ഓഹരി നിക്ഷേപകർ ഇപ്പോൾ ഓർക്കേണ്ട ആ വാക്കുകൾ ഏതാണ്? ഈയാഴ്ച ഇന്ത്യൻ ഓഹരി വിപണിയെ സ്വാധീനിക്കുന്നത് എന്തെല്ലാമാകും? വാഹന വിൽപ്പനയിലെ തണുപ്പ് ബിസിനസുകൾക്ക് നൽകുന്ന സൂചന ഇതാണ്

ലോകമെങ്ങും ഓഹരികൾ പുതിയൊരു ബുൾ തരംഗത്തിനു തുടക്കമിടുകയാണോ? ഈ ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

തിരുത്തലിനെ കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചു കൊണ്ടാണ് കഴിഞ്ഞ വാരം ഓഹരി വിപണികൾ പ്രവർത്തിച്ചത്.
സെൻസെക്സിൻ്റെ കഴിഞ്ഞ ആഴ്ചയിലെ നേട്ടം 1246.89 പോയിൻ്റ് (2.08%). നിഫ്റ്റി കയറിയത് 443.35 പോയിൻ്റ്(2.48%). സെൻസെക്സ് 61,305.95 ലും നിഫ്റ്റി 18,338.55 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക മൂന്നു ശതമാനത്തിലധികവും സ്മോൾ ക്യാപ് സൂചിക രണ്ടു ശതമാനത്തിലധികവും ഉയർന്നു.
യൂറോപ്പിലും അമേരിക്കയിലും ജപ്പാനിലുമെല്ലാം ഇതിനു സമാനമായ കയറ്റമുണ്ടായി. അമേരിക്കയിൽ ഡൗ ജോൺസ് സൂചിക തുടക്കത്തിൽ താണിട്ടു പിന്നീടു കുതിച്ചു. 1.58 ശതമാനം പ്രതിവാര നേട്ടവുമായി 35,294.75 ലാണു ഡൗ ക്ലോസ് ചെയ്തത്. ടെക്നോളജി കമ്പനികൾ നയിക്കുന്ന നാസ്ഡാക് 2.2 ശതമാനം ഉയർന്നു. യൂറോപ്യൻ സൂചികകൾ രണ്ടര ശതമാനം കയറി. ജപ്പാനിൽ അവിടത്തെ രാഷ്ടീയ സംഭവ വികാസങ്ങൾ വിപണിയെ മൂന്നര ശതമാനത്തിലേറെ ഉയർത്തി.
എന്നാൽ ഇന്നു രാവിലെ ജപ്പാനിലടക്കം ഏഷ്യൻ വിപണികളിൽ തുടക്കം ഇടിവോടെയായിരുന്നു. ചൈനീസ് ജിഡിപി വളർച്ച പ്രതീക്ഷയിലും കുറവാകുമെന്ന സൂചനകളാണു കാരണം.

