ഉയരങ്ങൾ തേടി ബുള്ളുകൾ; ഇന്നത്തെ വിപണിഗതി നിർണായകമാകും, എന്തുകൊണ്ട്? ലോഹ -ഊർജ ഓഹരികൾ എങ്ങോട്ട്? വിലക്കയറ്റ ഭീതി ചെറുതല്ല; ക്രൂഡ് താഴുന്നതിൻ്റെ കാരണം ഇതാണ്

ബുൾ തരംഗത്തിൽ ദിവസേന പുതിയ ഉയരങ്ങൾ കീഴടക്കുകയാണു വിപണി സൂചികകൾ. തുടർച്ചയായ ഏഴാം ദിവസവും കുതിച്ചു കയറിയ സൂചികകൾ ഗതിമാറ്റത്തിൻ്റെ സൂചന കാണിക്കുന്നതായി ചില ചാർട്ട് വിശകലനക്കാർ അഭിപ്രായപ്പെടുന്നു. എന്നാൽ റീട്ടെയിൽ നിക്ഷേപകരോ ബ്രോക്കറേജുകളോ അങ്ങനെയൊരു വിലയിരുത്തൽ പറയുന്നില്ല. ഏതായാലും ഇന്നത്തെ വിപണിഗതി നിർണായകമാകും. ഇന്ന് ഉയർന്നു ക്ലോസ് ചെയ്യാനായാൽ ഇപ്പോഴത്തെ മുന്നേറ്റം കുറേക്കൂടി നീണ്ടു പോകും.

കഴിഞ്ഞ ഏഴു വ്യാപാര ദിനങ്ങൾ തുടർച്ചയായി ഉയർന്ന സെൻസെക്സ് 1706 പോയിൻ്റ് (4.4 ശതമാനം) കൂട്ടിച്ചേർത്തു. ഇതേ സമയം നിഫ്റ്റി 831 പോയിൻ്റ് (4.7 ശതമാനം) നേട്ടമുണ്ടാക്കി. കഴിഞ്ഞ ക്രിസ്മസ് - നവവത്സര വേളയിൽ തുടർച്ചയായ 10 ദിവസം സൂചികകൾ ഉയർന്നതാണു സമീപകാലത്തു കണ്ട സമാനമായ മുന്നേറ്റം.

ട്രെൻഡ് മാറുമോ?

ഇന്നലെ സെൻസെക്സ് 459.64 പോയിൻ്റ് (0.75%) ഉയർന്ന് 61,765.59-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 138.5 പോയിൻ്റ് (0.76%) കയറി 18,477.05ൽ എത്തി. ഇന്നലെ നിഫ്റ്റി രാവിലെ തുടങ്ങിയ നിലവാരത്തിലും താഴെ ക്ലോസ് ചെയ്തതാണ് ട്രെൻഡ് മാറി വരുന്നതിൻ്റെ സൂചനയായി ചില സാങ്കേതിക വിശകലനക്കാർ കണക്കാക്കുന്നത്. ഇന്നു നിഫ്റ്റി താഴ്ന്നുക്ലോസ് ചെയ്‌താൽ ഒരു തിരുത്തൽ ഘട്ടം പ്രതീക്ഷിക്കാം എന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
നിഫ്റ്റി ഇന്ന് 18,530 ലും 18,585ലും തടസങ്ങൾ പ്രതീക്ഷിക്കണം എന്നാണ് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. 18,435 ലും 18,390 ലും സപ്പോർട്ട് ഉണ്ടാകും. ഓപ്ഷൻസ് വിപണിയിൽ 18,500 ലും 19,000 ലും ഓപ്പൺ ഇൻ്ററസ്റ്റ് വർധിച്ചു കാണുന്നതു വിപണി മുന്നേറ്റം പ്രതീക്ഷിക്കുന്നതിൻ്റെ സൂചനയാണ്. എന്നാൽ ആഗോള പ്രവണതകൾ കൂടുതൽ വിപരീതമായാൽ ഗതി മാറാം.
ഇന്നലെ യൂറോപ്യൻ സൂചികകൾ താണു. വിലക്കയറ്റഭീതിയാണു കാരണം. യുഎസ് സൂചികകളും താഴ്ന്നായിരുന്നു വ്യാപാരം. ടെക്നോളജി കമ്പനികളുടെ കുതിപ്പാണു വിപണിയെ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്യാൻ സഹായിച്ചത്. ഡൗ ജോൺസ് സൂചിക നേരിയ താഴ്ചയിലാണ് അവസാനിച്ചത്.
ഇന്നു രാവിലെ യുഎസ് ഓഹരി സൂചികകളുടെ അവധി വ്യാപാരം താഴ്ചയിലാണ്. അതേ സമയം ജപ്പാനിലടക്കം ഏഷ്യൻ രാജ്യങ്ങളിൽ വിപണികൾ നല്ല ഉയർച്ചയോടെയാണ് ഇന്നു രാവിലെ വ്യാപാരം തുടങ്ങിയത്.

