ബുള്ളുകൾ കരുത്താേടെ; ആഗോള സൂചനകൾ ആവേശം പകരുന്നു; അപൂർവ്വ നേട്ടം കൈവരിച്ചു ടാറ്റ മോട്ടോഴ്സ്; ഐടി യിൽ കാഴ്ചപ്പാട് മാറുന്നു

18,000-നു മുകളിൽ ശക്തമായ റിക്കാർഡ് ക്ലോസിംഗിൽ നിഫ്റ്റി. സെൻസെക്സിൽ തുടർച്ചയായ അഞ്ചാം ദിവസവും ഉയർന്ന ക്ലോസിംഗ്. റിക്കാർഡുകൾ തകർത്തു വ്യാപാരം തുടങ്ങിയ ഇന്നലെ റിക്കാർഡ് ക്ലോസിംഗും സാധിച്ചു.

ഇന്ന് ആഗോള സൂചനകൾ തുടർകയറ്റത്തിന് അനുകൂലമാണ്. ഐടി കമ്പനികളുടെ മികച്ച ഫലങ്ങളും കുതിപ്പിനു സഹായിക്കും. ലാഭമെടുക്കലിനുള്ള വിൽപന സമ്മർദം ഉണ്ടാകുമെങ്കിലും വിപണി അതു മറികടക്കുമെന്നു ബ്രോക്കറേജുകൾ കരുതുന്നു.
നാളെ ഓഹരി വിപണിക്ക് അവധിയാണ്.
സെൻസെക്സ് ഇന്നലെ 60,737.05ൽ ക്ലോസ് ചെയ്തപ്പോൾ നേട്ടം 452.74 പോയിൻ്റ് (0.75 ശതമാനം). ഇതാേടെ ബിഎസ്ഇയുടെ വിപണിമൂല്യം 270.7 ലക്ഷം കോടി രൂപയായി.
നിഫ്റ്റി 169.8 പോയിൻ്റ് (0.94 ശതമാനം) ഉയർന്ന് 18,161.75 ലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 1.54 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക നേട്ടമുണ്ടാക്കിയില്ല.
ടാറ്റാ മോട്ടോഴ്സിൻ്റെ നേതൃത്വത്തിൽ വാഹന കമ്പനികൾ ഇന്നലെ കുതിച്ചു. നിഫ്റ്റി ഓട്ടാേ സൂചിക 3.43 ശതമാനം ഉയർന്നു. മെറ്റൽ സൂചിക 1.46 ശതമാനവും ഐടി സൂചിക 1.14 ശതമാനവും നേട്ടമുണ്ടാക്കി.

വിദേശികൾ വാങ്ങാൻ വന്നു

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ക്യാഷ് വിപണിയിൽ 937.31 കോടിയുടെ ഓഹരികൾ വാങ്ങി. ആറു ദിവസം ക്യാഷ് വിപണിയിൽ അവർ വിൽപനക്കാരായിരുന്നു. ഫ്യൂച്ചേഴ്സിലും ഓപ്ഷൻസിലും അവർ കൂടുതൽ സജീവമാണ്. സ്വദേശി ഫണ്ടുകൾ ഇന്നലെ 431.72 കോടിയുടെ ഓഹരികൾ വിറ്റു.