രണ്ടാം പാദ ഫലങ്ങൾ ഗതിനിർണയിക്കും

പ്രമുഖ കമ്പനികളുടെ രണ്ടാം പാദ ഫലങ്ങളാണ് ഈയാഴ്ച ഇന്ത്യൻ ഓഹരി വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന കാര്യം. മുൻനിര കമ്പനികളെല്ലാം മികച്ച ലാഭ വർധന കാണിക്കുമെന്നാണു വിപണിയുടെ പ്രതീക്ഷ.
ലാർസൻ ആൻഡ് ടൂബ്രാേ ഇൻഫോടെക്, ബയോകോൺ, ടാറ്റാ സ്റ്റീൽ, അൾട്രാടെക് സിമൻറ്, ഹിന്ദുസ്ഥാൻ യൂണി ലിവർ, നെസ്ലെ ഇന്ത്യ, ഹാവൽസ്, എൽഐസി ഹൗസിംഗ്, ഇന്ത്യൻ ഹോട്ടൽസ്, ഏഞ്ചൽ ബ്രോക്കിംഗ്, ഏഷ്യൻ പെയിൻ്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, യെസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ സിങ്ക് തുടങ്ങിയവയുടെ റിസൽട്ട് ഈയാഴ്ചയാണ്. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ റിസൽട്ട് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.
കഴിഞ്ഞ ദിവസം എച്ച്ഡിഎഫ്സി ബാങ്ക് ഉയർന്ന പലിശവരുമാന വളർച്ചയും ലാഭക്കുതിപ്പും ഉള്ള റിസൽട്ട് പുറത്തുവിട്ടു. ഇന്ന് എച്ച്ഡിഎഫ്സി ബാങ്കിനും മറ്റ് ബാങ്ക് ഓഹരികൾക്കും നേട്ടം പ്രതീക്ഷിക്കാം.
ഡി മാർട്ട് സ്റ്റോറുകൾ നടത്തുന്ന അവന്യു സൂപ്പർ മാർക്കറ്റ്സിൻ്റെ രണ്ടാം പാദ റിസൽട്ടും നല്ല വളർച്ച കാണിക്കുന്നതായിരുന്നു. എഫ്എംസിജി കമ്പനികൾക്കു നേട്ടം ഉണ്ടായേക്കാം.

ബുളളിഷ് പ്രവണത ശക്തം; എസ്ജി എക്സ് നിഫ്റ്റി ഉയർന്നു

വിപണി ശക്തമായ ബുള്ളിഷ് പ്രവണതയിലാണെന്നും നിഫ്റ്റി 19,000-ലേക്കുള്ള യാത്ര തുടങ്ങുമെന്നും സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 18,200-നു മുകളിൽ നിലയുറപ്പിച്ചാൽ ആദ്യം 18,550-18,600 ലക്ഷ്യത്തിലേക്കും പിന്നീടു 19,000-ലേക്കും കയറാനാവും. 18,380- ഉം 18,415 ഉം തടസങ്ങൾ ആണ്. നിഫ്റ്റി 18,200-നു താഴോട്ടു പോയാൽ 18,275-ലും 18,210 ലും സപ്പോർട്ട് ഉണ്ട്. ഹ്രസ്വ തിരുത്തൽ ഉണ്ടായാൽ 17,950-17,900 സപ്പോർട്ട് മേഖലയിൽ നിൽക്കാനാകും.
സൂചികകൾ ഉയർച്ചയുടെ പാരമ്യത്തിനടുത്താണെന്നും ലോംഗ് പൊസിഷനുകൾ എടുക്കുന്നത് അപായകരമാണെന്നും ചില ബ്രോക്കറേജുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി കഴിഞ്ഞ ദിവസം 18,404 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 18,471 വരെ കയറി. ഇന്ത്യൻ വിപണി നല്ല ഉയർച്ചയോടെ വ്യാപാരം തുടങ്ങുമെന്നു ഡെറിവേറ്റീവ് വിപണി കരുതുന്നു.