എസ്ജിഎക്സ് നിഫ്റ്റി ഉയർന്നു

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ രാത്രി 18,511 - ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 18,528 ൽ എത്തിയിട്ട് അൽപം താണു. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങും എന്ന പ്രതീക്ഷയാണ് ഇതിലുള്ളത്.
വ്യാവസായിക ലോഹങ്ങൾ ഉയർന്ന നിലവാരത്തിൽ തുടരുന്നു. ലാഭമെടുക്കലിൻ്റെ സമ്മർദത്തിൽ ചെമ്പുവില അര ശതമാനം താണെങ്കിലും 10,000 ഡോളറിനു മുകളിൽ തന്നെ നിന്നു. അലൂമിനിയം അടക്കമുള്ളവ അര മുതൽ രണ്ടു വരെ ശതമാനം ഉയർന്നു. 14 വർഷത്തെ ഉയർന്ന നിലയിലാണ് അലൂമിനിയവും സിങ്കും.

ഊഹക്കച്ചവടക്കാർ വിറ്റു; ക്രൂഡിന് അൽപം താഴ്ച

ക്രൂഡ് ഓയിൽ വില ഇന്ന് അൽപം താണു. ഇന്നലെ ബ്രെൻ്റ് ഇനം ക്രൂഡ് 86 ഡോളറിനു മുകളിൽ കയറിയിട്ട് താഴ്ന്നാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 83.95 ഡോളറായി. യുഎസ് ക്രൂഡ് സ്റ്റോക്ക് കണക്ക് ഇന്നു വരും. സ്റ്റോക്ക് അധികമുണ്ടെന്ന ധാരണയിൽ ഊഹക്കച്ചവടക്കാരിൽ പലരും ലാഭമെടുക്കാൻ വിറ്റൊഴിഞ്ഞതാണു വില താഴാൻ കാരണം. സ്റ്റോക്ക് കുറവായാൽ വില കൂടും.
സ്വർണം 1760-1770 ഡോളർ മേഖലയിൽ കയറിയിറങ്ങി. ഇന്നു രാവിലെ ഔൺസിന് 1768-1769 ഡോളറിലാണു വില.
ഡോളർ സൂചിക 93.88 ലേക്കു താണു. ഇന്നലെ 75.35 രൂപയിലേക്കു കയറിയ ഡോളർ ഇന്ന് അൽപം ദുർബലമാകും.

