ഓഹരി നിക്ഷേപകർ കരുതലോടെ നീങ്ങുക; ഫണ്ടുകൾ പിന്മാറ്റത്തിൽ; ചെറുകിട ഓഹരികൾക്കു വലിയ തിരിച്ചടി; ചൈനീസ് നീക്കത്തിൽ ലോഹങ്ങൾ ഇടിയുന്നു

വിദേശിയും സ്വദേശിയുമായ ഫണ്ടുകൾ ലാഭമെടുത്തു പിന്മാറുന്നു. വിപണിയിലെ ഓഹരികൾക്ക് അർഹമായതിലും കൂടുതൽ വിലയാണുള്ളതെന്ന് അവർ തുറന്നു പറയുന്നു. ഭാവിയുടെ വാഗ്ദാനങ്ങൾ എന്നു പറഞ്ഞു കഴിഞ്ഞ മാസങ്ങളിൽ ഉയർത്തിക്കൊണ്ടു വന്ന ഓഹരികളെ നിഷ്കരുണം ഉപേക്ഷിക്കുന്നു. വിപണിയിൽ ഇപ്പോൾ സംഭവിക്കുന്നത് അതാണ്.

തുടർച്ചയായ രണ്ടാം ദിവസവും താഴോട്ടു നീങ്ങിയ വിപണി തിരുത്തലിൻ്റെ മൂഡിലേക്ക് നീങ്ങുന്നു എന്നു പറയാറായിട്ടില്ല. വിദേശ വിപണികൾ ഉയരുന്നതിനൊപ്പം മുന്നേറാൻ ബുള്ളുകൾ വീണ്ടും ശ്രമിക്കും.
വിപണി കുറേക്കൂടി താഴ്ന്നിട്ടേ ശരിയായ തിരിച്ചു വരവിനു കളമൊരുങ്ങൂ എന്നാണു നിക്ഷേപ വിദഗ്ധർ പറയുന്നത്. പക്ഷേ അതിനുള്ള ക്ഷമ ബുൾ തരംഗം തുടരാനാഗ്രഹിക്കുന്ന നിക്ഷേപകർ പ്രകടിപ്പിക്കുന്ന മട്ടില്ല.

ചെറിയ ഓഹരികളിൽ വലിയ വീഴ്ച

ബുധനാഴ്ച സെൻസെക്സ് 456.09 പോയിൻ്റ് (0.74 ശതമാനം) താണ് 61,259.96 ലും നിഫ്റ്റി 152.15 പോയിൻ്റ് (0.83%) താണ് 18,266.6 ലും ക്ലാേസ് ചെയ്തു. മുഖ്യസൂചികകളേക്കാൾ വലിയ ഇടിവാണ് മിഡ്- സ്മോൾ ക്യാപ് സൂചികകളിലുണ്ടായത്. മിഡ് ക്യാപ് സൂചിക 2.15 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.43 ശതമാനവും താണു. ചൊവ്വാഴ്ചയും ഇവ ഒന്നര ശതമാനത്തിലേറെ താണതാണ്. ഐആർസിടിസി, ഡിക്സൺ ടെക്നോളജീസ്, ഐ ഇ എക്സ്, റിലയൻസ് പവർ തുടങ്ങി സമീപകാലത്തു വിപണിക്കു പ്രിയപ്പെട്ടതായിരുന്ന ഓഹരികൾ പലതും ഇടിഞ്ഞു. ചൊവ്വാഴ്ച വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ കടന്ന ഐആർസിടിസിക്ക് ഇന്നലെ ക്ലോസിംഗിലെ മൂല്യം 70,000 കോടി മാത്രം. നിരവധി മിഡ്- സ്മോൾ ക്യാപ് ഓഹരികൾ കഴിഞ്ഞയാഴ്ചകളിൽ അവിശ്വസനീയമായ നിലവാരത്തിലേക്കുയർന്നിരുന്നു. അവ കാരുമായ തകർച്ച നേരിടും.
ഇന്നലെ ബിഎസ്ഇ മിഡ് ക്യാപ് സൂചികയിൽ 25 ഓഹരികൾ ഉയർന്നപ്പോൾ 75 എണ്ണം താണു. സ്മോൾ ക്യാപ്പിൽ 87 എണ്ണത്തിനു വില കൂടിയപ്പോൾ 619 എണ്ണത്തിനു വിലയിടിഞ്ഞു.
പൊതുമേഖലാ ബാങ്കുകളും മീഡിയയും ഒഴിച്ചുള്ള എല്ലാ മേഖലാ സൂചികകളും ഇന്നലെ താഴോട്ടായിരുന്നു. കൺസ്യൂമർ ഡ്യൂറബിൾസ്, റിയൽറ്റി, മെറ്റൽ തുടങ്ങിയവ താഴ്ചയ്ക്കു മുന്നിൽ നിന്നു.