ലോഹങ്ങൾ വീണ്ടും കുതിപ്പിൽ

വെള്ളിയാഴ്ച രാജ്യാന്തര വിപണികളിൽ വ്യാവസായിക ലോഹങ്ങൾ വലിയ കുതിപ്പ് നടത്തി. ചെമ്പ് 5.84 ശതമാനം ഉയർന്ന് ടണ്ണിന് 10,553 ഡോളറിലെത്തി. മേയ് മാസത്തിലെ റിക്കാർഡായ 10,784 മറികടക്കും എന്നാണു വിപണിയിലെ സൂചന.ജനുവരിയിലേക്കാൾ 35 ശതമാനം ഉയരത്തിലാണ് ഇപ്പോൾ വില.
സിങ്ക് 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 3785 ഡോളറിൽ എത്തി. വെള്ളിയാഴ്ചത്തെ വർധന 6.86 ശതമാനം. അലൂമിനിയം 3165 ഡോളറിലേക്കും നിക്കൽ 19,859 ലേക്കും ടിൻ 38,925 ഡോളറിലേക്കും ഉയർന്നു.
മിക്ക രാജ്യങ്ങളിലും വൈദ്യുതി ക്ഷാമം മൂലം സ്മെൽറ്ററുകൾ പ്രവർത്തിക്കുന്നില്ല. ഇതു ലോഹങ്ങളുടെ ലഭ്യത കുറച്ചു. ഡിമാൻഡ് കുറഞ്ഞിട്ടുമില്ല. വില കുതിക്കുന്നതിൻ്റെ പശ്ചാത്തലം അതാണ്.
സ്വർണം കഴിഞ്ഞയാഴ്ച ഔൺസിന് 1800 ഡോളറിനു മുകളിലാകാൻ ശ്രമിച്ചിട്ടു നടന്നില്ല. 1765 ഡോളറിലേക്കു തിരിച്ചിറങ്ങി. ഇന്നു രാവിലെ 1773 ഡോളർ വരെ കയറിയിട്ട് 1770-1771 നിലവാരത്തിലേക്കു താണു.
ഡോളർ സൂചിക വീണ്ടും 94 ലേക്കു കയറി. പല വികസ്വര രാജ്യങ്ങളുടെയും കറൻസികൾ വിലക്കയറ്റം മൂലം താഴോട്ടു പോകുകയാണ്. കഴിഞ്ഞയാഴ്ച നേട്ടം കുറിച്ച ഇന്ത്യൻ രൂപ ഈയാഴ്ച സമ്മർദത്തിലായേക്കും.

ക്രൂഡ് ഓയിൽ 85 ഡോളർ കടന്നു

ഇന്ധന വിലകൾ നിർത്തില്ലാതെ കയറുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വെള്ളിയാഴ്ച 84.89 ഡോളറിൽ ക്ലോസ് ചെയ്തത് ഇന്നു രാവിലെ 85.41 ഡോളറിലേക്ക് ഉയർന്നു. ശീതകാലത്തെ വർധിച്ച ആവശ്യം പരിഗണിച്ച് ഉൽപാദനം കൂട്ടാൻ ഒപെക് പ്ളസ് തയാറില്ല. കൽക്കരി, പ്രകൃതി വാതക വിലകളും കൂടുകയാണ്. ക്രൂഡ് ഓയിൽ ഈ മാസം തന്നെ 90 ഡോളറിലേക്കു കുതിക്കുമെന്നാണു സൂചന.

വിദേശികൾ പിൻവലിയുന്നു

വിദേശ നിക്ഷേപകർ ഒക്ടോബറിൽ പിൻവലിയലിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ഒക്ടോബർ 16 വരെയുള്ള കണക്കനുസരിച്ച് അവർ മൂലധന വിപണിയിൽ നിന്ന് 1472 കാേടി രൂപ പിൻവലിച്ചു.
കടപ്പത്ര വിപണിയിൽ നിന്നാണു പ്രധാന പിന്മാറ്റം. സെപ്റ്റംബറിൽ 13,363 കോടിയും ഓഗസ്റ്റിൽ 14,376 കോടിയും കടപ്പത്രങ്ങളിൽ നിക്ഷേപിച്ചതാണ്. ഒക്ടോബറിൽ ഇതുവരെ 1698 കോടി രൂപ കടപ്പത്രങ്ങളിൽ നിന്നു പിൻവലിച്ചു. ഓഹരികളിൽ ഇതുവരെ അറ്റ നിക്ഷേപം 226 കോടി രൂപ മാത്രം.
രൂപയുടെ വിലയിടിവും പലിശ കൂടാനുള്ള സാധ്യതയും കടപ്പത്രങ്ങൾ വിൽക്കാൻ പ്രേരകമാണ്. ചില മേഖലകളിലെ ഓഹരികൾ വളരെ ഉയർന്ന നിലവാരത്തിലായതു വിറ്റു ലാഭമെടുക്കാൻ പ്രേരണയായി എന്നു നിരീക്ഷകർ കരുതുന്നു. ഇന്ധന വിലക്കയറ്റവും യുഎസ് പലിശ വർധനയും വിദേശ പണം മടങ്ങിപ്പോകാൻ വഴിതെളിക്കുമെന്നു ചിലർ കണക്കാക്കുന്നു.