ലോഹ കമ്പനികൾ ഉയർന്നു പറക്കുന്നു

ആഗാേള വിപണിയിൽ വ്യാവസായിക ലോഹങ്ങൾ ഉയർന്നു പോകുന്നത് ഇന്ത്യയിൽ ലോഹ കമ്പനികളുടെ ഓഹരി വില കുതിക്കാൻ കാരണമായി. ഇന്നലെ നിഫ്റ്റി മെറ്റൽ സൂചിക 3.9 ശതമാനം ഉയർന്നു. വേദാന്ത 13.42 ശതമാനവും നാൽകോ 13 ശതമാനവും ഹിൻഡാൽകോ 5.24ശതമാനവും ടാറ്റാ സ്റ്റീൽ 2.4 ശതമാനവും ഉയർന്നു. ഹിൻഡാൽകോ ഓഹരി ജനുവരി ഒന്നിനു ശേഷം 128 ശതമാനവും വേദാന്ത 135 ശതമാനവും ഉയർന്നു. ടാറ്റാ സ്റ്റീലിന് ഇക്കൊല്ലം 119 ശതമാനമാണ് ഉയർച്ച. ജെഎസ്ഡബ്ള്യു സ്റ്റീൽ ഇന്നലെ 3.32 ശതമാനവും ഈ വർഷം 84 ശതമാനവും ഉയർന്നു. സെയിൽ ഇന്നലെ 3.38 ശതമാനവും ഈ വർഷം 72 ശതമാനവും നേട്ടമുണ്ടാക്കി.

ബിഗ് ബുൾ ഓഹരി വിറ്റപ്പോൾ

ബിഗ് ബുൾ രാകേഷ് ജുൻജുൻ വാല നാല് ഓഹരികളിലെ നിക്ഷേപം കുറച്ചത് അവയുടെ വിലയിടിച്ചു. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൻ്റെ (എംസിഎക്സ് ) ഓഹരി വില ഇന്നലെ 4.39 ശതമാനം ഇടിഞ്ഞു. ഒരു മാസം കൊണ്ട് 25 ശതമാനം ഉയർന്ന ഓഹരിയാണിത്. ഈ വർഷം 40 ശതമാനം ഉയർന്ന ഫോർട്ടിസ് ഹെൽത്ത് കെയർ ജുൻജുൻ വാലയുടെ വിൽപനയോടെ 4.35 ശതമാനം താഴ്ന്നു. മന്ഥന റീട്ടെയിൽ, ടിഎആർസി ലിമിറ്റഡ് എന്നിവയാണു മറ്റു രണ്ട് ഓഹരികൾ.

ഊർജ കമ്പനികൾ ഉയരത്തിൽ

വൈദ്യുത വാഹനങ്ങൾക്കു വേണ്ട ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതും കമ്പനിയുടെ നിലവിലെ വൈദ്യുതി ഉൽപാദനം മുഴുവൻ വിവിധ ഗവണ്മെൻ്റുകൾക്കു നൽകാൻ കരാറായതും ടാറ്റാ പവർ ഓഹരി 16.8 ശതമാനം ഉയർത്തി. അഞ്ചു ദിവസം കൊണ്ട് 41 ശതമാനം കയറിയ ഈ ഓഹരി ഇക്കൊല്ലം 236 ശതമാനം നേട്ടമുണ്ടാക്കി. അനിൽ അംബാനിയുടെ റിലയൻസ് പവറും ഇക്കൊല്ലത്തെ ഊർജ മേഖലയുടെ കുതിപ്പിൽ വൻ നേട്ടമുണ്ടാക്കി. ഇന്നലെ 4.95 ശതമാനം ഉയർന്ന ഓഹരിയുടെ ഇക്കൊല്ലത്തെ നേട്ടം 384 ശതമാനമാണ്.
മറ്റു വൈദ്യുത കമ്പനികൾക്കും ഇപ്പാേൾ നല്ല ഉയർച്ചയാണ്.
റെയിൽവേ ടിക്കറ്റിംഗും കേറ്ററിംഗും നടത്തുന്ന ഐആർസിടിസി ഓഹരി വീണ്ടും കുതിച്ചു പായുകയാണ്. ഇന്നലെ 9.16 ശതമാനം കയറി വില 5964 രൂപയായി. ജനുവരി ഒന്നിന് 1445 രൂപയായിരുന്നു. അവിടെ നിന്നുള്ള നേട്ടം 313 ശതമാനം.