മനോഭാവം ബെയറിഷ്?

വിപണിഗതി താഴോട്ടും മനോഭാവം ബെയറിഷും ആണെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു.18,200 നു താഴേക്കു നിഫ്റ്റി നീങ്ങുമെന്ന നിലപാടിലാണവർ. 18,165 ലും 18,060ലുമാണ് അവർ സപ്പോർട്ട് കാണുന്നത്. തിരുത്തൽ 18,000-നു താഴേക്കു നിഫ്റ്റിയെ താഴ്ത്തുന്നതിനുള്ള സാധ്യതയും അവർ തള്ളിക്കളയുന്നില്ല. ഉയരാനുള്ള ശ്രമത്തിൽ 18,415 ലും 18,560ലും നിഫ്റ്റി തടസം നേരിടും.

ഫണ്ടുകൾ വിൽപനക്കാർ

വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 1843 കോടിയുടെ ഓഹരികൾ വിറ്റു. ഈ മാസം ഇതു വരെ അവർ 4353 കോടിയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിലും അവർ വിൽപനക്കാരായി. സ്വദേശി ഫണ്ടുകൾ ഇന്നലെ ക്യാഷ് വിപണിയിൽ 1680.73 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ മാസം അവരുടെ വിൽപന 6415 കോടി കവിഞ്ഞു.
ഇന്നലെ യൂറോപ്യൻ ഓഹരി സൂചികകൾ ആറുമാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്കു കയറി. യു എസ് വിപണിയിൽ ഡൗ ജോൺസ് സൂചിക സർവകാല റിക്കാർഡിൽ എത്തിയിട്ട് അൽപം താണ് 35,609-ൽ ക്ലോസ് ചെയ്തു. ഇന്നു യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് താഴോട്ടാണ്.

സിംഗപ്പുരിൽ പ്രതീക്ഷ

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,341 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വിപണി നിരക്ക് 18,315 ലേക്കു താണു. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷയാണ് ഇതിൽ കാണുന്നത്.

ചൈനയിൽ ആശങ്ക

ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നാണു തുടങ്ങിയത്. ചൈനയിലെ സംഭവ വികാസങ്ങൾ വിപണിക്ക് അത്ര നല്ല സൂചനകളല്ല നൽകുന്നത്. എവർഗ്രാൻഡെയ്ക്കു പിന്നാലെ മറ്റൊരു പ്രമുഖ റിയൽറ്റി ഗ്രൂപ്പായ സിനിക്കും കടപ്പത്രങ്ങളുടെ പലിശമുടക്കി. എവർഗ്രാൻഡെ ഒരു വമ്പൻ പ്രോജക്റ്റ് 260 കോടി ഡോളറിനു വിൽക്കാൻ നടത്തിയ ശ്രമങ്ങൾ ഉപേക്ഷിച്ചു. പകരം എന്താണ് ഉദ്ദേശിക്കുന്നതെന്നു സൂചനയില്ല. ഇതിനിടെ ചൈനീസ് പാർപ്പിട വിപണിയിൽ വില കുത്തനേ ഇടിയുകയാണ്. ഇത് റിയൽറ്റി - നിർമാണ കമ്പനികളെ ദുരിതത്തിലാക്കും. റിയൽറ്റി വികസനവുമായി ബന്ധപ്പെട്ട ബാങ്ക്, സ്റ്റീൽ, മെറ്റൽ, സിമൻ്റ് തുടങ്ങിയ മേഖലകളെയും ഇതു ബാധിക്കും. എവർഗ്രാൻഡെയുടെ പ്രശ്നങ്ങൾ മറ്റിടങ്ങളിലേക്കു വ്യാപിക്കില്ലെന്നു ചൈനീസ് അധികൃതർ ദിവസേന പറയുന്നുണ്ടെങ്കിലും പ്രശ്നം എങ്ങനെ തീർക്കുമെന്ന സൂചന നൽകുന്നില്ല.