വിലക്കയറ്റവും ഫെഡ് മിനിറ്റ്സും വിപണിയെ നയിച്ചു

യൂറോപ്യൻ ഓഹരി സൂചികകൾ ഇന്നലെ ചെറിയ തോതിൽ ഉയർന്നു. യുഎസ് വിപണി ഇന്നലെ ചാഞ്ചാടി. ചില്ലറ വിലക്കയറ്റം വാർഷികമായി 5.4 ശതമാനവും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 0.4 ശതമാനവും വർധിച്ചു. രണ്ടും പ്രതീക്ഷയിലധികമായിരുന്നു. കഴിഞ്ഞ ഫെഡ് കമ്മിറ്റി യോഗത്തിൻ്റെ മിനിറ്റ്സും ഇന്നലെ പുറത്തുവന്നു. കടപ്പത്രം വാങ്ങൽ നവംബർ പകുതിയിലോ ഡിസംബറിലോ കുറയക്കാനാരംഭിച്ച് 2022 പകുതിയോടെ തീർക്കണമെന്ന് അതിൽ പറഞ്ഞു. രണ്ടു കാര്യങ്ങളും വിപണി പ്രതീക്ഷയ്ക്ക് അനുഗുണമായിരുന്നതിനാൽ വിപണി തിരിച്ചു കയറി. നാസ് ഡാക് കാര്യമായ നേട്ടമുണ്ടാക്കിയപ്പോൾ ഡൗ ജോൺസ് നാമമാത്രമായി താണു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഉയർച്ചയിലാണ്. ഏഷ്യൻ ഓഹരികളും നല്ല നേട്ടത്തോടെ തുടങ്ങി. ജപ്പാനിലെ നിക്കെെ സൂചിക ഒരു ശതമാനം കയറി.

ഡെറിവേറ്റീവിൽ ആവേശം

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 18,218 വരെ ഉയർന്നു. ഇന്നു രാവിലെ 18,259 ലേക്ക് കയറി. ഇന്ത്യൻ വിപണി നല്ല ഉണർവോടെ തുടങ്ങുമെന്ന പ്രതീക്ഷയാണു ഡെറിവേറ്റീവ് വ്യാപാരത്തിൽ കാണുന്നത്.
വിപണി ബുളളിഷ് ആണെന്നും 18,300 - 18,400 ലേക്കു നിഫ്റ്റി ലക്ഷ്യം ഉയരുമെന്നും സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു.18,225 ലും 18,280 ലും തടസങ്ങൾ പ്രതീക്ഷിക്കാം. 18,075 ലും 17,990ലും സപ്പോർട്ട് ഉണ്ട്.
ക്രൂഡ് ഓയിൽ വില ചെറിയ കയറ്റിറക്കങ്ങളോടെ തുടർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് അൽപം ഉയർന്ന് 83.5 ഡോളറിലെത്തി. യുഎസ് സ്റ്റോക്ക് കണക്ക് ഇന്നു രാത്രി വന്ന ശേഷമേ വിലയിൽ കാര്യമായ ചലനം പ്രതീക്ഷിക്കുന്നുള്ളു.
വ്യാവസായിക ലോഹങ്ങൾ ചെറിയമേഖലയിൽ നീങ്ങി. ചെമ്പും അലൂമിനിയവും മറ്റും ഉയർന്നപ്പോൾ ഇരുമ്പയിര് താണു. മൂന്നു ദിവസം മുമ്പ് 130 ഡോളറിലായിരുന്ന വില ഇന്നലെ 122 ഡോളറിലെത്തി.

സ്വർണത്തിനു വലിയ കയറ്റം

വിലക്കയറ്റം കൂടിയതും കടപ്പത്രം വാങ്ങൽ അവസാനിക്കാൻ പോകുന്നതും സ്വർണത്തിനു കരുത്തായി. രണ്ടു ശതമാനം കുതിപ്പാണ് ഇന്നലെ സ്വർണ വിലയിൽ ഉണ്ടായത്. 1757 ഡോളറിൽ നിന്ന് 1797 ഡോളർ വരെ ഉയർന്നു. ഇന്നു രാവിലെ അൽപം താണ് 1791 ഡോളറിലായി.
ഡോളർ സൂചിക 94.01ലേക്കു താണു. ഇന്നലെയും ഇന്ത്യൻ രൂപ നേട്ടമുണ്ടാക്കി. 15 പൈസ കുറഞ്ഞ് 75.37 രൂപയിലേക്കു ഡോളർ താണു. ഇന്നും രൂപ നേട്ടമുണ്ടാക്കുമെന്നാണു പ്രതീക്ഷ.