സർ ടെംപിൾട്ടൺ പറഞ്ഞതു മറക്കരുത്

യുഎസ് ഫെഡ് കടപ്പത്രം വാങ്ങി വിപണിയിൽ പണലഭ്യത കൂട്ടുന്ന പരിപാടി നവംബറിലോ ഡിസംബറിലോ കുറച്ചു തുടങ്ങും. 2022 പകുതിയോടെ അതവസാനിക്കും. അപ്പാേഴേക്കു പലിശ വർധിപ്പിച്ചു തുടങ്ങും. ഇതൊക്കെ വിപണിയിലേക്കുള്ള പണലഭ്യത കുറയ്ക്കും എന്നതാണു പരമ്പരാഗത വിജ്ഞാനം. യുഎസിൽ മാത്രമല്ല ഇന്ത്യ പോലുള്ള വികസ്വര വിപണികളിൽ വരുന്ന പണത്തിനും കുറവുണ്ടാകും. അതു കൊണ്ടാണ് ഫെഡ് നിരക്കു കൂട്ടാൻ ആലോചിക്കുന്നു എന്നു കേൾക്കുമ്പാേഴേ വിപണികൾ മുമ്പു കൂപ്പുകുത്തിയിരുന്നത്.
ഇപ്പോൾ പണലഭ്യത കുറയ്ക്കൽ ആസന്നമാവുകയും പലിശ കൂട്ടൽ അടുത്തുവരികയും ചെയ്തിട്ടും വിപണികൾ കുതിച്ചുയരുന്നത് പരമ്പരാഗത യുക്തിക്കു വിശദീകരിക്കാനാവില്ല. നിക്ഷേപകരും ബ്രോക്കർമാരും വിശകലനക്കാരും ഇപ്പോൾ പഴയതു പോലെയല്ല, വിപണി കുതിക്കുക തന്നെ ചെയ്യും എന്ന നിലപാടിലാണ്. വിദേശ നിക്ഷേപകർ ഇന്ത്യയുടെ വളർച്ചയിൽ മയങ്ങി നിൽക്കുകയാണെന്നും അവർ എളുപ്പം മടങ്ങിപ്പോകില്ലെന്നും ചില ബിഗ് ബുള്ളുകൾ പറയുന്നുമുണ്ട്.
ഇത്തവണ പഴയതു പോലെയല്ല (This time it's different) എന്നതാണു വിപണിയിലെ ഏറ്റവും ആപൽക്കാരികളായ നാലു വാക്കുകൾ എന്നു വിഖ്യാത നിക്ഷേപകൻ സർ ജോൺ ടെംപിൾട്ടൺ പറഞ്ഞിട്ടുള്ളത് മറക്കരുത്. നിക്ഷേപകർക്ക് ഏറ്റവും നഷ്ടം വരുത്തിയിട്ടുള്ള നാലു വാക്കുകളും ഇവയാണ്.

ചൈനയുടെ ക്ഷീണം എത്രമാത്രം?

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ ജിഡിപി വളർച്ചക്കണക്കും സെപ്റ്റംബറിലെ വ്യവസായ ഉൽപാദന, മൂലധന നിക്ഷേപ കണക്കുകളും ഇന്നു പുറത്തുവരും. ജിഡിപി വർധന അഞ്ചു ശതമാനമായി ചുരുക്കുമെന്നാണു നിരീക്ഷകർ കണക്കാക്കുന്നത്. വലിയ ടെക് കമ്പനികൾക്കു മൂക്കുകയറിട്ടതും മലിനീകരണ വിരുദ്ധ നിയമങ്ങൾ കർക്കശമാക്കിയതും ഊർജ പ്രതിസന്ധിയും റിയൽറ്റി മാർക്കറ്റിലെ ഇടിവും ഒക്കെച്ചേർന്നു ചൈനീസ് സാമ്പത്തിക വളർച്ചയ്ക്കു കടിഞ്ഞാൺ ഇട്ടിരുന്നു. തലേപാദത്തിൽ 7.9 ശതമാനം വളർന്നതാണ്.
വളർച്ച നിരക്ക് മൂന്നാം പാദത്തിൽ കുറവാണെങ്കിലും ഈ വർഷം ആറു ശതമാനത്തിലധികം വളർച്ച എന്ന ലക്ഷ്യം സാധിക്കുക തന്നെ ചെയ്യുമെന്നാണ് നിരീക്ഷകർ കരുതുന്നത്. നാലാം പാദത്തിലെ വളർച്ച സംബന്ധിച്ച മുന്നറിയിപ്പിലാണു വിപണി ശ്രദ്ധിക്കുക. ചൈനയുടെ വ്യവസായ വളർച്ച ഗണ്യമായി കുറയുന്ന പക്ഷം ഇന്ധനങ്ങളുടെയും ലോഹങ്ങളുടെയും വില താഴും.