വിലക്കയറ്റം എന്ന വില്ലൻ

ആഗോള വിപണിയിൽ വിലക്കയറ്റത്തെപ്പറ്റി ആശങ്കകൾ ഉരുണ്ടുകൂടുന്നുണ്ട്. ചൈനയുടെ മൂന്നാം പാദ ജിഡിപി വളർച്ച 4.9 ശതമാനത്തിലേക്കു ചുരുങ്ങിയതും നാലാംപാദ വളർച്ച 3.5 ശതമാനത്തിൽ ഒതുങ്ങുമെന്ന പ്രവചനവും ഇന്ധന- ലോഹ വിലകളിൽ ഒരു താഴ്ചയും വരുത്തിയില്ല. കാർഷിക ഉൽപന്ന വിലകളും ഉയർന്നു തന്നെ നീങ്ങുകയാണ്. യുഎസ് സർക്കാർ കടപ്പത്ര വില താഴ്ന്ന് നിക്ഷേപനേട്ടം (Yield) 1.59 ശതമാനത്തിലേക്കു കയറി.
വിലക്കയറ്റം താൽക്കാലികമാണെന്നും ഉൽപ്പന്ന നീക്കം ശരിയായാൽ വിലകൾ താഴുമെന്നുo യു എസ് ഫെഡ് മുതൽ എല്ലാ കേന്ദ്ര ബാങ്കുകളും ആവർത്തിച്ചു പറയുന്നുണ്ട്. പക്ഷേ വിലക്കയറ്റത്തോതു കൂടുക തന്നെയാണ്.

മുന്നിൽ സ്റ്റാഗ്ഫ്ലേഷനാേ?

ഉയർന്ന വിലക്കയറ്റവും കൂടിയ പലിശയും കുറഞ്ഞ വളർച്ചയുമുള്ള സ്റ്റാഗ്ഫ്ലേഷനാണോ മുന്നിൽ എന്ന് പലരും ആശങ്കപ്പെടുന്നു. സ്റ്റാഗ്ഫ്ലേഷനിൽ കമ്പനികളുടെ വളർച്ചയും ലാഭവും കുറയും. ഈ ആശങ്കകൾ ഇനിയും വിപണിയിലെ നിക്ഷേപകരെ സ്വാധീനിച്ചിട്ടില്ല. എങ്കിലും ഫണ്ട് മാനേജർമാർ ഈ ആശങ്ക തുറന്നു പറയുന്നത് അത്ര നല്ല സൂചനയല്ല നൽകുന്നത്. ഓഹരി വിപണിയിൽ നിന്നു പണം പിൻവലിച്ചു മറ്റു നിക്ഷേപങ്ങൾ തേടാൻ അവർ ആലോചിക്കും. അതു വിപണിയെ വല്ലാതെ ഉലയ്ക്കും.

ഫെഡ് പിന്മാറുമെന്നു റുബീനി

കടപ്പത്രം വാങ്ങൽ നിർത്താനും പലിശ കൂട്ടാനുമുള്ള നടപടികൾ ഇടയ്ക്കു വച്ചു നിർത്താൻ യുഎസ് ഫെഡ് നിർബന്ധിതമാകുമെന്നു ന്യൂയോർക്ക് യുണിവേഴ്സിറ്റിയിലെ പ്രഫസർ നൂറിയേൽ റൂബീനി പറഞ്ഞതു തള്ളിക്കളയാനാവില്ല. 2018 ഒടുവിൽ യുഎസ് ഫെഡ് ഇങ്ങനെ നടപടി തിരുത്തിയ ചരിത്രവുമുണ്ട്. 2007 ലെ യുഎസ് ഭവന വായ്പാ പ്രതിസന്ധി പ്രവചിച്ചു ശ്രദ്ധേയനായ ധന ശാസ്ത്രജ്ഞനാണു റൂബീനി. ധനകാര്യ മേഖലയിൽ കുഴപ്പങ്ങൾ മുമ്പേ കണ്ടെത്തുന്ന റൂബീനിയെ നാശത്തിൻ്റെ പ്രവാചകൻ എന്ന അർഥത്തിൽ ഡോ.ഡൂം (Dr. Doom) എന്നാണു വിശേഷിപ്പിക്കാറ്.


This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it