ഐടി റിസൽട്ടുകൾ ആവേശമാകും

ഐടി ഓഹരികളുടെ വളർച്ച അവസാനിച്ചെന്ന പ്രചാരണങ്ങൾക്ക് അവസാനം കുറിക്കുന്നതായി ഇന്നലെ പുറത്തു വന്ന ഐടി കമ്പനി റിസൽട്ടുകൾ. ഇൻഫോസിസ് ടെക്നോളജീസ്, വിപ്രോ, മൈൻഡ് ട്രീ എന്നിവ ബ്രോക്കറേജുകളുടെയും അനാലിസ്റ്റുകളുടെയും പ്രവചനങ്ങളേക്കാൾ മികച്ച റിസൽട്ടാണ് പുറത്തുവിട്ടത്. മൂന്നു കമ്പനികളും വരുമാനം, ലാഭ മാർജിൻ എന്നിവ പ്രതീക്ഷയേക്കാൾ മെച്ചപ്പെടുത്തി. ഭാവി പ്രതീക്ഷയും മെച്ചമാണ്.
ഇൻഫോസിസിൻ്റെ ലാഭം വാർഷികാടിസ്ഥാനത്തിൽ 11.9 ശതമാനവും പാദാടിസ്ഥാനത്തിൽ 4.4 ശതമാനവും വർധിച്ചു. വരുമാനത്തിൽ 6.1 ശതമാനം വർധനയേ ഉള്ളു. അടുത്ത പാദത്തിലെ വരുമാനം 16.5-17.5 ശതമാനം വളരുമെന്നാണു പുതിയ പ്രതീക്ഷ. നേരത്തേ പറഞ്ഞിരുന്നത് 14-16 ശതമാനം വളർച്ചയാണ്. ലാഭ മാർജിൻ പ്രതീക്ഷ 22-24 ശതമാനം നിലനിർത്തി. ശമ്പളച്ചെലവ് കൂടിയത് ലാഭ മാർജിനിൽ നേരിയ കുറവ് വരുത്തി 23.6 ശതമാനമാക്കി. കമ്പനിയിലെ കൊഴിഞ്ഞുപോക്ക് തലേപാദത്തിലെ 13.9 ശതമാനത്തിൽ നിന്ന് 20.1 ശതമാനമായി വർധിച്ചു.
വിപ്രോയുടെ അറ്റാദായം തലേ പാദത്തെ അപേക്ഷിച്ച് 9.6 ശതമാനം താണു. എങ്കിലും അനാലിസ്റ്റുകളുടെ പ്രവചനത്തേക്കാൾ അധികമായി ലാഭം. വരുമാനം 7.7 ശതമാനം കൂടിയതും പ്രവചനത്തേക്കാൾ മെച്ചമായി. ചെലവുകളും നികുതിയും കൂടിയതാണ് ലാഭം കുറച്ചത്. അടുത്ത പാദങ്ങളിലെ വരുമാന പ്രതീക്ഷ ഉയർത്തി.
കമ്പനി ജീവനക്കാർക്കുള്ള ചെലവ് എട്ടു ശതമാനം വർധിപ്പിച്ചിട്ടും കൊഴിഞ്ഞുപോക്ക് തലേ പാദത്തിലെ 15.5 ശതമാനത്തിൽ നിന്ന് 20.5 ശതമാനമായി ഉയർന്നു.
മൈൻഡ് ട്രീ യുടെ വരുമാനം 34.3 ശതമാനവും അറ്റാദായം 57.2 ശതമാനവും വർധിച്ചു. ഡോളർ കണക്കിലും ഇവ ഇത്ര തന്നെ വർധിച്ചു. തലേ പാദത്തെ അപേക്ഷിച്ചു വരുമാനം 12.7 ശതമാനം കൂടി. ലാഭ മാർജിൻ 20.5 ശതമാനമുണ്ട്. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 17.7 ശതമാനമാണ്.
ടിസിഎസ് റിസൽട്ട് പ്രതീക്ഷയിലും താഴെയായി. ഇപ്പോൾ ഇൻഫോസിസും വിപ്രാേയും പ്രതീക്ഷയിലും മെച്ചമായി. കമ്പനിക്കാണോ അനാലിസ്റ്റുകൾക്കാണോ തെറ്റിയത്? അനാലിസ്റ്റുകളുടെ തെറ്റായ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ വിപണിയിൽ ഓഹരിവില കൂടുകയും കുറയുകയും ചെയ്യുമ്പോൾ നിക്ഷേപകർക്കു വരുന്ന നഷ്ടത്തിന് ആരു സമാധാനം പറയും എന്ന ചോദ്യം ബാക്കിയാണ്. ടിസിഎസ് റിസൽട്ടിനു പിന്നാലെ ഐടി ഓഹരികൾ ഇടിഞ്ഞത് ആരെയാണു സഹായിച്ചത് എന്നും ചോദിക്കാം.
ടിസിഎസ് രണ്ടാം പാദത്തിൽ 25.6 ശതമാനം ലാഭമാർജിൻ നേടിയപ്പോൾ ഇൻഫോസിസ് 23.6 ശതമാനവും വിപ്രോ 17.8 ശതമാനവുമാണു നേടിയത്. ലാഭ വർധനയിലും ടിസിഎസായിരുന്നു മുന്നിൽ. എന്നാൽ വരുമാന വളർച്ചയിൽ ഇൻഫോസിസും വിപ്രോയും മുന്നിൽ കയറി.