മൊത്തവിലയിലെ ആശ്വാസം തുടരുമോ?

ചില്ലറ വിലക്കയറ്റം താഴ്ന്നതിനു സമാന്തരമായി രാജ്യത്തു മൊത്ത വിലക്കയറ്റവും സെപ്റ്റംബറിൽ താണു. എന്നാൽ ഇപ്പോഴും ഇരട്ടയക്കത്തിലാണ്. തലേ മാസത്തെ 11.39 ശതമാനത്തിൽ നിന്ന് 10.66 ശതമാനത്തിലേക്ക്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ഇരട്ടയക്ക വിലക്കയറ്റമാണു നിലവിലുള്ളത്. മേയിൽ 13.11 ശതമാനം വരെ കയറിയതു പിന്നീട് താണു വന്നു.
ഈ വർഷം രണ്ടാം പകുതിയിലും ഇരട്ടയക്ക വിലക്കയറ്റം പ്രതീക്ഷിക്കാമെന്നാണു റേറ്റിംഗ് ഏജൻസികൾ പറയുന്നത്. ഇന്ധനങ്ങൾ, ലോഹങ്ങൾ തുടങ്ങിയവയുടെ വിലക്കയറ്റം രാജ്യാന്തര തലത്തിൽ തുടരുന്നതിൻ്റെ പ്രതിഫലനം ഇവിടെ ഉണ്ടാകും. ഒക്ടോബറിൽ വിലക്കയറ്റ നിരക്ക് 11 ശതമാനത്തിനു മുകളിലായെന്നു വരും.
ഭക്ഷ്യവിലകൾ താഴോട്ടു പോന്നതാണ് മൊത്ത വിലക്കയറ്റം കുറയാനും കാരണം. തലേ മാസം ഭക്ഷ്യ വിലകൾ 1.29 ശതമാനം കുറഞ്ഞപ്പോൾ സെപ്റ്റംബറിലെ കുറവ് 4.69 ശതമാനമായിരുന്നു. അതിൽ തന്നെ പച്ചക്കറി വില 32.45 ശതമാനം താഴോട്ടു പോയി.
ധാതുക്കൾ, ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, എണ്ണക്കുരുക്കൾ തുടങ്ങിയ പ്രാഥമിക ഉൽപന്നങ്ങളുടെ വിലക്കയറ്റം 29.4 ശതമാനത്തിലേക്കു കയറി. ഇന്ധന- വൈദ്യുതി വിലവർധന നേരിയ തോതിൽ താണ് 24.81 ശതമാനമായി.
വിലക്കയറ്റ നിരക്കിലെ സൂചന ഒട്ടും ആശ്വാസകരമല്ല. അന്താരാഷ്ട്ര വിലക്കയറ്റം ഇവിടെയും വിലകളെ ഉയർത്തും. മൊത്തവിലയിൽ നിന്നു ചില്ലറ വിലയിലേക്ക് വർധന പടരുമെന്നും 2021-22 ലെ ചില്ലറ വിലക്കയറ്റം റിസർവ് ബാങ്ക് പ്രതീക്ഷിച്ചതിലും കൂടുതലാകും എന്നാണു സൂചന. 5.3 ശതമാനമാണു റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്.

