിഞ്ഞ വർഷം ഈ പാദത്തിൽ 7.4 ശതമാനം ചുരുങ്ങിയതാണ്. ഒന്നാം പാദത്തിൽ 20.1 ശതമാനം വളർച്ച ഉണ്ടായിരുന്നു.
കോവിഡ് മൂന്നാം തരംഗ ഭീതി കുറഞ്ഞതായി ഏജൻസി കണക്കാക്കുന്നു. വാക്സിനേഷൻ നിരക്ക് കൂടുന്നതും പുതിയ ഔഷധങ്ങളുടെ ലഭ്യതയും ആണു കാരണം. ക്രൂഡ് ഓയിൽ, കൽക്കരി, പ്രകൃതി വാതകം, ലോഹങ്ങൾ തുടങ്ങിയവയുടെ വിലക്കയറ്റമാണ് ശ്രദ്ധിക്കേണ്ട വിഷയമായി ഏജൻസി എടുത്തു പറയുന്നത്.
പത്തു ശതമാനത്തിലധികമാകും വളർച്ച എന്നാണു നീതി ആയാേഗ് ഇപ്പോൾ പറയുന്നത്. രണ്ടാം പാദ ജിഡിപി കണക്ക് നവംബർ 30-നു പുറത്തുവിടും.
എംഎസ് സിഐയിലേക്കു കൂടുതൽ കമ്പനികൾ
മോർഗൻ സ്റ്റാൻലിയുടെ എംഎസ് സിഐ സൂചികയിലേക്ക് കൂടുതൽ ഇന്ത്യൻ ഓഹരികളെ ഈയാഴ്ച ചേർക്കും. സൂചികയിൽ പെട്ടാൽ കൂടുതൽ വിദേശ ഫണ്ടുകൾ ഈ ഓഹരികൾ വാങ്ങും. ടാറ്റാ പവർ, എസ് ആർ എഫ് , ഗോദ്റെജ് പ്രോപ്പർട്ടീസ്, ഐആർസിടിസി, എംഫസിസ്, മൈൻഡ് ട്രീ, സൊമാറ്റോ എന്നിവയാണു സൂചികയിൽ കയറുന്നത്. ഇപ്കാ ലബോറട്ടറീസും ആർഇസിയും സൂചികയിൽ നിന്നു മാറ്റപ്പെടും.
ഈ മാസം സെൻസെക്സിലെ ഓഹരി പട്ടികയും മാറും. ബജാജ് ഓട്ടോയെ ഒഴിവാക്കി വിപ്രോയെ മുപ്പതംഗ ക്ലബിൽ എടുക്കും.
This section is powered by Muthoot Finance
Next Story
Videos