ടാറ്റാ മോട്ടോഴ്സിൽ 'ഇലക്ട്രിക് ' കുതിപ്പ്

ടാറ്റാ മോട്ടോഴ്സിൻ്റെ ഇലക്ട്രിക് വാഹന ബിസിനസിൽ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം ടിപിജി 100 കോടി ഡോളർ (7500 കോടി രൂപ) മുടക്കുന്നത് ഇന്നലെ ടാറ്റാ മോട്ടോഴ്സ് ഓഹരിക്കു വലിയ കുതിപ്പു നൽകി. ഓഹരിവില ലക്ഷ്യം ഉയർത്താൽ വിദേശ ബ്രോക്കറേജുകൾ മത്സരിച്ചു. ഒരു വർഷത്തിനുള്ളിൽ വൈദ്യുത വാഹന നിർമാണത്തിനു 15,000 കോടിയിൽ പരം മുടക്കാനാണു കമ്പനി ഉദ്ദേശിക്കുന്നത്. ഇതു വലിയ മൂല്യവർധനയ്ക്കു കാരണമാകുമെന്നാണു നിഗമനം. ടാറ്റാ മോട്ടോഴ്സ് ഓഹരി വില ഇന്നലെ 20.45 ശതമാനം ഉയർന്നു. ലാർജ് ക്യാപ് ഓഹരികളിൽ ഇത്തരം കുതിച്ചു ചാട്ടം അപൂർവമാണ്.
വാഹനങ്ങൾക്കു വേണ്ട ബാറ്ററികൾ നിർമിക്കാൻ ടാറ്റാ കെമിക്കൽസിനെ ഉപയോഗിക്കും എന്നത് ടാറ്റാ കെമിക്കൽസ് ഓഹരിയെ 14.04 ശതമാനവും ചാർജിംഗ് സ്റ്റേഷനുകളുടെ നടത്തിപ്പ് നേടുമെന്നത് ടാറ്റാ പവറിൻ്റെ വില 14.5 ശതമാനവും ഉയർത്തി.
ലിസ്റ്റ് ചെയ്ത ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യം ഇന്നലെ 64,217 കോടി രൂപ വർധിച്ചു. ഇതിൽ 30,592 കോടി ടാറ്റാ മോട്ടോഴ്സിൽ നിന്നാണ്. ഗ്രൂപ്പിൻ്റെ മൊത്തം വിപണി മൂല്യം 23.57 ലക്ഷം കോടി രൂപയായി. ബിഎസ്ഇ യുടെ മൊത്തം വിപണി മൂല്യത്തിൻ്റെ 8.7 ശതമാനം വരുമിത്.
ടാറ്റാ മോട്ടോഴ്സ് വൈദ്യുത വാഹന വിപണിയിൽ തുടക്കക്കാർ എന്ന നിലയിൽ ഒന്നാം സ്ഥാനം നേടുമെന്നാണു വിലയിരുത്തൽ. കമ്പനിയുടെ വരുമാനം പ്രതിവർഷം 16 ശതമാനം വളരുമെന്ന് ബ്രോക്കറേജുകൾ കണക്കാക്കുന്നു. 565 രൂപ വരെ ഓഹരി കയറുമെന്ന് ജെഫെറീസ് വിലയിരുത്തി.ഇന്നലെ 506.75 രൂപയിലാണു ക്ലോസ് ചെയ്തത്.


This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it