വിലക്കയറ്റം ആഗോളഭീഷണി

ആഗോളതലത്തിൽ തന്നെ വിലക്കയറ്റം രൂക്ഷമാവുകയാണ്. അതു വളർച്ചയെ ബാധിക്കുന്ന നിലയുമായി. ജർമനിയുടെ ഈ വർഷത്തെ വളർച്ച പ്രതീക്ഷ 3.7 ൽ നിന്ന് 2.2 ശതമാനത്തിലേക്കു കുറച്ചത് വിലക്കയറ്റവും വ്യാവസായിക ഘടക വസ്തുക്കളുടെ ലഭ്യതക്കുറവ് മൂലമാണ്.
ഇന്ധനവില 2022 ലെ രണ്ടാം പാദത്തിലേ കുറയാൻ സാധ്യത ഉള്ളു എന്നാണു വിലയിരുത്തൽ. വ്യാവസായിക ലോഹങ്ങളുടെ വില സർവകാല റിക്കാർഡിലേക്കു നീങ്ങുകയാണ്. ചെമ്പ് ടണ്ണിനു 10,000 ഡോളറിനു തൊട്ടുതാഴെ എത്തി. അലൂമിനിയം 3100 ഡോളറിനു മുകളിലായി.
വാഹന -മൊബൈൽ - ലാപ്ടോപ്പ് - കൺസ്യൂമർ ഇലക്ട്രോണിക് നിർമാണത്തിനു വേണ്ട സെമികണ്ടക്ടർ ചിപ്പുകൾ കിട്ടാനില്ല. 2022 പകുതിയോടെ മാത്രമേ ചിപ് ദൗർലഭ്യം ശമിക്കാനിടയുള്ളു. ഇതും വിലക്കയറ്റത്തിനും കാരണമായി.
ആഗോളതലത്തിൽ കോവിഡാനന്തരം കാണുന്ന ഒരു പ്രവണത മൊത്ത വിലക്കയറ്റത്തിന് അനുസരിച്ചു ചില്ലറ വിലക്കയറ്റം കൂടുന്നില്ല എന്നതാണ്. ഉപയോക്താക്കൾ പഴയതുപോലെ കൈയയച്ചു ചെലവ് ചെയ്യാത്തതാണു കാരണമെന്നു നിരീക്ഷകർ കരുതുന്നു. ഉപയോക്താക്കൾ വാങ്ങലിനു മടിക്കുന്നതിനാൽ വില വർധിപ്പിക്കാൻ ഉൽപാദകർക്കു കഴിയുന്നില്ല. ജനങ്ങൾ ചെലവ് ചെയ്യാൻ മടിക്കുന്നതിൽ വരുമാനക്കുറവ്, കടബാധ്യത എന്നിവയ്ക്കൊപ്പം വരുമാന ഭദ്രതയെ പറ്റിയുള്ള ഭീതിയും കാരണമാണ്.

വാഹന വിപണിക്ക് ഉത്സവാഘോഷമില്ല

ഉത്സവകാലമായെങ്കിലും വാഹന വിപണി ഉഷാറിലല്ല. ചിപ് ദൗർലഭ്യം മൂലം കാർ ഉൽപാദനം കുറയ്ക്കേണ്ടി വന്നു. അതിനാൽ ഡീലർമാരുടെ പക്കൽ വേണ്ടത്ര കാറുകൾ ഇല്ല. ഈ സീസണിൽ യാത്രാ വാഹന വിൽപന 30 ശതമാനം കുറയുമെന്ന് കരുതപ്പെടുന്നു.
ടൂ വീലർ വിപണി ഉത്സവ വേളയിലും ഉണർന്നില്ല. ഡിമാൻഡ് മെച്ചപ്പെടുന്നില്ല. പുതിയ സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ ഉണ്ടാകാത്തത് ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ചെറുപ്പക്കാർക്കു തൊഴിൽ കിട്ടാനുള്ള സാധ്യത കുറച്ചു. ആ വിഭാഗമാണ് എൻട്രി ലെവൽ ടൂ വീലറുകളുടെ ആവശ്യക്കാർ.


This section is powered by Muthoot Finance


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it