ലോഹങ്ങൾക്കു വില താണു

ഇതിനിടെ ലോഹങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ ചൈനീസ് ഗവണ്മെൻ്റ് നടപടികളാരംഭിച്ചത് ആഗോള വിപണിയിൽ ലോഹ വില ഇടിച്ചു. ചെമ്പിന് നാല് ശതമാനം കുറഞ്ഞു. അലൂമിനിയം മുതൽ ടിൻ വരെ മിക്ക ലോഹങ്ങളുടെയും വില ഒന്നര മുതൽ നാലുവരെ ശതമാനമാണ് ഇന്നലെ ഇടിഞ്ഞത്.ഇരുമ്പയിര് മാത്രം ഉയർന്നു. ചൈന മലിനീകരണ നിയന്ത്രണങ്ങളുടെ ഭാഗമായി മിക്ക ലോഹ സ്മെൽറ്ററുകൾക്കും ഈയിടെ പ്രവർത്തനാനുമതി നിഷേധിച്ചിരുന്നു. അത് ലോഹങ്ങളുടെ ലഭ്യത കുറയ്ക്കുകയും വില റിക്കാർഡ് നിലവാരത്തിലേക്കുയർത്തുകയും ചെയ്തു. സ്മെൽറ്ററുകൾ വീണ്ടും പ്രവർത്തിക്കുന്നതോടെ ദൗർലഭ്യം കുറയും.

ക്രൂഡ് 86-ഉം കടന്ന്

ഇന്ധനവില പിടിച്ചു നിർത്താനായി ചൈന കൽക്കരി വിപണിയിൽ ഇടപെടുമെന്ന സൂചനയിൽ ബുധനാഴ്ച ക്രൂഡ് ഓയിൽ വില താഴാേട്ടു പോയി. എന്നാൽ ചൈനീസ് നടപടി ഉണ്ടായില്ല. മാത്രമല്ല അമേരിക്കയിൽ ക്രൂഡ് ഓയിൽ സ്റ്റോക്ക് കുറയുകയും ചെയ്തു. ഇതാേടെ ഇന്നു രാവിലെ ബ്രെൻറ് ഇനം ക്രൂഡ് വില 86 ഡോളറിലേക്കു തിരിച്ചു കയറി. 86.2 ഡോളർ വരെ ഉയർന്നിട്ട് അൽപം താണു. പ്രകൃതിവാതക വില ഉയർന്നു നിൽക്കുന്നതിനാൽ ക്രൂഡ് താമസിയാതെ 90 ഡോളറിൽ എത്തുമെന്നാണു സംസാരം.
സ്വർണ വില ഔൺസിന് 1788 ഡോളർ വരെ ഉയർന്നു. എന്നാൽ ഇന്നു രാവിലെ 1783-1785 മേഖലയിലാണു വില. ഡോളർ സൂചിക 93.56 ലേക്കു താണത് സ്വർണത്തെ സഹായിച്ചു.
രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ഇന്നലെ താഴോട്ടു പോയി. 44 പൈസ കുറഞ്ഞ് 74.88 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്. ഡോളർ താണു നിൽക്കുന്നത് സ്വർണ വില ആഭ്യന്തര വിപണിയിൽ അധികം ഉയരാതിരിക്കാൻ സഹായിക്കും.

ബിറ്റ്കോയിൻ റിക്കാർഡ്

ഡിജിറ്റൽ ഗൂഢ കറൻസിയായ ബിറ്റ് കോയിൻ 66,084 ഡോളറിലേക്ക് ഉയർന്നു. ബിറ്റ് കോയിനിൽ വ്യാപാരം നടത്താൻ ആരംഭിച്ച എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിനു (ഇടിഎഫ്) ലഭിച്ച നല്ല സ്വീകരണമാണ് റിക്കാർഡ് വില വർധനയ്ക്കു പ്രേരകം.

This section is powered by Muthoot Finance

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it